Current Date

Search
Close this search box.
Search
Close this search box.

പോരാട്ടത്തിന്റെ ഖസ്സാമിയന്‍ മാതൃക

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫലസ്തീനിന്റെ മോചനത്തിനായി ശൈഖ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം അര്‍പ്പിച്ച വിയര്‍പ്പും രക്തസാക്ഷ്യവും വിമോചനത്തിന്റെ വഴി സന്ധിയില്ലാ സമരമാണ് എന്ന് നമ്മെ പഠിപ്പിക്കുകയായിരുന്നു. സിറിയയില്‍ ജനിച്ച ശൈഖ് അവിടത്തെ ഫ്രഞ്ച് അധിനിവേശത്തിനെതിരെയും ലിബിയയിലെ തൈ്വലാന്‍ പ്രദേശത്തെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും, ഏറ്റവുമൊടുവില്‍ ഫലസ്തീനിന്റെ സ്വാതന്ത്ര്യത്തിനായി സയണിസ്റ്റുകളോട് പടപൊരുതിയതിലും ദൈവമാര്‍ഗത്തിലെ പോരാളികള്‍ക്ക് മികച്ച മാതൃകയും ഗുണപാഠവുമുണ്ട്. ദീനീ വിഷയങ്ങളില്‍ അവഗാഹമുള്ള പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണവും ധിഷണാപാടവവുമായിരുന്നു ഒരു സംഘം പോരാളികളെ തനിക്ക് പിന്നില്‍ അണിനിരത്താന്‍ അദ്ദേഹത്തെ സഹായിച്ചത്.

ജനനം വളര്‍ച്ച ജീവിതം
1882-ല്‍ സിറിയയിലെ അദ്ഹമിയ്യ ഗ്രാമത്തിലാണ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ജനിച്ചത്. അസ്ഹറിലെ പണ്ഡിത പ്രമുഖരിലൊരാളായ അബ്ദുല്‍ ഖാദിര്‍ മുസ്തഫ അല്‍ ഖസ്സാമാണ് പിതാവ്. മതനിഷ്ടയുള്ള കുടുംബത്തില്‍ വളര്‍ന്ന ഹലീമയായിരുന്നു മാതാവ്. ഗ്രാമത്തിലെ ഇമാം ഗസ്സാലി സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും ഫിഖ്ഹും ഖുര്‍ആനും പഠിക്കുകയും ചെയ്തു. 1896-ല്‍ ദീനീ വിഷയങ്ങളില്‍ അവഗാഹം നേടാനായി അല്‍അസ്ഹറിലെത്തി. പഠനത്തിന് ശേഷം 1906-ല്‍ സിറിയയിലേക്ക് മടങ്ങുകയും അധ്യാപനത്തില്‍ മുഴുകുകയും ചെയ്തു. ഗ്രാമത്തിലെ മന്‍സൂരി മസ്ജിദില്‍ ഖതീബായും സേവനമനുഷ്ഠിച്ചു.
1911-ല്‍ ലിബിയയില്‍ യുദ്ധം പൊട്ടിപുറപ്പെടുകയും ഇറ്റലിക്കാര്‍ മുസ്‌ലിം പ്രദേശത്തെ അധിനിവേശം നടത്താന്‍ തീരുമാനിക്കുകയും ചെയ്തപ്പോള്‍ മുസ്‌ലിം രാഷ്ട്രത്തിനു വേണ്ടി പ്രതിരോധിക്കല്‍ വിശ്വാസികളുടെ മതപരമായ ബാധ്യതയാണെന്ന് ശൈഖ് മനസ്സിലാക്കി. പ്രത്യേകിച്ച് മതപണ്ഡിതന്മാരാണ് അതിന് നേതൃത്വം നല്‍കേണ്ടതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സിറിയയിലെ 250 സന്നദ്ധ ഭടന്മാരെ ഒരുമിച്ചുകൂട്ടി ഇറ്റലിക്കെതിരെ ജിഹാദിനായി അലക്‌സാണ്ട്രിയ വഴി ലിബിയയിലേക്ക് പുറപ്പെടാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ സിറിയന്‍ ഭരണകൂടം അദ്ദേഹത്തെയും പോരാളികളെയും തടയുകയുണ്ടായി.

1919-ല്‍ ഫ്രാന്‍സ് അധിനിവേശത്തിനെതിരായി സിറിയയില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, നേതൃത്വത്തിലും നായകപദവിയിലും ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ഉണ്ടായിരുന്നു. ഫലസ്തീന്‍ ഭൂമി അധിനിവേശം ചെയ്യാന്‍ വന്ന സയണിസ്റ്റുകളുമായുള്ള ആദ്യപോരാട്ടം ആരംഭിച്ചപ്പോള്‍ ഇസ്‌ലാമിക ലോകത്തെ കീഴടക്കാനുള്ള കുരിശ്- സയണിസ്റ്റ് ഗൂഢാലോചനയുടെ അപകടങ്ങളെ ശൈഖ് ഇസ്സുദ്ദീന്‍ തിരിച്ചറിഞ്ഞിരുന്നു. ഫലസ്തീന്റെ മോചനത്തിനായുള്ള ജിഹാദാണ് മറ്റെല്ലാ പ്രതിരോധങ്ങളേക്കാളും അനിവാര്യമെന്ന് ശൈഖ് മനസ്സിലാക്കി. ഫലസ്തീന്‍ പ്രശ്‌നം ഇസ്‌ലാമിക സമൂഹത്തിന്റെ സുപ്രധാന വിഷയാമായതിനാല്‍ തന്നെ 1920-ല്‍ സിറിയയിലെ യുവപോരാളികളെ ഒരുമിച്ച് കൂട്ടി അദ്ദേഹം ഫലസ്തീനിലേക്ക് പുറപ്പെട്ടു. ഹൈഫ പട്ടണത്തെ തന്റെ പ്രവര്‍ത്തനകേന്ദ്രമായി അദ്ദേഹം തെരഞ്ഞെടുത്തു. ഭൂരിപക്ഷം വരുന്ന ഫലസതീനികളില്‍ സമരവീര്യവും ജിഹാദീ സ്പിരിറ്റും പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹം ശ്രദ്ധപതിപ്പിച്ചു. ഫലസ്തീനിലേക്കുള്ള ജൂതന്മാരുടെ പലായനത്തില്‍ പതിയിരിക്കുന്ന അപകടത്തെ കുറിച്ച് അദ്ദേഹം അവരെ ഉണര്‍ത്തുകയുണ്ടായി. പള്ളികളിലും മറ്റു മതപ്രഭാഷണ വേദികളിലെല്ലാം അദ്ദേഹം പ്രസ്തുത വിഷയം ഉണര്‍ത്തിക്കൊണ്ടേയിരുന്നു.

നിരക്ഷരത ഉന്മൂലനം ചെയ്യാന്‍ വേണ്ടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിര്‍മിച്ചതുപോലെ തന്നെ ഫലസ്തീന്‍ യുവാക്കള്‍ക്കായി സംഘടനയും അദ്ദേഹം രൂപീകരിച്ചു. പഠനവും പോരാട്ടവും ഉള്‍ച്ചേര്‍ന്ന ശിക്ഷണത്തിനായിരുന്നു അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നത്. പിന്നീട് ശൈഖ് ഇസ്സുദ്ദീന്‍ സായുധ സൈന്യത്തിന് രൂപംനല്‍കി. അതിനാവശ്യമായ ഉപകരണങ്ങള്‍ കര്‍ഷകര്‍, വ്യവസായ പ്രമുഖര്‍,  നിര്‍മാതാക്കള്‍ എന്നിവരില്‍ നിന്നും ശേഖരിച്ചു. സയണിസ്റ്റു കുടിയേറ്റങ്ങള്‍ക്കും ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും നിരവധി കമാന്റോ ഓപ്പറേഷനുകള്‍ക്ക് സായുധസേന നേതൃത്വം നല്‍കി. 1935 നവംബര്‍ 20-ന് ബ്രിട്ടീഷ് സൈന്യത്തിനെതിരെയുള്ള ഓപ്പറേഷനുകള്‍ക്കിടയില്‍ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം തന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ക്കൊപ്പം രക്തസാക്ഷ്യം വരിക്കുകയുണ്ടായി. എന്നാല്‍ അദ്ദേഹത്തിന്റെ രക്തസാക്ഷ്യവും പോരാട്ട വീര്യവും 1936-ല്‍ നടന്ന മഹത്തായ ഫലസതീന്‍ വിപ്ലവത്തിന് വലിയ ഇന്ധനമായിത്തീരുകയുണ്ടായി. ശൈഖിന്റെ രക്തസാക്ഷ്യത്തിനു ശേഷവും അദ്ദേഹം നേതൃത്വം നല്‍കിയ സായുധസേന ബ്രിട്ടീഷ് അധിനിവേശത്തിനും സയണിസ്റ്റ് കുടിയേറ്റത്തിനുമെതിരെ നിരവധി ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കി.

