Current Date

Search
Close this search box.
Search
Close this search box.

ദുയൂബന്ദിലെ വിജ്ഞാന ഗേഹം

1866 മെയ് 30, ഇന്ത്യയുടെ ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രധാനമായ ഒരു ദിനമാണത്. ഉത്തര്‍പ്രദേശിലെ ഒരു ചെറുഗ്രാമമായ ദുയൂബന്ദില്‍ ദാറുല്‍ ഉലൂമിന് തുടക്കം കുറിച്ചത് അന്നായിരുന്നു. ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ ഉണര്‍വിന്റെ ആദ്യ കാല്‍വെപ്പായിരുന്നു അത്.

മുഹമ്മദ് ഖാസിം നാനോതവിയുടെ നേതൃത്വത്തില്‍ മൗലാനാ റശീദ് അഹ്മദ് ഗംഗോഹി, മൗലാനാ ദുല്‍ഫുഖാര്‍ ദുയൂബന്ദി, ഹാജ് സയ്യിദ് മുഹമ്മദ് ആബിദ് ദുയൂബന്ദി, മൗലാനാ യാഖൂത് നാനോതവി, മൗലാനാ റഈഉദ്ദീന്‍, മൗലാനാ ഫസലുറഹ്മാന്‍ ഉഥ്മാനി തുടങ്ങിയവര്‍ മുന്‍കയ്യെടുത്താണ് ദാറുല്‍ ഉലൂമിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇസ്‌ലാമിന്റെയും ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെയും വ്യാപനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള സ്ഥാപനമാണിത്.

ഇന്ത്യന്‍ മുസ്‌ലിംകളുടെ കഠിനമായ പരിശ്രമത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് ഇന്നും സ്ഥാപനം നിലനില്‍ക്കുന്നത്. ഇന്ത്യയിലെ പഴയ മദ്‌റസകള്‍ മൃതിയടഞ്ഞു കൊണ്ടിരുന്ന അല്ലെങ്കില്‍ വളരെ ദുര്‍ബലമായിട്ടുള്ള ഒരവസ്ഥയിലാണ് ദാറുല്‍ ഉലൂം സ്ഥാപിക്കപ്പെടുന്നത്. ഇസ്‌ലാമിക വിജ്ഞാനങ്ങള്‍ ഇന്ത്യയില്‍ ഇല്ലാതായി കൊണ്ടിരുന്ന അവസ്ഥ പ്രകടമായിരുന്നു അക്കാലത്ത്. ചില പണ്ഡിതന്‍മാരും വിശ്വാസികളും അതിന്റെ അപകടത്തെ മുന്‍കൂട്ടി തിരിച്ചറിഞ്ഞു. വിജ്ഞാനത്തിലൂടെ മാത്രമേ ആളുകളുടെ നിലവാരം ഉയര്‍ത്താന്‍ സാധ്യമാകൂ എന്നവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെ അതിന് സര്‍ക്കാറിന്റെ ശ്രമങ്ങളെ കാത്തുനില്‍ക്കാതെ ജനങ്ങളുടെ സംഭാവനകളിലൂടെയും സഹകരണത്തിലൂടെയും ദാറുല്‍ ഉലൂം ദുയൂബന്ദ് സ്ഥാപിച്ചു.

നൂറ്റിപതിനാല് വര്‍ഷമായി മുസ്‌ലിംകള്‍ക്കത് മാര്‍ഗദര്‍ശനം നല്‍കികൊണ്ടിരിക്കുന്നു. ദാറുല്‍ ഉലൂമും മറ്റ് മദ്‌റസകളുമെല്ലാം നിലനില്‍ക്കേണ്ടത് അല്ലാഹുവിലുള്ള വിശ്വാസവും ജനങ്ങളുടെ സംഭാവനയും അടിസ്ഥാനമായിരിക്കണമെന്നത് സ്ഥാപനകനായ ഹസ്‌റത്ത് നാനാതവിയുെട ആഗ്രമായിരുന്നു. അതില്‍ നിന്ന് പുറത്തിറങ്ങിയ പതിനയ്യായിരത്തിലധികം പേര്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ വിജ്ഞാനത്തിന്റെ വെളിച്ചം വീശുന്നുണ്ട്.

‘ദര്‍സെ നിസാമി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന 17-ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസ രീതിയായിരുന്നു ദാറുല്‍ ഉലൂം സ്വീകരിച്ചിരുന്നത്. ഫിഖ്ഹ്, ശരീഅ, തഫ്‌സീര്‍, തസ്സവുഫ്, അറബി സാഹിത്യം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അത്. ഓരോ കാലഘട്ടത്തില്‍ അതില്‍ നിന്ന് പുറത്തിറങ്ങിയവര്‍ വിശ്വാസകാര്യങ്ങളും മതവിജ്ഞാനങ്ങളും പ്രചരിപ്പിക്കുകയും പ്രബോധനം നടത്തുകയും ചെയ്തിരുന്നു.

കേവലം മതകലാശാല ആയിരുന്നില്ല
മതകാര്യങ്ങളില്‍ മാത്രമല്ല അവര്‍ ജനങ്ങളെ സഹായിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് രാഷ്ട്രീയമായും വലിയ സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ മുസ്‌ലിം ശരീഅത്തിന് വിരുദ്ധമായി നിയമങ്ങള്‍ ആവിഷ്‌കരിക്കുമ്പോള്‍ ദുയൂബന്ദിലെ പണ്ഡിതന്‍മാര്‍ അതിനെ പല്ലു നഖവുമുപയോഗിച്ച് എതിര്‍ത്തു കൊണ്ട് തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നു. ശൈശവ വിവാഹ നിയമത്തിലും വഖഫ് നിയമത്തിലുമൊന്നും ഇസ്‌ലാമിക കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നതിന് അവര്‍ മടി കാണിച്ചില്ല. ഇത്തരത്തില്‍ വലിയ സംഭാവനകളര്‍പ്പിച്ചിട്ടുള്ള ഒരു സ്ഥാപനമാണിത്. സമുദായത്തിന്റെ പുരോഗതിയിലും നിലനില്‍പിലും അതിന്റെ പങ്ക് സുപ്രധാനമാണ്. കഴിഞ്ഞ കാലത്ത് ഇസ്‌ലാമിന് ഒട്ടേറ സംഭാവനകളര്‍പ്പിച്ച ഈ സ്ഥാപനത്തിന് ഭാവിയിലും വലിയ സംഭാവനകളര്‍പ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Related Articles