Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് അല്‍-ഗസ്സാലിയെന്ന പരിഷ്‌കര്‍ത്താവ്

1996 മാര്‍ച്ച് ഒമ്പതിന് ഇഹലോകത്തോട് യാത്രപറഞ്ഞ ധീര യോദ്ധാവാണ് ശൈഖ് മുഹമ്മദുല്‍ ഗസ്സാലി. ഉന്നതമായ ചിന്തയുടെ ഉടമയും വ്യതിരിക്തനായ പ്രബോധകനുമായിരുന്നു അദ്ദേഹമെന്ന് കണ്ണുകളുള്ള ആര്‍ക്കും അംഗീകരിക്കാതിരിക്കാനാവില്ല. കാലത്തിന് മുമ്പേ നടന്ന ഒരു തലമുറയുടെ പ്രബോധകനും പണ്ഡിതനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ചിന്തകള്‍ക്കും മോഹങ്ങള്‍ക്കും ജീവന്‍ നല്‍കുകയെന്നതാണ് അദ്ദേഹത്തോട് കാണിക്കുന്ന ഏറ്റവും വലിയ ആദരവ്. നാം ജീവിക്കുന്ന കാലഘട്ടത്തില്‍ അവക്ക് ഏറെ പ്രസക്തിയുണ്ട്.

ഓരോ നൂറ്റാണ്ടിന്റെ തുടക്കത്തിലും അല്ലാഹു ദീനിന്റെ സുദ്ധാരകരെ നിയോഗിക്കുമെന്ന് പ്രവാചകന്‍(സ) പറഞ്ഞതായി അബൂഹുറൈറ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ശൈഖ് ഖറദാവി ഈ ഹദീസിനെ കുറിച്ച് പറയുന്നു : ഇസ്‌ലാമിക സമൂഹത്തിന് സന്തോഷ വാര്‍ത്തയാണ് ഈ ഹദീസ്. കൂടുതല്‍ പ്രദേശങ്ങളിലേക്കും കാലഘട്ടങ്ങളിലേക്കും വ്യാപിക്കുമെന്നും ദീന്‍ നിലനില്‍ക്കുമെന്നുമുള്ള സന്തോഷവാര്‍ത്ത. അതിന് കേടുപാടുകള്‍ സംഭവിക്കുകയില്ല. അല്ലാഹു സമുദ്ധാരണത്തിനായി നിയോഗിക്കുന്ന സമുദ്ധാരകരിലൂടെ അതിനെ പരിഷ്‌കരിച്ചു കൊണ്ടിരിക്കും. ദീനിന്റെ പരിഷ്‌കരണം കൊണ്ടുദ്ദേശിക്കുന്നത് അതിന്റെ സത്തയുടെ പരിഷ്‌കരണമല്ല. ഒരു കാര്യത്തെ അതിന്റെ തുടക്കത്തില്‍ ഏതൊരു അവസ്ഥയിലാണോ അതുണ്ടായിരുന്നത് അതിലേക്ക് മടക്കലാണ് പരിഷ്‌കരണം. ദീനിനെ മനസ്സിലാക്കലിലും വിശ്വസിക്കുന്നതിലും അതിന്റെ അധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്നതിലും പ്രബോധനം നടത്തുന്നതിലുമുള്ള സമുദ്ധാരണമാണ് ദീനിന്റെ സമുദ്ധാരണം.

ഈ ഹദീസിനെ അന്വര്‍ത്ഥമാക്കിയ ജീവിതമായിരുന്ന ശൈഖ് ഗസ്സാലിയുടേത്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളും, ഖുതുബകളും, വ്യത്യസ്ത കാര്യങ്ങളിലെ വീക്ഷണങ്ങളും പരിശോധിക്കുന്ന ഒരാള്‍ക്ക് അദ്ദേഹം ഒരു പരിഷ്‌കര്‍ത്താവാണെന്ന് ബോധ്യമാകും. നിരവധി ഇസ്‌ലാമിക വിഷയങ്ങളിലും ഇസ്‌ലാമിനെ പ്രായോഗിക ജീവിതത്തില്‍ നടപ്പാക്കുന്നതിലും അദ്ദേഹത്തിന് സവിശേഷമായ വീക്ഷണം ഉണ്ടായിരുന്നു.

