Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദലി ജിന്ന ; മതേതരവാദിയായ കോണ്‍ഗ്രസുകാരന്‍

ജിന്നയല്ല പാകിസ്താന്‍ രൂപീകരണത്തിനും ഇന്ത്യാവിഭജനത്തിനും ഉത്തരവാദിയെന്നും അദ്ദേഹം തികച്ചും ഒരു മതേതരവാദിയായിരുന്നെന്നും എല്‍.കെ അദ്വാനി പോലും അംഗീകരിച്ചിരുന്നു.  2005-ല്‍ പാകിസ്താനിലെ തന്റെ ജന്മദേശം സന്ദര്‍ശിച്ച വേളയില്‍ ജിന്നയെ അനുസ്മരിച്ച് അദ്വാനി നടത്തിയ പ്രസംഗത്തിലായിരുന്നു ഈ യാഥാര്‍ഥ്യം അംഗീകരിച്ചത്. പ്രസ്തുത ചരിത്രസത്യം വെളിപ്പെടുത്തിയ അദ്ദേഹത്തിന് പാര്‍ട്ടിയുടെ പ്രസിഡണ്ട്സ്ഥാനം നഷ്ടപ്പെട്ടതും ശ്രദ്ധേയമാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരുജ്വലവ്യക്തിത്വമാണ് മുഹമ്മദലി ജിന്ന. ഒരു പടികൂടി മുന്നോട്ടുപോയി പറയുകയാണെങ്കില്‍ ഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരേക്കാള്‍ മികച്ച ദേശീയവാദിയായിരുന്നു അദ്ദേഹം. എന്നാല്‍ സങ്കുചിത രാഷ്ട്രീയവും നെഹ്‌റുവിന്റെ മാറിയ കാഴ്ചപ്പാടും നിര്‍ഭാഗ്യവശാല്‍ അതൊക്കെ തകര്‍ത്തു. തന്റെ പദ്ധതികള്‍ക്ക് വ്യക്തമായ രൂപരേഖയുണ്ടാക്കി ഒരു രാഷ്ട്രത്തെ സൃഷ്ടിച്ച അദ്ദേഹം ഒരു പരാതിയുമില്ലാതെ പോയി. ആദ്യകാലത്ത് ഗോപാലകൃഷ്ണ ഗോഖലെ, ആനിബെസന്റ് എന്നിവരുടെ അനുയായിയായിരുന്നു ജിന്ന. ആദ്യം ഒരു കോണ്‍ഗസ്സുകാരന്‍ പിന്നെയാണ് മറ്റെല്ലാം എന്ന നിലപാടുകാരനായിരുന്നു അദ്ദേഹം. ഉത്തരപ്രദേശില്‍ മുസ്‌ലിം ലീഗുമായി സഹകരിക്കാന്‍ മടിച്ചതാണ് ഇവര്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയത്.

ജീവിതത്തിലുടനീളം ഒരു മതേതരവാദിയായിരുന്നു ജിന്ന. 1946 ല്‍ ഒരു സമ്പൂര്‍ണ്ണ പാകിസ്താനല്ല ഇന്ത്യാ ഫേഡറേഷനകത്ത് ഒരു മുസ്‌ലിം മേഖല (രാജ്യരക്ഷ, വാര്‍ത്താവിനിമയം, വിദേശകാര്യം എന്നീ വകുപ്പുകളൊഴിച്ച് മറ്റെല്ലാ വകുപ്പുകളും സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന ഒരു ഫെഡറല്‍ സ്റ്റേറ്റ്) യാണ് അദ്ദേഹം വിഭാവന ചെയ്തതെന്നത് ഇന്നും തമസ്‌കരിക്കപ്പെട്ട ഒരു ചരിത്ര സത്യമായി അവശേഷിക്കുന്നു. ഇത് വകവെച്ചുകൊടുക്കുന്നതായി നടിച്ച് കോണ്‍ഗ്രസ്സും ബ്രിട്ടനും ജിന്നയെ കെണിയില്‍ പെടുത്തുകയായിരുന്നു.

