Current Date

Search
Close this search box.
Search
Close this search box.

ബദ്‌റിന് മുമ്പുള്ള സൈനിക നീക്കങ്ങള്‍

പ്രവാചകന്റെ നേതൃത്വത്തിലുള്ള മദീനയിലെ മുസ്‌ലിംകളുടെ താമസവും ഇസ്‌ലാമിക സമൂഹത്തിന്റെ രൂപീകരണവും അനിവാര്യമാക്കിയ ഒന്നായിരുന്നു ചുറ്റുപാടിനെ മനസിലാക്കലും അവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കലും. തങ്ങളുടെയും തങ്ങള്‍ പ്രചരിപ്പിക്കുന്ന ആശയത്തിന്റെയും വിരോധികള്‍ ആരാണെന്ന് തിരിച്ചറിയന്‍ പ്രബോധന ദൗത്യത്തിന്റെ ഭാഗമായിരുന്നു. പ്രവാചകന്‍(സ) നിയോഗിക്കപ്പെട്ടത് തന്നെ അതിന് വേണ്ടിയായിരുന്നല്ലോ.

മക്കയിലെ ഖുറൈശി നിലപാടുകളെയാണ് മദീനയിലെ ഇസ്‌ലാമിക നേതൃത്വത്തിന് ആദ്യമായി നേരിടാനുണ്ടായിരുന്നത്. മക്കയിലെന്ന പോലെ മദീനയിലും ഇസ്‌ലാമിക അസ്ഥിത്വം നിലനില്‍ക്കുന്നത് മക്കക്കാര്‍ ഇഷ്ടപെട്ടിരുന്നില്ല. അത് തങ്ങളുടെ അടിസ്ഥാനങ്ങളുടെ ആണിക്കല്ല് ഇളക്കി കളയുമെന്നവര്‍ ഭയന്നിരുന്നു. ഇസ്‌ലാം നിലവില്‍ വരിക എന്നാല്‍ അത് തങ്ങളുടെ പൂര്‍വ്വികരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാത്രമല്ല ജാഹിലിയ്യതിന്റെ മുഴുവന്‍ അന്ത്യമാണെന്ന് അവര്‍ മനസിലാക്കി. അപ്പോഴവര്‍ക്ക്  ഇസ്‌ലാമിനെ നേരിടേണ്ടി വന്നു. മക്കക്കാര്‍ പ്രവാചകന്‍ മദീനയിലെത്താതിരിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു. ഇസ്‌ലാമിനെ നശിപ്പിക്കാനും ഇല്ലാതാക്കാനും ശത്രുതാപരമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇത് ഹിജ്‌റക്ക് ശേഷവും അവര്‍ തുടര്‍ന്ന് പോന്നു. മദീനയില്‍ നിലവില്‍ വന്ന ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് കൊണ്ടുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നതാണ്  മദീനയിലെ ഇബ്‌നുഉബയ്യിന് അവരെഴുതിയ കത്ത്.
 ‘നിങ്ങള്‍ ഞങ്ങളുടെ സഹോദരന് അഭയം നല്‍കിയിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവിന്‍ ആണയിടുന്നു നിങ്ങളവരോട് യുദ്ധം ചെയ്യുകയും പുറത്താക്കുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളിലേക്ക് ഒരു സൈന്യത്തെ അയക്കുകയും അവര്‍ നിങ്ങളുടെ പടയാളികളെ കൊലചെയ്യുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്യും……..’ ഈ കത്ത് ഉബയ്യിനെത്തിയപ്പോള്‍ വിഗ്രഹാരാധകരായ മറ്റുള്ളവര്‍ അദ്ദേഹത്തിന് ചുറ്റും കൂടി. അവര്‍ പ്രവാചകനോട് ഏറ്റുമുട്ടാന്‍ തീരുമാനിച്ചു.  അത് പ്രവാചകന്റെ അടുക്കലെത്തിയപ്പോള്‍ പ്രവാചകന്‍ (സ) അവരോട് പറഞ്ഞു ‘ ഖുറൈശികളുടെ ശക്തമായ ഭീഷണി നിങ്ങള്‍ക്കെത്തിയിട്ടുണ്ട്. നിങ്ങള്‍ കരുതുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതമാണ് അത് നിങ്ങള്‍ക്കുണ്ടാക്കുക.  ഈ യുദ്ധത്തിലൂടെ നിങ്ങള്‍ നിങ്ങളുടെ മക്കളെയും സഹോദരങ്ങളേയുമായിരിക്കും നേരിടേണ്ടി വരിക. ഇത് കേട്ടതോടെ അവര്‍ യുദ്ധത്തിനൊരുമ്പടാതെ പിരിഞ്ഞ് പോയി.

വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിലും നേതാവെന്ന നിലയിലുമുള്ള പ്രവാചകന്റെ മഹത്വം വ്യക്തമാക്കുന്ന വാക്കുകളായിരുന്നു പ്രവാചകന്‍ പ്രയോഗിച്ചത്. തന്റെ കൂടെയുള്ളവരുടെ മനസിന്റെ നിഗൂഢതകളിലേക്കെത്താന്‍ പ്രവാചകന് സാധിച്ചു. അത് കൊണ്ടാണ് ആ വാക്കുകള്‍ യഥ്‌രിബിലെ ബഹുദൈവ വിശ്വാസികളില്‍ സ്വാധീനം ചെലുത്തിയത്. ഇസ്‌ലാമിക സമൂഹത്തിനകത്ത് ശത്രുക്കള്‍ വ്യാപിപിപ്പിക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാചകന്റെ ഈ രീതി നമ്മളും പിന്തുടരേണ്ടിയിരിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രമായ മദീനയെ ആക്രമിക്കാന്‍ ശത്രുക്കള്‍ പദ്ധതിയിട്ടപ്പോള്‍ അല്ലാഹു അവര്‍ക്ക് യുദ്ധത്തിന് അനുവാദം കൊടുക്കുകയും സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ഖുറൈശികളോട് തിരിച്ചടിക്കാനായി പ്രവാചകന്‍ യുദ്ധത്തിന് തയ്യാറെടുക്കുകയുണ്ടായി.

1) അബവാഅ് സൈനിക നീക്കം
പ്രവാചകന്‍(സ) ആദ്യമായി നടത്തിയ സൈനിക നീക്കമായിരുന്നു അബവാഅ് സൈനിക നീക്കം, ഇത് വുദ്ദാന്‍ സൈനിക നീക്കം എന്ന പേരിലും അറിയപെടുന്നു. അബവാഉം വുദ്ദാനും ആറോ എട്ടോ മൈല്‍ വ്യത്യാസത്തില്‍ അടുത്തടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ്. പ്രവാചകന്‍ നടത്തിയ ആദ്യത്തെ സൈനിക നീക്കമാണിത്. എന്നാല്‍ ബനൂദംറ ഗോത്രവുമായി സന്ധിയായതിനെ തുടര്‍ന്ന് യുദ്ധം നടന്നില്ല. ഹിജ്‌റയുടെ രണ്ടാം വര്‍ഷം സഫറിലാണ് ഇത് നടന്നത്. ഇതില്‍ കാലാള്‍പ്പടയും മൃഗപ്പുറത്തുമായി ഇരുനൂറ് സൈനികരാണ് ഉണ്ടായിരുന്നത്.

2) ഉബൈദ് ബിന്‍ ഹാരിഥയുടെ സൈന്യം
പ്രവാചകന്‍(സ) ഒരുക്കിയ ആദ്യത്തെ സേനയായിരുന്നു ഇത്. ഇതില്‍ 60 മുഹാജിറുകളും ശത്രുപക്ഷത്ത് 200 ഖുറൈശികളുമുണ്ടായിരുന്നു. അവരുടെ നേതാവ് അബൂ സുഫ്‌യാനായിരുന്നു. ബവാദി റാബിഗ് എന്ന തടാക താഴ്‌വരയില്‍ വെച്ച് ഇരു വിഭാഗവും ഏറ്റുമുട്ടലുണ്ടായി. അതിലായിരുന്നു ഇസ്‌ലാമിലെ ആദ്യത്തെ അമ്പ് എന്നറിയപ്പെട്ട അമ്പ് സഅ്ദ്ബിന്‍ അബീ വഖാസ് തൊടുത്തത്. ഇത് അവര്‍ അബവായില്‍ നിന്ന് മടങ്ങി വന്നതിന് ശേഷമായിരുന്നു.

3) സൈഫുല്‍ ബഹര്‍ സേന
ഇബ്‌നു ഇസ്ഹാഖ് പറയുന്നു :  അബവാഇില്‍ നിന്ന് മടങ്ങി വന്ന ശേഷം പ്രവാചകന്‍ ഹംസത് ബിന്‍ അബ്ദുല്‍ മുത്വലിബിന്റെ നേതൃത്വത്തില്‍ ഒരു സൈനിക സംഘത്തെ സൈഫുല്‍ ബഹ്‌റിലേക്ക് അയച്ചു. അദ്ദേഹത്തോടൊപ്പം മുഹാജിറുകളായ മുപ്പത് ആളുകളുണ്ടായിരുന്നു. അവര്‍ സൈഫില്‍ ബഹര്‍ എന്ന സ്ഥലത്ത് വെച്ച് 300 പടയാളികളുള്ള അബൂസുഫ്‌യാനുമായി സന്ധിച്ചു. ഇരു വിഭാഗവുമായി സന്ധിയിലേര്‍പ്പെട്ടിരുന്ന ജുഹ്നി ഗോത്രക്കാരനായ മജ്ദി ബിന്‍ അംറ് ഇടപെട്ട് അവര്‍ക്കിടയിലെ യുദ്ധം ഒഴിവാക്കി. അതിനെ തുടര്‍ന്ന് യുദ്ധം ചെയ്യാതെ അവര്‍ പിരിഞ്ഞു പോയി.

4) ബവാത് യുദ്ധം
ഹിജ്‌റ രണ്ടാം വര്‍ഷം റബീഉല്‍ അവ്വലില്‍ നടന്ന സൈനിക നീക്കമാണ് ബവാത്. ഉമയ്യത് ബിന്‍ ഖലഫിന്റെ നേതൃത്വത്തലുള്ള ഒരു കച്ചവട സംഘത്തെ നേരിടാനായിരുന്നു പ്രവാചകന്‍ സൈന്യത്തെ തയ്യാറാക്കിയത്. ഇതില്‍ ശത്രു പക്ഷത്ത് 2500 ഒട്ടകങ്ങളും 100 ആളുകളുമുണ്ടായിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ നടക്കാതെ പ്രവാചകന്‍ മദീനയിലേക്ക് തിരിച്ച് പോന്നു.

5) ഉശൈറ സൈനിക നീക്കം
മദീനയില്‍  അബൂസലമയെ തനിക്ക് പകരക്കാരനായി നിശ്ചയിച്ച് പ്രവാചകന്‍ യുദ്ധത്തിനായി പുറപ്പെട്ടു. ഇത് ഉശൈറാ സൈനിക നീക്കമെന്നാണ് അറിയപ്പെടുന്നത്. അങ്ങനെ അവര്‍ ബനൂമുദ്‌ലജ് ഗോത്രവുമായും അവരുടെ സഖ്യകക്ഷിയായിരുന്ന ബനൂളംറ ഗോത്രവുമായും കരാറുണ്ടാക്കി. പക്ഷെ ഈ യുദ്ധത്തിലും ശത്രുക്കളെ കാണാതെ പ്രവാചകന്‍ മദീനയിലേക്ക് മടങ്ങുകയാണുണ്ടായത്. പ്രവാചകന്‍ അവിടെ എത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തന്നെ  കച്ചവട സംഘം കടന്ന് പോയതിനാല്‍ ഏറ്റുമുട്ടല്‍ നടന്നില്ല. അവര്‍ ഒരു കടല്‍ തീരത്ത് താവളമടിച്ചപ്പോള്‍ ഖുറൈശികള്‍ ആ വാര്‍ത്ത ലഭിച്ചു. അങ്ങനെ അവര്‍ പ്രവാചകനുമായി ഏറ്റുമുട്ടാനായി പുറപ്പെട്ടു അതാണ് ബദ്ര്‍ യുദ്ധം എന്ന പേരിലറിയപ്പെടുന്നത്.

6) ഒന്നാം ബദ്ര്‍
കറസ് ബിന്‍ ജാബിര്‍ അല്‍ ഫഹ്‌രിയാണ് ഈ യുദ്ധത്തിന്റെ കാരണക്കാരന്‍. അദ്ദേഹം മദീനക്കാരുടെ ആടുമാടുകളെയും ഒട്ടകങ്ങളെയും കൊള്ളയടിച്ചു. പ്രവാചകന്‍ ഫിഹ്‌രിയെ അന്വേഷിച്ച് പുറപ്പെട്ടു. അദ്ദേഹം ബദ്‌റിന്റെ സമീപത്തുള്ള സഫ്‌വാന്‍ താഴ്‌വര വരെ എത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. അദ്ദേഹം മദീനയിലേക്ക് തന്നെ മടങ്ങി.

7) നഖ്‌ല യുദ്ധം
ഖുറൈശികളുടെ വിവരം അറിഞ്ഞ് വരുവാനായി അബ്ദുല്ലാഹ് ബിന്‍ ജഹ്ശിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ പ്രവാചകന്‍ മക്കയുടെ തെക്ക് ഭാഗത്തുള്ള നഖ്‌ലയിലേക്ക് നിയോഗിച്ചു. റജബ് മാസത്തിന്റെ അവസാനത്തിലായിരുന്നു ഇത്. എന്നാല്‍ അവര്‍ ഖുറൈശി കച്ചവട സംഘത്തെ കീഴ്‌പ്പെടുത്തി അവരുടെ നേതാവ് അംറ് ബിന്‍ ഖദ്‌റമിയെ വധിച്ചു. അവരിലെ ഉഥ്മാന്‍ ബിന്‍ അബ്ദുല്ല, ഹകംബിന്‍ കൈസാന്‍ എന്നിവരെ ബന്ധിയാക്കിപ്പിടിച്ച് മദീനയില്‍ കൊണ്ട് വന്നു. ‘ജനം ചോദിക്കുന്നു, വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗൗരവമേറിയ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്നു ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൗരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്‌ന. കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും. (എന്നാല്‍ ഓര്‍ത്തുകൊള്ളുക!) നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തില്‍ നിത്യവാസികളുമത്രെ.’ (അല്‍ബഖറ :217)
എന്ന ഖുര്‍ആന്‍ സൂക്തം അവതരിക്കുന്നത് വരെ പ്രവാചകന്‍ അവര്‍ക്കിടയില്‍ യുദ്ധാനന്തര മുതല്‍ വിതരണം ചെയ്തില്ല. ഖുര്‍ആന്‍ ഇറങ്ങിയപ്പോള്‍ പ്രവാചകന്‍(സ) തടവുകാരെയും ചരക്കുകളും പിടിച്ച് വെച്ചു. ഉഥ്മാന്‍ ബിന്‍ അബ്ദുല്ലയും ഹകംബിന്‍ കൈസാനും മുസ്‌ലിംകള്‍ക്ക് കിട്ടിയ  ആദ്യബന്ധികളും, ഈയുദ്ധത്തില്‍ കിട്ടിയ ഖനീമത് ഇസ്‌ലാമിലെ ആദ്യത്തെ ഖനീമത്തുമായിരുന്നു.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Related Articles