Current Date

Search
Close this search box.
Search
Close this search box.

യൂനുസ് നബി; പരീക്ഷണവും പ്രാര്‍ത്ഥനയും

പ്രവാചകന്‍ യൂനുസ്(അ) യുടെ കഥ നമുക്ക് സുപരിചിതമാണ്. പരീക്ഷണങ്ങളെയും നന്മതിന്മകള്‍ ഏററുമുട്ടുന്ന സന്ദര്‍ഭങ്ങളെയും എങ്ങനെ തരണം ചെയ്യണമെന്ന മഹത്തായ പാഠം നല്‍കുന്ന ബൃഹത് ചരിത്രമാണത്. ഒരര്‍ഥത്തില്‍ അത് അറിഞ്ഞിരിക്കുക എന്നത് മുസ്‌ലിം സമൂഹത്തിന്റെ ബാധ്യതയാണ്. ഇറാഖിലെ നിനേവ സമുദായത്തിലേക്കാണ് യൂനുസ്(അ) നിയോഗിക്കപ്പെടുത്. മറ്റെല്ലാ പ്രവാചകന്മാരെയും പോലെ അദ്ദേഹവും ജനങ്ങളെ ഏകദൈവാരാധനയിലേക്ക് ക്ഷണിക്കുകയും വിഗ്രഹാരാധനയില്‍ നിന്ന് മുക്തരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അവര്‍ അദ്ദേഹത്തിന്റ വാക്കുകള്‍ അവഗണിക്കുകയും നിഷേധികളായിത്തീരുകയും ചെയ്തു. അവര്‍ അദ്ദേഹത്തെ ഒരു അസ്വസ്ഥതയെന്നോണം ആട്ടിയകറ്റി.

ജനങ്ങളുടെ ഈ പെരുമാററം അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ധിക്കാരികളായ ആ സമൂഹത്തോട് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നാല്‍ പ്രവാചക മുന്നറിയിപ്പുകളെയെല്ലാം പുച്ഛിച്ചു തളളുകയാണുണ്ടായത്. അങ്ങനെ അക്ഷമനായ യൂനുസ്(അ) ആ സമൂഹത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും യാത്രക്കുവേണ്ടി തയ്യാറെടുക്കുകയും ചെയ്തു.
‘ഓര്‍ക്കുക, അദ്ദേഹം കോപാകുലനായി കടന്നു പോയ സന്ദര്‍ഭം'(21:87)
ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് ഇബ്‌നു കഥീര്‍ എഴുതുന്നു : യൂനുസ്(അ) നിനേവയില്‍ നിന്ന് യാത്ര പുറപ്പെട്ട ഉടനെ ആകാശത്തിന്റെ നിറം മാറുകയും അത് ചുവന്ന് തീ പോലെ തോന്നിക്കുകയും ചെയ്തു. വരാനിരിക്കുന്ന മഹാശിക്ഷയുടെ ലക്ഷണങ്ങള്‍ കണ്ട ആ സമൂഹം ഭയവിഹ്വലരായി. അന്നാട്ടിലെ ജനങ്ങളെല്ലാം ഒരു മലമുകളില്‍ സംഘടിക്കുകയും ദൈവത്തോട് പാപമോചനത്തിനായി കേഴുകയും ചെയ്തു.
 
അങ്ങനെ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിക്കുകയും പ്രകൃതി സ്വാഭാവിക അവസ്ഥയിലേക്ക് മടങ്ങുകയും ചെയ്തു. ജനങ്ങള്‍ യൂനുസ് നബി(അ) യുടെ മടക്കത്തിന് വേണ്ടി പ്രാര്‍ഥിക്കുകയും ചെയ്തു. ഇതിനിടയില്‍ യൂനുസ്(അ) തന്റെ ധിക്കാരികളായ സമൂഹത്തില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ വേണ്ടി ഒരു കപ്പലില്‍ യാത്ര പുറപ്പെട്ടു. രാത്രിയോടടുത്തപ്പോള്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ തുടങ്ങി കപ്പല്‍ നിയന്ത്രണാതീതമാവുകയും ജനങ്ങള്‍ ഭയവിഹ്വലരാവുകയും ചെയ്തു. കപ്പലിലെ അധിക ഭാരമാണ് കാരണമെന്നു കരുതി, അവര്‍ ചരക്കുകള്‍ മുഴുവന്‍ കടലിലേക്ക് തള്ളി. എന്നാല്‍ ആ അവസ്ഥക്ക് യാതൊരു മാറ്റവുമുണ്ടായില്ല. തിരമാലകള്‍ അവരെ അക്രമിച്ചു കൊണ്ടേയിരുന്നു. അങ്ങനെ നാട്ടുനടപ്പനുസരിച്ച് യാത്രക്കാര്‍ക്കിടയില്‍ നറുക്കെടുക്കുകയും നറുക്കു വീഴുന്നവനെ കടലിലെറിയാനും തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ ആദ്യം നറുക്കു വീണത് യൂനുസ്(അ)നായിരുന്നു. എന്നാല്‍ അദ്ദേഹത്തെ കടലിലെറിയാന്‍ തയ്യാറാകാതെ ജനങ്ങള്‍ വീണ്ടും നറുക്കെടുത്തു. ഒരിക്കല്‍ കൂടി അദ്ദേഹത്തിന് തന്നെ നറുക്കു വീണപ്പോള്‍ ജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം കടലിലേക്കെടുത്തുചാടി. അദ്ദേഹം ഒരു തിമിംഗലത്തിന്റെ വായിലേക്കായിരുന്നു ചെന്നുപതിച്ചത്. അബോധാവസ്ഥയില്‍ നിന്നുണര്‍ന്ന അദ്ദേഹത്തിന് താന്‍ ഒരു മത്സ്യത്തിന്റെ വയറ്റിലാണെന്ന മനസ്സിലായി. പേടിച്ചു വിറച്ച അദ്ദേഹം തന്റെ ദുരവസ്ഥ ദൈവത്തോട് പറഞ്ഞു. ‘നീയല്ലാെത യതൊരു ദൈവവുമില്ല, നീ എത്ര പരിശുദ്ധന്‍, തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു.'(21:87). അദ്ദേഹം തന്റെ തെറ്റ് തിരിച്ചറിയുകയും പാപമോചനം തേടുകയും ചെയ്തു. തുടര്‍ച്ചായുള്ള ആ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി. ‘അപ്പോള്‍ നാം അദ്ദേഹത്തിനു ഉത്തരം നല്‍കുകയും, ദുഖത്തില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു.'(21:88) അല്ലാഹുവിന്റെ കല്‍പന പ്രകാരം മത്സ്യം യൂനുസ് നബിയെ ഒരു തീരത്ത് ചര്‍ദ്ദിക്കുകയും അദ്ദേഹം കരയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം തന്റെ ജനത നന്മയിലേക്ക് മടങ്ങിയതുകണ്ട് സന്തോഷവാനായി. യൂനുസ് നബി(അ) യുടേത് വെറുമൊരു ചരിത്ര സംഭവമല്ല. ദൗര്‍ഭാഗ്യങ്ങളില്‍ ക്ഷമിക്കാന്‍ പഠിപ്പിക്കുന്ന നന്മയിലും തിന്മയിലും അല്ലാഹുവിനെ സ്മരിക്കാന്‍ പഠിപ്പിക്കുന്ന വലിയ പാഠമാണ്. നിങ്ങള്‍ യുവത്വത്തില്‍ അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ നിങ്ങളെ വാര്‍ദ്ധക്യത്തില്‍ ഓര്‍ക്കും. ആരോഗ്യത്തില്‍ നിങ്ങളവനെ സ്മരിച്ചാല്‍ രോഗശയ്യയില്‍ അവന്‍ നിങ്ങളെ പരിഗണിക്കും. ആത്മാര്‍ത്ഥതയോടെയുള്ള പശ്ചാത്താപമാണ് ദൗര്‍ഭാഗ്യങ്ങളെ വഴിതിരിച്ചുവിടുക. ചുരുക്കത്തില്‍ സന്തോഷത്തിന്റെയും ദുഖത്തിന്റെയും സന്ദര്‍ഭങ്ങളില്‍ ലോകരക്ഷിതാവായ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുമ്പോഴാണ് നമ്മള്‍ അല്ലാഹുവിന്റെ ഉത്തമ ദാസന്മാരായിത്തീരുന്നത്.

വിവ: അമീന്‍ അഹ്‌സന്‍ മുരിങ്ങേക്കല്‍

Related Articles