Current Date

Search
Close this search box.
Search
Close this search box.

ദീനിനെ കാര്‍ന്നു തിന്നുന്ന മുല്ലമാര്‍

MULLAMAR_0.jpg

ഉസ്മാനിയാ ഖിലാഫത്തിന്റെ പതനത്തില്‍ അന്നത്തെ ഭരണകൂടത്തിന്റെ മുഫ്തിയുടെ ഫത്‌വക്ക് കാര്യമായ പങ്കുണ്ടെന്നത് അധികമാരും അറിയാത്ത  യാഥാര്‍ത്ഥ്യമാണ്. സുല്‍ത്താല്‍ അബ്ദുല്‍ ഹമീദ് രണ്ടാമനെ സ്ഥാനഭ്രഷ്ടനാക്കുന്നതിന് അനുവാദം നല്‍കികൊണ്ടാണ് അദ്ദേഹം ഫത്‌വ നല്‍കിയത്. ഇസ്‌ലാമിക ഖിലാഫത്തിനെതിരെ അട്ടിമറി നടത്തിയവര്‍ക്ക് അവരുടെ മ്ലേച്ഛമായ പ്രവര്‍ത്തനത്തിന് ഒരു ഫത്‌വയുടെ പിന്‍ബലം ആവശ്യമുണ്ടായിരുന്നോ ? അല്ലെങ്കില്‍  ഇസ്‌ലാമിക ഖിലാഫത്തിന് കീഴിലുണ്ടായിരുന്ന നാടുകളെ കൊച്ചു കൊച്ചു നാടുകളാക്കി മാറ്റുന്നതിന് ഒരു ഫത്‌വ ആവശ്യമുണ്ടായിരുന്നോ? എന്നിങ്ങനെ  ചോദ്യങ്ങളുയര്‍ന്നേക്കാം.

ഇത്തരത്തില്‍ ഒരു ഫത്‌വ അവര്‍ക്ക് ആവശ്യമുണ്ടായിരുന്നു എന്നാണ് അതിനുള്ള മറുപടി. പൊതുജനങ്ങള്‍ക്കിടിയില്‍ ദീനിനും ഫത്‌വക്കും ഉണ്ടായിരുന്ന സ്വാധീനം അവര്‍ക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ദീനിന്റെ പേരില്‍ ആളുകളെ വഴിതെറ്റിക്കുന്നവര്‍ അവരുടെ ആവശ്യമായിരുന്നു. അവര്‍ നടത്തുന്ന കാര്യങ്ങള്‍ ശരീഅത്തിന് വിരുദ്ധമല്ലെന്ന് ജനങ്ങളെ അറിയിക്കേണ്ടതുണ്ടായിരുന്നു. നിയമപരമായി നിലനില്‍ക്കുന്ന ഭരണകൂടത്തിനെതിരെ അട്ടിമറി നടത്തുന്നത് നിഷിദ്ധമാണെന്ന് പറയാന്‍ ബാധ്യസ്ഥരായ പണ്ഡിതന്‍മാര്‍ അത് ചെയ്തില്ല, എന്നു മാത്രമല്ല മതത്തെ വില്‍പന ചരക്കാക്കിയ അത്തരക്കാര്‍ അത് അനുവദനീയമാണെന്ന് ഫത്‌വയും നല്‍കി. ജനങ്ങളെ വഴികേടിലാക്കി സമൂഹത്തിന്റെ മൊത്തം പാപഭാരം ഏറ്റുവാങ്ങിയവരാണവര്‍. പരലോകത്ത് മഹാനഷ്ടകാരികളായിരിക്കും അവര്‍.

സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെ പുറത്താക്കുന്നതിന് മുഫ്തിയായിരുന്ന മുഹമ്മദ് സിയാഉദ്ദീന്‍ അഫന്‍ദി നല്‍കിയ ഫത്‌വ ഇങ്ങനെയായിരുന്നു : ‘മുസ്‌ലിംകളുടെ നേതാവിന്റെ പെരുമാറ്റം മോശമാവുകയും സുപ്രധാനമായ കാര്യങ്ങള്‍ ഉപേക്ഷിക്കുകയും, ശറഈ ഗ്രന്ഥങ്ങളിലെ മസ്അലകള്‍ പ്രസിദ്ധീകരിക്കുകയും, ബൈതുല്‍ മാല്‍ ധൂര്‍ത്തടിക്കുകയും നിയമപരമല്ലാതെ പ്രജകളെ തടവിലിടുകയും, വധിക്കുകയും ചെയ്യുന്നുവെന്ന് മാത്രമല്ല, എല്ലാതരം അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു. ശേഷം തന്റെ വഴികേടില്‍ നിന്ന് മടങ്ങിയെന്നും ഇനിയാവര്‍ത്തിക്കുകയില്ലെന്ന് ആണയിടുകയും ചെയ്തതിന് ശേഷം അവ ലംഘിച്ച് വീണ്ടും തന്റെ തോന്നിവാസങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. അദ്ദേഹത്തെ തല്‍സ്ഥാനത്ത് മാറ്റുകയാണ് വേണ്ടതെന്ന് ഇസ്‌ലാമിക പ്രദേശത്തുള്ള ആളുകള്‍ അഭിപ്രായപ്പെടുകയും അദ്ദേഹം തുടരുന്നത് ദോഷകരമാണെന്ന് വ്യക്തമാവുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രത്തിലെ ശറഈ കൈകാര്യകര്‍ത്താക്കള്‍ അദ്ദേഹത്തോട് അധികാരത്തില്‍ മാറാന്‍ ആവശ്യപ്പെടുകയോ, അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യല്‍ നിര്‍ബന്ധമാണോ? മറുപടി : അതെ, നിര്‍ബന്ധമാണ്.’

ഒരു സംയുക്ത സദസ്സില്‍ (രാജസദസ്സും ജംഇയത്തു ഇത്തിഹാദ് വത്തര്‍ഖിയുടെ സദസ്സും) വെച്ച് പ്രസ്തു ഫത്‌വ വായിക്കപ്പെട്ടു. ഇതുകേട്ടയുടന്‍ ‘അദ്ദേഹത്തെ പുറത്താക്കണം’ എന്ന് ജംഇയത്ത് ഇത്തിഹാദിന്റെ പ്രതിനിധികള്‍ ആക്രോഷിച്ചു. ഉടനെ സദസ്സിന് ആധ്യക്ഷം വഹിച്ചിരുന്ന സഈദ് ബാഷ എഴുന്നേറ്റ് നിന്നു പറഞ്ഞു : അല്ലയോ മാന്യരേ, സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വിധിക്കുന്ന ഈ ഫത്‌വയോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? സദസ്സില്‍ നിന്ന് മറുമുറുപ്പുകള്‍ ഉണ്ടായപ്പോള്‍ അനുകൂലിക്കുന്നവരോട് എഴുന്നേറ്റ് നില്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ 1909 ഏപ്രില്‍ 27-ന് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ സദസ് തീരുമാനിച്ചു.

ഒറ്റവാക്കിലുള്ള ഒരു മറുപടിയാണ് ഈ ഫത്‌വയിലുള്ളത്. ചിലരുടെ നിര്‍ദേശ പ്രകാരം ഉണ്ടാക്കിയ ഫത്‌വയാണ് അതെന്നതിന്റെ തെളിവാണത്. താന്‍ നല്‍കുന്ന വിധിയുടെ തെളിവുകള്‍ പറയുകയെന്നതും അതിന്റെ ആധികാരികത വിശദീകരിച്ചു കൊടുക്കുകയും ചെയ്യുകയെന്നത് ഫത്‌വ നല്‍കുമ്പോള്‍ പാലിക്കേണ്ട മര്യാദയുടെ ഭാഗമാണ്. പ്രത്യേകിച്ചും മുസ്‌ലിം സമൂഹവും അവരുടെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയമാകുമ്പോള്‍ അത് അനിവാര്യമാണ്. എന്നാല്‍ ഈ ഫത്‌വ ‘അതെ’ എന്ന ഒറ്റവാക്കിലുള്ള മറുപടി മാത്രമായിരുന്നു.

