Current Date

Search
Close this search box.
Search
Close this search box.

ഷെങ് ഹി എന്ന ചൈനീസ് മുസ്‌ലിം പര്യവേക്ഷകന്‍

zheng-hi.jpg

ലോകം കണ്ട വലിയ പര്യവേക്ഷകന്മാരെയും നാവികന്മാരെയും ചര്‍ച്ച ചെയ്യുമ്പോള്‍ നാം സ്മരിക്കുന്ന പേരുകളാണ് മാര്‍ക്കോ പോളോ, മഗല്ലന്‍, കൊളംബസ്, വാസ്‌കോഡ ഗാമ എന്നിവരുടേത്. എന്നാല്‍ കിഴക്കേയറ്റത്ത് ചരിത്രത്തിന്റെ മൂടുപടങ്ങളില്‍ മറഞ്ഞിരിക്കുന്ന ചൈനയിലും ഉണ്ടായിരുന്നു പ്രഗത്ഭനായ ഒരു നാവികന്‍. ചൈനയിലെ ആദ്യത്തെ മുസ്‌ലിം നാവികനും സഞ്ചാരിയും പര്യവേക്ഷകനുമൊക്കെയായ മാ ഷെങ് ഹി (Ma Zheng Hi). ചൈനയിലെ പുരാതന മുസ്‌ലിംകളായ ഹുയ് വിഭാഗത്തില്‍  1371-ലാണ് ഷെങ് ഹി ജനിക്കുന്നത്. മാ ഹി എന്നതാണ് യഥാര്‍ത്ഥ നാമം. ചൈനയില്‍ കുടുംബ നാമമാണ് ആദ്യം പറയുക. ‘മാ’ എന്നാല്‍ മുഹമ്മദ് എന്നതിന് ചൈനീസ് പേരുകളില്‍ ഉപയോഗിക്കുന്ന ചുരുക്കരൂപമാണ്. ഷെങ് ഹിയുടെ പിതാവും പിതാമഹനും മക്കയില്‍ പോയി ഹജ്ജ് ചെയ്തവരായിരുന്നു. മതനിഷ്ഠ പുലര്‍ത്തുന്ന കുടുംബത്തിലാണ് ഷെങ് ഹി ജനിച്ചത്.   

ഷെങ് ഹിയുടെ ഉയര്‍ച്ചയെ പറ്റി ചൈനയില്‍ പ്രചരിച്ചു വരുന്ന ചരിത്രം ഇതാണ്. ചെറുപ്പകാലത്ത് ഷെങ് ഹിയുടെ ഗ്രാമത്തില്‍ അന്നത്തെ രാജവംശമായ മിങ് റെയ്ഡ് നടത്തുകയും ഷെങ് ഹിയെ അടക്കം പലരെയും തടവുകാരായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. രാജ്യ തലസ്ഥാനമായ നാന്‍ജിങിലെ തടവറയില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ ഷെങ് ഹി കൊട്ടാരത്തിലെ രാജകുമാരനുമായി അടുത്ത ബന്ധം ഉണ്ടാക്കിയെടുത്തു. പിന്നീട് രാജകുമാരന്‍ ഭരണാധികാരിയായി അവരോധിതനായപ്പോള്‍ ഷെങ് ഹിക്ക് കൊട്ടാരത്തില്‍ വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ചു. അങ്ങനെ നല്‍കപ്പെട്ട ഉയര്‍ന്ന പദവികളില്‍ ഒന്നാണ് അഡ്മിറല്‍ എന്നര്‍ത്ഥമുള്ള ‘ഷെങ്’. ചൈനീസ് ഗ്രന്ഥങ്ങളിലും ഷെങ് ഹിയുടെ ആദ്യകാല ജീവിതത്തെ പറ്റി സമാനമായ ചരിത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

1405-ല്‍ ചക്രവര്‍ത്തിയായ ഷു ദി ലോകത്തെ മറ്റ് പ്രദേശങ്ങളുമായി നയതന്ത്രം ബന്ധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നാവിക വ്യൂഹം അയക്കാന്‍ തീരുമാനിച്ചു. പര്യവേക്ഷണ സംഘത്തിന്റെ നേതൃത്വം ഏല്‍പിക്കപ്പെട്ടത് ഷെങ് ഹിക്ക് ആയിരുന്നു. 30,00-ത്തോളം അംഗങ്ങളുള്ള വലിയൊരു നാവികവ്യൂഹമായിരുന്നു അത്. 1405-1433 കാലയളവില്‍ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, ഇന്ത്യ, ശ്രീലങ്ക, ഇറാന്‍, ഒമാന്‍, യെമെന്‍, സൗദി അറേബ്യ, സൊമാലിയ, കെനിയ എന്നിവിടങ്ങളിലേക്കായി ഏഴോളം പര്യവേക്ഷണ യാത്രകള്‍ ഷെങ് ഹി നടത്തി. സൗദി അറേബ്യ സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഹജ്ജ് നിര്‍വഹിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഷെങ് ഹി സംഘത്തിലെ ഏക മുസ്‌ലിമായിരുന്നില്ല. മാ ഹുവാനെ (Ma Huan) പോലെ നന്നായി അറബി സംസാരിക്കുന്ന ധാരാളം മുസ്‌ലിം വിവര്‍ത്തകന്മാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. താന്‍ നടത്തിയ യാത്രകളെ പറ്റി ‘യിങ്-യായ് ഷെങ് ലാന്‍’ (Ying-Yang Zheng Lan) എന്ന പേരില്‍ ഒരു സഞ്ചാരരേഖയും അദ്ദേഹം തയ്യാറാക്കുകയുണ്ടായി. 15-ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ നാവികയാത്രകളെ പറ്റി മനസ്സിലാക്കാനുള്ള നല്ലൊരു രേഖയാണ് മാ ഹുവാന്റെ ഈ എഴുത്തുകള്‍.

അറ്റ്‌ലാന്റിക്കില്‍ സഞ്ചരിച്ച കൊളംബസിന്റെ കപ്പലുകളേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ള കപ്പലുകളാണ് ഷെങ് ഹി തന്റെ പര്യവേക്ഷണങ്ങളില്‍ ഉപയോഗിച്ചത്. 400 മീറ്റര്‍ നീളമുള്ള കപ്പലുകള്‍ എന്നത് പര്‍വതീകരിച്ച് അവതരിപ്പിക്കുന്നതാണെന്ന് നൂറു കൊല്ലം മുമ്പ് വരെ പലരും കരുതിയിരുന്നു. എന്നാല്‍ യാങ്‌സെ നദിക്കരയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട കപ്പല്‍ശാലകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഈ കപ്പലുകള്‍ ആധുനിക ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ വലുതായിരുന്നു എന്നു തെളിയുന്നു.  ചൈനീസ് ജങ്കുകള്‍ (Chinese Junks) എന്നറിയപ്പെട്ട ഈ കപ്പലുകള്‍ അക്കാലത്ത് ലോകത്തെ വലിയ കപ്പലുകളിലൊന്നായിരുന്നു. സഞ്ചരിച്ച നാടുകളുമായൊക്കെ വളരെ ഊഷ്മളമായ ബന്ധമാണ് ഷെങ് ഹിയും സംഘവും പുലര്‍ത്തിയത്. തിരിച്ച് ചൈനയിലേക്ക് പോകുന്ന കപ്പലുകളില്‍ ആനക്കൊമ്പും ഒട്ടകങ്ങളും സ്വര്‍ണ്ണവും ആഫ്രിക്കയില്‍ നിന്ന് ജിറാഫിനെ വരെ കൊണ്ടുപോയിരുന്നു. ഈ യാത്രകളിലൊക്കെ ചൈന എന്ന സാമ്പത്തിക-രാഷ്ട്രീയ ശക്തിയെ ലോകം തിരിച്ചറിയുകയായിരുന്നു.

