Current Date

Search
Close this search box.
Search
Close this search box.

ശത്രുവിന്റെ ആദരവ് നേടിയ മൈസൂല്‍ കടുവ

tippu.jpg

1799മെയ് 4-ന് ക്ലോക്കില്‍ ഒരു മണി സമയം അടിക്കുന്ന നേരം പകലിന് പതിവില്ലാത്ത വിധം ചൂടുണ്ടായിരുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് തന്നെ 76 ചെങ്കുപ്പായക്കാര്‍ നാലടി ആഴമുള്ള കാവേരി നദി മുറിച്ച് കടന്നിരുന്നു. അവര്‍ക്ക് പിന്നാലെ 73, 74 റെജിമെന്റ് കാലാള്‍പടയും എത്തി. അവര്‍ ഒന്നടങ്കം ശ്രീരങ്കപട്ടണം കോട്ട കടന്നാക്രമിച്ചു. കോട്ട കാവല്‍ക്കാരെ ഞെട്ടിച്ച് കൊണ്ട്, കേവലം 16 മിനുട്ടിനുള്ളില്‍ കോട്ടയുടെ പടിഞ്ഞാറ് വശത്തുള്ള ചുമരിലൂടെ കയറിയ അക്രമികള്‍, ഒരു വിടവിലൂടെ കോട്ടക്ക് അകത്തേക്ക് പ്രവേശിച്ചു. രണ്ട് മണിക്കൂറുകള്‍ക്കകം, കോട്ടയോടൊപ്പം, കോട്ടയുടെ അതിശക്തനായ കാവലാളും തന്റെ 8000-ത്തോളം വരുന്ന പടയാളികളുടെ കൂടെ നിലംപതിച്ചു. അങ്ങനെ ‘മൈസൂര്‍ കടുവ’ ടിപ്പു സുല്‍ത്താന്‍ ഈ ലോകത്തോട് വിടപറഞ്ഞു.

ഇന്ത്യയിലെ ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷം കണക്കിലെടുത്താല്‍, സമൂഹത്തിലെ ചില പ്രത്യേക വിഭാഗങ്ങളുടെ കോപത്തിന് പാത്രമാവാതെ ടിപ്പു സുല്‍ത്താനെ കുറിച്ച് സംസാരിക്കുക സാധ്യമല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ സന്ധിയ്യില്ലാതെ പോരാടിയ അദ്ദേഹത്തെ ജീവന് തുല്ല്യം സ്‌നേഹിക്കുകയും ഒരു വീരപുരുഷനായി കാണുകയും ചെയ്യുന്നവരുണ്ട്. പക്ഷെ അതുപോലെ തന്നെ, തന്റെ ഭൂരിപക്ഷ പ്രജകളായിരുന്ന ഹിന്ദുക്കളെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ മാത്രം പീഢിപ്പിച്ച ഒരു മുസ്‌ലിം ദുര്‍ഭരണാധികാരിയാണ് ചിലരെ സംബന്ധിച്ചിടത്തോളം ടിപ്പു. അക്കൂട്ടര്‍ അദ്ദേഹത്തെ അങ്ങേയറ്റം വെറുക്കുകയും ചെയ്യുന്നു. ബ്രിട്ടീഷുകാരുമായി സഹകരിച്ചവര്‍ക്കെതിരെ ടിപ്പു സ്വീകരിച്ച തികച്ചും കഠിനമായ നടപടികളും, കൂട്ടമതപരിവര്‍ത്തനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ആത്മപ്രശംസാ വാക്കുകളും അല്ലെങ്കില്‍ അമുസ്‌ലിംകളെ കൊല ചെയ്ത അദ്ദേഹത്തിന്റെ നടപടികളുമാണ് ഇന്ന് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുന്നവര്‍ മുന്നോട്ട് വെക്കുന്ന തെളിവുകള്‍. പക്ഷെ അവക്കെല്ലാം ഇടയില്‍ എവിടെയോ ആണ് യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള സത്യം കുടികൊള്ളുന്നത്. അളവറ്റ ദയാലുവും, ഉദാരനുമായിരുന്നു ടിപ്പു. പക്ഷെ അതേ അളവില്‍ തന്നെ ഒരു ക്രൂരമുഖവും അദ്ദേഹത്തിനുണ്ടായിരുന്നു. പ്രത്യേകിച്ച് തന്റെ കൂട്ടക്കാരല്ലാത്തവരോട് കാണിച്ചിരുന്ന മുഖം.

