Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഭരണാധികാരിയെ ക്രൈസ്തവര്‍ തേടിവന്ന കഥ

christiansandmuslims.jpg

ക്രിസ്താബ്ദം 1431, ഉസ്മാനീ സുല്‍ത്താന്‍ മുറാദ് രണ്ടാമന്‍ സലാനീക് പട്ടണം വിജയിച്ചത് ആ വര്‍ഷമായിരുന്നു. ഒരു ദിവസം കൊട്ടാരകാവല്‍ക്കാരന്‍ വന്നു സുല്‍ത്താനെ കാണാന്‍ ‘യാനിയാ’ പട്ടണത്തില്‍ നിന്ന് ഒരു സംഘം വന്നിരിക്കുന്നുവെന്ന് അറിയിച്ചു. സുല്‍ത്താനോട് എന്തോ കാര്യം ചര്‍ച്ച ചെയ്യാനാണ് അവര്‍ വന്നിരിക്കുന്നതത്രെ. ഇത് കേട്ട സുല്‍ത്താന്‍ അല്‍ഭുതപ്പെട്ട് പോയി. പ്രസ്തുത പട്ടണവുമായി അദ്ദേഹത്തിന് ഒരുവിധ ബന്ധവും ഉണ്ടായിരുന്നില്ല. മാത്രമല്ല, അക്കാലത്ത് ഇറ്റലിയുടെ ഭരണത്തിന് കീഴിലായിരുന്നു പ്രസ്തുത പ്രദേശം.

ഇറ്റലിയിലെ ഒരു പ്രമുഖ കുടുംബമായി ടോകോയുടെ ഭരണത്തിന് കീഴിലായിരുന്നു ‘യാനിയാ’ പട്ടണം. ഭരണാധികാരിയായിരുന്ന കാര്‍ലോ ടോകോ ഒന്നാമന്‍ മരിച്ചതിനെ തുടര്‍ന്ന് അയാളുടെ സഹോദര മകന്‍ കാര്‍ലോ ടോകോ രണ്ടാമന്‍ അധികാരമേറ്റു. എന്നാല്‍ ടോകോ ഒന്നാമന്റെ മക്കള്‍ അന്യായമായി ഭരണം ആഗ്രഹിക്കുകയും അതിന് കലാപുമുണ്ടാക്കുകയും ചെയ്തു. അതോടെ രാഷ്ട്രത്തില്‍ അസ്ഥിരതയും, അരാചകത്വവും, അക്രമവും നടമാടി. നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജനം പൊറുതി മുട്ടി. അപ്പോഴാണ് തങ്ങളുടെ അടുത്ത പ്രദേശം ഉസ്മാനീ ഭരണാധികാരിയായ മുറാദ് രണ്ടാമന്‍ വിജയിച്ചിരിക്കുന്നുവെന്ന് അവിടത്തെ ജനങ്ങള്‍ അറിഞ്ഞത്. അവര്‍ അവിടേക്ക് ഒരു സംഘമാളുകളെ അയച്ചു.

സുല്‍ത്താന്‍ മുറാദ് രണ്ടാമന്‍ അവരെ കൊട്ടാരത്തിലേക്ക് കടത്തിവിടാന്‍ കാവല്‍ക്കാരന് നിര്‍ദ്ദേശം നല്‍കി. ഭാഷാമൊഴിമാറ്റം നടത്താന്‍ ഒരാളെ നിയോഗിച്ചിരുന്നു. സുല്‍ത്താന്‍ സംഘത്തിന്റെ നേതാവിനോട് പറഞ്ഞു.
-‘നിങ്ങള്‍ക്ക് സ്വാഗതം… നിങ്ങള്‍ ഇങ്ങോട്ട് വരാനുണ്ടായ കാരണം എന്താണ്?’
-‘മഹാരാജാവ്, നിങ്ങളുടെ സഹായം തേടി വന്നവരാണ് ഞങ്ങള്‍.. ഞങ്ങളുടെ പ്രതീക്ഷകളെ തകര്‍ക്കരുത്..’
-‘ എനിക്കെങ്ങനെ നിങ്ങളെ സഹായിക്കാന്‍ കഴിയും?’
-‘ഞങ്ങളുടെ ഭരണാധികാരികള്‍ ഞങ്ങളോട് അക്രമം പ്രവര്‍ത്തിക്കുന്നു. അടിമകളെപ്പോലെ ഞങ്ങളെ കണക്കാക്കുന്നു. ഞങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുകയും, യുദ്ധത്തിലേക്ക് ഞങ്ങളെ തെളിക്കുകയും ചെയ്യുന്നു.’
-‘നിങ്ങള്‍ക്ക് വേണ്ടി എനിക്കെന്ത് ചെയ്യാനാവും? ഇത് നിങ്ങള്‍ക്കും ഭരണാധികാരികള്‍ക്കും ഇടയിലെ പ്രശ്‌നമല്ലേ?’
-‘മഹാരാജാവ്, ഞങ്ങള്‍ മുസ്‌ലിംകളല്ല.. ക്രൈസ്തവരാണ്, എന്നാലും മുസ്‌ലിംകളുടെ നീതിയെക്കുറിച്ച് ഞങ്ങള്‍ ധാരാളം കേട്ടിട്ടുണ്ട്. അവര്‍ പ്രജകളോട് അക്രമം പ്രവര്‍ത്തിക്കുകയില്ല. തങ്ങളുടെ മതത്തില്‍ പ്രവേശിക്കാന്‍ ആരെയും നിര്‍ബന്ധിക്കുകയുമില്ല. അവരുടെ എല്ലാവരുടെ അവകാശങ്ങളും പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുടെ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള കച്ചവടക്കാരില്‍ നിന്നും, സഞ്ചാരികളില്‍ നിന്നും ഞങ്ങള്‍ കേട്ടതാണിത്. അതിനാല്‍ നിങ്ങളുടെ സുരക്ഷ ഞങ്ങള്‍ക്കും നല്‍കണമെന്ന് അപേക്ഷിക്കുന്നു. അക്രമികളായ ഭരണാധികാരില്‍ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തി നിങ്ങള്‍ ഞങ്ങളുടെ രാഷ്ട്രം ഭരിക്കണമെന്ന് ആഗ്രഹിക്കുന്നു.’

പിന്നീടവര്‍ പട്ടണകവാടത്തിന്റെ സ്വര്‍ണത്താക്കോല്‍ അദ്ദേഹത്തെ ഏല്‍പിച്ചു. യാനിയാ പട്ടണക്കാരുടെ പ്രതീക്ഷ സുല്‍ത്താന്‍ മുറാദ് രണ്ടാമന്‍ നിറവേറ്റി. ഒരു സൈന്യത്തെ പട്ടണത്തിലേക്ക് അയച്ചു. അതേ വര്‍ഷം തന്നെ അവരത് കീഴടക്കി.

ഭാവനയിലുദിച്ച ഒരു കഥയല്ല ഇത്. അതോടൊപ്പം അപൂര്‍വമായ ഒരു അനുഭവവുമായിരുന്നു അത്. മുസ്‌ലിംകള്‍ നീതിയുടെയും മഹത്വത്തിന്റെയും പ്രതീകമായിരുന്ന കാലഘട്ടത്തില്‍ വിരിഞ്ഞ പനിനീര്‍ പുഷ്പമായിരുന്നു അത്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles