Current Date

Search
Close this search box.
Search
Close this search box.

രിബ്ഇയ്യ് ബിന്‍ ആമിര്‍

പ്രമുഖ സഹാബിയും അറബികളിലെ ബനൂ തമീം ഗോത്രത്തിലെ പ്രധാനിയുമായിരുന്നു രിബ്ഇയ്യ്‌ ബിന്‍ ആമിര്‍. ഇസ്‌ലാമിക മാര്‍ഗത്തിലെ നിരവധി പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാഹാവിന്ദ് യുദ്ധത്തിലും തഹാരിസ്താന്‍ വിജയത്തിലും അദ്ദേഹത്ത്ിന് അനല്‍പമായ പങ്കുണ്ട്. പേര്‍ഷ്യക്കാരുമായി സന്ധിസംഭാഷണം നടത്താന്‍ സേനാനായകന്‍ സഅ്ദ് ബിന്‍ അബീ വഖാസ് നിയോഗിച്ച പത്ത് പ്രമുഖ സഹാബികളില്‍ രിബ്ഇയ്യും ഉള്‍പ്പെടുന്നു. വിശ്വാസദാര്‍ഢ്യവും ഭൗതിക വിരക്തിയും ഒത്തുചേര്‍ന്ന അദ്ദേഹം പേര്‍ഷ്യന്‍ സേനാനായകന്‍ റുസ്തമിന്റെ കൊട്ടാരത്തില്‍ വെച്ചു നടത്തിയ വിപ്ലവകരമായ വാഗ്വാദം ചരിത്രത്തിന്റെ സുവര്‍ണലിപികളില്‍ മായാത്ത മുദ്രയായി അവശേഷിക്കുന്നു.

പേര്‍ഷ്യന്‍ സേനാനായകന്‍ റുസ്തം: ‘എന്തിനാണ് നിങ്ങള്‍ വന്നിട്ടുള്ളത്? ‘
രിബ്ഇയ്യ്‌ ബിന്‍ ആമിര്‍ : ‘ദൈവമിഛിക്കുന്നവരെ, അടിമകളുടെ അടിമത്തത്തില്‍ നിന്ന് ദൈവത്തിന്റെ അടിമത്തത്തിലേക്കും ഐഹികജീവിതത്തിന്റെ കുടുസ്സില്‍ നിന്ന് ഇഹപരലോകങ്ങളുടെ വിശാലതയിലേക്കും മതങ്ങളുടെ അക്രമത്തില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും മോചിപ്പിച്ചുകൊണ്ടുപോകാന്‍ ദൈവം തന്നെയാണ് ഞങ്ങളെ നിയോഗിച്ചത്’.

ഖാദിസിയ്യയിലേക്ക് യുദ്ധത്തിനായി പേര്‍ഷ്യന്‍ രാജാവ് യസ്ദഗിര്‍ദ് പരിചയസമ്പന്നനായ യോദ്ധാവ് റുസ്തമിന്റെ നേതൃത്വത്തില്‍ വന്‍ സൈന്യത്തെ സജ്ജമാക്കി. വിവരം അറിഞ്ഞ ഖലീഫ ഉമറും സഅ്ദ് ബിന്‍ അബീവഖാസിന്റെ നേതൃത്വത്തില്‍ 30000ത്തോളം വരുന്ന ഒരു സൈന്യത്തെ ഖാദിസിയ്യയിലേക്ക് അയച്ചു.
യുദ്ധം തുടങ്ങുന്നതിന് മുമ്പ് പേര്‍ഷ്യക്കാരെ ഇസ്‌ലാമിക സന്ദേശം പരിചയപ്പെടുത്തുന്നതിനും അതിലേക്ക് ക്ഷണിക്കുന്നതിനും വേണ്ടി ശക്തരും സമര്‍ഥരുമായ ഏതാനും ദൂതന്‍മാരെ നിയോഗിക്കാന്‍ ഉമര്‍ ആവശ്യപ്പെട്ടു. സഅ്ദ് നിയോഗിച്ച പതിനാറംഗ സംഘം ഒരു കയ്യില്‍ ചാട്ടവാറും മറുകയ്യില്‍ പതാകയും വലിയൊരു പുതപ്പുമായി ആഢംഭരപൂര്‍ണമായ പേര്‍ഷ്യന്‍ രാജധാനിയിലേക്ക് കയറിച്ചെന്നു. ആശ്ചര്യത്തോടെ ആഗമനോദ്ദേശ്യം ആരാഞ്ഞ യസ്ദഗിര്‍ദിനോട് സംഘത്തലവന്‍ നുഅ്മാന്‍ ബിന്‍ മുഖ്‌രിന്‍ ഇസ്‌ലാമിനെ സംക്ഷിപ്തമായി പരിചയപ്പെടുത്തി. ഒടുവില്‍ അദ്ദേഹം പറഞ്ഞു: ‘ഒന്നുകില്‍ ഇസ്‌ലാം സ്വീകരിക്കുക, അല്ലെങ്കില്‍ ഞങ്ങളുടെ രാഷ്ട്രീയ മേല്‍ക്കോയ്മ അംഗീകരിച്ചു ജിസ്‌യ നല്‍കുക, അല്ലെങ്കില്‍ യുദ്ധത്തിനൊരുങ്ങുക’. ഈ നിര്‍ദ്ദേശം യസ്ദഗിര്‍ദ് അവജ്ഞയോടെ തള്ളി.

തുടര്‍ന്ന് സംസാരിച്ചത് മുഗീറത് ബിന്‍ ശുഅ്ബയാണ്. ഇസ്‌ലാമിനെ കുറിച്ചും അസംസ്‌കൃതരും അപരിഷ്‌കൃതരുമായ അറബികളില്‍ അത് വരുത്തിയ വിപ്ലവകരമായ മാറ്റത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് കേട്ട് കോപാന്ധനായ യസ്ദഗിര്‍ദ് വധഭീഷണി മുഴക്കുകയും അപമാനോദ്ദേശ്യത്തോടെ ഒരു പാത്രം മണ്ണുവരുത്തി അത് സംഘത്തിലെ ഏറ്റവും ശ്രേഷ്ഠനായ വ്യക്തിയുടെ തലയില്‍ വെച്ചശേഷം കവാടം കടക്കുന്നതുവരെ അവരെ പിന്തുടരാന്‍ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ട് മുസ്‌ലിം സംഘത്തിന് നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു. ‘നിങ്ങള്‍ നേതാവിന്റെ അടുത്തേക്ക് പോകുക! നിങ്ങളെയും അയാളെയും ഖാദിസിയ്യയില്‍ കുഴിച്ചുമൂടാന്‍ റുസ്തമിനെ അങ്ങോട്ട് അയക്കുന്നുണ്ടെന്ന വിവരം അറിയിക്കുകയും ചെയ്യുക’.
മണ്ണ് ചുമന്ന് വരാനിയായ സാഹചര്യം വിവരിച്ചുകേട്ടപ്പോള്‍ മുസ്‌ലിം സേനാനായകനായ സഅ്ദ് പറഞ്ഞു.
‘സന്തോഷിച്ചുകൊള്ളുക! ശത്രും സ്വമനസ്സാലെ തന്റെ ഭൂമി വിട്ടുതന്നിരിക്കുന്നു’. ഒരു ലക്ഷത്തിലേറെ സൈനികരുമായി മൂന്ന് മാസത്തോളം സാബാത്തില്‍ താവളമടിച്ച റുസ്തം പിന്നീട് ഖാദിസിയ്യയിലേക്ക് നീങ്ങി. പക്ഷെ, മുസ്‌ലിംകളോട് ഏറ്റുമുട്ടാനുള്ള മനോധൈര്യം റുസ്തമിനുണ്ടായിരുന്നില്ല. അതിനാല്‍ സന്ധിസംഭാഷണത്തിനായി ഒരു പ്രതിനിധിയെ അയക്കാന്‍ ഇസ്‌ലാമിക സേനാനായകനായ സഅ്ദിനോട് ആവശ്യപ്പെട്ടു. അദ്ദേഹം രിബ്ഇയ്യ്‌ ബിന്‍ ആമിറിനെ അയച്ചുകൊടുത്തു. ഒരു കയ്യില്‍ ചാട്ടവാറും മറുകയ്യില്‍ പതാകയുമേന്തി ആഢംഭരപൂര്‍ണമായ പേര്‍ഷ്യന്‍ രാജധാനിയിലേക്ക് കയറിച്ചെന്നു. കൊട്ടാരത്തിലെത്തിയ രിബ്ഇയ്യിനോട് സൈന്യത്തില്‍ പെട്ട ഒരാള്‍ ആയുധം നിലത്ത് വെക്കാന്‍ ആവശ്യപ്പെട്ടു. ‘ഞാന്‍ നിങ്ങള്‍ വിളിച്ചുവരുത്തിയതനുസരിച്ചു നിങ്ങളുടെ അടുത്തേക്ക് വന്നതാണ്. അതിനാല്‍ തന്നെ നിങ്ങളുടെ കല്‍പനപ്രകാരം വാള്‍ താഴെവെക്കാന്‍ ഞാന്‍ തയ്യാറല്ല. നിങ്ങള്‍ക്കു സമ്മതമാണെങ്കില്‍ ഞാന്‍ തിരിച്ചുപോകാം ‘രിബ്ഇയ്യ് പ്രതികരിച്ചു. റുസ്തമിനെ വിവരം അറിയിച്ചപ്പോള്‍ തന്റെ അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. പച്ചപ്പരവതാനിയും അലങ്കാരപൂര്‍ണമായ കട്ടില്‍മഞ്ജങ്ങളുമടങ്ങിയ റുസ്തമിന്റെ സന്നിധാനത്തിലെത്തിയപ്പോള്‍ രിബ്ഇയ്യ് അവിടെ നിന്നു. നീ എന്തുകൊണ്ട് ഇരിക്കുന്നില്ല എന്നു ചോദിച്ചപ്പോള്‍ നിങ്ങളുടെ ആര്‍ഭാടക്കസേരകളില്‍ ഇരിക്കാന്‍ എനിക്കു താല്‍പര്യമില്ല എന്നു രിബ്ഇയ്യ് പ്രതികരിച്ചു. ആഗമനോദ്ദേശ്യം ആരാഞ്ഞ റുസ്തമിനു മുമ്പില്‍ ചരിത്രത്തിന്റെ സുവര്‍ണലിപികളില്‍ മായാത്ത മുദ്രയായി അവശേഷിക്കുന്ന വിപ്ലവപ്രഖ്യാപനം രിബ്ഇയ്യ് പ്രഖ്യാപിച്ചു. ‘ദൈവമിഛിക്കുന്നവരെ, അടിമകളുടെ അടിമത്തത്തില്‍ നിന്ന് ദൈവത്തിന്റെ അടിമത്തത്തിലേക്കും ഐഹികജീവിതത്തിന്റെ കുടുസ്സില്‍ നിന്ന് ഇഹപരലോകങ്ങളുടെ വിശാലതയിലേക്കും മതങ്ങളുടെ അക്രമത്തില്‍ നിന്ന് ഇസ്‌ലാമിന്റെ നീതിയിലേക്കും മോചിപ്പിച്ചുകൊണ്ടുപോകാന്‍ ദൈവം തന്നെയാണ് ഞങ്ങളെ നിയോഗിച്ചത്.’

ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് നയിക്കാനാണ് ഞങ്ങളെ നിയോഗിച്ചത്. അത് സ്വീകരിക്കുന്നവരെ ഞങ്ങള്‍ സംരംക്ഷിക്കും. ധിക്കാരപൂര്‍വം അതിന് വിസമ്മതിക്കുന്നവരോട് അല്ലാഹുവിന്റെ വാഗ്ദത്..തം പുലരുന്നതുവരെ ഞങ്ങള്‍ പോരാടും.
അല്ലാഹുവിന്റെ വാഗ്ദത്തം കൊണ്ട് താങ്കള്‍ എന്താണുദ്ദേശിക്കുന്നത്? റുസ്തം ചോദിച്ചു.
‘ദൈവമാര്‍ഗത്തില്‍ പോരാടി വീരമൃത്യുവരിച്ചുകൊണ്ട് സ്വര്‍ഗം കരസ്ഥമാക്കും, അല്ലെങ്കില്‍ അന്തസ്സോടെ ആര്‍ക്കും കീഴ്‌പ്പെടാതെ വിജയികളായി ജീവിക്കും. രിബ്ഇയ്യ് മറുപടി പറഞ്ഞു.

താങ്കളുടെ പ്രഭാഷണം കേട്ടു. നമ്മുടെ പോരാട്ടത്തിനു അല്‍പം സാവകാശം വേണം റുസ്തം ആവശ്യപ്പെട്ടു. ഒന്നോ രണ്ടോ ദിവസമാകാം രിബ്ഇയ്യ് പ്രതികരിച്ചു.
റുസ്തം: എനിക്ക് എന്റെ നേതൃത്വവുമായി കൂടിയാലോചിക്കേണ്ടതുണ്ട്, ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം.
രിബ്ഇയ്യ്: ശത്രുക്കളെ കണ്ടുമുട്ടിയാല്‍ മൂന്നു ദിവസത്തില്‍ കൂടുതല്‍ അവര്‍ക്കു സാവകാശം നല്‍കരുതെന്നാണ് പ്രവാചകനും നേതാക്കളും നമ്മെ പഠിപ്പിച്ചത്. അതിനുശേഷം ഒന്നുകില്‍ നിങ്ങള്‍ക്ക് ഇസ്‌ലാം സ്വീകരിക്കാം, അല്ലെങ്കില്‍ ജിസ്‌യ നല്‍കി ഞങ്ങളുടെ സംരക്ഷണത്തില്‍ കഴിയാം. ഇത് രണ്ടും സ്വീകാര്യമല്ലെങ്കില്‍ യുദ്ധത്തിനൊരുങ്ങാം.
റുസ്തം അത്ഭുതത്തോടെ ചോദിച്ചു: ‘നീ അവരുടെ നേതാവാണോ?
രിബ്ഇയ്യ്: വിശ്വാസികള്‍ ഒരു ശരീരം പോലെയാണ്. അവര്‍ ഓരോരുത്തരും പരസ്പരം കരുത്തുപകരുന്നു.

റുസ്തം തന്റെ അനുചരന്മാരിലേക്ക് തിരിഞ്ഞു അല്‍പം ധിക്കാരത്തോടെയും പരിഹാസത്തോടെയും കൂടി പറഞ്ഞു. ‘ഈ നികൃഷ്ട ജീവി സംസാരിക്കുന്നത് കേട്ടില്ലേ! അവന്റെ വേഷവിധാനങ്ങള്‍ കണ്ടോ?
രിബ്ഇയ്യ്: അല്ലയോ പേര്‍ഷ്യക്കാരേ! നിങ്ങള്‍ വിലപിടിപ്പുള്ള വസ്ത്രത്തിനും ആസാദ്യകരമായ ഭക്ഷണപാനീയങ്ങള്‍ക്കും വലിയ പ്രാമുഖ്യം നല്‍കുന്നവരാണ്. എന്നാല്‍ ഞങ്ങളുടെ ദൃഷ്ട്രിയില്‍ ഇതെല്ലാം നന്നേ നിസ്സാരമായ കാര്യങ്ങളാണ്…
തന്റെ സേനാനായകന്‍ സഅ്ദ് അയച്ച ഉത്തരവാദിത്തം വളരെ ഭംഗിയായി നിര്‍വഹിച്ചുകൊണ്ട് രിബ്ഇയ്യ് ബിന്‍ ആമിര്‍ ആത്മാഭിമാനത്തോടെ അവിടെ നിന്നും തിരിച്ചു.

Related Articles