പോരാട്ടം തന്നെ യഥാര്‍ഥ പരിഹാരം
അധിനിവേശ വിരുദ്ധ പോരാട്ടത്തിനായി മാര്‍ക്‌സിസത്തിന്റെയും ദേശീയതയുടെയും സാമുദായികയുടെതുമായ വ്യത്യസ്ത കാഴ്ചപ്പാടുകളും പ്രവര്‍ത്തന പദ്ധതികളും രംഗത്തുവന്നെങ്കിലും ഭൂരിപക്ഷത്തെ സ്വാധീനിക്കുന്നതില്‍ ഇവയെല്ലാം പരാജയപ്പെടുകയാണുണ്ടായത്. ഇവയെല്ലാം ഫലസ്തീന്‍ പ്രശ്‌നത്തെ കൂടുതല്‍ വഷളമായ അവസ്ഥയിലാണ് എത്തിച്ചത്. എന്നാല്‍ ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നിന്നും ഭൂരിപക്ഷത്തെ ചലിപ്പിക്കാന്‍ വേണ്ടി ശൈഖ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ആവിഷ്‌കരിച്ച പാതയായിരുന്നു ഫലസതീന്‍ വിമോചനത്തിനുള്ള ശരിയായ ദിശ എന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ മാനങ്ങളുള്ള നൂറ്റാണ്ടുകളോളം നീണ്ടുകിടക്കുന്ന നാഗരികവും സാംസ്‌കാരികവുമായ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് ഇത്.

ജൂതസയണിസ്റ്റുകള്‍ കോളനിശക്തികളുമായി ചേര്‍ന്ന് ഇസ്‌ലാമിക സമൂഹത്തിനെതിരെ നടത്തിയ ഗൂഢാലോചനകളുടെ തുടക്കമാണ് ഫലസ്തീന്‍ അധിനിവേശമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. നാഗരികമായ ഈ വെല്ലുവിളിയെ അഭിമുഖീകരിക്കാനുള്ള യഥാര്‍ഥ മാര്‍ഗം ഇസ്‌ലാമിക ജിഹാദാണെന്ന് അദ്ദേഹം മനസ്സിലാക്കി. പോരാട്ടത്തിന് അനുഗുണമായ കേഡറുകളെ അദ്ദേഹം രൂപപ്പെടുത്തി. കൊട്ടാരങ്ങളിലും ആരാധനാമുറികളിലുമിരുന്ന് ഫത്‌വ കൊടുക്കുകയായിരുന്നില്ല, മറിച്ച് ജനങ്ങള്‍ക്കിടയില്‍ ഉദ്‌ബോധനങ്ങളും സംഘാടനവുമായി ജീവിച്ച് പ്രതിരോധ സേനയെ രൂപപ്പെടുത്തുകയായിരുന്നു.

ഫലസ്തീനിലെ മുഫ്തിയോട് സായുധ പോരാട്ടത്തിന് രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്യുന്ന ഫത്‌വ പുറപ്പെടുവിക്കാന്‍ അക്കാലത്ത് ശൈഖ് ഇസ്സുദ്ദീനുല്‍ ഖസ്സാം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹമത് നിരസിക്കുകയുണ്ടായി. പക്ഷെ വടക്കുഭാഗത്തെ വിപ്ലവാഹ്വാനം പരാജയത്തില്‍ കലാശിക്കുമെന്നുറപ്പായിട്ടും അദ്ദേഹം തന്റെ പോരാട്ട പാതയിലുറച്ച് നിന്ന്് രക്തസാക്ഷ്യം വരിക്കുകയുണ്ടായി. എന്നാല്‍ ഫലസ്തീന്‍ വിമോചനപ്പോരാട്ടത്തിന് സര്‍വകാലത്തേക്കുമുള്ള ഇന്ധനമായി ആ രക്തസാക്ഷ്യം തലമുറകളെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു. ആറ് പതിറ്റാണ്ടുകള്‍ക്കു ശേഷവും ഇസ്സുദ്ദീനുല്‍ ഖസ്സാമിന്റെ ബ്രിഗേഡിയന്‍സ് ഇസ്രായേലിന് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായി നാം കാണുന്നു. ഫലസ്തീന്‍ വിമോചനമാര്‍ഗത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നുകൊണ്ട് ഇസ്സുദ്ദീനുല്‍ ഖസ്സാം ഇന്നും ജീവിച്ചുകൊണ്ടേയിരിക്കുന്നു.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്

Related Articles