Current Date

Search
Close this search box.
Search
Close this search box.

നഫീസതുല്‍ മിസ്‌രിയ്യ: മഹതികള്‍ക്കൊരു മഹിത മാതൃക

ഹിജ്‌റ വര്‍ഷം 145 റബീഉല്‍ അവ്വല്‍ 11-ന് മക്കയിലാണ് സയ്യിദ നഫീസ ജനിച്ചത്. എട്ടാം വയസ്സില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കി. പിന്നീട് മാതാപിതാക്കളോടൊപ്പം മദീനയിലേക്ക് പോയി. മദീനയിലെ പള്ളിയില്‍ പോകുകയും അവിടെയുള്ള പണ്ഡിതന്മാരില്‍ നിന്ന് വിജ്ഞാനം നുകരുകയും ചെയ്തു. വിവാഹപ്രായത്തിനു മുമ്പുതന്നെ ‘നഫീസതുല്‍ ഇല്‍മ്'(അറിവിന്റെ മൂല്യം) എന്ന വിശേഷണത്തിനര്‍ഹയായി. മുപ്പതിലധികം ഹജ്ജ് നിര്‍വഹിച്ചിരുന്നു. അവയിലധികവും കാല്‍നടയായിട്ടായിരുന്നു നിര്‍വഹിച്ചത്. ഖാസിം എന്ന ഒരു സഹോദരനുണ്ട്. മതബോധവും വിരക്തിയുമുള്ള വ്യക്തിയായിരുന്നു അദ്ദേഹം. ജഅ്ഫര്‍ സ്വാദിഖ് (റ)വിന്റെ പുത്രനായ ഇസ്ഹാഖ് അല്‍ മുഅ്തമിന്‍ ആയിരുന്നു മഹതിയെ വിവാഹം കഴിച്ചത്. നഫീസ സയ്യിദയുടെ പിതാമഹനാണ് ഇമാം ഹസന്‍. ഇമാം ഹുസൈന്‍ ഇസ്ഹാഖ് മുഅ്തമന്റെ പിതാമഹനുമായിരുന്നു. ഖാസിം, ഉമ്മുകുല്‍സൂം എന്നീ രണ്ടു മക്കളാണ് അവര്‍ക്കുണ്ടായിരുന്നത്.

ഹറമില്‍ ദീര്‍ഘനേരം മഹതി കഴിച്ചുകൂട്ടിയിരുന്നു. പരലോകം മുഖ്യലക്ഷ്യമായി കണ്ടിരുന്നു. വീട്ടില്‍ സ്വന്തമായി ഖബര്‍ കുഴിച്ചു അതിലിറങ്ങി ദീര്‍ഘനേരം നമസ്‌കരിക്കാറുണ്ടായിരുന്നു. ഖുര്‍ആനുമായി ഉറ്റ ചങ്ങാത്തം സ്ഥാപിച്ചിരുന്നു. സഹോദരന്റെ പുത്രി സൈനബ് മഹതിയുടെ സേവനത്തിനായി ഒഴിഞ്ഞിരുന്നു. സയ്യിദ നഫീസയെ കുറിച്ച് സൈനബ് വിവരിക്കുന്നു. എന്റെ പിതൃവ്യപുത്രി സയ്യിദ നഫീസക്കായി നാല്‍പത് വര്‍ഷം ഞാന്‍ സേവനം ചെയ്തു. രാത്രി ഉറങ്ങുന്നത് അപൂര്‍വമായിട്ടേ ഞാന്‍ കണ്ടിട്ടുള്ളൂ. രണ്ട് പെരുന്നാളിനും അയ്യാമുത്തശരീഖിനും മാത്രമാണ് നോമ്പ് ഉപേക്ഷിച്ചിരുന്നത്. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തിരുന്നു.  ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കരയുന്നത് കേള്‍ക്കാമായിരുന്നു.

