Current Date

Search
Close this search box.
Search
Close this search box.

പച്ചക്കൊടിയും, ചന്ദ്രക്കലയും പിന്നെ കുരിശും

ഇന്ന് ക്രിസ്തുമതത്തിന്റെയും ഇസ്‌ലാമിന്റേയും ജൂതമതത്തിന്റേയും പ്രതീകങ്ങളായി ഗണിക്കപ്പെപ്പടുന്ന കുരിശും ചന്ദ്രക്കലയും ദാവീദിന്റ നക്ഷത്രവുമൊക്കെ മത ചിഹ്നങ്ങളും ചൂഷണോപാധിയുമൊക്കെയായി മാറുന്നത് ആ ദൈവദൂതന്മാരുടെ കാലഘട്ടം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. ക്രിസ്തുവിന് മുമ്പ് തന്നെ ഈജിപ്തിലും ആഫ്രിക്കന്‍ ഗോത്രങ്ങളിലും കുരിശിനെ ആരാധിച്ചിരുന്ന ചില പ്രാകൃതസമൂഹങ്ങള്‍ ഉണ്ടായിരുന്നു. കുരിശിനെ ഒരു പവിത്രതയുടെ പ്രതീകവും മതചിഹ്നവുമൊക്കെയാക്കി വിശുദ്ധപൗലോസ് അവതരിപ്പിച്ചെങ്കിലും സാധാരണക്കാരായ കൃസ്ത്യാനികള്‍ക്കിടയില്‍ കുരിശിന്റെ പ്രതിരൂപം സാര്‍വത്രികമാകുന്നത് കൃസ്തുവിന്റെ കാലം കഴിഞ്ഞ് 200 വര്‍ഷം കഴിഞ്ഞാണ്. കുരിശും ക്രൂശിക്കലുമൊക്കെ നേരിട്ട്കണ്ട് പരിചയമുള്ള സാധാരണക്കാര്‍ക്ക് കുരിശിനോടുള്ള ഭയവും, വെറുപ്പും ദ്രവ്യങ്ങളുടെ (വിഭവങ്ങളുടെ) ദൗര്‍ലഭ്യവും, കഴിഞ്ഞനൂറ്റാണ്ടുവരെ സാധാരണക്കാര്‍ അനുഭവിച്ചുകൊണ്ടിരുന്ന ദാരിദ്ര്യവുമായിരുന്നു അതിനൊക്കെ കാരണം. ക്രിസ്താബ്ധം മൂന്നാം നൂറ്റാണ്ടില്‍ തന്നെ കുരിശിനും കുരിശുപൂജക്കുമെതിരെ ചില കൃസ്ത്യന്‍ വൈദികരും പണ്ഡിതന്മാരും  ശബ്ദമുയര്‍ത്തിയെങ്കിലും ശക്തരും ചൂഷകരുമായ പുരോഹിതന്മാരും രാജാക്കന്മാരും ആ നീക്കത്തെ ക്രൂരമായി അടിച്ചമര്‍ത്തി. കൃസ്തുവിന്റെ രൂപവും കുരിശും ചേര്‍ത്തുകൊണ്ടുള്ള ചിത്രങ്ങളും പ്രതിരൂപങ്ങളും പ്രചാരത്തിലാകുന്നത് കൃസ്തുവിന്റെ മരണം കഴിഞ്ഞ് നാനൂറ് വര്‍ഷങ്ങള്‍ക്കുശേഷമാണ്. (എഡി.450-460), അന്നുവരെ കുരിശില്‍ കൃസ്തുവിവിന്റെ രൂപം ആലേഖനം ചെയ്തിരുന്നില്ല. എട്ടാം നൂറ്റാണ്ടില്‍ എല്ലാമതങ്ങളേയും  മതഗ്രൂപ്പുകളേയും, പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അബ്ബാസീ രാജാക്കന്മാര്‍ ക്രിസ്ത്യന്‍ പൗരോഹിത്യത്തേയും നന്നായി പ്രോത്സാഹിപ്പിച്ചു.