കച്ചവടം മാത്രമായിരുന്നില്ല ഷെങ് ഹിയുടെയും സംഘത്തിന്റെയും ലക്ഷ്യം. തങ്ങള്‍ മുസ്‌ലിംകളാണെന്ന നിലക്ക് ചെന്നിറങ്ങുന്ന കരകളിലൊക്കെ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഇന്തോനേഷ്യന്‍ ദ്വീപുകളായ ജാവയിലും സുമാത്രയിലും ബോര്‍ണിയോയിലും ചെന്നിറങ്ങിയ ഷെങ് ഹിക്കും സംഘത്തിനും മുമ്പുതൊട്ടേ അവിടെ അധിവസിക്കുന്ന മുസ്‌ലിം സമൂഹങ്ങളെ കാണാന്‍ സാധിച്ചു. അവര്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അറേബ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നും തീരമണഞ്ഞ കച്ചവടസംഘങ്ങളില്‍ നിന്ന് കിഴക്കേഷ്യന്‍ നാടുകളില്‍ ഇസ്‌ലാം എത്തിയിരുന്നു. ഇന്തോനേഷ്യയിലെ പാലെംബാഗിലും മലയ ഉപദ്വീപിലും ഫിലിപ്പൈന്‍സിലുമൊക്കെ ഷെങ് ഹി ഇസ്‌ലാമിന്റെ സന്ദേശമെത്തിച്ചു. ഇസ്‌ലാമിക പ്രചരണം നടത്തുക മാത്രമല്ല പ്രദേശത്തുകാര്‍ക്ക് മസ്ജിദുകള്‍ നിര്‍മിച്ചു നല്‍കുകയും ആവശ്യമായ മറ്റു സഹായങ്ങള്‍ നല്‍കുകയുമൊക്കെ സംഘം ചെയ്തിരുന്നു. 1433-ല്‍ ഷെങ് ഹി മരണപ്പെട്ടെങ്കിലും തുടര്‍ന്നു വന്ന ചൈനീസ് മുസ്‌ലിം നാവികന്മാരും കിഴക്കേഷ്യന്‍ ജനതയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഇന്തോനേഷ്യയെ ആ തരത്തില്‍ ഇസ്‌ലാമികവല്‍ക്കരിച്ചത് ഷെങ് ഹി അടക്കമുള്ള ചൈനീസ് മുസ്‌ലിംകളായിരുന്നു.

നാവികനും കച്ചവടക്കാരനും സൈനികനും നയതന്ത്രജ്ഞനുമൊക്കയായിരുന്ന ഷെങ് ഹി ചൈനീസ്, മുസ്‌ലിം ചരിത്രവായനകളിലെ അതികായന്‍ തന്നെയാണ്. കിഴക്കേഷ്യയില്‍ ഇസ്‌ലാമിനെ എത്തിച്ച പേരുകളില്‍ ഏറ്റവും ശോഭയുള്ള പേരും ഷെങ് ഹിയുടേത് തന്നെ. എന്നാല്‍ ഷെങ് ഹിയുടെ മരണശേഷം കണ്‍ഫ്യൂഷനിസ്റ്റ്, ബുദ്ധമതങ്ങളിലേക്ക് തിരിഞ്ഞ ചൈനീസ് ഭരണകൂടങ്ങള്‍ ഇസ്‌ലാമിക പ്രബോധനയാത്രകള്‍ക്ക് പ്രോത്സാഹനം നല്‍കിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഭാവനകളും പരിശ്രമങ്ങളും ലോകചരിത്രത്തില്‍ നിന്ന് പ്രത്യേകിച്ച് ചൈനീസ് ചരിത്രത്തില്‍ നിന്ന് തന്നെ വിസ്മരിക്കപ്പെട്ടു പോയി. എന്നാല്‍ കിഴക്കേഷ്യന്‍ നാടുകളില്‍ ഇന്നും ജനങ്ങള്‍ അദ്ദേഹത്തെ സ്മരിക്കുന്നു. ഷെങ് ഹിയുടെ പേരിലുള്ള ധാരാളം മസ്ജിദുകള്‍ ഇന്തോനേഷ്യയിലും മലേഷ്യയിലും മറ്റ് കിഴക്കേഷ്യന്‍ നാടുകളിലും കാണാം. ചൈനയുടെയും കിഴക്കേഷ്യയുടെയും ചരിത്രത്തില്‍, സര്‍വോപരി ഇസ്‌ലാമിന്റെ പ്രബോധന ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത നാമമാണ് ഷെങ് ഹി എന്ന മഹാനായ നാവികന്റേത്.

വിവ: അനസ് പടന്ന

Related Articles