Current Date

Search
Close this search box.
Search
Close this search box.

വിമോചകന്‍ പിറക്കുന്നു

ബി.സി പതിനാലാം നൂറ്റാണ്ടിന്റെ മധ്യാഹ്നത്തില്‍ വിമോചനത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വിടര്‍ത്തി മൂസ(അ) ഈജിപ്തിലെ ഒരു ഇസ്‌റാഈല്‍ കുടുംബത്തില്‍ പിറവി കൊണ്ടു. ഇംറാന്റെയും യൂഖാബിദിന്റെയും മകനായി മൂസാ(അ) പിറക്കുമ്പോള്‍ ഈജിപ്ത് ഭരണകൂട ഭീകരതയുടെ ഈറ്റില്ലമായിരുന്നു. ഒരു ജനതയോടുള്ള ഭരണകൂട ഭീകരതയുടെ രണോല്‍സുകതയില്‍ ഈജിപ്ത് വിറങ്ങലിച്ചു നിന്നു. ഏകാധിപതിയായ ഫിര്‍ഔനിന്റെ വംശീയ ബോധത്തിന്റെ വിഷം വമിച്ച അട്ടഹാസങ്ങളാല്‍ ഈജിപ്തിലെ സാമൂഹികാന്തരീക്ഷം മുഖരിതമായി.

ആ കാലത്ത് ഈജിപ്ത് ആന്തരികമായി വലിയ അന്തസംഘര്‍ഷം അനുഭവിക്കുകയായിരുന്നു. ഖിബ്തി വംശീയതയുടെയും ഈജിപ്ഷ്യന്‍ ദേശീയതയുടെയും വക്താക്കള്‍ അധികാരത്തില്‍ തിരിച്ചെത്തിയ സന്ദര്‍ഭമായിരുന്നു അത്. ലോക ചരിത്രത്തില്‍ തന്നെ ഈജിപ്തിന്റെ സുവര്‍ണ പാഠങ്ങള്‍ അടയാളപ്പെടുത്തിയ യൂസുഫിന്റെ(അ) പിന്‍മുറക്കാരെ ഭരണകൂടം തെരഞ്ഞുപിടിച്ചു. ഇസ്‌റാഈല്യരുടെ മൗലികാവകാശങ്ങള്‍ ഈജിപ്തിന്റെ മണ്ണില്‍ ചീന്തിയെറിയപ്പെട്ടു. അധികാരത്തിന്റെ അരമനകളില്‍ നിന്നവര്‍ നിഷ്‌കാസിതരായി. ഇസ്രാഈല്‍ മക്കളുടെ ഭൂമിയും സമ്പത്തും അവരുടെ ഭവനങ്ങളും ഖിബ്തികള്‍ കവര്‍ന്നെടുത്തു. വേതനമുക്തമായ അടിമവേലകളുടെ ചങ്ങലകെട്ടുകള്‍ അവരുടെ കൈകാലുകള്‍ ബന്ധിച്ചു. ഇസ്‌റാഈല്യരുടെ വളര്‍ച്ച തടയുവാന്‍ അവരിലെ ആണ്‍കുട്ടികളെ അറുകൊല ചെയ്തു. ജീവിക്കാന്‍ അനുവദിക്കപ്പെട്ട പെണ്‍കുട്ടികള്‍ ഖിബ്തികളുടെ ശാരീരികാവശ്യങ്ങളുടെ ഭോഗവസ്തുവായി പീഢനങ്ങളുടെ മഹാപര്‍വ്വം താണ്ടി. മൂസ(അ) പിറക്കുന്നത് ഇസ്‌റാഈല്യര്‍ അടിമകളെ പോലെ കഴിഞ്ഞിരുന്ന ഫറോവയുടെ കാലത്തായിരുന്നുവെങ്കിലും, ആദര്‍ശത്തിന്റെയും വിശ്വാസത്തിന്റെയും പാരമ്പര്യവും പ്രവാചക പരമ്പരകളുടെ ചരിത്രമുറങ്ങുകയും ചെയ്യുന്ന ഒരു സമൂഹമായിരുന്നു അവര്‍.