ചന്ദ്രക്കലയും,  786 ഉം,  ദാവീദിന്റെ നക്ഷത്രവും, പച്ച നിറമുള്ള കൊടിയടയാളവുമൊക്കെ വന്നു തുടങ്ങിയത് പ്രവാചകന്റെ മരണംകഴിഞ്ഞ് ഏഴ് നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ്. പ്രവാചകന്‍ തന്റെ യാത്രകളും സൈനിക നീക്കങ്ങളും മറ്റും നടത്തുമ്പോള്‍ ഉപയോഗിച്ചിരുന്നത് യാതൊരു ചിത്രങ്ങളുമില്ലാത്ത ലളിതമായ രണ്ട് കൊടികളായിരുന്നു (വെളുത്ത കൊടിയും കറുത്ത കൊടിയും) മദീന ആസ്ഥാനമായി നബിയുടെയും നാലു ഖലീഫമാരുടേയും നാല്‍പത് വര്‍ഷം നീണ്ടുനിന്ന ഇസ്‌ലാമിക ഭരണത്തിനുശേഷം സിറിയ ആസ്ഥാനമായി തൊണ്ണൂറ്റി രണ്ട് വര്‍ഷത്തെ അമവീ ഭരണവും കഴിഞ്ഞ്, പിന്നീട് അമവികളെ പരാജയപ്പെടുത്തിയ അബ്ബാസിരാജാക്കന്മാരുടെ അഞ്ഞൂറ് വര്‍ഷത്തെ ഭരണവും അവസാനിച്ചശേഷം കോണ്‍സ്റ്റാന്റിനേപ്പിള്‍ ആസ്ഥാനമാക്കി തുര്‍ക്കികളുടെ ഭരണം വന്നു. ഉസ്മാനിയാഭരണകൂടം സ്ഥാപിച്ച സുല്‍ത്താന്‍ ഉസ്മാന്‍ ഒന്നാമന്‍ (1453) ഒരു സ്വപ്നത്തില്‍ ആകാശത്ത് ഒരു ചന്ദ്രക്കല ഉദിച്ചതായും അത് ഭൂമിയുടെ ഒരറ്റത്തുനിന്ന് മറ്റേഅറ്റം വരെ വ്യാപിച്ചുനില്‍ക്കുന്നതായും കണ്ടു. അത് ഒരു ശുഭലക്ഷണമായിക്കരുതി ആ ചന്ദ്രക്കല പച്ചക്കൊടിയുടെ ഒരു ഭാഗമാക്കുകയുമാണുണ്ടായത്. അന്നുമുതല്‍ ചന്ദ്രക്കല സമുദായത്തിന്റെ ഇഷ്ടചിഹ്നമായി. തുടര്‍ന്ന് ആറുകോണുകളുള്ള ജൂതമതക്കാരുടെ ചിഹ്നമായ ദാവീദിന്റെ നക്ഷത്രചിഹ്നത്തില്‍നിന്ന് ഒരു കോണ്‍ മാറ്റി ഇസ്‌ലാമിലെ അടിസ്ഥാനവിശ്വാസമായ ‘അഞ്ച് ഇസ്‌ലാംകാര്യങ്ങളുടെ’ പ്രതീകമായി സങ്കല്‍പിച്ച് ചില രാജാക്കന്മാരും ഭരണാധികാരികളും ആ നക്ഷത്രത്തെയും പച്ചക്കൊടിയുടെ ഭാഗമാക്കി.

പ്രാചിനകാലത്ത് ജൂതക്രൈസ്തവ മാന്ത്രികവിദ്യാ ഗ്രന്ഥങ്ങളില്‍ ഹീബ്രൂ ഭാഷയിലെ ഓരോ അക്ഷരങ്ങള്‍ക്കും സംഖ്യാമൂല്യം നിര്‍ണയിച്ചിരുന്നു. അബ്ബാസിയാ ഭരണകാലത്ത് ഈ ഗ്രന്ഥങ്ങള്‍ പരിഭാഷപ്പെടുത്തിയപ്പോള്‍ ഈ രീതി അറബിഭാഷയെ സ്വാധീനിക്കുകയും ‘ബിസ്മി’ക്ക് പകരമായി ആ വാക്കിന്റെ സംഖ്യാമൂല്യമെന്ന് വിശ്വസിച്ച് ‘786’ എഴുതുന്ന സമ്പ്രദായം ആരംഭിച്ചു. ജൂതക്രൈസ്തവ മാന്ത്രിക വിദ്യക്കാണ് ഈ അക്കങ്ങളുമായി  കൂടുതല്‍ ബന്ധം.

Related Articles