പക്ഷെ അതിനെ കുറിച്ചുള്ള ചര്‍ച്ച മാറ്റി വെച്ചാല്‍, മൈസൂര്‍ കടുവ ഒരു കടലാസ് കടുവയായിരുന്നില്ലെന്ന് കാണാന്‍ കഴിയും. എഴു കടലുകള്‍ക്ക് അപ്പുറത്ത് നിന്നും കടന്നുവന്ന ബ്രിട്ടീഷ് സിംഹങ്ങളെ കടിച്ച് കുടഞ്ഞെറിഞ്ഞ് മാരകമായി പരിക്കേല്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

പേരുകേട്ട പോരാളികളും, പടത്തലവന്‍മാരുമായിരുന്നു ടിപ്പു സുല്‍ത്താനും, അദ്ദേഹത്തിന്റെ പിതാവ് നവാബ് ഹൈദര്‍ അലിയും. സൈനിക വിജ്ഞാനം, സൈനിക തന്ത്രം, യുദ്ധകൗശലം എന്നിവയുടെ കാര്യത്തില്‍ ടിപ്പുവിനേക്കാള്‍ മുകളില്‍ തന്നെ ഞാന്‍ ഹൈദര്‍ അലിയെ പ്രതിഷ്ഠിക്കും. പക്ഷെ നമ്മുടെ എല്ലാ യുക്തിവിചാരങ്ങളെയും തകര്‍ക്കുന്ന തരത്തിലുള്ളതായിരുന്നു ടിപ്പുവിന്റെ സാഹസിക ധീരത. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ ശത്രുക്കളില്‍ ഭയം നിറച്ചിരുന്നതും. അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് വഴി തെളിയിക്കുകയും ചെയ്തു. ആധുനിക ഇന്ത്യന്‍ ചരിത്രത്തിലെ അതിമഹത്തായ ഒരു സംഭവം തന്നെയാണ് ആംഗ്ലോ-മൈസൂര്‍ യുദ്ധം.

ഹൈദര്‍ അലിക്ക് ബ്രിട്ടീഷുകാരുടെ കാര്യത്തില്‍ ഒരു മതിപ്പുണ്ടായിരുന്നു. തന്റെ സൈന്യത്തെ ആധുനികവല്‍ക്കരിക്കാന്‍ അദ്ദേഹം ബ്രിട്ടീഷുകാരുടെ സൈനിക സഹായം തേടി. പക്ഷെ ബ്രിട്ടീഷുകാര്‍ അതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് ഹൈദര്‍ അലി ഫ്രഞ്ചുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചു. ഫ്രഞ്ചുകാരുടെ സഹായത്തോടെ ഹൈദറലി തന്റെ കാലാള്‍പടയെയും, പീരങ്കിപ്പടയേയും ആധുനികവല്‍ക്കരിച്ചു. കുതിരപ്പടയെ അവഗണിച്ചിരുന്ന അന്നത്തെ കാലത്തെ മറ്റു ഇന്ത്യന്‍ ശക്തികളില്‍ നിന്നും വ്യത്യസ്തമായി, ഹൈദറലി എല്ലായ്‌പ്പോഴും കുതിരപ്പടയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. കുതിരപ്പടയെ വിവിധതരത്തിലുള്ള അഭ്യാസമുറകള്‍ പഠിപ്പിച്ച അദ്ദേഹം, അതിനെ എല്ലായ്‌പ്പോഴും മുന്നില്‍ നിന്നും നയിക്കുകയും ചെയ്തു. എതിരാളികളെ സംബന്ധിച്ചിടത്തോളം ഹൈദറലിയുടെ കുതിരപ്പട ഒരു പേടിസ്വപ്‌നം തന്നെയായിരുന്നു. 1770-ല്‍, ഹൈദറലിയൂടെ കീഴില്‍ 20000 കുതിരപ്പടയും, 20 ബറ്റാലിയന്‍ കാലാള്‍പ്പടയും, അസംഖ്യം തോക്കുകളും ഉണ്ടായിരുന്നു. മൈസൂര്‍ കുതിരപ്പടയുടെ മാഹാത്മ്യം ബ്രിട്ടീഷുകാര്‍ തന്നെ മനസില്ലാമനസ്സോടെ സമ്മതിച്ച് തരുന്ന കാര്യമായിരുന്നു. ശരവേഗത്തില്‍ കുതിച്ചെത്തി നിമിഷനേരം കൊണ്ട് വിളകള്‍ തിന്ന് പോകുന്ന വെട്ടുകിളികളോടാണ് ബ്രിട്ടീഷുകാര്‍ ഹൈദറലിയുടെ കുതിരപ്പടയെ ഉപമിച്ചത്.

യുദ്ധത്തിന്റെ സമയത്ത് പ്രവിശ്യാ ഗവര്‍ണര്‍മാര്‍ സൈന്യത്തെ ഒരുക്കുന്ന സാധാരണ ഇന്ത്യന്‍ സമ്പ്രദായമായിരുന്നില്ല ഹൈദറലിയും ടിപ്പു സുല്‍ത്താനും സ്വീകരിച്ചത്. അവരുടെ പൂര്‍ണ്ണ മേല്‍നോട്ടത്തിലായിരുന്നു സൈന്യത്തിലേക്ക് ആളെ എടുക്കലും, പരിശീലനവും നടന്നിരുന്നത്. ടിപ്പു സുല്‍ത്താന്റെ കാലം വന്നതോടെ, മൈസൂര്‍ പീരങ്കിപ്പട ശക്തിയുടെയും സാങ്കേതിക വിദ്യയുടെയും കാര്യത്തില്‍ ഒരുപാട് പുരോഗതി നേടിയിരുന്നു. ഒരു റോക്കറ്റ് വിക്ഷേപക സൈനികവിഭാഗത്തെ ടിപ്പു ആവിഷ്‌കരിച്ചു. കൃത്യതയുടെയും, ദൂരപരിധിയുടെയും കാര്യത്തില്‍ ടിപ്പുവിന്റെ തോക്കുകള്‍ അറിയപ്പെട്ടു. എത്ര പീരങ്കികള്‍ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു എന്ന് വ്യക്തമല്ലായിരുന്നു. പക്ഷെ 1799-ല്‍ ശ്രീരങ്കപട്ടണം കോട്ട തകരുകയും, ടിപ്പു വീരുമൃത്യു വരിക്കുകയും ചെയ്തതോടെ, കോട്ടക്കുള്ളില്‍ നിന്നും ബ്രിട്ടീഷുകാര്‍ 421 തോക്കുകളും, 4 മുതല്‍ 42 പൗണ്ട് വരെ തൂക്കം വരുന്ന 412000 ഇരുമ്പ് പീരങ്കിയുണ്ടകളും, 17612 പൗണ്ടറുകളും കണ്ടെടുക്കുകയുണ്ടായി.

മൈസൂരിനും മറ്റു ഇന്ത്യന്‍ ശക്തികള്‍ക്കും ഇല്ലാതിരുന്ന ഒന്ന് ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായിരുന്നു. അതായത് ഉദ്യോഗസ്ഥ നേതൃത്വം.

ഉദ്യോഗസ്ഥ നേതൃത്വം എന്ന ഒരു സംസ്‌കാരം ബ്രിട്ടീഷുകാര്‍ വളര്‍ത്തിയെടുത്തിരുന്നു. അതായത് യുദ്ധത്തില്‍ ഓഫീസര്‍മാര്‍ സൈന്യത്തെ കേവലം നയിക്കുക മാത്രമല്ല ചെയ്യുക, മറിച്ച് അവരോടൊപ്പം യുദ്ധക്കളത്തില്‍ പോരുതുകയും, എല്ലാ വേദനകളും സഹിക്കുകയും, ചിലപ്പോള്‍ മരിച്ച് വീഴുകയും ചെയ്യുമായിരുന്നു. സാധാരണ പടയാളികള്‍ക്കൊപ്പം മരണം വരെ യുദ്ധം ചെയ്യാനുള്ള മഹത്തായ ത്യാഗസന്നദ്ധത കാണിക്കുന്നതിനാല്‍, ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്ക് അണികളില്‍ നിന്നും വലിയ ബഹുമാനാദരങ്ങള്‍ ലഭിച്ചിരുന്നു. അതുപോലെ ജനറല്‍ ഓഫീസര്‍മാര്‍ക്കും, സാധാരണ യുവപട്ടാളക്കാര്‍ക്കും ഒരേ പോലെയുള്ള കായിക പരിശീലനമുറകളാണ് ഉണ്ടായിരുന്നത്. ആംഗ്ലോ-മൈസൂര്‍ അല്ലെങ്കില്‍ ആംഗ്ലോ-മറാത്ത യുദ്ധ ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും ഇതിനുള്ള തെളിവ് ലഭിക്കും.

ടിപ്പു സുല്‍ത്താനും, ഹൈദറലിക്കും ബ്രിട്ടീഷുകാരുടെ ശക്തി നന്നായിട്ട് അറിയാമായിരുന്നു. അതുകൊണ്ടാണ് ആ മെയ് ദിവസത്തിലെ ഉച്ചതിരിഞ്ഞ നേരത്ത്, ടിപ്പുവിന്റെ കോട്ടയിലേക്ക് കയറി വരികയായിരുന്ന ബ്രിട്ടീഷുകാര്‍ക്ക്, മുകളില്‍ നിന്നും തങ്ങളുടെ നേര്‍ക്ക് തുരുതുരാ വെടിയുതിര്‍ത്ത് കൊണ്ട് നില്‍ക്കുന്ന ടിപ്പുവിനെ കാണാന്‍ കഴിഞ്ഞത്. സേവകര്‍ ഒന്ന് കഴിഞ്ഞ് മറ്റൊന്നായി തോക്കുകള്‍ ടിപ്പുവിന് നല്‍കി കൊണ്ടിരുന്നു. വേട്ടമത്സരത്തിലെന്ന പോലെ ടിപ്പു ശത്രുക്കളെ ഒന്നൊന്നായി വെടിവെച്ച് വീഴ്ത്തികൊണ്ടിരുന്നു.

പക്ഷെ, അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. ഒരു പട്ടാളക്കാരന്റെ മരണമായിരുന്നു ടിപ്പുവിന്റേത്. മറ്റൊരു ദിവസം യുദ്ധം ചെയ്യാനായി അദ്ദേഹത്തിന് വേണമെങ്കില്‍ പിന്‍മാറുകയോ പിന്തിരിഞ്ഞ് ഓടുകയോ ചെയ്യാമായിരുന്നു. തീര്‍ച്ചയായും അതുതന്നെയായിരുന്നു ബുദ്ധിപരമായ നീക്കം. പക്ഷെ മാനഹാനിക്ക് (കീഴടങ്ങല്‍)പകരം അദ്ദേഹം മരണം തെരഞ്ഞെടുത്തു. അതുവരേക്കും ബ്രിട്ടീഷുകാര്‍ പുച്ഛിച്ച് തള്ളിയ ആ രാജാവ്, ആ നിമിഷം മുതല്‍ക്ക് അവരെ സംബന്ധിച്ചിടത്തോളം ഏറ്റവും ആദരണീയനായി മാറി.

ടിപ്പുവിനെ പരാജയപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച ബ്രിട്ടീഷ് സൈനികര്‍ക്കും, ഇന്ത്യന്‍ സൈനികര്‍ക്കും നല്‍കിയ ശ്രീരങ്കപ്പട്ടണം കീര്‍ത്തിമുദ്രയില്‍ ഒരു സിംഹം (ബ്രിട്ടീഷുകാര്‍) ഒരു കടുവക്ക് (ടിപ്പു) മേല്‍ കയറിചവിട്ടി നില്‍ക്കുന്നതായി കൊത്തിവെച്ചിരിക്കുന്നത് കാണാന്‍ കഴിയും. പിന്നീട് ഇന്ത്യയെ കുറിക്കാനായി കടുവയുടെ ചിഹ്നം ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത് ഒരുപക്ഷെ ടിപ്പുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടിട്ടാവാമെന്ന് അനുമാനിക്കാം. മൈസൂര്‍ കടുവക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മഹത്തായ ബഹുമതി ഒരുപക്ഷെ അതായിരിക്കും.

(ദി ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി എഡിറ്ററാണ് ലേഖകന്‍)

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles