Current Date

Search
Close this search box.
Search
Close this search box.

ബാങ്ക് വിളിയുടെ ചരിത്രം

azaan.jpg

ബാങ്ക് ഇസ്‌ലാമിന്റെ മഹത്തായ ചിഹ്നങ്ങളിലൊന്നാണ്. ഇസ്‌ലാമിക സമൂഹം വ്യതിരിക്തമാകുന്ന പ്രതീകമാണത്. ഇസ്‌ലാമിന്റെ വിജയത്തിന്റെയും അതിജയത്തിന്റെയും അടയാളമാണത്. ഇസ്‌ലാമിലെ ഏറ്റവും മഹത്തായ ആരാധനാ കര്‍മത്തിന് ജനങ്ങള്‍ ഒരുമിച്ചുകൂടുന്നത് ബാങ്ക് കേട്ടുകൊണ്ടാണ്. ബാങ്കിലെ വാക്കുകള്‍ ഇസ്‌ലാമിന്റെ അടിസ്ഥാന തത്വങ്ങളെ സമഗ്രമായി ഉള്‍കൊള്ളുന്നുണ്ട്. വിശ്വാസത്തെയും ഏകദൈവത്വത്തെയും അനുസരണത്തെയും ഇഹപര വിജയത്തെയും ഇത് ഉള്‍കൊള്ളുന്നുണ്ട്. അതുകൊണ്ടുതന്നെ ബാങ്കിന്റെ ശ്രേഷ്ഠത മഹത്തരമാണ്. പ്രതിഫലം അതിവിശാലവും.

ബാങ്കിന്റെ വാക്കുകള്‍ അല്ലാഹു നേരിട്ട് പ്രവാചകന്‍ പറഞ്ഞുകൊടുക്കുകയും അദ്ദേഹം നമ്മുക്ക് പറഞ്ഞു തരികയും ചെയ്തതാണ്. അത് പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സ്ഥാപിക്കപ്പെട്ടതുമാണ്. പക്ഷെ കാലക്രമത്തില്‍ ബാങ്കിന്റെ വാക്കുകളിലും ശൈലിയിലും ചില മാറ്റത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും നടന്നു. വീണ്ടും കാലം കടന്നുപോയതോടെ ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ബാങ്കിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിച്ചു. ബാങ്കിന് കാലഘട്ടങ്ങളില്‍ വന്ന പരിണാമത്തെക്കുറിച്ചുള്ള ചരിത്രം വിലയിരുത്തുകയാണിവിടെ.

ആദ്യബാങ്ക്

ബാങ്കിന്റെ വാക്കുകള്‍ സ്വപ്‌നരൂപത്തില്‍ ആദ്യമായി കണ്ടത് അബ്ദുല്ലാ ബിന്‍ സൈദ്(റ) ആണെന്ന് റിപ്പോര്‍ട്ടുകളിലുണ്ട്. പ്രവാചകന് ദിവ്യബോധനമായി ലഭിച്ച വാക്കുകള്‍ തന്നെയായിരുന്നു സൈദും(റ) സ്വപ്‌നത്തില്‍ കണ്ടത്. ആദ്യമായി ബാങ്ക് ജനങ്ങള്‍ക്ക് കേള്‍കാനായി വിളിച്ചുപറഞ്ഞത് ബിലാല്‍ ബിന്‍ റബാഹ് (റ) ആയിരുന്നു. അദ്ദേഹത്തിന്റെ സ്വരമാധുര്യംകൊണ്ടാണ് പ്രവാചകന്‍ അദ്ദേഹത്തെ തെരെഞ്ഞെടുത്തത്. പ്രവാചകന്റെ ജീവിതകാലത്ത് യാത്രയിലും അല്ലാത്തപ്പോഴുമെല്ലാം ബാങ്ക് വിളിച്ചത് ബിലാല്‍(റ) തന്നെയായിരുന്നു. യുദ്ധങ്ങള്‍ക്കിടയില്‍പോലും അദ്ദേഹം ഇതില്‍ വീഴ്ചവരുത്തിയിരുന്നില്ല. പ്രവാചകനുമായുള്ള അദ്ദേഹത്തിന്റെ അടുത്തബന്ധം കാരണം പ്രവാചകന്റെ മരണശേഷം അദ്ദേഹത്തിന് ബാങ്ക് വിളിക്കാന്‍ സാധിച്ചിട്ടില്ല.

പ്രവാചകന്റെ കാലത്ത് ഉമ്മുമക്തൂം(റ)യും ബാങ്ക് വിളിക്കാറുണ്ടായിരുന്നു. അംറുബ്‌നു ഖൈസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. സുബ്ഹിക്ക് ആദ്യം ബിലാല്‍ ബാങ്ക് വിളിക്കും, ശേഷം ഉമ്മുമക്തൂമും. അപ്രകാരമായിരുന്നു പതിവ്. അബൂമഹ്ദൂറ എന്ന് അറിയപ്പെടുന്ന ഔസ് ബിന്‍ മഅ്ബറും പ്രവാചകന്റെ കാലത്ത് ബാങ്ക് വിളിച്ചിട്ടുണ്ട്. അദ്ദേഹം മക്കയില്‍ മാത്രമാണ് ബാങ്ക് വിളിച്ചിട്ടുള്ളത്. പ്രവാചകന്റെ മരണത്തോടെ ബിലാല്‍(റ) ബാങ്ക് നിര്‍ത്തിയതോടെ സച്ചരിതരായ ഖലീഫമാര്‍ സഅ്ദ് അല്‍ഖര്‍ദി(റ) എന്ന സ്വഹാബിയെയാണ് ബാങ്ക് വിളിക്കാന്‍ ഏല്‍പിച്ചിരുന്നത്. ദീര്‍ഘകാലം ഇദ്ദേഹമായിരുന്നു മദീനയില്‍ ബാങ്ക് വിളിച്ചിരുന്നത്.

ബാങ്ക് വിളിയില്‍വന്ന മാറ്റങ്ങളും പുതിയ പ്രവണതകളും

കാലങ്ങളോളം പ്രവാചകന്‍ പഠിപ്പിച്ച തരത്തിലുള്ള ബാങ്കിന്റെ വാക്യങ്ങള്‍ തന്നെയായിരുന്നു സമൂഹത്തില്‍ നിലനിന്നത്. പിന്നീട് ചില തല്‍പരകക്ഷികള്‍ ചിലകാര്യങ്ങള്‍ അതില്‍ കൂട്ടിച്ചേര്‍ക്കുകയും മാറ്റങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ചിലര്‍ അതിന്റെ രൂപങ്ങളില്‍ മാറ്റം വരുത്തി. മറ്റുചിലര്‍ അതിന്റെ വാക്കുകളിലാണ് മാറ്റം വരുത്തിയത്. ബാങ്കിന്റെ തുടക്കത്തിലും അവസാനത്തിലും ഇടയിലും ചിലകാര്യങ്ങള്‍ കൂട്ടിച്ചേത്തു ചിലര്‍. ചില ബാങ്കുകളില്‍ മാത്രമാണ് ചിലര്‍ കൂട്ടിച്ചേര്‍ത്തത്. ഇപ്രകാരം പലതരത്തിലുമുള്ള കൂട്ടിക്കുറക്കലകളും ബാങ്കില്‍ സംഭവിച്ചിട്ടുണ്ട്.

‘ഉത്തമകര്‍മത്തിലേക്ക് വരിക’ എന്ന വാക്യം

മുസ്‌ലിം ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് എതിരായി ശിയാവിഭാഗത്തില്‍പെട്ട കുറച്ചാളുകളാണ് ബാങ്കിന്റെകൂടെ ‘ഉത്തമകര്‍മത്തിലേക്ക് വരിക’ എന്ന അര്‍ഥം വരുന്ന ‘ഹയ്യഅല ഖൈറുല്‍ അമല്‍’ എന്ന് ചേര്‍ത്തത്. മൊറോക്കോയിലെ ഭരണകൂടമായിരുന്ന അബീദിയ്യരാണ് ഈ ബിദ്അതിന് തുടക്കമിട്ടത്. ഹി.357-ലാണ് അബീദിയ്യകള്‍ അധികാരത്തിലേറിയത്. അബീദിയ്യ ഭരണാധികാരിയായിരുന്ന ജൗഹര്‍ അസ്വഖ്‌ലീ തന്റെ കീഴിലായിരുന്ന ഈജിപ്തിലെ പ്രശസ്തപള്ളിയായ മസ്ജിദ് അഹ്മദ് ബിന്‍ ത്വൂലൂനിലെ ബാങ്ക് വിളിക്കുന്ന ആളോട് ‘ഹയ്യഅലല്‍ ഫലാഹ്’ എന്നതിന് ശേഷം ‘ഹയ്യഅല ഖൈറുല്‍ അമല്‍’ എന്നുകൂടി പറയാന്‍ ആവശ്യപ്പെട്ടു. ഹി.597-ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ കൈകളാല്‍ അബീദീയ്യാ ഭരണകൂടത്തിന് അവസാനമാകുന്നതുവരെ ഈ ബിദ്അത് തുടര്‍ന്നിരുന്നു.

‘അലി ഉത്തമപുരുഷനാണ്’ എന്ന വാക്യം

ശികന്‍ബഹ് എന്ന ശിയാവിശ്വാസക്കാരനാണ് ‘മുഹമ്മദും അലിയും ഉത്തമപുരുഷരാണ്’ എന്ന് അര്‍ഥം വരുന്ന ‘മുഹമ്മദ് വ അലി ഖൈറുല്‍ ബഷര്‍’ എന്ന വാക്യം ബാങ്കില്‍ ചേര്‍ത്തത്. ഹി.347-ല്‍ ഹമദാനികളുടെ കാലത്ത് ഹല്‍ബിലാണ് ഈ പ്രവണതക്ക് തുടക്കം കുറിച്ചത്. ഹല്‍ബില്‍ നീതിമാനായ ഭരണാധികാരി നൂറുദ്ദീന്‍ മഹ്മൂദ് ശഹീദ് അധികാരത്തിലേറുന്നത് വരെ ഈ ബിദ്അത് തുടര്‍ന്നു. നൂറുദ്ദീനാണ് ബാങ്കിലെ ഈ കടത്തിക്കൂട്ടലുകള്‍ ഇല്ലാതാക്കിയത്.

‘അലി അല്ലാഹുവിന്റെ വലിയ്യാണ്’ എന്ന വാക്യം

ഭരണത്തില്‍ ശിയാക്കള്‍ക്ക് ആധിപത്യം ലഭിച്ച കാലഘട്ടത്തില്‍ ‘മുഹമ്മദ് അല്ലാഹുവിന്റെ റസൂലാണ്’ (മുഹമ്മദുര്‍റസൂലുല്ലാ) എന്ന വാക്യത്തിന് ശേഷം ‘അലി അല്ലാഹുവിന്റെ വലിയ്യാണ്’ (അലിയ്യുന്‍ വലിയുല്ലാ) എന്ന വാക്ക് കൂട്ടിച്ചേര്‍ക്കുകയുണ്ടായി. കുറെകാലം ഈ കൂട്ടിച്ചേര്‍ക്കലും തുടര്‍ന്ന പോരുന്നുണ്ട്.

ഇവക്ക് പുറമേ ബാങ്കിന്റെ വാക്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താതെ അതിന്റെ മുമ്പും പിമ്പുമുള്ള ചില ദിക്‌റുകള്‍ കൂടി ഉറക്കെ ചൊല്ലുന്ന പ്രവണത വളര്‍ന്നു വരികയുണ്ടായി. ലൗഡ്‌സ്പീക്കറുകള്‍ വഴി ബാങ്ക് വിളി തുടങ്ങിയ ആധുനിക ഘട്ടത്തില്‍ വാക്യങ്ങള്‍ക്ക് മുമ്പും ശേഷവും പല പുതിയ വാക്യങ്ങളും ദിക്‌റുകളും ഉരുവിടുന്ന പതിവുണ്ടായിട്ടുണ്ട്. ഇവ കുറ്റകരമായ കൂട്ടിച്ചേര്‍ക്കലുകളല്ല.
 

വിവ: ജുമൈല്‍ കൊടിഞ്ഞി     
 

Related Articles