Current Date

Search
Close this search box.
Search
Close this search box.

വഴികാട്ടി സ്വന്തക്കാരോട് കളവ് പറയില്ല

desert1.jpg

വഴികാട്ടി സ്വന്തക്കാരെ വഞ്ചിക്കുകയില്ല എന്നത് പ്രവാചക വചനങ്ങളില്‍ സുപ്രസിദ്ധമായതാണ്. നമ്മെ വഞ്ചിച്ചവന്‍ നമ്മില്‍ പെട്ടവനല്ല എന്നതും പ്രവാചകാധ്യാപനം തന്നെയാണ്.

വിവരവും സംസ്‌കാരവും, ധിഷണയും ഉള്ളവര്‍ അവരുടെ സമൂഹത്തിന്റെയും, കുടുംബത്തിന്റെയും വഴികാട്ടികളാണ്. തങ്ങള്‍ സമര്‍പ്പിക്കുന്ന ചിന്തയിലും, ആശയങ്ങളിലും ജനതയോട് സത്യം പറയുകയെന്നതും അവരെ നേര്‍വഴി കാണിക്കുകയെന്നതും അവരുടെ നിര്‍ബന്ധ ബാധ്യതയാണ്. എന്നാല്‍, ഈജിപ്തിന് മേല്‍ നെപ്പോളിയന്‍ ബോണപ്പാട്ട് ആക്രമണം നടത്തിയത് മുതല്‍ നമ്മുടെ അറ്ബ്-ഇസ്‌ലാമിക നാഗരികതയോട് തീര്‍ത്തും അപകടകരവും, ഗുരുതരവുമായ വഞ്ചന കാണിച്ചിരിക്കുന്നു. തങ്ങളുടെ നാടിനെ ഗുണദോഷിക്കുന്നതിന് പകരം വഞ്ചനയില്‍ പെടുത്തിയ സാംസ്‌കാരിക നായകരും, ബുദ്ധിജീവികളുമാണ് അത് ചെയ്തത്. നമുക്കൊരു ഉദാഹരണം പരിശോധിച്ച് നോക്കാം.

‘മഹാനായ അലക്‌സാണ്ടര്‍ കിഴക്കന്‍ രാഷ്ട്രങ്ങള്‍ ആക്രമിക്കുകയും, അവിടങ്ങളില്‍ നാഗരിക ധ്വംസനവും, സാമ്പത്തിക കൊള്ളയും, സാംസ്‌കാരിക ഉന്മൂലനവും വ്യാപിപ്പിക്കുകയും ചെയ്തു. പത്ത് നൂറ്റാണ്ടിലധികം പൗരസ്ത്യ ദേശക്കാര്‍ ഇത് അനുഭവിക്കേണ്ടി വന്നു. അവരവിടെ അടിമകളും, ഗ്രീക്കുകാരുടെയും റോമക്കാരുടെയും, ബൈസന്റിയന്‍കാരുടെയും സേവകരുമായിരുന്നു.’ എന്നിരിക്കെ നമ്മുടെ ചില ചിന്തകര്‍ നമ്മെ കബളിപ്പിക്കുന്നത് നോക്കുക. ‘അലക്‌സാണ്ടര്‍ അങ്ങേയറ്റത്തെ ബുദ്ധിമാനായിരുന്നു. അദ്ദേഹം കേവലം ഭൂമി പിടിച്ചെടുക്കാനല്ല ഉദ്ദേശിച്ചത്. കൂടാതെ നമ്മുടെ ബുദ്ധിയെ തുറപ്പിക്കാന്‍ കൂടി അദ്ദേഹം ശ്രമിക്കുകയുണ്ടായി. എന്നല്ല, പൗരസ്ത്യ ദേശത്ത് ധിഷണാപരമായ ഉന്നതിക്ക് വേണ്ടിയുള്ള പ്രാരംഭ പടിയായിരുന്നു അദ്ദേഹത്തിന്റെ അധിനിവേശം തന്നെയും. അദ്ദേഹം രാഷ്ട്രങ്ങള്‍ വിജയിച്ചടക്കിയവനാണെന്ന് പോലും പറയരുത്. കാരമം ലോകം മനസ്സിലാക്കിയത് പോലുള്ള ഒരു വിജയിയായിരുന്നില്ല അദ്ദേഹം. യുദ്ധത്തിന്റെയോ, അതിജയിക്കലിന്റെയോ, ബലപ്രയോഗത്തിന്റെയോ വക്താവായിരുന്നില്ല അദ്ദേഹം. നേരെമറിച്ച് സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സമത്വത്തിന്റെയും, നിറകുടമായിരുന്നു അലക്‌സാണ്ടര്‍.’

ഈ സാംസ്‌കാരിക വഞ്ചനയുടെ ചുവട് പിടിച്ച് നമ്മുടെ രാഷ്ട്രങ്ങളെ ഏകോപിച്ച് നിര്‍ത്തുന്നതില്‍ അലക്‌സാണ്ടറെ മാതൃകയാക്കണമെന്ന് പറഞ്ഞവരും അവരിലുണ്ട്. രക്തമൂറ്റലിന്റെയും, അധിനിവേശത്തിന്റെയും, ബലപ്രയോഗത്തിന്റെയും പത്ത് നൂറ്റാണ്ടുകള്‍ക്ക് തുടക്കം കുറിച്ചവനോടുള്ള ആദരവ് ഇത്ര മതിയോ?