1916 ല്‍ കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും തമ്മിലുണ്ടാക്കിയ സന്ധിയില്‍നിന്ന് കോണ്‍ഗ്രസ്സ് പിന്നോട്ട് പോയി. സന്ധിയുടെ ഫലമായി മതസൗഹാര്‍ദം സുദൃഡമാക്കാന്‍ ആകൊല്ലത്തെ ബലിപെരുന്നാളിന്ന് ബലിയില്‍നിന്ന് ഗോക്കളെ  ഒഴിവാക്കാന്‍പോലും മുസ്‌ലിംകള്‍ തീരുമാനിച്ചു. ചരിത്രത്തില്‍ അതുല്യമായ മറ്റൊരു സംഭവവുമുണ്ടായി. ഹിന്ദുനേതാക്കളെ മുസ്‌ലിംപള്ളിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചു. പില്‍ക്കാലത്ത് ശുദ്ധിപ്രസ്ഥാനമാരംഭിച്ച സ്വാമി ശ്രദ്ധാനന്ദ ഡല്‍ഹി ജുമാമസ്ജിദില്‍ പ്രസംഗിച്ചു. ഇന്ത്യയില്‍ വര്‍ഗീയത അവസാനിച്ചിരിക്കുന്നുവെന്ന് ജനങ്ങള്‍ കരുതി.

അവിഭക്ത ഇന്ത്യയില്‍പെട്ട കറാച്ചിയില്‍ മീത്താബായിയുടേയും ജിന്നാബായ് പൂഞ്ചയുടേയും ഏഴുസന്താനങ്ങളില്‍ മൂത്ത മകനായി 1876 ഡിസംബര്‍ 25 ന്നാണ് മുഹമ്മദലി ജിന്നയുടെ ജനനം. ജിന്നയുടെ ജനനത്തിനു മുമ്പെ കുടുംബം ഗുജറാത്തില്‍നിന്ന് കറാച്ചിയിലേക്ക് കുടിയേറിയിരുന്നു. കറാച്ചി, ബോംബെ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. പതിനാറാം വയസ്സില്‍ മെട്രിക്കുലേഷന്‍ പാസായശേഷം നിയമപഠനത്തിനായി ലണ്ടനിലേക്ക് പോകുന്നതിനുമുമ്പായി വിവാഹം നടന്നെങ്കിലും യാത്രക്കുമുമ്പെ ഭാര്യ മരിച്ചു. ലണ്ടനിലെത്തി അധികം കഴിയുന്നതിനുമുമ്പെ മാതാവും മരണപ്പെട്ടു. ലണ്ടനില്‍ ബ്രിട്ടിഷ് ലിബറലിസത്തിന്റെ സ്വാധീനത്തിലായിരുന്ന ജിന്ന ദാദാഭായി നവറോജി, സര്‍ ഫിറോസ്ഷാ മേത്ത, എന്നീ ഇന്ത്യന്‍ ദേശീയനേതാക്കളുടെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടാണ് സ്വാതന്ത്ര്യസമര പാതയിലേക്കെത്തുന്നത്. പിതാവിന്റെ ആവശ്യപ്രകാരം ഇന്ത്യയിലേക്ക് മടങ്ങിയ ജിന്ന ചുരുങ്ങിയകാലംകൊണ്ട് ബോംബെയിലെ ശ്രദ്ധേയനായ അഭിഭാഷകനായി.

മുപ്പതാം വയസ്സ് പൂര്‍ത്തിയാകുന്നതിനുമുമ്പ് ബോംബെയിലെ പ്രശസ്തരായ അഭിഭാഷകരില്‍ ഒരാളായി മുഹമ്മദലി ജിന്ന. ഒരിക്കലും തന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍  അഭിഭാഷകവൃത്തിയില്‍ ഇടപെടാന്‍ അനുവദിച്ചിരുന്നില്ല. പാക്കിസ്താന്‍ ഗവര്‍ണര്‍ ജനറലാകുന്നതിനു ഒരു വര്‍ഷം മുമ്പുവരേയും അദ്ദേഹം കേസുകള്‍ ഏറ്റെടുത്തിരുന്നു. തന്റെ രാഷ്ട്രീയ പ്രതിയോഗിയുടെ കേസുകള്‍ വാദിക്കാന്‍പോലും ജിന്ന കോടതിയില്‍ ഹാജരായിരുന്നു.

ബോംബെയില്‍ 1904 ല്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ജിന്ന സജീവമായി പങ്കെടുത്തു.1896 ല്‍ മുഹമ്മദലി ജിന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍ ചേരുകയും. 1906 ല്‍ കല്‍ക്കത്താസമ്മേളനത്തില്‍ മുഹമ്മദലി ജിന്ന കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതൃത്വത്തിലെത്തുകയുമുണ്ടായി. ഒരു ഐ.സി.എസ്. ഉദ്യോഗസ്തനും വെള്ളക്കാരനുമായ എ.ഒ.ഹ്യൂം സ്ഥാപിച്ചതും ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരികളുടെ ആശീര്‍വാദത്തോടെ സ്ഥാപിച്ചതമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സ് ഇരുപത് വര്‍ഷത്തിനകം  ഒരു ബ്രിട്ടീഷ് വിരുദ്ദസംഘമായി മാറി.

1913 ല്‍ ലീഗില്‍ ചേര്‍ന്ന ജിന്ന മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം പ്രസിഡന്റായി. അദ്ദേഹം ഒറ്റക്ക് ശൂന്യതയില്‍നിന്ന് ബ്രിട്ടന്റേയും കോണ്‍ഗ്രസ്സിന്റേയും ശക്തിയെ വെല്ലുവിളിച്ചുകൊണ്ട് ഒരു പ്രസ്ഥാനം കെട്ടിപ്പടുത്തു. 1918 ല്‍ 24 വയസ്സിന് ഇളയ ബോംബെയിലെ പ്രശസ്ത  വ്യവസായിയായരുന്ന ദിന്‍ഷാ പെറ്റിറ്റിന്റെ പുത്രി രത്തന്‍ബായി പെതിത (റൂട്ടി) എന്ന പാര്‍സി  യുവതിയെയാണ്  രണ്ടാം ഭാര്യയായി വിവാഹം ചെയ്തത്. 1923-ല്‍ ജിന്ന ബോംബെ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

1915 ല്‍ ഗാന്ധി ദക്ഷിണാഫ്രിക്കന്‍ ജീവിതം അവസാനിപ്പിച്ച് ആദ്യമായി ബോംബെയിലേക്ക് തിരിച്ചുവന്നപ്പോള്‍ ബോംബെയിലെ ഗുജറാത്തി സഭ നല്‍കിയസ്വീകരണയോഗത്തിലെ അദ്ധ്യക്ഷന്‍ മുഹമ്മദലി ജിന്നയായിരുന്നു. അഖിലേന്ത്യാ കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയും അതേസമയം വൈസ്രോയിയുടെ 60 അംഗ ഇന്നതാധികാര കൗണ്‍സിലിലെ ഏറ്റവും പ്രായംകുറഞ്ഞ മെമ്പറുമായിരുന്നു. അന്ന് അദ്ദേഹത്തിന് 35 വയസ്സേ ഉണ്ടായിരുന്നുള്ളു. ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ്ഭരണം അവിടെ കുടിയേറിയ ഇന്ത്യക്കാരോട്  കാണിക്കുന്ന ക്രൂരമായ വിവേചനം അവസാനിപ്പിക്കണമെന്നും ഇതിന്നായി എം.കെ.ഗാന്ധി എന്ന ഒരു ഇന്ത്യക്കാരന്‍ അവിടെ സമരം തുടങ്ങിയിട്ടുണ്ടെന്നുമായിരുന്നു ജിന്ന കൗണ്‍സിലില്‍ ചെയ്ത കന്നി പ്രസംഗം. മത സ്ഥാപനങ്ങളെ സ്വത്ത് നികുതിയില്‍നിന്നൊഴിവാക്കണം എന്ന ഒരു ബില്‍ ആദ്യമായി അവതരിപ്പിച്ചത് ജിന്നയായിരുന്നു. വഖഫ് സ്വത്തുക്കളില്‍നിന്ന് നികുതി വസൂലാക്കണമെന്ന പ്രിവികൗണ്‍സിലിന്റെ ഉത്തരവ് റദ്ദാക്കണമെന്നും ജിന്ന വാദിച്ചു. പ്രിവികൗണ്‍സിലിന്ന് ഇസ്‌ലാമിക നീതിന്യായവ്യവസ്ഥയെകുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് അങ്ങിനെ ഒരു തീരുമാനമെടുത്തതെന്നും ജിന്ന സമര്‍ത്ഥിച്ചു. ഇതോടെ മുഹമ്മദലി ജിന്ന മുസ്‌ലിംലോകത്ത് ശ്രദ്ധേയനായി. കോണ്‍ഗ്രസ്സുകാരനായ ജിന്നയെ ഒരു പ്രതിയോഗിയായി ഗണിച്ചിരുന്ന മുസ്‌ലിംലീഗ് വഖഫ് നിയമഭേദഗതിക്കുള്ള അദ്ദേഹത്തിന്റെ വാദം കേട്ട് അഭിനന്ദിച്ചുകൊണ്ട് പ്രമേയം പാസ്സാക്കി. അതോടെ അദ്ദേഹം ലീഗില്‍ ഒരു മെമ്പറായി.

1920 ല്‍ ഗാന്ധിനിസ്സഹകരണപ്രസ്ഥാനം ആരംഭിച്ചതോടെ കോണ്‍ഗ്രസ്സുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. മുസ്‌ലിംലീഗില്‍ ചേരുന്നതിന് എത്രയോ മുമ്പുതന്നെ ജിന്ന കോണ്‍ഗ്രസ്സിലായിരുന്നുവെന്നത് പലര്‍ക്കും അജ്ഞാതമാണ്. 1930 കള്‍ വരെ ജിന്ന തികഞ്ഞ ദേശിയവാദിയായിരുന്നു. ഗോപാലകൃഷ്ണഗോഖലേയും ഫിറോസ്ഷാമേത്തയുമായിരുന്നു ജിന്നയുടെ മാതൃകാ നേതാക്കള്‍. മതരാഷ്ട്രീയത്തിനുകടകവിരുദ്ധമായ നിലപാടെടുത്ത അദ്ദേഹം മുസ്‌ലിംകള്‍ക്ക് പ്രത്യേകപ്രാതിനിധ്യം വേണമെന്ന അവകാശവാദവുമായി  വൈസ്രോയിയെ കാണാന്‍ പുറപ്പെട്ട സംഘത്തില്‍ അംഗമാകാനുള്ള ക്ഷണം നിരസിച്ചുകൊണ്ട് ഇന്ത്യയിലെ എല്ലാ സമുദായങ്ങള്‍ക്കും പൊതുവായ ഒരു ദേശീയതയാണ് ആവശ്യം എന്നാണദ്ദേഹം പറഞ്ഞത്. താന്‍ വളര്‍ത്തിയ പാര്‍ട്ടി ലഖ്‌നൗ ഉടമ്പടിയിലൂടെ  താന്‍ മതമൈത്രി വളര്‍ത്തിയ പാര്‍ട്ടി തന്നെ അവഗണിച്ചതില്‍ അദ്ദേഹം നിരാശനായിരുന്നു.

ഭരണകൂടത്തനെതിരെ തെരുവിലിറങ്ങി സമരം നയിക്കുന്നതില്‍ ഗാന്ധിജിക്ക് മടിയുണ്ടായിരുന്നില്ല. എന്നാല്‍ നിയമനിഷേധവും സത്യാഗ്രഹസമരങ്ങളും ഒരു പരിഷ്‌കൃതസമൂഹത്തിന് യോജിച്ച പരിപാടികളല്ലെന്നായിരുന്നു ജിന്നയുടെ നയം. തന്റെ നാട്ടുകാരെ വെറും ശിപായിമാരായി പട്ടാളത്തില്‍ ചേര്‍ക്കുന്നതിനെ ജിന്ന എതിര്‍ത്തപ്പോള്‍ പട്ടാളത്തില്‍ ചേര്‍ന്ന് ബ്രിട്ടനെ യുദ്ധത്തില്‍ സഹായിക്കാനായിരുന്നു ഗാന്ധിജി ആഹ്വാനം ചെയ്തത്.

മുസ്‌ലിം ലീഗിന്റെ 1938 ലെ പാറ്റ്‌നാ സമ്മേളനത്തില്‍വെച്ചായിരുന്നു അനുയായികള്‍ അദ്ദേഹത്തെ് ഖാഇദേ അഅ്‌സം (മഹാനായ നേതാവ്) എന്ന് ആദ്യമായി സംബോധനചെയ്ത്. പാകിസ്താന്‍ മന്ത്രിസഭയില്‍ ഒരു ഹിന്ദുവായ ജോഗേന്ദ്രനാഥ് മണ്ഡലിനെ ഉള്‍പ്പെടുത്തുകയും അദ്ദേഹത്തിന് പ്രത്യേക വകുപ്പുകള്‍ നല്‍കുകയും ചെയ്‌തെങ്കിലും ജിന്ന ജീവിതകാലത്ത് ജോലിയില്‍ തുടര്‍ന്ന അദ്ദേഹത്തിന്ന് ജിന്നയുടെ ശേഷം രാജിവെക്കേണ്ടിവന്നു.

മുന്‍സൈനികനും, പിന്നീട് ബി.ജെ.പി നേതാവും വിദേശകാര്യമന്ത്രിയുമായിരുന്ന ജസ്‌വന്ത്‌സിങ്  ‘ജിന്ന;  ഇന്ത്യാ വിഭജനം, സ്വാതന്ത്ര്യം’ എന്ന പുസ്തകത്തിലൂടെ ഇന്ത്യാ വിഭജനത്തില്‍ നെഹ്‌റുവിനും പട്ടേലിനും പങ്കുണ്ടായിരുന്നെന്ന് വെളിപ്പെടുത്തിയിരുന്നു. ഗുജറാത്തില്‍ നിരോധിച്ച ഈ പുസ്തകം കാരണം ബി.ജെ.പി. പ്രാഥമിക അംഗത്വം പോലും അദ്ദേഹത്തിന് നഷ്ടമായി.

1947 ആഗസ്ത് 14 നു പാകിസ്താന്റെ  ആദ്യ ഗവര്‍ണര്‍ ജനറലായ ജിന്ന ക്ഷയരോഗവും കാന്‍സറും കാരണം 1948 സപ്തമ്പര്‍ 11 ന്നാണ് നിര്യാതനായത്. അതേ വര്‍ഷം ജനുവരി 30 നായിരുന്നു ഗാന്ധിജി വധിക്കപ്പെട്ടത്. കറാച്ചിയിലാണ് ജിന്നയെ ഖബറടക്കിയത്. അദ്ദേഹത്തിന്റെ സ്വന്തമായിരുന്ന ബോംബെയിലെ ജിന്നാഹൗസ് കെട്ടിടസമുച്ചയം സ്മാരകമായി ഇന്ത്യയില്‍ അവശേഷിക്കുന്നു.  ബോംബെയിലെ മലബാര്‍ഹില്ലില്‍ അദ്ദേഹം വസിച്ചിരുന്ന വിശാലമായ ബംഗ്ലാവും തോട്ടങ്ങളുമടങ്ങിയ സ്വത്തുക്കള്‍ മരണപത്രത്തില്‍ താന്‍ പഠിച്ച ബോംബെ യൂനിവെഴ്‌സിറ്റിക്ക് ദാനമായി എഴുതിവെച്ചിരുന്നു.

Related Articles