Current Date

Search
Close this search box.
Search
Close this search box.

നസീബ ബിന്‍ത് കഅ്ബ്: സമര്‍പ്പണം തന്നെ ജീവിതം

നസീബ ബിന്‍ത് കഅ്ബ് അല്‍ അന്‍സാരി ത്യാഗോജ്ജ്വലമായ ജീവിതത്താല്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതയാണ്. ഉമ്മു ഇമാറ എന്നും അവര്‍ അറിയപ്പെട്ടിരുന്നു. മദീനയില്‍ വെച്ച് ഇസ്‌ലാമിനെ കുറിച്ച് മനസിലാക്കിയപ്പോള്‍ ഉടന്‍ ഇസ്‌ലാമിന്റെ ശാദ്വല തീരത്തേക്ക് കടന്നുവന്ന മഹതിയാണവള്‍. അഖബ ഉടമ്പടിയില്‍ പ്രവാചകനില്‍ നിന്ന് ബൈഅത്ത് സ്വീകരിച്ചവരില്‍ നസീബയുമുണ്ടായിരുന്നു. ഉഹദ്, ഹുദൈബിയ, ഖൈബര്‍, ഹുനൈന്‍, ഉംറതുല്‍ ഖളാ, യമാമ എന്നീ ചരിത്രപ്രധാനമായ ഘട്ടങ്ങളിലെല്ലാം പ്രവാചകനോടൊപ്പം ധീരമായി നിലകൊണ്ട മഹതിയാണവര്‍. വഹബുല്‍ അസലമിയായിരുന്നു ആദ്യഭര്‍ത്താവ്. അദ്ദേഹത്തിന്റെ മരണത്തിന് ശേഷം സൈദു ബ്‌നു ആസിം നസീബയെ വിവാഹം ചെയ്യുകയുണ്ടായി. അതില്‍ ഹബീബ, അബ്ദുല്ല എന്നീ രണ്ടു മക്കള്‍ ഉണ്ടായി. സൈദിന്റെ മരണശേഷം ഗസിയ്യ ബ്‌നു അംറുല്‍ മാസിനി മഹതിയെ വിവാഹം ചെയ്യുകയുണ്ടായി.

ഹാരിസ് ബ്‌നു അബ്ദുല്ലയില്‍ നിന്ന് നിവേദനം: അബ്ദുല്ലാഹിബ്‌നു സൈദ് ബ്‌നു ആസിം പറയുന്നത് ഞാന്‍ കേട്ടു. ഞാന്‍ പ്രവാചകനോടൊപ്പം ഉഹ്ദ് യുദ്ധത്തില്‍ പങ്കെടുത്തിരുന്നു. ജനങ്ങള്‍ യുദ്ധക്കളത്തില്‍ നിന്ന് ചിന്നിച്ചിതറിയപ്പോള്‍ ഞാനും എന്റെ ഉമ്മയും പ്രവാചകനെ പ്രതിരോധിക്കാനായി സമീപത്തെത്തി. പ്രവാചകന്‍ പറഞ്ഞു: ഇബ്‌നു ഇമാറ, അമ്പെയ്യുക! കുതിരപ്പുറത്തിരിക്കുന്ന ഒരു മുശ്‌രിക്കിനെ ഉമ്മ കല്ലുകൊണ്ട് എറിഞ്ഞു. ഏറ് കൊണ്ട് വിരണ്ടോടിയ കുതിരയും കുതിരക്കാരനും വീണു. സധൈര്യം അദ്ദേഹത്തിന് നേരെ വീണ്ടും എറിയുന്നത് കണ്ടപ്പോള്‍ പ്രവാചകന്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ഉമ്മയുടെ ചുമലില്‍ ഏറ്റ മുറിവ് കണ്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: നിന്റെ ഉമ്മ…അവളുടെ മുറിവ് തുന്നിക്കെട്ടുക. നിങ്ങളുടെ വീട്ടുകാര്‍ക്ക് അല്ലാഹുവിന്റെ അനുഗ്രഹം വര്‍ഷിക്കട്ടെ! ഇന്നാലിന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തേക്കാളും ഉപകാരപ്പെട്ടത് നിന്റെ ഉമ്മയുടെ സാന്നിദ്ധ്യമാണ്. നിന്റെ ഉമ്മയുടെ ഭര്‍ത്താവിന്റെ സാന്നിദ്ധ്യമാണ് ഇന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തേക്കാളും ഉപകരിച്ചത്. നിങ്ങളുടെ വീട്ടുകാരെ അല്ലാഹു അനുഗ്രഹിക്കട്ടെ. നസീബ പ്രവാചകനോട് പറഞ്ഞു: അങ്ങയോടൊപ്പം സ്വര്‍ഗത്തില്‍ ഇടം ലഭിക്കുവാന്‍ വേണ്ടി അങ്ങ് പ്രാര്‍ഥിക്കുക. ഉടന്‍ പ്രവാചകന്‍ പ്രാര്‍ഥിച്ചു: അല്ലാഹുവെ അവരെ സ്വര്‍ഗത്തില്‍ നീ എന്റെ കൂട്ടാളിയാക്കണമേ! ഉടന്‍ മഹതി പ്രതികരിച്ചു: എങ്കില്‍ ഈ ദുനിയാവില്‍ നേരിടുന്ന ഒരു വിപത്തും എനിക്ക് പ്രശ്‌നമില്ല’.

ഹുദൈബിയയില്‍ ഉസ്മാന്‍(റ)ഖുറൈശികളുടെ കരങ്ങളാല്‍ വധിക്കപ്പെട്ടു എന്ന കിംവദന്തി പരന്നപ്പോള്‍ പ്രതിരോധത്തിനായി പ്രവാചകന്‍ സഹാബികളില്‍ നിന്നും ബൈഅത്ത് വാങ്ങുകയുണ്ടായി. ഉടനെ സഹാബികള്‍ക്കൊപ്പം ബൈഅത്ത് ചെയ്തുകൊണ്ട് ആയുധധാരിയായി നസീബ യുദ്ധത്തിന് തയ്യാറാവുകയുണ്ടായി.
ഹുനൈന്‍ യുദ്ധത്തില്‍ അന്‍സാരികളോട് സ്ഥിരതയോടെ മുന്നോട്ട് പോകാന്‍ വേണ്ടി മഹതി ആഹ്വാനം ചെയ്തു. ഹവാസിന്‍ ഗോത്രത്തിലെ ശത്രുവിനെ പിടികൂടി വധിക്കുകയും അവന്റെ വാള്‍ എടുത്തുകൊണ്ട് ശക്തമായി വീണ്ടും പോരാട്ടം തുടരുകയും ചെയ്തു.
മുസൈലിമക്കെതിരെ യമാമ യുദ്ധത്തില്‍ അബൂബക്കര്‍(റ)വിനോട് പങ്കെടുക്കാനുള്ള അനുമതി പത്രം വാങ്ങി ശക്തമായി പോരാടി. യുദ്ധത്തില്‍ മഹതിയുടെ കൈക്കും മറ്റുഭാഗങ്ങളിലുമായി പതിനൊന്നോളം മുറിവുകളേല്‍ക്കുകയും മകന്‍ വധിക്കപ്പെടുകയും ചെയ്തു.

പ്രവാചകനില്‍ നിന്ന് ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹതി ഹിജ്‌റ പതിമൂന്നാം വര്‍ഷം ഉമര്‍(റ)വിന്റെ കാലത്താണ് മരണമടഞ്ഞത്.  

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles