Current Date

Search
Close this search box.
Search
Close this search box.

ദൈവഭക്തനായ മദ്യപാനി

1623-1640 കാലയളവില്‍ ഒട്ടോമന്‍ (ഉസ്മാനിയ്യ) സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്നു, സുല്‍ത്താന്‍ മുറാദ് നാലാമന്‍. ജനങ്ങളുടെ ജീവിതാവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ വേശപ്രച്ഛന്നനായി ജനങ്ങളിലേക്കിറങ്ങുക അദ്ദേഹത്തിന്റെ ശീലമായിരുന്നു. ഒരു വൈകുന്നേര സമയം, തന്റെ ശരീരത്തിന് അസ്വസ്ഥതയനുഭവിക്കുന്നുവെന്നും അതിനാല്‍ തനിക്ക് പുറത്തുപോകണമെന്നും തന്റെ സുരക്ഷാ തലവനോട് സുല്‍ത്താന്‍ മുറാദ് ആവശ്യപ്പെട്ടു. അങ്ങനെ അവര്‍ പുറത്തുപോയി. തിരക്കേറിയ ഒരു അയല്‍പ്രദേശത്താണ് അവര്‍ ആദ്യം എത്തിച്ചേര്‍ന്നത്. അവിടെയുള്ള മൈതാനത്ത് ഒരാള്‍ കിടക്കുന്നത് സുല്‍ത്താന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ മനുഷ്യനെ തട്ടിയുണര്‍ത്താന്‍ സുല്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം മരണപ്പെട്ടു കഴിഞ്ഞിരുന്നു. ഓരോരുത്തരും അവരുടേതായ തിരക്കുകളിലാണ്. മൈതാനമധ്യത്തില്‍ മരിച്ചുകിടക്കുന്ന മനുഷ്യശരീരത്തെ ശ്രദ്ധിക്കാന്‍ ഒരു മനുഷ്യന്‍ പോലും ശ്രമിക്കുന്നില്ല.

ഈ അവസ്ഥ കണ്ട സുല്‍ത്താന്‍ മുറാദ് അവിടെയുള്ള ജനങ്ങളെ വിളിച്ചുകൂട്ടി. അവര്‍ ആരും സുല്‍ത്താനെ തിരിച്ചറിഞ്ഞില്ല. അവര്‍ അദ്ദേഹത്തോട് ‘തന്റെ പ്രശ്‌നം എന്താണെന്ന് ചോദിച്ചു. സുല്‍ത്താന്‍ അവരോട് തിരിച്ചു ചോദിച്ചു: ”എന്തുകൊണ്ട് ഈ മൃതദേഹത്തെ ആരും ശ്രദ്ധിക്കുന്നില്ല? എവിടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം?
അവര്‍ മറുപടി പറഞ്ഞു : ‘അയാള്‍ കടുത്ത മദ്യപാനിയും വ്യഭിചാരിയുമായ മനുഷ്യനാണ്.’ ആശ്ചര്യപൂര്‍വ്വം സുല്‍ത്താന്‍ ചോദിച്ചു: ”അദ്ദേഹം പ്രവാചകന്‍ മുഹമ്മദിന്റെ(സ) സമുദായത്തില്‍പ്പെട്ട വ്യക്തി തന്നെയല്ലേ? ഇപ്പോള്‍ ഈ ശരീരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വഹിക്കുവാന്‍ എന്നെ നിങ്ങള്‍ ദയവുചെയ്ത് സഹായിക്കുക”.

അവിടെയുണ്ടായിരുന്ന ആളുകള്‍ സുല്‍ത്താന്റെ കൂടെ ആ ശരീരത്തെ അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിച്ചു. ജനങ്ങളെല്ലാം പിരിഞ്ഞുപോയി, സുല്‍ത്താന്‍ മുറാദും അദ്ദേഹത്തിന്റെ സഹായിയും മാത്രം അവിടെ ശേഷിച്ചു. മരണപ്പെട്ട മനുഷ്യന്റെ ശരീരം കണ്ടതോടുകൂടി അയാളുടെ ഭാര്യ കരയാന്‍ തുടങ്ങി. ആ സ്ത്രീ അദ്ദേഹത്തിന്റെ മൃതദേഹത്തെ നോക്കി പറഞ്ഞു : ”അല്ലാഹു താങ്കളുടെമേല്‍ കാരുണ്യം ചൊരിയട്ടെ! ഓ, അല്ലാഹുവിന്റെ പ്രിയപ്പെട്ട കൂട്ടുകാരാ, നിശ്ചയം താങ്കളുടെ ദൈവഭക്തിക്ക് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.”

ഇതുകേട്ട് അന്ധാളിച്ചുനില്‍ക്കുകയായിരുന്ന സുല്‍ത്താന്‍ മുറാദ് ആ സ്ത്രീയോടു ചോദിച്ചു: ”നിങ്ങളുടെ ഭര്‍ത്താവിനെക്കുറിച്ച് ജനങ്ങള്‍ വളരെ മോശമായ പല പരാമര്‍ശങ്ങളുമാണല്ലോ നടത്തിയിരിക്കുന്നത്. അദ്ദേഹം മദ്യപാനിയും വ്യഭിചാരിയുമായിരുന്നുവത്രെ, അദ്ദേഹം മൈതാനമധ്യത്തില്‍ മരിച്ചുകിടക്കുന്ന സന്ദര്‍ഭത്തില്‍ ഒരു മനുഷ്യന്‍ പോലും ആ ശരീരത്തെ ശ്രദ്ധിക്കാന്‍ സന്നദ്ധമായില്ല, എന്നിരിക്കെ പിന്നെയെങ്ങനെയാണ് അദ്ദേഹം ദൈവഭക്തനാകുന്നത്?”

ആ സ്ത്രീ മറുപടി പറഞ്ഞു; ”അതു ഞാന്‍ പ്രതീക്ഷിച്ചതു തന്നെയായിരുന്നു. എന്റെ ഭര്‍ത്താവ് എല്ലാ രാത്രിയിലും മദ്യശാലയില്‍ പോവുകയും അദ്ദേഹത്തിനു സാധ്യമാകുന്നത്ര മദ്യം വിലകൊടുത്ത് വാങ്ങിക്കാറുമുണ്ടായിരുന്നു. ശേഷം മദ്യം വീട്ടില്‍ കൊണ്ടുവരികയും അത് പൂര്‍ണമായും അദ്ദേഹം ഒഴുക്കിക്കളയുകയും ചെയ്യും. ശേഷം ഇപ്രകാരം പറയും; ‘ഇന്നു ഞാന്‍ കുറച്ചു മുസ്‌ലിംകളെ രക്ഷിച്ചിരിക്കുന്നു’. അദ്ദേഹം വേശ്യാലയത്തിലേക്ക് പോകാറുണ്ടായിരുന്നു. അവിടെ ഒരു സത്രീക്ക് പണം നല്‍കുകയും പ്രഭാതം വരെ കതകടക്കുവാനും ആവശ്യപ്പെടും. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം വളരെ വേഗം വീട്ടിലേക്ക് മടങ്ങിവരികയും ചെയ്യും. ശേഷം ഇപ്രകാരം പറയാറുണ്ടായിരുന്നു; ‘ഇന്നു ഞാന്‍ ഒരു യുവവനിതയെയും ദുര്‍വൃത്തികളില്‍ അടിമപ്പെട്ട യുവജനതയെയും സംരക്ഷിച്ചു’. അദ്ദേഹം മദ്യശാലയില്‍ പോയി മദ്യം വാങ്ങുന്നതും വേശ്യാലയത്തില്‍ പോകുന്നതും പൊതുജനം കണ്ടുകൊണ്ടിരുന്നു. അതിനാല്‍ പൊതുജനം പൊതുധാരണയാല്‍ അദ്ദേഹത്തെ നിത്യമദ്യപാനിയായും വ്യഭിചാരിയായും മുദ്രകുത്തി. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു; ‘താങ്കള്‍ മരണമടയുന്ന സന്ദര്‍ഭത്തില്‍ ഒരു മനുഷ്യന്‍ പോലും താങ്കളുടെ മരണാനന്തരചടങ്ങുകള്‍ നിര്‍വ്വഹിക്കാനോ താങ്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനോ താങ്കളെ മറവുചെയ്യാനോ ഉണ്ടാവുകയില്ല!’ അദ്ദേഹം പുഞ്ചിരിയോടെ മറുപടി പറഞ്ഞു; ‘നീ, അസ്വസ്ഥയാകരുത്,  നിശ്ചയം വിശ്വാസികളുടെ സുല്‍ത്താന്‍ ഒരു പുണ്യവാന്റെ ചാരത്തിരുന്ന് പ്രാര്‍ത്ഥിക്കുന്നതുപോലെ  എന്റെ ശരീരത്തിനടുത്തുവെച്ച് പ്രാര്‍ത്ഥന നിര്‍വ്വഹിക്കും.” ഇതു കേട്ട് സുല്‍ത്താന്‍ കരയാന്‍ തുടങ്ങി, അദ്ദേഹം പറഞ്ഞു: ”അല്ലാഹുവേ, അദ്ദേഹം സത്യമാണ് പറഞ്ഞിരിക്കുന്നത്, ഞാന്‍ സുല്‍ത്താന്‍ മുറാദ്, നാളെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ ഞങ്ങള്‍ നിര്‍വ്വഹിക്കും, അദ്ദേഹത്തിനു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും, അദ്ദേഹത്തെ ഞങ്ങള്‍ മറവു ചെയ്യും.” അപ്രകാരം തന്നെ അത് സംഭവിക്കുകയും ചെയ്തു. സുല്‍ത്താന്‍, മുസ്‌ലിം പണ്ഡിതന്മാര്‍, തുടങ്ങി വിശ്വാസി സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകള്‍ അദ്ദേഹത്തിന്റെ ജനാസക്ക് സാക്ഷികളായി.

നാം കാണുന്നതും മറ്റുള്ളവരില്‍ നിന്നും കേള്‍ക്കുന്നതുമനുസരിച്ചാണ് നാം ജനങ്ങളെ വിധിക്കുന്നത്. എന്നാല്‍ അവരുടെ ഹൃദയങ്ങളില്‍ ഗോപ്യമാക്കപ്പെട്ട പല രഹസ്യങ്ങളും ഉണ്ട്. മനുഷ്യനറിയുന്നതും അറിയാത്തതും അറിയുന്നവന്‍ സര്‍വ്വലോകരക്ഷിതാവായ അല്ലാഹു മാത്രമാകുന്നു. ‘അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊെണ്ടന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. ചുഴിഞ്ഞന്വേഷിക്കരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.’ (49 : 12)

വിവ : റമീസ് വല്ലപ്പുഴ

അവലംബം : islamcan.com

Related Articles