ഈജിപ്തില്‍
ഹിജ്‌റ വര്‍ഷം 193 റമദാന്‍ 26-ന് നഫീസ കൈറോയില്‍ എത്തി. ജനങ്ങള്‍ തക്ബീര്‍ ധ്വനികളാലും അഭിമാനത്തോടെയുമാണ് മഹതിയെ വരവേറ്റത്. വിജ്ഞാനമന്വേഷിച്ചുകൊണ്ടുള്ള ജനങ്ങളുടെ അധികരിച്ച വരവ് മഹതിയുടെ ആരാധനകളെ വരെ തടസ്സപ്പെടുത്തിയപ്പോള്‍ സയ്യിദനഫീസ ഇപ്രകാരം പ്രതികരിച്ചു. ‘ നിങ്ങളുടെ ഇടയില്‍ താമസിക്കാന്‍ ഞാന്‍ തീരുമാനിച്ചിരുന്നു, അതോടൊപ്പം ഞാന്‍ ഒരു വലിയയോഗ്യതയൊന്നുമില്ലാത്ത സ്ത്രീയാണ്. ജനങ്ങളുടെ നിരന്തരമായ വരവ് എന്നെ ദിക്‌റുകളില്‍ നിന്നും പ്രാര്‍ഥനകളില്‍ നിന്നും പരലോകത്തേക്കുള്ള വിഭവം കണ്ടെത്തുന്നതില്‍ നിന്നും അകറ്റിയിരിക്കുന്നു. എന്റെ പിതാമഹനായ മുത്ത് നബിയുടെ അരികിലേക്ക് എത്താന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു’.

മഹതിയുടെ ഈ പ്രഖ്യാപനം ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. അവിടെ നിന്നും പുറത്ത് പോകുന്നതിനെ അവര്‍ വിസമ്മതിച്ചു. അവിടെ തന്നെ താമസിക്കാന്‍ വേണ്ടി ജനങ്ങള്‍ മഹതിയുടെ ഭര്‍ത്താവിന്റെ മാധ്യസ്ഥത തേടി. മദീനയിലെ ഗവര്‍ണര്‍ സിര്‍റിയ്യ് ബ്‌നു ഹകം ബിന്‍ യൂസുഫ് ഇടപെടുകയും മഹതിക്ക് വലിയ വീട് സൗകര്യപ്പെടുത്തിക്കൊടുക്കുകയും ചെയ്തു. വിജ്ഞാനത്തിനും ഉപദേശങ്ങള്‍ക്കുമായി ആഴ്ചയില്‍ രണ്ടുദിവസം ജനങ്ങള്‍ക്കവിടെ സന്ദര്‍ശിക്കാമെന്ന് നിബന്ധനയും വെച്ചു. മറ്റു ദിവസങ്ങളില്‍ മഹതി ഇബാദത്തുകള്‍ക്കും മറ്റുമായി ഒഴിഞ്ഞിരുന്നു. അപ്രകാരം ഈജിപ്തുകാരുടെ ഇടയില്‍ മഹതി ‘ നഫീസതുല്‍ ഇല്‍മ്’ എന്ന വിശേഷണത്തിന് അര്‍ഹയായി. പിന്നീട് അവിടെ തന്നെ സ്ഥിരതാമസമാക്കി.

ഭരണാധികാരികളുടെ പരിഗണന
ഭരണാധികാരിയുടെ സഹായി ഒരാളെ ശിക്ഷിക്കാനായി പിടികൂടി. മഹതിയുടെ വീട്ടിനരികിലൂടെ കടന്ന് പോകുമ്പോള്‍ സഹായത്തിനായി അയാള്‍ വിലപിച്ചു. അവനെ രക്ഷപ്പെടുത്താന്‍ വേണ്ടി ‘അക്രമികളുടെ ദൃഷ്ടികളെ തൊട്ട് അല്ലാഹു താങ്കളെ തടയട്ടെ!’ എന്നു മഹതി പറഞ്ഞു. സഹായി അവനെയും കൊണ്ട് ഭരണാധികാരിയുടെ അരികിലെത്തിയപ്പോള്‍ മഹതിയുടെ പ്രാര്‍ഥനയെ കുറിച്ച് വിവരിച്ചു. ഉടന്‍ ഭരണാധികാരി ‘അല്ലാഹുവിന്റെയടുത്ത് എന്റെ അക്രമം രേഖപ്പെടുത്തപ്പെട്ടോ?’ എന്ന് പറഞ്ഞുകൊണ്ട് പശ്ചാത്തപിച്ചു. അദ്ദേഹത്തെ വെറുതെ വിടുകയും തന്റെ ധനത്തില്‍ നിന്നൊരു വിഹിതം ദരിദ്രര്‍ക്കും അഗതികള്‍ക്കുമായി വിതരണം ചെയ്യുകയും ചെയ്തു.

വിപ്ലവത്തിന്റെ നേതാവ്
ചരിത്രകാരനായ അഹ്മദ് ബിന്‍ യൂസുഫ് ഖിര്‍മാനി രേഖപ്പെടുത്തുന്നു: ഇബ്‌നു തൂലൂന്റെ അതിക്രമങ്ങള്‍ക്കെതിരെ ജനം സയ്യിദ നഫീസയുടെ സഹായം തേടിയപ്പോള്‍ ജനകീയ വിപ്ലവത്തിന് മഹതി നേതൃത്വം നല്‍കി. ഒരു കത്ത് തയ്യാറാക്കി അദ്ദേഹം സഞ്ചരിക്കുന്ന ഭാഗത്തേക്ക് പുറപ്പെട്ടു. മഹതിയെ കണ്ടപ്പോള്‍ അദ്ദേഹം കുതിരപ്പുറത്ത് നിന്ന് ഇറങ്ങി. തന്റെ കയ്യിലുള്ള എഴുത്ത് കുത്ത് ഭരണാധികാരിക്ക് നല്‍കി. അതില്‍ ഇപ്രകാരം എഴുതിയിരുന്നു: ‘നിങ്ങള്‍ ഉടമപ്പെടുത്തി, നിങ്ങള്‍ അടിമകളാക്കി, നിങ്ങള്‍ കഴിവുള്ളവരായി, പീഢിപ്പിക്കുകയും ചെയ്തു, നിങ്ങള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു, അധര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വിഭവങ്ങള്‍ നിങ്ങള്‍ക്ക് നല്‍കപ്പെട്ടു, നിങ്ങള്‍ അത് തടഞ്ഞുവെച്ചു. മര്‍ദ്ധിതരുടെ തെറ്റുപറ്റാത്തതും തുളച്ചുകയറുന്നതുമായ പ്രാര്‍ഥനശരങ്ങളെ നിങ്ങള്‍ കരുതിയിരിക്കുക, പ്രത്യേകിച്ച് നിങ്ങള്‍ വേദനിപ്പിച്ച ഹൃദയങ്ങളുടെയും നിങ്ങള്‍ നഗ്നരാക്കിയ ശരീരങ്ങളുടെയും പ്രാര്‍ഥന. അക്രമി അവശേഷിക്കുകയും മര്‍ദ്ധിതന്‍ മരിച്ചുപോകുകയും ചെയ്യുക എന്നത് അസംഭവ്യമാണ്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെ പ്രവര്‍ത്തിക്കുക, തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ അതിനുള്ള പ്രതികാരം ലഭിക്കുന്നതാണ്. അന്ന് അക്രമി തങ്ങള്‍ക്ക് ഏത് പര്യാവസാനമാണ് ലഭിക്കുക എന്ന് തിരിച്ചറിയും.’ -ഇതിനു ശേഷം ഭരണാധികാരിയുടെ ഭരണം പൂര്‍ണമായും നീതിയിലധിഷ്ടിതമായിരുന്നു എന്ന് ഖര്‍മാനി രേഖപ്പെടുത്തുന്നു.

ഇമാം ശാഫിയുടെ വസിയ്യത്ത്
ഇമാം ശാഫി ഈജിപ്തിലേക്ക് വന്നപ്പോള്‍ സയ്യിദ നഫീസയുമായി ദൃഢ ബന്ധം സ്ഥാപിച്ചു. മസ്ജിദ് ഫുസ്ത്വാതില്‍ ദര്‍സ് ക്ലാസ് നിര്‍വഹിക്കാന്‍ പോകുന്നതിനിടെ മഹതിയെ സ്ഥിരമായി അദ്ദേഹം സന്ദര്‍ശിക്കാറുണ്ടായിരുന്നു. റമദാനില്‍ അവരുടെ പളളിയില്‍ അദ്ദേഹം തറാവി നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നു. മഹതിയെ സന്ദര്‍ശിക്കുമ്പോഴെല്ലാം പ്രാര്‍ഥനക്കായി അദ്ദേഹം വസ്വിയത്ത് ചെയ്യുമായിരുന്നു. ഇമാം ശാഫി തന്റെ മയ്യിത്ത് നമസ്‌കാരം മഹതിയെ കൊണ്ട് നിര്‍വഹിപ്പിക്കാന്‍ വസിയത്ത് ചെയ്തിരുന്നു. ഹിജ്‌റാബ്ദം 204-ല്‍ അദ്ദേഹം മരണപ്പെട്ടപ്പോള്‍ വസിയത്ത് പ്രയോഗവല്‍കരിക്കാന്‍ വേണ്ടി ജനാസ മഹതിയുടെ വീട്ടില്‍ കൊണ്ടുപോകുകയുണ്ടായി.
ഹിജ്‌റ 208 റജബ് മാസത്തില്‍ രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് സയ്യിദ നഫീസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോ. മഹതിയോട് നോമ്പ് മുറിക്കാനായി ആവശ്യപ്പെട്ടപ്പോള്‍ ഇപ്രകാരം പ്രതികരിച്ചു: ‘മുപ്പത് വര്‍ഷമായി നോമ്പ്കാരിയായി അല്ലാഹുവിനെ കണ്ടുമുട്ടാന്‍ ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ട് ഇപ്പോള്‍ നോമ്പ് മുറിക്കാന്‍ ആവശ്യപ്പെടുകയോ! അതൊരിക്കലും സംഭവിക്കുകയുമില്ല.’ പിന്നീട് സൂറതുല്‍ അന്‍ആം ഭക്തിയോടെ പാരായണം ചെയ്തു. ‘ അവര്‍ക്ക് അവരുടെ നാഥന്റെ അടുത്ത് ശാന്തിമന്ദിരമുണ്ട്. അവനാണ് അവരുടെ രക്ഷാധികാരി. അവര്‍ പ്രവര്‍ത്തിച്ചതിനുള്ള പ്രതിഫലമാണത്.’ (127) എന്ന ഭാഗം എത്തിയപ്പോള്‍ മഹതി ബോധ രഹിതയായി വീണു. സേവകയായ സൈനബ് രേഖപ്പെടുത്തുന്നു. ഞാന്‍ അവരെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. ശഹാദ ചെല്ലുന്നതിന് ഞാന്‍ സാക്ഷ്യം വഹിച്ചു. പിന്നീട് മഹതി അല്ലാഹുവിലേക്ക് യാത്രയായി.
മഹതിയുടെ വിയോഗത്തില്‍ ഈജിപ്തുകാര്‍ ഒന്നടങ്കം ദുഖത്തിലാണ്ടു. ഭര്‍ത്താവ് മദീനയില്‍ ജന്നതുല്‍ ബഖീഇല്‍ ഖബറടക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷെ, ഈജിപ്തുകാര്‍ ഈജിപ്തില്‍ തന്നെ ഖബറടക്കണമെന്ന് ആവശ്യപ്പെട്ടു. സ്വപ്‌നദര്‍ശനത്തിന്റെ ഫലമായി ഭര്‍ത്താവ് അവരെ ഈജിപ്തില്‍ തന്നെ മറമാടാന്‍ അനുമതി നല്‍കി. മഹതി തനിക്കായി വീട്ടില്‍ തന്നെ തയ്യാറാക്കിയ ഖബറില്‍ അടക്കം ചെയ്തു.

അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles