Current Date

Search
Close this search box.
Search
Close this search box.

യര്‍മൂകിലെ ചില മനോഹര ചരിതങ്ങള്‍

pillars.jpg

അബൂബക്ര്‍(റ) ഖലീഫയായിരിക്കെ ഹി. 13-ാം വര്‍ഷത്തില്‍ യര്‍മൂക് നദിക്കരികെ മുസ്‌ലിംകളുടെ നാല് സൈന്യങ്ങള്‍ ഒരുമിച്ച് കൂടി. ഇസ്‌ലാമും റോമുമായി ശക്തമായ യുദ്ധം നടന്നത് അവിടെ വെച്ചാണ്. യുദ്ധക്കളത്തിന്റെ ശബ്ദം അവിടെ നിന്നുയര്‍ന്നു. സഈദ് ബിന്‍ മുസയ്യിബ് തന്റെ പിതാവ് പറഞ്ഞതായി നിവേദനം: യുദ്ധത്തിന്റെ ആരവങ്ങള്‍ അടങ്ങിയപ്പോള്‍ സൈനികത്താവളങ്ങളെ പിടിച്ച് കുലുക്കി ഒരു ശബ്ദം മുഴങ്ങി. ‘അല്ലാഹുവിന്റെ സഹായം അടുത്തെത്തിയിരിക്കുന്നു.. വിശ്വാസികളേ, സ്ഥൈര്യം മുറുകെ പിടിക്കുക.’ ഞങ്ങള്‍ നോക്കിയപ്പോള്‍ അബൂസുഫ്‌യാന്‍ ബിന്‍ ഹര്‍ബ് ആയിരുന്നു അത്.

അല്ലാഹുവെത്ര പരിശുദ്ധന്‍! ബദ്‌റിലും ഉഹ്ദിലും ബഹുദൈവാരാധകരുടെ നേതാവായിരുന്ന അബൂസുഫ്‌യാന്‍. ഉഹ്ദില്‍ മുസ്‌ലിംകള്‍ പരാജമേറ്റുവാങ്ങിയപ്പോള്‍ ഹുബ്ല്‍ വിജയിച്ചു എന്നട്ടഹസിച്ചിരുന്ന വ്യക്തിയാണദ്ദേഹം. അല്ലാഹുവാണ് ഉന്നതനും മഹാനും എന്ന് സഹാബികള്‍ അതിന് മറുപടി നല്‍കി. മക്കാവിജയത്തിന്റെ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ (സ) പ്രത്യേക പരിഗണനയും നല്‍കിയിട്ടുണ്ട്.

നേര്‍വഴിയിലേക്ക്

എന്താണദ്ദേഹത്തിന് സംഭവിച്ചത്? മുസ്‌ലിംകളെ യുദ്ധത്തില്‍ ആവേശം കൊള്ളിക്കുകയും അവര്‍ക്ക് സ്ഥൈര്യം പകരുകയും ചെയ്യുന്നവനാക്കിയതെന്ത്? കാരുണ്യവാനായ അല്ലാഹുവിന്റെ സന്മാര്‍ഗമാണദ്ദേഹത്തെ മാറ്റിയത്. ഇസ്‌ലാമിനെ സത്യസന്ധമായി ആശ്ലേഷിച്ചവരുടെ ഹൃദയങ്ങളിലേക്ക് അല്ലാഹു നല്‍കുന്നതാണത്. മനുഷ്യ മനസ്സുകളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ഇസ്‌ലാം മാത്രമാണത്. അതുവരെയും നിഷേധത്തിലും വിഗ്രഹാരാധനയിലും കഴിഞ്ഞിരുന്നവരെ ഇസ്‌ലാമിന് വേണ്ടി ഐഹികതയെ തന്നെ ത്യജിക്കുന്നവരാക്കുന്നു. വിശ്വാസത്തിന്റെ പ്രകാശം അവനില്‍ പ്രസരിക്കുമ്പോള്‍ അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും പ്രിയപ്പെട്ട ഒന്നും അവനുണ്ടാവുകയില്ല.

ഇതാ മറ്റൊരുദാഹരണമായി സഖ്ര്‍ ബിന്‍ ഹര്‍ബ്. ദൈവിക സരണിയില്‍ നിന്ന് ആളുകളെ തടഞ്ഞവനായിരുന്നു അയാള്‍. ഖാലിദിനെ പോലെ മുസ്‌ലിംകളോട് യുദ്ധം ചെയ്തിട്ടുണ്ട്. അംറിനെ പോലെ കുതന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ഇക്‌രിമഃ ബിന്‍ അബൂജഹ്‌ലിനെയും സഹ്ല്‍ ബിന്‍ അംറിനെയും പോലെ മുസ്‌ലിംകളോട് അസഹിഷ്ണുത കാണിച്ചിരുന്നു. അവരെല്ലാം ഇസ്‌ലാം സ്വീകരിച്ചു. അതോടെ അതുവരെ അവരില്‍ ഉണ്ടായിരുന്നതിനെയെല്ലാം പിഴുതെറിഞ്ഞു. പ്രവാചകനോടൊപ്പം അവര്‍ സമരം ചെയ്യുകയും ക്ഷമിക്കുകയും ചെയ്തു. അവരെ കുറിച്ചെല്ലാം വളരെ സംതൃപ്തനായി കൊണ്ടാണ് നബി(സ) ഇഹലോകവാസം വെടിഞ്ഞത്.

എഴുപത് പിന്നിട്ട അബൂസുഫ്‌യാന്‍ യര്‍മൂകില്‍ തന്റെ മകന്റെ സൈന്യത്തിലായിരുന്നു. ത്വാഇഫില്‍ വെച്ച് അദ്ദേഹത്തിന്റെ ഒരു കണ്ണും നഷ്ടപ്പെട്ടിരുന്നു. അതൊന്നും അദ്ദേഹത്തിന്റെ സമരം ചെയ്യാനുള്ള വികാരത്തെ തളര്‍ത്തിയില്ല. അദ്ദേഹം തന്റെ മകനെ വിളിച്ച് പറഞ്ഞു: മോനേ, നീ അല്ലാഹുവെ സൂക്ഷിക്കുകയും ക്ഷമയവലംബിക്കുകയും ചെയ്യുക. ഈ താഴ്‌വരയില്‍ യുദ്ധം ചെയ്യാന്‍ കല്‍പ്പിക്കപ്പെടാത്ത ഒരു മുസ്‌ലിമും ഇല്ല. അപ്പോള്‍ മുസ്‌ലിംകളുടെ കാര്യങ്ങള്‍ ഏല്‍പ്പിക്കപ്പെട്ട നിങ്ങളും നിങ്ങളെ പോലുള്ളവരുടെയും അവസ്ഥ എന്താണ്? ജനങ്ങളില്‍ ഏറ്റവുമധികം ക്ഷമിക്കാനും ഗുണകാംക്ഷക്കും അര്‍ഹര്‍ അവരാണ്. അതിനാല്‍ നീ അല്ലാഹുവെ സൂക്ഷിക്കുക. പ്രതിഫലത്തിലും ക്ഷമയിലും അവരില്‍ ഏറ്റവും താല്‍പര്യം നിനക്കായിരിക്കണം. ഇസ്‌ലാമിന്റെ ശത്രുവിനെതിരെ പൊരുതുന്നതില്‍ ഏറ്റവും ധൈര്യം കാണിക്കേണ്ടതും നീ തന്നെയായിരിക്കണം. ഞാനത് ചെയ്യുക തന്നെ ചെയ്യും എന്ന മറുപടിയാണതിന് യസീദ് നല്‍കിയത്.

മുസ്‌ലിംകള്‍ക്ക് പ്രചോദനം

യുദ്ധത്തിനിടയില്‍ നരകയറിയ മുടിയുമായ ഒരാള്‍ തന്റെ ഗാംഭീര്യമുള്ള ശബ്ദത്തില്‍ വിളിച്ചു പറയുന്നു. നിങ്ങള്‍ ശത്രുവിന്റെ അടുത്തെത്തിയിരിക്കുന്നു. അവരുടെ എണ്ണം വളരെ കൂടുതലാണ്. അവര്‍ നിങ്ങളെ കഠിനമായി കൈകാര്യം ചെയ്യും. അവര്‍ നിങ്ങളെയും നിങ്ങളുടെ നാടിനെയും സ്ത്രീകളെയും കയ്യേറ്റം ചെയ്യും. അല്ലാഹുവാണ, ഇക്കൂട്ടരില്‍ നിന്ന് അല്ലാഹു നിങ്ങളെ സംരക്ഷിക്കുകയില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ക്ഷമയും സത്യസന്ധതയും കാണിക്കുന്നവര്‍ക്ക് അവന്റെ തൃപ്തി നേടാനാകുകയുള്ളൂ. പിന്നീടദ്ദേഹം സ്ത്രീകളെ ഉപദേശിച്ചു. പിന്നെ മടങ്ങിവന്ന് പറഞ്ഞു: ഇസ്‌ലാമിന്റെ ആളുകളേ, സ്വര്‍ഗമാണ് നിങ്ങളുടെ മുന്നിലുള്ളത്. പിശാചും നരകവുമാണ് പിന്നിലുള്ളത്. പിന്നീട് അദ്ദേഹം തന്റെ സ്ഥാനത്തേക്ക് തിരിച്ച് വന്നു. അദ്ദേഹം അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. യുദ്ധം ശക്തമായി, ആളുകള്‍ ഏറ്റുമുട്ടി, കുതിരപടയാളികള്‍ ചാടിവീണു. വെള്ളം കുടിക്കുന്നതില്‍ പോരാളികള്‍ തന്നെക്കാള്‍ തന്റെ സഹോദരന് പ്രാധാന്യം നല്‍കി. അവിടെ ഇസ്‌ലാമും മുസ്‌ലിംകളും വിജയിച്ചു. അബൂസുഫ്‌യാന്റെ രണ്ടാമത്തെ കണ്ണും ചൂഴ്‌ന്നെടുക്കപ്പെട്ടു. അല്ലാഹുവിനെ തൃപ്തിപ്പെട്ട അദ്ദേഹത്തില്‍ അല്ലാഹുവും തൃപ്തനായി.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles