Current Date

Search
Close this search box.
Search
Close this search box.

പ്രവാചകന്റെ മിമ്പറും ജീവിത ചക്രവാളങ്ങളും

മിമ്പറുകളെ രാഷ്ട്രീയവല്‍കരിക്കുകയും നിത്യജീവിതത്തിലെ സംഭവങ്ങള്‍ക്കത് വേദിയാകുകയും ചെയ്യുന്നു എന്നത് ഇക്കാലത്തെ സെക്യുലറിസ്റ്റുകളും ലിബറലിസ്റ്റുകളും ഇസ്‌ലാമിനെതിരെ ഉന്നയിക്കുന്ന ആരോപണമാണ്. ഇസ്‌ലാമിനെ അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വേര്‍പ്പെടുത്താനുള്ള ശ്രമമാണവര്‍ നടത്തികൊണ്ടിരിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും മതം പിന്‍വാങ്ങണമെന്നും അത് പള്ളികളില്‍ ഒതുങ്ങണമെന്നുമാണ് അവര്‍ ശക്തമായി വാദിക്കുന്നത്. അടിമയും തന്റെ നാഥനും തമ്മിലുള്ള ആരാധനാ കാര്യങ്ങള്‍ മാത്രമായിട്ടാണവരതിനെ കാണുന്നത്. ‘മതം ദൈവത്തിനും രാജ്യം എല്ലാവര്‍ക്കും’ എന്നതാണ് അവരുടെ പ്രസിദ്ധമായ മുദ്രാവാക്യം.
സമൂഹവും സമുദായവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെയും മിമ്പറുകള്‍ കൈകാര്യം ചെയ്തിരുന്ന പ്രവാചകന്‍ (സ)യുടെ കാലത്തും ഇത്തരത്തിലുള്ള എല്ലാ അക്രമങ്ങളും അതിന് നേരെ ഉണ്ടായിട്ടുണ്ട്. ജീവിക്കുന്ന കാലഘട്ടത്തിലുണ്ടായിരുന്ന മുസ്‌ലിംകളുടെ എല്ലാ പ്രശ്‌നങ്ങളും അവിടെ വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
ഇസ്‌ലാമിക സമൂഹത്തിന്റെ ചിന്താപരവും നാഗരികവുമായ വെളിച്ചം വീശിയിരുന്ന സ്രോതസ്സുകള്‍ മിമ്പറുകള്‍ ആയിരുന്നു, അതിന്നും തുടര്‍ന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. അതില്‍ നിന്നായിരുന്നു സംസ്‌കരണവും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും വന്നിരുന്നത്. പ്രവാചകന്റെ ശാശ്വതമായ നിലപാടുകള്‍ വിശദീകരിക്കുന്ന ഹദീസ് ഗ്രന്ഥങ്ങള്‍ നബി തിരുമേനിയുടെ മിമ്പറില്‍ നിന്നായിരുന്നു ഉല്‍ഭവിച്ചിരുന്നത്. സമുദായത്തെ നേര്‍മാര്‍ഗത്തില്‍ നയിക്കുന്ന വിളക്ക് മാടങ്ങള്‍ പോലെ ക്രിയാത്മകമായ പങ്ക് വഹിച്ചിരുന്നു മിമ്പറുകള്‍ എന്ന് തെളിയിക്കുന്ന അത്തരം നിലപാടുകളില്‍ ചിലതാണ് ഇവിടെ വരച്ച് കാട്ടുന്നത്.
അനസ് ബിന്‍ മാലിക് (റ) പറയുന്നു : പ്രവാചകന്‍(സ) ഖുതുബ പറഞ്ഞുകൊണ്ടിരിക്കെ ഞാന്‍ മിമ്പറിനരികില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ പള്ളിയിലുണ്ടായിരുന്ന ചില ആളുകള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ, മഴ നിലച്ചിരിക്കുന്നു, കാലികള്‍ ചത്തൊടുങ്ങി കൊണ്ടിരിക്കുന്നു, അതുകൊണ്ട് മഴ വര്‍ഷിക്കുന്നതിനായി താങ്കള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കണം. അപ്പോള്‍ നബി(സ) തന്റെ ഇരുകൈകളും ഉയര്‍ത്തി. ആകാശത്ത് ഞങ്ങള്‍ ഒരു മേഘവും കണ്ടിരുന്നില്ല, അപ്പോള്‍ അല്ലാഹു മേഘങ്ങളെ ഒരുമിച്ചു ചേര്‍ത്തു. അടുത്ത വെള്ളിയാഴ്ച വരെ ഏഴു ദിവസം നിലക്കാതെ മഴ പെയ്തു. നബി(സ) ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കെ ചില ആളുകള്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, വീടുകള്‍ തകര്‍ന്നു, വഴികള്‍ അടഞ്ഞു മഴ അവസാനിക്കുന്നതിനായി അങ്ങ് അല്ലാഹുവോട് പ്രാര്‍ത്ഥിക്കണം. അപ്പോള്‍ പ്രവാചകന്‍ (സ) കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു. അങ്ങനെ കാര്‍മേഘങ്ങള്‍ ഞങ്ങളില്‍ നിന്നും നീങ്ങി പോയി.
ത്വാരിഖ് ബിന്‍ അബ്ദുല്ല അല്‍-മഹാരിബി ഉദ്ധരിക്കുന്നു: നബി(സ) മിമ്പറില്‍ നിന്ന് ഖുതുബ നിര്‍വഹിച്ച് കൊണ്ടിരിക്കെ ഞങ്ങള്‍ മദീനയില്‍ പ്രവേശിച്ചു. അദ്ദേഹം പറഞ്ഞു: ‘അല്ലയോ ജനങ്ങളേ, നല്‍കുന്നവന്റെ കൈ ഉയര്‍ന്നാണ്, നിങ്ങളുടെ ആശ്രിതരില്‍ നിന്ന് തുടങ്ങുക, നിന്റെ മാതാവും പിതാവും, സഹോദരനും സഹോദരിയും, പിന്നെ അതിന് താഴെ വരുന്നവരും.’ അപ്പോള്‍ അന്‍സാരികളില്‍ പെട്ട ഒരാള്‍ എഴുന്നേറ്റ് നിന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ജാഹിലിയാ കാലത്ത് ഞങ്ങളില്‍ കൊന്ന ബനൂ സഅ്‌ലബത് ബിന്‍ യര്‍ബൂഅ്കാരായ ഇവരില്‍ ഞങ്ങള്‍ക്ക് പ്രതിക്രിയ ചെയ്യണം. അപ്പോള്‍ പ്രവാചകന്‍ (സ) തന്റെ കൈ കക്ഷത്തിലെ വെളുപ്പ് കാണുന്നടത്തോളം ഉയര്‍ത്തി പറഞ്ഞു: മകന്റെ പേരില്‍ മാതാവിനെ ശിക്ഷിക്കുകയില്ല എന്ന് മൂന്ന് തവണ പറഞ്ഞു.
ഇബ്‌നു അബ്ബാസ്(റ) നിന്ന് ഉദ്ധരിക്കുന്നു: ആഇശ(റ)  ഒരു അന്‍സാരികളില്‍ നിന്നും ബരീറ എന്ന അടിമസ്ത്രീയെ മോചിപ്പിക്കുന്നതിനായി വാങ്ങി. അവളുടെ കൈകാര്യകര്‍തൃത്വം അവര്‍ക്ക് തന്നെയായിരിക്കുമെന്ന് നിബന്ധന അവര്‍ വെക്കുകയും ആഇശ(റ) അതംഗീകരിക്കുകയും ചെയ്തു. നബി(സ) വന്നപ്പോള്‍ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘കൈകാര്യകര്‍തൃത്വം മോചിപ്പിച്ചയാള്‍ക്കാണ്.’ പിന്നെ മിമ്പറില്‍ കയറി പറഞ്ഞു: ‘അല്ലാഹുവിന്റെ ഗ്രന്ഥത്തിലില്ലാത്ത നിബന്ധനകള്‍ വെക്കുന്ന ആളുകളുടെ അവസ്ഥ എന്താണ്.’
ഈസ ബിന്‍ അബീസബ്‌റ പറയുന്നു: നബി(സ) നമസ്‌കാരം ഒന്നുമില്ലാത്ത സമയത്ത് പള്ളിയിലേക്ക് പുറപ്പെട്ടു. എന്നിട്ട് നിശബ്ദനായി മിമ്പറില്‍ ഇരുന്നു. ജനങ്ങള്‍ പരസ്പരം വിവരമറിയിച്ച് ധാരാളം ആളുകള്‍ അവിടെ ഒരുമിച്ചുകൂടി. അപ്പോള്‍ നബി(സ) എഴുന്നേറ്റ് അല്ലാഹുവെ സ്തുതിക്കുകയും പ്രകീര്‍ത്തികുകയും ചെയ്ത ശേഷം പറഞ്ഞു: ‘വുദുവോട് കൂടിയല്ലാതെ നമസ്‌കാരമില്ല, അല്ലാഹുവിന്റെ നാമം ഉച്ചരിക്കാത്തവന് വുദുവും ഇല്ല, എന്നില്‍ വിശ്വസിക്കാത്തവന്‍ അല്ലാഹുവിലും വിശ്വസിക്കുന്നില്ല, അന്‍സാരികളുടെ അവകാശങ്ങള്‍ അറിയാത്തവന്‍ എന്നിലും വിശ്വസിക്കുന്നില്ല.’
ഇപ്രകാരമായിരുന്നു പ്രവാചകന്‍(സ)യുടെ കാലത്ത് മിമ്പറുകള്‍ അവയുടെ ദൗത്യം നിര്‍വഹിച്ചിരുന്നത്. അദ്ദേഹത്തിന് ശേഷം ഖലീഫമാരും സഹാബികളുമെല്ലാം ഇതേ മാതൃക പിന്തുടര്‍ന്നവരായിരുന്നു. ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു അവരെല്ലാം മിമ്പറുകളില്‍ കൈകാര്യം ചെയ്തിരുന്നത്. ആളുകളെ ഉപദേശിക്കാനുള്ള കേവലം പ്രസംഗപീഠം മാത്രമായി അത് പരിമിതപ്പെട്ടിരുന്നില്ല. മറിച്ച് ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അത് കൈകാര്യം ചെയ്തു. അത് വ്യക്തമാക്കുന്ന അനേകം സംഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
ഇസ്‌ലാം ഒരു ജീവിത പദ്ധതിയാണ്. ഏത് കാലത്തും സ്ഥലത്തും ഈ സമുദായത്തെ ഉന്നതമാക്കുന്നതിനുള്ള നാഗരിക പദ്ധതിയാണ് അതിലുള്ളത്. അതിനെ സുന്ദരവും ആകര്‍ഷകവുമായ ദൈവിക ശരീഅത്തിനെ കേവലം ഉപദേശങ്ങളിലും അടിമയും നാഥനും തമ്മിലുള്ള ബന്ധത്തിലും പരിമിതപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. മനുഷ്യരുടെ ഇഹപര വിജയം അല്ലാഹു അതിലാണ് ഒരുക്കിയിരിക്കുന്നത്, അതിനെക്കാള്‍ ഉത്തമമായ മറ്റൊന്നില്ല. ‘അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായി ആരുടെ വര്‍ണമുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്.’ (അല്‍-ബഖറ: 138)

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Related Articles