Current Date

Search
Close this search box.
Search
Close this search box.

ബ്രസീലിലെ മുസ്‌ലിം വിപ്ലവം

bahia.jpg

1500-കള്‍ മുതല്‍ 1800-കള്‍ വരെയുള്ള കാലഘട്ടം യൂറോപ്പിന്റെ ചരിത്രത്തില്‍ മൃഗീയമായ അടിമകച്ചവടത്തിന്റെ കാലമായിരുന്നു. ഏകദേശം 12 മില്യണോളം ആഫ്രിക്കക്കാരെ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്ക് അടിമകളായി കടത്തുകയുണ്ടായി. ഇന്നും അടിമകച്ചവടത്തിന്റെ ശേഷിപ്പുകള്‍ വര്‍ണവിവേചനമായും വംശീയതായും പാശ്ചാത്യന്‍, ആഫ്രിക്കന്‍ നാടുകളില്‍ അവശേഷിക്കുന്നു. അടിമക്കച്ചവടത്തിന്റെ ചരിത്രങ്ങള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ ലോകത്ത് നിരവധി അടിമ വിപ്ലവങ്ങള്‍ അതിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട് എന്നു മനസ്സിലാക്കാം. പല കാലങ്ങളിലും മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് അടിമകളാക്കപ്പെട്ട ഈ മനുഷ്യര്‍ തങ്ങളുടെ യജമാനന്മാര്‍ക്കെതിരെ പോരാടിയിരുന്നു. എന്നാല്‍ ചരിത്രത്തിന്റെ വായിക്കപ്പെടാത്ത താളുകളില്‍ പലപ്പോഴും ഇവ അന്ത്യവിശ്രമം കൊണ്ടു.

1835-ല്‍ ബ്രസീലില്‍ ഉണ്ടായ ബാഹിയ കലാപം ലോകത്തുണ്ടായ അടിമ വിപ്ലവങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മറ്റ് അടിമ കലാപങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂര്‍ണമായും മുസ്‌ലിം സ്വഭാവമുള്ള ഒന്നാണ് ബാഹിയയില്‍ ഉണ്ടായ കലാപം. അതിന്റെ ഇസ്‌ലാമിക പ്രകൃതം തന്നെയാണ് അതിനെ വേറിട്ടു നിര്‍ത്തുന്നതും.

ബ്രസീല്‍ 1822 വരെ ഒരു പോര്‍ച്ചുഗീസ് കോളനിയായിരുന്നു. കിഴക്കന്‍ പ്രവിശ്യയായ ബാഹിയയിലെ മൂന്നിലൊന്ന് തൊഴിലാളികളും അടിമകളായിരുന്നു. ഈ അടിമകളില്‍ അധികവും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ ബെനിന്‍, ടോഗോ, നൈജീരിയ എന്നിവടങ്ങളില്‍ നിന്ന് കൊണ്ടുവരപ്പെട്ടവരുമായിരുന്നു. വൊലൊഫ്, മാന്‍ഡിങ്കെ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ടവരായിരുന്നുവെങ്കിലും ഇവരൊക്കെ മുസ്‌ലിംകളായിരുന്നു. ഏ.ഡി 1400-കളില്‍ തന്നെ ഇവരില്‍ ഇസ്‌ലാം എത്തിയിരുന്നുവെന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ട് ഇസ്‌ലാമിനെ കുറിച്ച് ആഴത്തില്‍ അറിവുള്ളവരായിരുന്നു ഇവരില്‍ അധികപേരും. ബ്രസീലിലേക്ക് അടിമകളായി എത്തിയപ്പോഴും തങ്ങളുടെ ഇസ്‌ലാമിക ചിഹ്നങ്ങള്‍ കയ്യൊഴിയാന്‍ അവര്‍ തയ്യാറായില്ല. വേഷവിധാനത്തിലും ആചാരങ്ങളിലും മുസ്‌ലിംകളായി തന്നെയാണ് അവര്‍ ബ്രസീലില്‍ കാലുകുത്തിയത്. ബാഹിയന്‍ തലസ്ഥാനമായ സാല്‍വദോറില്‍ 20-ഓളം പള്ളികള്‍ അവര്‍ പണിയുകയും ചെയ്തു. ബാഹിയയില്‍ തദ്ദേശീയരായ സ്വതന്ത്ര മുസ്‌ലിംകളും നേരത്തേയുണ്ടായിരുന്നു. ആഫ്രിക്കയില്‍ നിന്ന് അടിമകളായി കൊണ്ടുവരപ്പെട്ട തങ്ങളുടെ മുസ്‌ലിം സഹോദരങ്ങളോട് വളരെ കാരുണ്യത്തോടെയാണ് ഇവര്‍ വര്‍ത്തിച്ചത്.

1814-നും 1816-നും ഇടയ്ക്ക് ബാഹിയയിലെ മുസ്‌ലിംകള്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കലാപത്തിനുള്ള കോപ്പുകൂട്ടിയിരുന്നു. തദ്ദേശീയ അധികാര കേന്ദ്രങ്ങളെ തകര്‍ത്ത് അടിമകളുമായി വരുന്ന കപ്പലുകള്‍ ആഫ്രിക്കയിലേക്ക് തിരിച്ചുവിടുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. എന്നാല്‍ അടിമകളില്‍ തന്നെ കുറച്ച് പേര്‍ പോര്‍ച്ചുഗീസ് ഉദ്യോഗസ്ഥന്മാരുടെ ചാരന്മാരായിരുന്നു. അതുകൊണ്ട് വിപ്ലവം മുളയിലേ നുള്ളിക്കളയപ്പെടുകയാണ് ചെയ്തത്. പിന്നീട് ഇരുപതു വര്‍ഷത്തേക്ക് ചെറിയ തോതില്‍ കലാപ ശ്രമങ്ങള്‍ നടന്നെങ്കിലും അവയൊന്നും വിജയം കണ്ടില്ല.

1835-ലെ കലാപത്തെ കുറിച്ച് പറയുന്നതിന് മുമ്പ് ഇസ്‌ലാം അടിമകളുടെ ഐക്യത്തിന് സഹായിച്ചതെങ്ങനെയെന്ന് പരിശോധിക്കേണ്ടതുണ്ട്. വൊലൊഫ്, മാന്‍ഡിങ്കെ, ഹൗസ, നൂപ്പ്, യൊറൂബ എന്നിങ്ങനെ വ്യത്യസ്ത വര്‍ഗങ്ങളായിരുന്ന അവര്‍ വ്യത്യസ്ത തരം ഭാഷകളുമാണ് സംസാരിച്ചിരുന്നത്. സംസ്‌കാരവും ജീവിതരീതിയും വരെ പലതായിരുന്നു. എന്നാല്‍ അവരില്‍ പൊതുവായി ഉണ്ടായിരുന്ന ഘടകം എന്നത് ഇസ്‌ലാം മാത്രമായിരുന്നു. ഇസ്‌ലാം അവര്‍ക്ക് അറബി എന്നൊരു പൊതു ഭാഷയും നല്‍കി. അവര്‍ക്കിടയില്‍ തന്നെ ഇസ്‌ലാമിനെ കുറിച്ച് അവഗാഹമുള്ള പണ്ഡിതന്മാരും ഉണ്ടായിരുന്നതിനാല്‍ ആശയവിനിമയത്തിന് അറബി ഭാഷ ഏറെ സഹായകമായി. എക്കാലത്തും ഇസ്‌ലാം നേടിയ വിജയങ്ങള്‍ക്കൊക്കെ നിദാനമായത് അംഗബലമല്ല, മറിച്ച് സംഘബോധവും ഐക്യവുമായിരുന്നു.

1814-ലെയും 1816-ലെയും വിപ്ലവശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷം മുസ്‌ലിംകള്‍ ഒളിവിലായിരുന്നു. ഇസ്‌ലാമിന്റെ ബാഹ്യമായ പ്രകടനങ്ങളൊക്കെ അധികാരികള്‍ നാട്ടില്‍ നിരോധിക്കുകയും ചെയ്തു. എന്നാല്‍ 1820-കളില്‍ മുസ്‌ലിംകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കുകയും തദ്ദേശീയ മുസ്‌ലിം പണ്ഡിതന്മാരിലൂടെ ധാരാളം കത്തോലിക്കന്‍ ക്രിസ്ത്യാനികളും ഗോത്രമതക്കാരും ഇസ്‌ലാമിലേക്കെത്തുകയും  ചെയ്തു. ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ പിന്തുടരുന്ന ആളുകള്‍ സാല്‍വദോറിലും മറ്റും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍ പെട്ടെങ്കിലും അവര്‍ അതത്ര ഗൗരവത്തിലെടുത്തില്ല. മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചതോടെ അവര്‍ക്കിടയിലെ പണ്ഡിതന്മാരെ തങ്ങളുടെ നേതാക്കന്മാര്‍ എന്ന നിലയില്‍ കൂടി ജനങ്ങള്‍ ആദരിക്കാനും ബഹുമാനിക്കാനും തുടങ്ങി. നല്ല സാമ്പത്തികശേഷിയുള്ള വ്യക്തിയും ഇമാമുമായ ശൈഖ് ദന്‍ദറ, അധ്യാപകനും പണ്ഡിതനുമായ ശൈഖ് സാനിം, ബാഹിയന്‍ നേതാവും പണ്ഡിതനുമായ മാലം ബുബാക്കര്‍ അഹൂനയുമൊക്കെ അവരില്‍ ചിലരായിരുന്നു.

പള്ളികളായിരുന്നു തങ്ങളുടെ പ്രവര്‍ത്തനകേന്ദ്രങ്ങളായി ഇവര്‍ സ്വീകരിച്ചിരുന്നത്. കലാപത്തിനുള്ള ആസൂത്രണങ്ങള്‍ നടന്നിരുന്നതും ആയുധങ്ങള്‍ ശേഖരിച്ചിരുന്നതും ആഫ്രിക്കക്കാരെ വിദ്യ അഭ്യസിപ്പിച്ചതുമെല്ലാം പള്ളിയില്‍ വെച്ചായിരുന്നു. ബ്രസീലുകാര്‍ക്കെതിരെ വിപ്ലവത്തിന് ആഹ്വാനം ചെയ്തുകൊണ്ട് മാലം ബുബാക്കര്‍ അറബിയില്‍ നാട്ടിലെ മുസ്‌ലിം വിഭാഗങ്ങള്‍ക്ക് കത്തെഴുതുകയുമുണ്ടായി. എന്നാല്‍ അധികാരികള്‍ വിപ്ലവശ്രമങ്ങള്‍ മണത്തറിയുകയും കലാപം നിശ്ചയിച്ചതിനും ആറു മാസങ്ങള്‍ക്കു മുമ്പേ മാലം ബുബാക്കറിനെ നാടുകടത്തുകയും ചെയ്തു. അപ്പോഴേക്കും കലാപത്തിനുള്ള ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാവുകയും ബാഹിയയിലെ എല്ലാ മുസ്‌ലിംകള്‍ക്കും വിവരം എത്തിക്കുകയും ചെയ്തിരുന്നു.

1835 ജനുവരി 25 സുബ്ഹി നമസ്‌കാരനന്തരമാണ് കലാപം ആരംഭിക്കാനായി നിശ്ചയിച്ചത്. അത് റമദാന്‍ 27 കൂടിയായിരുന്നു. ഖുര്‍ആന്‍ അവതീര്‍ണമായ ദിവസമെന്ന് ബഹുഭൂരിപക്ഷം മുസ്‌ലിംകളും വിശ്വസിക്കുന്ന ഈ ദിവസത്തില്‍ വിശ്വാസികളിലെ ആത്മീയ ഊര്‍ജം കൂടി കണക്കിലെടുത്താണ് നേതാക്കന്മാര്‍ ഈ ദിവസം നിശ്ചയിച്ചത്. ബാഹിയയിലെ എല്ലാ മുസ്‌ലിം കുടുംബങ്ങളിലേക്കും കലാപ വിവരം എത്തിയതിനാല്‍ തന്നെ അധികാരികളാല്‍ പിടിക്കപ്പെടാനും സാധ്യത കൂടുതലായിരുന്നു. കലാപത്തിന് നിശ്ചയിച്ച ദിവസത്തിന്റെ തലേന്ന് രാത്രി പോലീസ് പള്ളികള്‍ റെയ്ഡ് നടത്തുകയും നിരവധി വിശ്വാസികളെ ആയുധങ്ങളടക്കം കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍ മുസ്‌ലിംകള്‍ ഒരു ഉദ്യോഗസ്ഥനെ വധിച്ചതിനാല്‍ നിശ്ചയിച്ചതിലും നേരത്തെ കലാപം ആരംഭിക്കേണ്ടതായും വന്നു. വെളുത്ത വസ്ത്രവും തലപ്പാവുമണിഞ്ഞ കലാപകാരികള്‍ പള്ളികളില്‍ നിന്ന് കൂട്ടം കൂട്ടമായി തെരുവിലിറങ്ങി. സാല്‍വദോര്‍ പട്ടണത്തിന്റെ തെരുവീഥികളിലൂടെ അവര്‍ മാര്‍ച്ച് നടത്താന്‍ തുടങ്ങി. അവരോടൊപ്പം അമുസ്‌ലിംകളായ നിരവധി അടിമകളും ചേര്‍ന്നു. ഒരു പള്ളിയില്‍ നിന്ന് തന്നെ 300-ഓളം ആളുകളാണ് തെരുവിലിറങ്ങിയത്.

വിവരമറിഞ്ഞ ഗവര്‍ണര്‍ കലാപകാരികളെ നിയന്ത്രിക്കാനായി സൈന്യത്തിന് അടിയന്തിര നിര്‍ദ്ദേശം നല്‍കി. നൂറുകണക്കിന് വരുന്ന കലാപകാരികള്‍ ആയിരത്തോളം വരുന്ന, സര്‍വായുധ സജ്ജരായ സൈന്യവുമായി ഏറ്റുമുട്ടുന്ന അവസ്ഥയിലായി. സാല്‍വദോര്‍ പട്ടണത്തിലെ തെരുവുകള്‍ രക്തപങ്കിലമായി. നൂറിലധികം ആഫ്രിക്കക്കാരും 14 ബ്രസീലുകാരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബ്രസീലിയന്‍ ഭരണകൂടം അനായാസമായി കലാപം അടിച്ചമര്‍ത്തി. കലാപകാരികള്‍ക്ക് ഭരണകൂടത്തെ അട്ടിമറിക്കാനോ കപ്പലുകള്‍ ആഫ്രിക്കയിലേക്ക് തിരിച്ചയക്കാനോ സാധിച്ചില്ല. കലാപത്തിന് നേതൃത്വം നല്‍കിയ എല്ലാ മുസ്‌ലിം പണ്ഡിതന്മാരെയും ഭരണകൂടം വേട്ടയാടുകയും വധിക്കുകയും ചെയ്തു. എന്നാല്‍ ആഫ്രിക്കന്‍ അടികമകളെ ആഫ്രിക്കന്‍ തീരങ്ങളിലേക്ക് തന്നെ തിരിച്ചയക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടു. ഇനിയൊരു വിപ്ലവശ്രമം ഇല്ലാതാക്കാനായിരുന്നു ഇത്. അങ്ങനെ മുസ്‌ലിം കലാപകാരികള്‍ ഉദ്ദേശിച്ച ഒരു ലക്ഷ്യം സര്‍ക്കാരിലൂടെ തന്നെ പൂര്‍ണമായി. ബാക്കിയായ നിരവധി ആഫ്രിക്കന്‍ അടിമകള്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കപ്പെട്ടു.

കലാപം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും ബ്രസീലില്‍ ആകെ അടിമക്കച്ചവടത്തിനും അടിമത്ത വ്യവസ്ഥിതിക്കുമെതിരെ വലിയ തോതില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ബ്രസീല്‍ സമൂഹത്തിന് അടിമകള്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ എന്ത് എന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. ഇത് ബ്രസീലില്‍ അടിമത്ത നിരോധന നിയമത്തിന് വഴിവെച്ചു. എന്നാല്‍ ബാഹിയാ കലാപം വേറിട്ടു നില്‍ക്കുന്നത് അതിന്റെ മുസ്‌ലിം സ്വഭാവം കൊണ്ടാണ്. മുസ്‌ലിം പണ്ഡിതന്മാരാല്‍ നയിക്കപ്പെടുകയും മുസ്‌ലിം പള്ളികളില്‍ ആസൂത്രണം ചെയ്യപ്പടുകയും മുസ്‌ലിം പോരാളികള്‍ അണിനിരക്കുകയും ചെയ്ത ഒരു വിദേശ നാട്ടിലെ കലാപം ചരിത്രത്തില്‍ ബാഹിയ മാത്രമായിരിക്കാം. ഇസ്‌ലാം എന്ന പൊതുഘടകം ഇല്ലായിരുന്നുവെങ്കില്‍ ഈ കലാപം ഒരിക്കലും സംഭവിക്കുമായിരുന്നില്ല. നേരിട്ടുള്ള ഒരു വിജയം സാധ്യമായില്ലെങ്കിലും ബ്രസീലില്‍ അടിമത്ത സമ്പ്രദായം നിര്‍ത്തലാക്കുന്നതില്‍ ബാഹിയാ കലാപം വലിയ പങ്കു വഹിച്ചു. 1910-ല്‍ ഒരു ലക്ഷത്തോളം മുസ്‌ലിംകള്‍ ബ്രസീലിലുണ്ടായിരുന്നു. ഇന്ന് പത്ത് ലക്ഷത്തോളം മുസ്‌ലിംകള്‍ ബ്രസീലില്‍ വസിക്കുന്നുണ്ട്.

പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലെ, പ്രത്യേകിച്ച് അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ മുസ്‌ലിംകളുടെ ചരിത്രം പറയുമ്പോള്‍ പലപ്പോഴും ഈ പോരാളികളുടെ ചരിത്രം വിസ്മരിക്കപ്പെടുന്നു. പശ്ചിമേഷ്യയില്‍ നിന്നും മദ്ധ്യേഷ്യയില്‍ നിന്നും കുടിയേറിയവരിലൂടെ ഉണ്ടായ ഒരു പുതിയ മതമല്ല അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്ക് ഇസ്‌ലാം എന്ന് ഈ ചരിത്രം തെളിയിക്കുന്നു. അമേരിക്കന്‍ ഭൂഖണ്ഡങ്ങളുടെ അടക്കം ലോകത്തിന്റെ തന്നെ ചരിത്രനിര്‍മിതിയില്‍ ഇസ്‌ലാം വഹിച്ച പങ്ക് നിസ്തുലമാണ്, അതിന്റെ ഭാവി ശോഭനവുമാണ്.

വിവ: അനസ് പടന്ന  

Related Articles