അലക്‌സാണ്ടറിന്റെ സ്വപ്‌ന സാക്ഷാല്‍ക്കരണത്തിനായി ബോണപ്പാട്ടും, ക്രൈസ്തവ രാജാവ് ലൂയി ഒമ്പതാമനും യുദ്ധവുമായി നമ്മുടെ നാടുകളിലേക്ക് കടന്ന് വന്നപ്പോഴാണ് ഫ്രാന്‍സിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിക്കപ്പെട്ട കളവ് നമ്മുടെ ബുദ്ധിജീവികള്‍ക്ക് ബോധ്യപ്പെട്ടത്.

നെപ്പോളിയന്‍ ബോണപ്പാട്ട് നടത്തിയ ആക്രമണത്തില്‍ രണ്ട് വര്‍ഷത്തിനിടെ ഈജിപ്തില്‍ മാത്രം കൊല്ലപ്പെട്ടത് മുപ്പതിനായിരം പേരായിരുന്നു. ആകെയുള്ള ജനസംഖ്യയുടെ ഏഴിലൊന്നാണ് ഇത്. അധിനിവേശത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശീയ ഉന്മൂലമായിരുന്നു അത്. അധിനിവേശ അതിക്രമങ്ങള്‍ക്ക് വഴികാട്ടിയായി വര്‍ത്തിച്ചയാളാണ് നെപ്പോളിയന്‍. ആധുനിക ലോകത്ത് വംശീയ അസ്വാസ്ഥ്യം പടര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് ഇയാളാണ്. ഫലസ്തീനെ അപഹരിച്ച് ജൂതന്യൂനപക്ഷത്തിന്റെ അക്കൗണ്ടില്‍ ചേര്‍ക്കാനുള്ള ശ്രമത്തിന് പ്രാരംഭം കുറിച്ചതും അയാള്‍ തന്നെയായിരുന്നു. മുസ്‌ലിംകള്‍ക്കും അറബികള്‍ക്കുമെതിരെ പടിഞ്ഞാറന്‍ സാമ്രാജ്യത്വ ശക്തികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജൂതന്മാര്‍ക്ക് വഴി കാണിച്ചുവെന്നതാണ് ഇയാളുടെ ‘മഹത്തായ’ സേവനം.

ഗസ്സ കീഴക്കാന്‍ വന്നപ്പോള്‍ മുന്നില്‍ കീഴടങ്ങിയ മൂവായിരം മുസ്‌ലിം പടയാളികള്‍ക്ക് നിര്‍ഭയത്വം പ്രഖ്യാപിച്ചതിന് ശേഷം മധ്യധരണ്യാഴിയുടെ തീരത്ത് വെച്ച് അവരെ അറുത്ത് കളഞ്ഞതും ഈ നെപ്പോളിയന്‍ തന്നെയായിരുന്നു.

പൂര്‍വകാല കുരിശുയുദ്ധക്കാരുടെ വഴിയെയായിരുന്നു അദ്ദേഹം സഞ്ചരിച്ചിരുന്നത്. പരിശുദ്ധമായ ഇസ്‌ലാമിക ചിഹ്നങ്ങളെല്ലാം അവര്‍ നശിപ്പിച്ചു. തന്റെ കുതിരപ്പുറത്ത് അസ്ഹറിന്റെ അകത്തളത്തിലേക്ക് ഇടിച്ചു കയറി. തന്റെ സൈന്യത്തോട് അവിടെ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ കല്‍പിച്ചു. വിദ്യാര്‍ത്ഥികളെ നിഷ്ഠൂരമായി വധിക്കുകയും, വിശുദ്ധ ഖുര്‍ആന്‍ പ്രതികളും ഗ്രന്ഥങ്ങളും കത്തിക്കുകയും ചെയ്തു. അസ്ഹറിലുണ്ടായിരുന്ന അന്ധ വിദ്യാര്‍ത്ഥികളെപ്പോലും നെപ്പോളിയന്‍ വെറുതെവിട്ടില്ല. അവരെ കൊന്ന് മൃതദേഹങ്ങള്‍ നൈലില്‍ ഒഴുക്കി. ഫ്രാന്‍സുകാര്‍ സ്ഥാപിച്ച പ്രസ്സുകള്‍ അക്രമികള്‍ക്കനുകൂലമായത് മാത്രമാണ് പ്രസിദ്ധീകരിച്ചത്. 1801-ല്‍ മടങ്ങിയപ്പോള്‍ അവരത് കൂടെയെടുത്തു.

നമ്മുടെ സാംസ്‌കാരിക നായകന്‍മാര്‍ ഈ കഥയൊന്നും നമുക്ക് ചൊല്ലിത്തന്നിട്ടില്ല. എന്നല്ല അവയില്‍ ഒരു തുള്ളിയെങ്കിലും നമ്മുടെ മുന്നില്‍ വിവരിച്ചില്ല. രണ്ട് നൂറ്റാണ്ടോളം ഈജിപ്തിന് മേല്‍ ഫ്രാന്‍സ് നടത്തിയ ഈ ആക്രമണത്തെക്കുറിച്ച വ്യാജകഥകളാണ് അവര്‍ പ്രചരിപ്പിച്ചത്. തങ്ങളുടെ സ്വന്തക്കാരോട് കളവ് പറയുന്ന വഴിക്കാട്ടികളാണിവര്‍. മാത്രമല്ല, 1998-ല്‍ പ്രസ്തുത അധിനിവേശത്തിന്റെ 200-ാം വര്‍ഷ ആഘോഷ പരിപാടികള്‍ വരെ അവര്‍ ആഘോഷിക്കുകയുണ്ടായി.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി 

Related Articles