കിഴക്ക് സൂസ മുതല്‍ പടിഞ്ഞാറ് ലബനാന്‍ വരെ വ്യാപിച്ചു കിടന്ന ഒരു സാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ രാജഭരണത്തെ നിയന്ത്രിച്ച അമേലു എന്ന വരേണ്യ വര്‍ഗത്തില്‍ പിറന്ന ഇബ്‌റാഹീം പ്രവാചകന്റെ സന്താനപരമ്പരയിലാണ് മൂസാ(അ) ജനിക്കുന്നത്. ഇബ്‌റാഹീമിന്റെ(അ) പൗത്രന്‍ യഅ്ഖൂബിന്റെ പന്ത്രണ്ട് പുത്രന്‍മാരില്‍ ലേവ്യ എന്ന പുത്രന്റെ സന്താനപരമ്പരയിലാണ് മൂസയുടെ പിതാവ് ഇംറാന്‍.

ബി.സി. ആയിരത്തി എണ്ണൂറ്റി തൊണ്ണൂറുകളില്‍ ഈജിപ്തിലെത്തിയ യൂസുഫ്(അ)യുടെ സഹോദരനാണ് ലേവ്യ. അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന ഹെക്‌സോസ് രാജഭരണത്തിലെ ഉന്നതസ്ഥാനീയനായിരുന്നു യൂസുഫ്. ബി.സി രണ്ടായിരാമാണ്ടോടെ സിറിയയില്‍ നിന്നും ഫലസ്തീനില്‍ നിന്നും ഈജിപ്തിലേക്ക് കടന്നു വന്ന അറബ് വംശജരായിരുന്നു ഹെക്‌സോസുകള്‍.

യൂസുഫിലൂടെ പ്രതാപം വാണ ഈജിപ്തിലേക്ക് വന്ന യഅ്ഖൂബ് കുടുംബവും അവിടെ താമസമുറപ്പിച്ചു. യഅ്ഖൂബിന്റെ പന്ത്രണ്ട് മക്കളുടെ വംശപരമ്പരകളാണ് യഅ്ഖൂബിന്റെ അപരനാമമായ ഇസ്‌റാഈല്‍ എന്ന വംശമായി പരിണമിച്ചത്. അധികാരവും ദൈവത്തിന്റെ അനുഗ്രഹവും ലഭിച്ച ഇസ്‌റാഈല്യര്‍ സര്‍വപ്രതാപത്തോടെയും ഈജിപ്തില്‍ അധിവസിച്ചു. ഈജിപ്തിലെ അധികാര മാറ്റം മാത്രമായിരുന്നില്ല ഇസ്‌റാഈല്യരുടെ അധപതനത്തിന് കാരണം. അവര്‍ സ്വയം ഉന്നതരായി വാഴുകയും അതിനു നിമിത്തമായ ദൈവിക കല്‍പനകളെ ജീവിത വ്യവഹാരങ്ങളില്‍ നിന്ന് കയ്യൊഴിയുകയുമായിരുന്നു.

അധികാരത്തിന്റെയും ദൈവികാനുഗ്രഹത്തിന്റെയും ശീതളഛായയില്‍ അവര്‍ തങ്ങളുടെ ദൗത്യം വിസ്മരിച്ചു. ദൈവത്തിന്റെ സ്വന്തം ദാസരാണ് എന്ന അഹന്തയില്‍ അവര്‍ സ്വയം ആഢ്യരും ഉല്‍കൃഷ്ടരുമാണെന്ന് വിശ്വസിച്ചു. ആ അഹന്ത അവര്‍ക്ക് ഖിബ്തികളുടെ ശത്രുത നേടിക്കൊടുത്തു. ദൈവിക പ്രതിനിധാനത്തിന്റെ ഉജ്ജ്വല മാതൃകകളാകുന്നതിനു പകരം അവര്‍ ഈജിപ്ഷ്യരുടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജീവിതത്തിന്റെ ഭാഗമാക്കാന്‍ തുടങ്ങി. (തുടരും)

 തുവാ വിളിക്കുന്നു – 1

 തുവാ വിളിക്കുന്നു – 2

Related Articles