Current Date

Search
Close this search box.
Search
Close this search box.

ധീരനായ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ്

sultan-abdul-hameed.jpg

ഉഥ്മാനി ഖിലാഫത്തിലെ മുപ്പത്തിനാലാമത്തെ ഭരണാധികാരിയാണ് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് രണ്ടാമന്‍. വളരെയധികം പ്രതിസന്ധികള്‍ക്ക് നടുവിലാണ് അദ്ദേഹം അധികാരത്തിലെത്തുന്നത്. സാമ്പത്തികവും സൈനികവും വൈജ്ഞാനികവുമായ ആഭ്യന്തര ദൗര്‍ബല്യത്താല്‍ രാജ്യം ഒരു തകര്‍ച്ചയുടെ വക്കിലായിരുന്നു അന്ന്. അതോടൊപ്പം ഇംഗ്ലണ്ട്, റഷ്യ, ഫ്രാന്‍സ്, ഓസ്ട്രിയ എന്നീ വന്‍ശക്തികളുടെ ഭാഗത്തു നിന്നുള്ള വൈദേശിക വെല്ലുവിളികളും നിലനിന്നു. മൂന്ന് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചു കിടന്നിരുന്ന ഉഥ്മാനിയ രാഷ്ട്രത്തിന്റെ മണ്ണ് തങ്ങളുടേതാക്കി മാറ്റാനായിരുന്നു ഈ വന്‍ശക്തികള്‍ ശ്രമിച്ചു കൊണ്ടിരുന്നത്.

ഇത്തരം ഒരു കടുത്ത സാഹചര്യത്തില്‍ എടുത്തുപറയതക്ക നഷ്ടങ്ങളൊന്നുമില്ലാതെ 33 വര്‍ഷം (1876-1909) ഉഥ്മാനി രാഷ്ട്രത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ സുല്‍ത്താന് സാധിച്ചു. തകര്‍ച്ചയില്‍ നിന്നും അത്രയും കാലം അദ്ദേഹം രാഷ്ട്രത്തെ സംരക്ഷിച്ചു നിര്‍ത്തി. സ്‌കൂളുകളും കോളേജുകളും നിര്‍മിച്ച് വൈജ്ഞാനിക മേഖലയില്‍ പുതിയ ഉണര്‍വ് അദ്ദേഹം ഉണ്ടാക്കിയെടുത്തു. എന്നാല്‍ അദ്ദേഹത്തിന് ശേഷം രംഗത്തു വന്ന ഓട്ടോമന്‍ യൂണിയന്‍ ഉഥ്മാനി രാഷ്ട്രത്തെ പിച്ചിചീന്തി പത്തുവര്‍ഷം കൊണ്ട് ഇല്ലാതാക്കി.

രാഷ്ട്രീയത്തിലും ഭരണ നിര്‍വഹണത്തിലും നിപുണനായിരുന്നു അബ്ദുല്‍ ഹമീദ് രണ്ടാമന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈഭവത്തെ കുറിച്ച് ജമാലുദ്ദീന്‍ അഫ്ഗാനി വിവരിക്കുന്നത് കാണുക: ‘ഒരു തട്ടില്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെയും മറുതട്ടില്‍ അക്കാലത്തെ നാല് പ്രമുഖവ്യക്തിത്വങ്ങളെയും നിര്‍ത്തി താരതമ്യം ചെയ്താല്‍ ബുദ്ധിയും തന്ത്രത്തിലും രാഷ്ട്രീയത്തിലും അവരേക്കാള്‍ മികച്ചു നിന്നിരുന്നത് അദ്ദേഹമായിരുന്നു. തന്നോടൊപ്പം ഇരിക്കുന്നവരെ കീഴ്‌പ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. എതിരാളികള്‍ പോലും അദ്ദേഹത്തിന്റെ സദസ്സില്‍ നിന്ന് ഇറങ്ങി പോയിരുന്നത് അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ചര്യയിലും ന്യായങ്ങളിലും തൃപ്തരായി കൊണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ സൂക്ഷമമായ കാര്യങ്ങളെയും പാശ്ചാത്യ രാഷ്ട്രങ്ങളുടെ ലക്ഷ്യങ്ങളെയും കുറിച്ച് നന്നായി അറിയുന്ന ഒരാളായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. തന്റെ ഭരണത്തിന് മുന്നിലുള്ള ഏത് ഗര്‍ത്തത്തില്‍ നിന്നും മോചനം നേടാനും മറികടക്കാനും സജ്ജനായിരുന്നു അദ്ദേഹം.

അടിസ്ഥാന രഹിതമായ നിരവധി ആരോപണങ്ങള്‍ ശത്രുക്കള്‍ അദ്ദേഹത്തിനെതിരെ ഉന്നയിച്ചിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ് തന്റെ നിരവധി എതിരാളികളെ കൊലചെയ്ത ക്രൂരനാണ്, തന്റെ ജീവനെയും അധികാരത്തെയും കുറിച്ച് ഏറെ ഭീതിയുണ്ടായിരുന്ന അദ്ദേഹം രാജ്യത്തുടനീളം ചാരന്‍മാരെ നിയമിച്ചിരുന്നു എന്നൊക്കെയുള്ളത്. ആ ആരോപണങ്ങളുടെ അടിസ്ഥാനമെന്താണെന്നത് നമുക്ക് നോക്കാം. അദ്ദേഹം ചാരന്‍മാരെ നിയോഗിച്ചിരുന്നു എന്നത് ശരിയാണ്. അക്കാലത്ത്, വിഷിശ്യാ ഉഥ്മാനി ഭരണത്തിന്റെ അവസാന കാലത്ത് ലോകത്തെ വന്‍രാഷ്ട്രങ്ങളുടെ ചാരന്‍മാരുടെ സജീവ സാന്നിദ്ധ്യം തലസ്ഥാനമായ ഇസ്തംബൂളില്‍ ഉണ്ടായിരുന്നു. സുല്‍ത്താന്റെ കൊട്ടാരത്തില്‍ വരെ ഗൂഢാലോചനകളും അട്ടിമറികളും നടത്തുന്നതില്‍ ആ രാഷ്ട്രങ്ങള്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടും ഫ്രാന്‍സും സുല്‍ത്താന്‍ അബ്ദുല്‍ അസീസിനെതിരെ (അബ്ദുല്‍ ഹമീദിന്റെ പിതൃവ്യന്‍) നടത്തിയ അട്ടിമറി ശ്രമം അതിനുദാഹരണമാണ്. ഉഥ്മാനി ഭരണകൂടത്തിനെതിരെ നടക്കുന്ന ഗൂഢാലോചനകളെ ചെറുക്കാന്‍ അനിവാര്യമായ ഇന്റലിജന്‍സ് സംവിധാനം ഒരുക്കുക എന്നതാണ് അബ്ദുല്‍ ഹമീദ് ചെയ്തത്. ഗൂഢാലോചനകളുടെ കൊടുങ്കാറ്റില്‍ രാഷ്ട്രം തകര്‍ന്നു പോകാതിരിക്കാന്‍ അനിവാര്യമായ പ്രവര്‍ത്തനമാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

അപകടങ്ങളെ ധീരമായി നേരിട്ട ഒരാളായിരുന്നു സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് എന്ന് അദ്ദേഹത്തിന്റെ ജീവിതം പരിശോധിക്കുമ്പോള്‍ വ്യക്തമാവുന്ന കാര്യമാണ്. അതിന് ചരിത്രത്തില്‍ നിന്നും രണ്ട് സംഭവങ്ങളുദ്ധരിക്കാം:

വന്‍ ഭൂകമ്പം
1893 ജൂലൈ 10-ന് തുര്‍ക്കിയില്‍ ശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. വന്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമായി ഒരു മിനുറ്റ് നീണ്ടു നിന്ന ഭൂകമ്പത്തെ തുര്‍ക്കിയുടെ ചരിത്രത്തില്‍ ‘വന്‍ ഭൂകമ്പം’ എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. വലിയ കെട്ടിടങ്ങളും വീടുകളും നിരവധി തകര്‍ന്നു. അവയുടെ അവശിഷ്ടങ്ങള്‍ക്കടിയില്‍ പെട്ട് നിരവധി ആളുകളുടെ ജീവനും നഷ്ടമായി. ഭരണകൂടത്തെ സംബന്ധിച്ചടത്തോളം വലിയ ആഘാതമായിരുന്നു അത്. ഭൂകമ്പം നടക്കുന്ന സമയത്ത് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് യില്‍സിദ് കൊട്ടാരത്തിലെ ഹാളില്‍ തന്നെ കാണാനെത്തിയവരെ സ്വീകരിച്ചു കൊണ്ടിരിക്കുകയായിരുന്നു. മുതിര്‍ന്ന സൈനിക മേധാവികളും മന്ത്രിമാരുമെല്ലാം സദസ്സിലുണ്ട്. പൊടുന്നനെ ഭൂകമ്പം സംഭവിച്ചപ്പോള്‍ ആളുകള്‍ ഭയന്ന് ഓടാന്‍ തുടങ്ങി. മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ പോലും അടുത്തുണ്ടായിരുന്ന ജനലുകളുടെ ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് ഓടി. മേല്‍ക്കൂരയില്‍ സ്ഥാപിച്ചിരുന്ന വലിയ ലൈറ്റുകള്‍ ക്ലോക്കിന്റെ പെന്‍ഡുലം പോലെ ആടാന്‍ തുടങ്ങി. എന്നാല്‍ ഇതൊക്കെ സംഭവിച്ചിട്ടും സുല്‍ത്താന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് എണീക്കുക പോലും ചെയ്തിട്ടില്ല. മുസ്‌ലിംകളുടെ ഭരണാധികാരിക്ക് അനുയോജ്യമാം വിധം വളരെ ശാന്തനായി അദ്ദേഹത്തിന്റെ ചുണ്ടുകള്‍ ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടിരിക്കുയായിരുന്നു അപ്പോള്‍. യുദ്ധമുഖത്ത് മരണത്തെ മുന്നില്‍ കണ്ട് ശത്രുവിനോട് ഏറ്റുമുട്ടിയിട്ടുള്ള സൈനിക മേധാവികള്‍ പോലും ഭയന്നോടിയ സന്ദര്‍ഭത്തില്‍ അസാമാന്യ ധീരത കാണിക്കുകയാണ് സുല്‍ത്താന്‍ ചെയ്തത്.

ബോംബ് സ്‌ഫോടനം
1905 ജൂലൈ 21-ന് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെ വധിക്കാനുള്ള ഒരു ശ്രമം നടന്നു. അദ്ദേഹം വെള്ളിയാഴ്ച്ച ജുമുഅ നിര്‍വഹിക്കാനെത്തുന്ന മസ്ജിദിന് സമീപം എണ്‍പത് കിലോഗ്രാം സ്‌ഫോടനക വസ്തുക്കള്‍ ഉപയോഗിച്ചാണ് ആ ശ്രമം നടന്നത്. നമസ്‌കാരം കഴിഞ്ഞ് അദ്ദേഹം പുറത്തിറങ്ങുന്ന സമയം കണക്കാക്കിയായിരുന്നു സ്‌ഫോടനം. എന്നാല്‍ അദ്ദേഹം അല്‍പം വൈകുകയും അദ്ദേഹം മസ്ജിദിലായിരിക്കെ സ്‌ഫോടനം നടക്കുകയും ചെയ്തു. ഇസ്തംബൂളിലെ പ്രകമ്പനം കൊള്ളിച്ച സ്‌ഫോടനത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരുപതോളം കുതിരകളും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഭീകരമായ ആ അന്തരീക്ഷത്തില്‍ സൈനികരും ഓഫീസര്‍മാരും ജനങ്ങളുമെല്ലാം ആത്മരക്ഷാര്‍ഥം ഓടുകയാണ്. ആ സമയത്തും സുല്‍ത്താന്‍ അതീവ ശാന്തനായി അവിടെ നിലകൊള്ളുകയും പിന്നീട് സ്വയം വാഹനമോടിച്ച് അവിടെ നിന്നും പോവുകയും ചെയ്തു.

സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ് ബര്‍ലിന്‍ ഉടമ്പടി (അതില്‍ ഒപ്പുവെക്കാന്‍ സുല്‍ത്താന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.) നടപ്പാക്കുകയില്ലെന്ന് അര്‍മേനിയക്കാര്‍ തിരിച്ചറിഞ്ഞ സന്ദര്‍ഭത്തിലാണ് ഈ വധശ്രമം നടന്നത്. ഉഥ്മാനിയ രാഷ്ട്രത്തിനകത്തെ ന്യൂനപക്ഷമായി അര്‍മേനിയക്കാര്‍ തങ്ങള്‍ക്ക് സ്വയംഭരണം നല്‍കണമെന്നാവശ്യപ്പെടുന്നതായിരുന്നു പ്രസ്തുത ഉടമ്പടി. സുല്‍ത്താനെ വധിക്കാനും പിന്നീട് ഉഥ്മാനി ഭരണകൂടത്തിന്റെ ആസ്ഥാനത്ത് സ്‌ഫോടനങ്ങള്‍ നടത്താനുമായിരുന്നു അര്‍മേനിയക്കാരുടെ പദ്ധതി. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഇടപെടുന്നതിന് അരാജകത്വത്തിന്റെ അന്തരീക്ഷം ഒരുക്കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം.

സംഗ്രഹം: നസീഫ്

Related Articles