Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദ് : ഇരുളടഞ്ഞ ഇന്നും ശോഭനമായ ഇന്നലെയും

മെര്‍സെര്‍ കണ്‍സള്‍ട്ടന്‍സി ലോകത്തെ പ്രധാന നഗരങ്ങളിലെ 2011ലെ ജീവിത നിലവാര റിപ്പോര്‍ട്ട് ഈയടുത്ത കാലത്ത് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ബാഗ്ദാദിന്റെ സ്ഥാനം വളരെ താഴെയാണ്. അതിന് ലഭിച്ചിട്ടുള്ള 221-ാം സ്ഥാനം വ്യക്തമാക്കുന്നത് ജീവിത നിലവാരം വളരെ താഴ്ന്ന നഗരമാണിതെന്നാണ്. എന്തെല്ലാം കാര്യങ്ങളാണ് പ്രസ്തുത പഠനത്തിന്റെ മാനദണ്ഡങ്ങളെന്നതിലേക്കു സൂചന നല്‍കുന്നത് നന്നായിരിക്കും. അതില്‍ പെട്ടതാണ് രാഷ്ട്രീയ സ്ഥിരത, നിയമപാലനത്തിന്റെ തോത്, വിദ്യാഭ്യാസസാംസ്‌കാരിക നിലവാരം, ആരോഗ്യം, പാര്‍പ്പിടം, പൊതുസേവനങ്ങള്‍ തുടങ്ങി പ്രാഥമികാവശ്യങ്ങള്‍.

ശോഭനമായ ബാഗ്ദാദിന്റെ ചരിത്രം ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. അവിടത്തെ വായുവും വെള്ളവും പച്ചപ്പും തീര്‍ത്തും ആകര്‍ഷണീയവും ജീവിക്കാന്‍ ഏറ്റവും സുഖപ്രദവുമായ സ്ഥലമാക്കി അതിനെ മാറ്റി. മനോഹരമായ ബാഗ്ദാദ്, അമീര്‍ മന്‍സൂറിന്റെയും റശീദിന്റെയും കാലത്തെ ബാഗ്ദാദ്, ശാന്തിയുടെയും സമാധാനത്തിന്റെയും കളിത്തൊട്ടില്‍, ‘തബഗ്ദദ’ അഥവാ പ്രശോഭിതമായി എന്ന അറബി പദത്തില്‍ നിന്നാണ് ഈ നാമം രൂപപ്പെട്ടതെന്ന് പ്രസിദ്ധമായ നിഘണ്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.

 

പുരോഗതിയുടെ ഉത്തുംഗതയില്‍ എത്തിയ ബാഗ്ദാദിന്റെ ജീവിത നിലവാരം ഇത്രത്തോളം തകര്‍ന്നുപോയതെന്ന ചോദ്യം പ്രസക്തമാണ്. എന്താണ് അവിടത്തെ നദികളെ വറ്റിക്കുകയും തോട്ടങ്ങളെ കുഴിച്ചു മൂടുകയും ചെയ്തത്? അന്ധകാരത്തിന്റെ കടവാവലുകളാണ് ഇന്നതിന്റെ അന്തരീക്ഷത്തെ മൂടിനില്‍ക്കുന്നത്. അവിടെ വീശുന്ന കാറ്റിന് പോലും രക്തത്തിന്റെയും ചലത്തിന്റെയും ദുര്‍ഗന്ധമാണിന്നുള്ളത്. കഷ്ടം! സമാധാന ഗേഹത്തിന്റെ ദുരന്താവസ്ഥയില്‍ ചരിത്രം കരയുകയും അനുശോചിക്കുക്കയും ചെയ്യുന്നു. വിജ്ഞാനത്തിന്റെയും പണ്ഢിതന്‍മാരുടെയും ഗേഹവുമെവിടെ? കവികളുടെയും കവിതയുടെയും ആസ്ഥാനമെവിടെ? എവിടെ ആ സുന്ദരമായ ഓര്‍മ്മകള്‍? ബാഗ്ദാദിന്റെ ശേഷിപ്പുകള്‍ ഒന്നും തന്നെ ഇന്ന് കാണാനാവില്ല. അല്ലയോ ബാഗ്ദാദ്, നിന്റെ മാന്യപുത്രന്മാര്‍ നിന്നോട് നീതി പുലര്‍ത്തിയിട്ടുണ്ട്. അപരിചിതരായ വിദേശികളാണ് നിന്റെ അഭിമാനം പിച്ചിചീന്തിയത്.
ഇറാഖിന്റെ തലസ്ഥാനം ലോകത്ത് തന്നെ ജീവിതനിലവാരം ഏറ്റവും താഴ്ന്ന നഗരമാണിന്ന്. എല്ലാകാര്യത്തിലും വിയോജിക്കുന്ന അവിടത്തെ ഭരണാധികാരികള്‍ ഐക്യപ്പെടുന്നത് ഒരേ ഒരു കാര്യത്തിലാണ്. ഭീതി പരത്തുകയും ബാഗ്ദാദിന്റെ ശേഷിപ്പുകളെയും പൈതൃകങ്ങളെയും നശിപ്പിക്കുകയും വികൃതമാക്കുകയും ചെയ്യുകയെന്നതാണ് അക്കാര്യം. എന്നാല്‍ നിങ്ങള്‍ സന്തോഷിക്കേണ്ടതില്ല. ഈത്തപ്പനകളുടെ തങ്ങളുടെ കരച്ചിലിനിടയില്‍ എന്താണ് വിളിച്ച് പറയുന്നതെന്ന് കാതോര്‍ക്കു. ബാഗ്ദാദിന്റെ കഴിഞ്ഞകാലമല്ലാതെ മറ്റൊന്നും സന്തോഷകരമല്ല. നിങ്ങള്‍ അവിടെ ഉണ്ടായിരിക്കെ അതിന്റെ ഉണര്‍ച്ചയില്‍ യാതൊരുവിധ പ്രതീക്ഷയുമില്ല. അതിനാല്‍ നിങ്ങള്‍ പുറത്ത് പോവുക.
ടൈഗ്രീസ് വിളിച്ചു പറയുന്നു, അല്ലാഹുവിന്റെ കഠിമായി ശിക്ഷയില്‍ നിന്നും നിങ്ങളൊരിക്കലും രക്ഷപ്പെടുകയില്ല. നിങ്ങളുടെ അന്ധകാരം തകര്‍ത്ത് വിജയത്തിന്റെ പ്രഭാത കിരണങ്ങള്‍ ജ്വലിക്കുക തന്നെ ചെയ്യും. കടവാവലുകളും കാക്കകളും കയ്യടക്കിയ അന്തരീക്ഷത്തിലേക്ക് പലായനം ചെയ്ത രാപ്പാടികള്‍ മടങ്ങിവരും. ലോകത്ത് ജീവിതം ഏറ്റവും സുഖകരമായ പ്രദേശങ്ങളിലൊന്നായി അത് മാറുക തന്നെ ചെയ്യും.

വിവ: അഹ്മദ് നസ്വീഫ് തിരുവമ്പാടി
 

Related Articles