Current Date

Search
Close this search box.
Search
Close this search box.

വിമോചന പ്രസ്ഥാനം ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ടടിക്കുന്നു

ഫലസ്തീന്‍ നിയമനിര്‍മാണ സഭയിലേക്ക് നടന്ന ജനാധിപത്യപരമായ തെരെഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയം ലോകത്തെയാകെ ഞെട്ടിച്ചുകളഞ്ഞു എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഹമാസിനെ ലോകത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രമാക്കിയ ഈ സംഭവം ഇസ്രായേലിനെയും അമേരിക്കയെയും യൂറോപ്യന്‍ രാഷ്ട്രങ്ങളെയും അറബ് നേതാക്കളെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുകയുണ്ടായി. നാല്‍പത് വര്‍ഷത്തോളം ഫലസ്തീനെ നയിച്ച ഫത്ഹ് പാര്‍ട്ടി ഹമാസിന്റെ വിജയത്തോടെ ഒന്നുമല്ലാതായി തീര്‍ന്നു.

എന്നാല്‍, ആ തെരെഞ്ഞെടുപ്പിലെ ഹമാസിന്റെ വിജയം അപ്രതീക്ഷിതമായിരുന്നില്ല. കഴിഞ്ഞ 60 വര്‍ഷങ്ങളായി തുടരുന്ന ഇസ്രയേല്‍ അധിനിവേശത്തെ ചെറുത്തു തോല്‍പിക്കുന്നതില്‍ സംഭവിച്ച പരാജയം ഫലസ്തീനികളെ നിരാശരാക്കിയിട്ടുണ്ടായിരുന്നു. 1948-ലെ ഇസ്രയേല്‍ രൂപീകരണം മുതല്‍ ഇന്നോളം ആ ധര്‍മരോഷം നിലച്ചിട്ടില്ല. ബ്രിട്ടന്റെയും അമേരിക്കയുടെയും അകമഴിഞ്ഞ പിന്തുണയോട് കൂടിയായിരുന്നു അന്ന് ഫലസ്തീനില്‍ ഇസ്രയേല്‍ ജൂതരാഷ്ട്രം സ്ഥാപിച്ചത്. ഈ ഒന്നാംഘട്ട അധിനിവേശത്തിലൂടെ ഫലസ്തീന് നഷ്ടപ്പെട്ടത് അവരുടെ 78 ശതമാനത്തോളം വരുന്ന ഭൂമിയായിരുന്നു. അതോടൊപ്പം അവരുടെ തലസ്ഥാനമായിരുന്ന ജറൂസലേമിന്റെ പടിഞ്ഞാറ് ഭാഗവും ഇസ്രയേല്‍ കൈവശപ്പെടുത്തി. ഈ ഒന്നാം ഘട്ട അധിനിവേശം കഴിഞ്ഞപ്പോള്‍ ഫലസ്തീനികള്‍ക്കായി അവശേഷിച്ചത് വെസ്റ്റ് ബാങ്കും ഗസ്സയുമായിരുന്നു. 1948-ലെ ഈ അധിനിവേശത്തെ തുടര്‍ന്ന് ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയാര്‍ഥികളാക്കപ്പെട്ടു. 2006 ആയപ്പോഴേക്കും വിവിധ രാഷ്ട്രങ്ങളിലേക്ക് പലായനം ചെയ്ത ഫലസ്തീനികളുടെ എണ്ണം ആറ് ദശലക്ഷമായി ഉയര്‍ന്നു.

1967-ല്‍ ഇസ്രയേല്‍ മറ്റൊരു യുദ്ധത്തിന് തുടക്കം കുറിച്ചു. ഇത്തവണ അത് ഫലസ്തീനികള്‍ക്കെതിരെ മാത്രമായിരുന്നില്ല. മറിച്ച് ഫലസ്തീനോട് ചേര്‍ന്ന് കിടക്കുന്ന മുഴുവന്‍ അറബ് രാഷ്ട്രങ്ങള്‍ക്കുമെതിരായിരുന്നു. ഈ യുദ്ധത്തോട് കൂടി ജോര്‍ദാന്‍ ഭരണത്തിന് കീഴിലായിരുന്ന വെസ്റ്റ്ബാങ്കും 1948 മുതല്‍ ഈജിപ്തിന്റെ കീഴിലായിരുന്ന ഗസ്സയും ഇസ്രയേല്‍ അധിനിവേശപ്പെടുത്തി. അതോടൊപ്പം സിറിയയിലെ ഗൊലാന്‍ കുന്നുകളും ഈജിപ്തിലെ സീനായ് മരുഭൂമിയും ഇസ്രയേല്‍ പിടിച്ചടക്കി. അങ്ങനെ സുരക്ഷയുടെ പേരില്‍ അവയുടെ മേലെല്ലാം ഇസ്രയേല്‍ അധികാരം സ്ഥാപിക്കുകയും ചെയ്തു. മാത്രമല്ല, വെസ്റ്റ്ബാങ്കിലെ നഗരങ്ങളിലും ഗ്രാമങ്ങളില്‍ നിന്നും ഫലസ്തീനികളെ അയല്‍ രാഷ്ട്രങ്ങളിലേക്ക് ആട്ടിപ്പായിക്കുകയും ചെയ്തു. അങ്ങനെ 1967-ലെ യുദ്ധത്തോടെ ഫലസ്തീന്‍ അഭയാര്‍ഥി പ്രശ്‌നം രൂക്ഷമായി.

എന്നാല്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രദേശങ്ങള്‍ തിരിച്ച് പിടിക്കാന്‍ വേണ്ടി അറബ് രാഷ്ട്രങ്ങളും ഫലസ്തീന്‍ ദേശീയ വിമോചന പ്രസ്ഥാനവും നടത്തിയ ശ്രമങ്ങള്‍ ഓരോന്നായി പരാജയപ്പെടുകയായിരുന്നു. 1967-ല്‍ നടന്ന യുദ്ധത്തിന് രണ്ട് വര്‍ഷം മുമ്പായിരുന്നു യാസര്‍ അറഫാത്തും ഫലസ്തീനിലെയും അറബ് രാഷ്ട്രങ്ങളിലേയും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് ഫതഹ് പാര്‍ട്ടി രൂപീകരിച്ചത്. ഫതഹിന് ഒരു മതേതര പരിവേഷമായിരുന്നു ഉണ്ടായിരുന്നത്. അതേസമയം ഫതഹിന്റെ നേതൃത്വത്തില്‍ മറ്റ് ഇടത് പാര്‍ട്ടികളുമായി ചേര്‍ന്ന് ഫലസ്തീന്‍ വിമോചന പ്രസ്ഥാനം (PLO) രൂപീകരിക്കുകയും ചെയ്തു. ഫലസ്തീന്‍ വിമോചിപ്പിക്കുക എന്നതായിരുന്നു പി.എല്‍.ഒ യുടെ പ്രധാന ലക്ഷ്യം. എന്നാല്‍ 1967-ലെ യുദ്ധത്തോട് കൂടി അതിന്റെ ഫലസ്തീന്‍ വിമോചനം എന്ന ലക്ഷ്യം ഗസ്സയെയും വെസ്റ്റ്ബാങ്കിനെ മോചിപ്പിക്കുക എന്നതിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു.

1960 മുതല്‍ 1980 വരെ ഫലസ്തീനെ മോചിപ്പിക്കുന്നതിന് പി.എല്‍.ഒ സായുധ പോരാട്ടത്തെ ഒരു പ്രധാന മാര്‍ഗമായി സ്വീകരിച്ചിരുന്നു. അറബ് രാഷ്ട്രങ്ങളുടെ ദൗര്‍ബല്യവും അമേരിക്കയില്‍ നിന്ന് ഇസ്രയേലിന് ലഭിച്ച അകമഴിഞ്ഞ പിന്തുണയും ‘രാഷ്ട്രവിമോചനം’ എന്ന ഫലസ്തീനികളുടെ സ്വപ്‌നം അസാധ്യമാക്കി തീര്‍ത്തു. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ശേഷവും വിജയം നേടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് പി.എല്‍.ഒ തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തില്‍ അയവുവരുത്തി. ഇസ്രയേലിനെ ഒരു രാഷ്ട്രമായി അവര്‍ അംഗീകരിച്ചു. വെസ്റ്റ്ബാങ്കിനെയും ഗസ്സയെയും വീണ്ടെടുത്ത് ഒരു സ്വതന്ത്രരാഷ്ട്രം രൂപീകരിക്കാമെന്ന ഉപാധിയില്‍ അവര്‍ സായുധ പോരാട്ടം കൈവെടിഞ്ഞു.

ആദ്യത്തെ ഗള്‍ഫ് യുദ്ധത്തിന് ശേഷം 1991-ല്‍ അമേരിക്ക ഒരു സമാധാന സമ്മേളനം വിളിച്ചു ചേര്‍ത്തി. മാഡ്രിഡ് പീസ് കോണ്‍ഫറന്‍സ് എന്നായിരുന്നു അതിന്റെ പേര്‍. എന്നാല്‍ ഈ സമ്മേളനം ഇസ്രയേല്‍ – ഫല്‌സ്തീന്‍ സമാധാന സന്ധിയുണ്ടാക്കുന്നതില്‍ പരാജയപ്പെട്ടു. മാത്രമല്ല, ഫലസ്തീനെ വിമോചിപ്പിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്കായി സായുധ മാര്‍ഗം വെടിഞ്ഞ് ചര്‍ച്ചയുടെ മാര്‍ഗം സ്വീകരിക്കാമെന്ന് പി.എല്‍.ഒ സമ്മതിക്കുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1993-ല്‍ നോര്‍വെയില്‍ വെച്ചു നടന്ന മാസങ്ങള്‍ നീണ്ട രഹസ്യ സംഭാഷണങ്ങള്‍ക്ക് ശേഷം പി.എല്‍.ഒയും ഇസ്രയേലും ഒരു ഒത്തുതീര്‍പ്പിലെത്തി. ഓസ്‌ലോ കരാര്‍ എന്ന പേരിലായിരുന്നു അത്. (തുടരും)

വിവ : സഅദ് സല്‍മി

ഹമാസ് : ചരിത്രവും വര്‍ത്തനമാനവും
ഹമാസിന്റെ രാഷ്ട്രീയ മുന്നേറ്റം

Related Articles