എല്ലായിടത്തും പരാജയം നേരിട്ട തന്റെ സമുദായത്തിലേക്ക് അദ്ദേഹം നോക്കി. അതില്‍ തനിക്ക് സാധ്യമാകുന്ന പരിഷ്‌കരണവും സംസ്‌കരണവും നടത്താന്‍ അദ്ദേഹം സ്വന്തത്തെ നേര്‍ച്ചയാക്കി. അതിന് അദ്ദേഹം യാതൊരു അതിരും നിശ്ചയിച്ചില്ല. യാത്രകള്‍ അദ്ദേഹത്തിന് ഒരു പ്രശ്‌നമായില്ല. ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക് സംസ്‌കരണ ദൗത്യവുമായി അദ്ദേഹം നീങ്ങി. കാശ്മീര്‍ മുസ്‌ലിംകളുടെ പ്രശ്‌നം കൈകാര്യം ചെയ്ത പോലെ അഫ്ഗാന്‍ മുസ്‌ലിംകളുടെ പ്രശ്‌നവും അദ്ദേഹം സംസാരിച്ചു. ശാഖാപരമായ കാര്യങ്ങളിലെ കടുംപിടുത്തത്തെ ചികിത്സിച്ചതോടൊപ്പം മനസ്സുകളുടെ സംസ്‌കരണത്തിനും വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം നിര്‍വഹിച്ചു. രാഷ്ട്രത്തെ സംസ്‌കരിക്കുന്നതിന്റെ ആദ്യപടിയാണ് സമുദായത്തെ സംസ്‌കരിക്കുകയെന്ന് അദ്ദേഹത്തിന് ഉറച്ച ബോധ്യമുണ്ടായിരുന്നു. അദ്ദേഹം പറയുന്നു : തകര്‍ന്നടിഞ്ഞ ഒരു രാഷ്ട്രത്തിന്റെ സംസ്‌കരണം അവിടത്തെ ജനതയെ നേരെയാക്കാതെ സാധ്യമല്ല. ഇസ്‌ലാമിന്റെ രാഷ്ട്രീയ വ്യവസ്ഥ നിര്‍മിക്കാനുള്ള പ്രവര്‍ത്തനത്തോടൊപ്പം തന്നെ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം കൂടി ആവശ്യമായ ഒന്നാണത്.

ദീനിന്റെ നവോത്ഥാനത്തിനായി പരിഷ്‌കര്‍ത്താക്കള്‍ വ്യത്യസ്ത മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഇമാം ഗസ്സാലിയും വിവിധ വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ പരിഷ്‌കരണം, മാധ്യമരംഗത്തെ പരിഷ്‌കരണം, സാമൂഹിക പരിഷ്‌കരണം, ഭാഷാപരമായ പരിഷ്‌കരണം തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ടവയായിരുന്നു. രാഷ്ട്രീയ സേച്ഛാധിപത്യം, തെറ്റായ ദീനീ സങ്കല്‍പം, സാംസ്‌കാരിക അധിനിവേശം, ഇസ്‌ലാമിക നവോത്ഥാനത്തിന്റെ പ്രാധാന്യം തുടങ്ങിയവയിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ചില പരിഷ്‌കരണങ്ങളിലേക്ക് നമുക്ക് കണ്ണോടിക്കാം.

സമൂഹത്തിന്റെ ഉണര്‍വിന്റെ രഹസ്യവും പുരോഗതിയുടെ സൂചകവുമാണ് വിദ്യാഭ്യാസം എന്നതില്‍ തര്‍ക്കമില്ല. വലിയ നേട്ടമാണ് രാഷ്ട്രങ്ങള്‍ക്കത് നേടി കൊടുക്കുന്നത്. പ്രശ്ങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും അതിലൂടെ പരിഹാരം കണ്ടെത്താനാവുന്നു. യുദ്ധത്തിന്റെയും സമാധാനത്തിന്റെയും ആയുധമാണത്. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഗസ്സാലി വളരയെധികം പ്രാധാന്യം നല്‍കിയുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന്റെയും പൈതൃകത്തിന്റെയും വലിയൊരു ഭാഗം അതിനായി അദ്ദേഹം മാറ്റിവെച്ചിട്ടുണ്ട്. നവോത്ഥാനത്തിലേക്കുള്ള യഥാര്‍ത്ഥ മാര്‍ഗമായി അദ്ദേഹം ദീനീ വിദ്യാഭ്യാസത്തെ കണ്ടു. ദീനീ വിദ്യാഭ്യാത്തിന് സംഭവിച്ചിരുന്ന അപചയങ്ങളെ അദ്ദേഹം ചികിത്സിക്കുകയും ചെയ്തു.

വിവ : നസീഫ്‌

Related Articles