സ്ഥാനഭ്രഷ്ടനാക്കുന്നതിനുള്ള ന്യായീകരണങ്ങള്‍ ഫത്‌വക്കുള്ള ചോദ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അവയെ കുറിച്ചും ഒരു വിലയിരുത്തല്‍ അനിവാര്യമാണ്. മുസ്‌ലിംകളുടെ ഖലീഫ ശറഈ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് പണം ധൂര്‍ത്തടിക്കുന്നു എന്നതാണ് ഒരു ആരോപണം. ശറഈ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് എങ്ങനെയാണ് ധൂര്‍്ത്താവുക? എന്തുകൊണ്ട് പുസ്തകം പ്രസിദ്ധീകരിക്കുന്നത് ആരോപണമായി മാറി? സമൂഹത്തില്‍ ഖലീഫ കുഴപ്പങ്ങള്‍ സൃഷ്ടിച്ചു എന്നതായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ എന്തൊക്കെയായിരുന്നു ഖലീഫ ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ എന്നോ ഏത് രീതിയിലുള്ള കുഴപ്പങ്ങളായിരുന്നു അവയെന്നോ വിവരിക്കുന്നില്ല. എന്നാല്‍ അദ്ദേഹം സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കി അതിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കുകയും ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാറുകള്‍ ഒപ്പുവെക്കുകയും ചെയ്തു എന്ന് പറയുന്നുണ്ട്. ഖലീഫ അധികാരത്തില്‍ തുടരുന്നത് ദോഷകരമാണെന്നും അദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നുമുള്ള അഭിപ്രായം ഇസ്‌ലാമിക നാടുകളില്‍ നിന്നുണ്ടായി എന്നുള്ളതാണ് മറ്റൊരു ന്യായം. അത്തരം അവസ്ഥയില്‍ കൈകാര്യ കര്‍ത്താക്കള്‍ അദ്ദേഹത്തെ മാറ്റല്‍ നിര്‍ബന്ധമാണോ എന്നാണ് ചോദ്യം. അദ്ദേഹത്തെ പുറത്താക്കല്‍ അനുവദനീയമാണോ എന്നതിന് പകരം നിര്‍ബന്ധമാണോ എന്നാണ് ചോദിച്ചിട്ടുള്ളത്. ഈ ഫത്‌വക്ക് അനുകൂല മറുപടിയാണ് മുഫ്തി നല്‍കിയത്. ഇത്തിഹാദിന്റെ ആളുകള്‍ അത് വോട്ടു ചെയ്ത് അംഗീകരിക്കുകയും ചെയ്തു. ഖലീഫയെ മാറ്റണമെന്നുള്ളത് മതേതരവാദികളുടെ താല്‍പര്യമായിരുന്നു.

ചരിത്രം ആവര്‍ത്തിക്കുന്നു
ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കുന്നതിന് ശൈഖുല്‍ അസ്ഹര്‍ അഹ്മദ് ത്വയ്യിബ് നല്‍കിയ ഫത്‌വയിലൂടെ അതേ ചരിത്രം ആവര്‍ത്തിക്കുകയാണ് ചെയ്തത്. രണ്ടു ദോഷങ്ങളില്‍ കൂടുതല്‍ ലഘുവായതിനെ സ്വീകരിക്കുക എന്ന തത്വമാണ് അതിന് അദ്ദേഹം ന്യായമായി ഉദ്ധരിച്ചത്. മുര്‍സിക്കെതിരെ ഉയര്‍ത്തിയതും സമാനമായ ആരോപണങ്ങളായിരുന്നു. ഇസ്‌ലാമിക രാഷ്ട്രമുണ്ടാക്കാന്‍ ശ്രമിക്കുന്നു, ഈജിപ്ഷ്യന്‍ ജനതയെ ഭിന്നിപ്പിച്ചു തുടങ്ങിയവയായിരുന്നു അവ. അദ്ദേഹം തുടരുന്നത് ദോഷവും നീക്കം ചെയ്യപ്പെടുന്നത് നന്മയുമാണെന്ന് രണ്ടിടത്തും ന്യായമായി മാറി. ഖലീഫക്കെതിരെ ക്യാമ്പയിന്‍ നടത്തിയത് ഇത്തിഹാദുകാരായിരുന്നുവെങ്കില്‍ മുര്‍സിക്കെതിരെയത് സെക്യുലറിസ്റ്റുകളും ലിബറലിസ്റ്റുകളുമാണ് നടത്തിയത്. അടിസ്ഥാനം രണ്ടിടത്തും ഒന്നു തന്നെയായിരുന്നു.

ലിബറലിസ്റ്റുകളും മതേതരവാദികളും ഈ ഫത്‌വ വായിച്ചിരുന്നോ? അല്ലെങ്കില്‍ അവരും അവരുടെ പൂര്‍വികരായ ഇത്തിഹാദുകാരും ഒരേ ഉദരത്തില്‍ നിന്നും ഒരേ ചിന്തയുമായി ജന്മം കൊണ്ടവരാണോ? ഇസ്‌ലാമിനോട് യുദ്ധം ചെയ്യുക എന്നത് മാത്രമാണ് അവരുടെ ചിന്ത. മുസ്‌ലിംകളുടെ നാടുകള്‍ക്ക് മതേതരത്തിന്റെ ചായം തേക്കാനാണ് അവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇത്തിഹാദിന്റെ ആളുകള്‍ തുര്‍ക്കിയില്‍ ചെയ്തതു തന്നെയാണ് ലിബറലിസ്റ്റുകള്‍ ഈജിപ്തില്‍ ചെയ്തു കൊണ്ടിരിക്കുന്നത്. ഈജിപ്തിന്റെ മുഖം മാറ്റി അതിനെ ഒരു ലിബറല്‍ രാഷ്ട്രമാക്കി മാറ്റുകയാണവരുടെ ലക്ഷ്യം.

തങ്ങളുടെ മതം ഇസ്‌ലാം ആകുന്നതിന് അവര്‍ക്ക് വിരോധമൊന്നുമില്ല. മസ്ജിദുകളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നതോ പെരുന്നാളുകള്‍ ആഘോഷിക്കുന്നോ അവര്‍ക്ക് പ്രശ്‌നമില്ല. മക്കയില്‍ പോയി ആളുകള്‍ ഹജ്ജ് നിര്‍വഹിക്കാന്‍ അവര്‍ അനുവാദം നല്‍കും. എന്നാല്‍ ഇസ്‌ലാമിന്റെ ചില ചിഹ്നങ്ങളോടാണ് അവരുടെ പോരാട്ടം. അവരുടെ വീക്ഷണത്തില്‍ അവയെല്ലാം ഇസ്‌ലാമിന്റേതല്ലാത്ത തീവ്രവാദ ആശയങ്ങളാണ്. മുസ്‌ലിംകള്‍ അല്ലാഹുവിന്റെ കല്‍പനക്ക് അനുസരിച്ച് ജീവിക്കുന്നതിന് പകരം അവരുടെ താല്‍പര്യത്തിനൊത്ത് ജീവിക്കുന്ന ഒരു ലിബറല്‍ ഈജിപ്താണ് അവര്‍ക്ക് വേണ്ടത്. തുര്‍ക്കിയില്‍ ഉസ്മാനി ഖിലാഫത്തിനെ ഇല്ലാതാക്കി തുര്‍ക്കി രാഷ്ട്രമാക്കിയതിന് ശേഷവും മുഫ്തിക്കും ശൈഖിനും നല്‍കുന്ന പദവി അവര്‍ നിലനിര്‍ര്‍ത്തിയിട്ടുണ്ട്. അത് അവര്‍ക്ക് എപ്പോഴും ആവശ്യമുള്ളതുകൊണ്ടാണ് ആ പദവികള്‍ നിലനിര്‍ത്തിയത്. അതുപോലെ അല്‍-അസ്ഹറും അതിന്റെ മേധാവികളും ഈജിപ്തിലെ സൈനിക അട്ടിമറി സര്‍ക്കാറിന് വേണ്ടി നിലകൊള്ളേണ്ടത് ആവശ്യമാണ്. തങ്ങള്‍ക്കു വേണ്ടി റാന്‍മൂളികളായി കഴിയുന്ന കാലത്തോളം അല്‍-അസ്ഹറിനെതിരെ ഒരു ആക്രമണവും അവര്‍ നടത്തില്ല. എന്ന് മാത്രമല്ല അവരുടെ വയറുകള്‍ നിറക്കുകയും വായ അടച്ചു കെട്ടുകയും ചെയ്യുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തി കൊടുക്കുയും ചെയ്യും.

സാഹചര്യവും കാലവും മാറിയത് അട്ടിമറിക്കാര്‍ മനസ്സിലാക്കിയിട്ടില്ല. സമാനതകള്‍ ഏറെ ഉണ്ടെങ്കിലും തുര്‍ക്കിയിലുണ്ടായിരുന്ന സാഹചര്യമല്ല ഈജിപ്തിന്റേത്. ഇസ്‌ലാമിനോടുള്ള പോരാട്ടത്തില്‍ രാഷ്ട്രീയം കൂടി ഉള്‍ക്കൊള്ളുന്ന മതത്തിന്റെ പങ്ക് വായിക്കേണ്ടത് സുപ്രധാനമാണ്. ഇസ്‌ലാമിന് വേണ്ടി ശബ്ദിക്കുന്നവരുടെ ചിത്രം വികലമാക്കാന്‍ അട്ടിമറിക്കാര്‍ ഉദ്ദേശിച്ചപ്പോള്‍ ജനങ്ങളോടവര്‍ ഇങ്ങനെ പറയാന്‍ ശ്രമിച്ചു : ‘ഇസ്‌ലാമിനും ഇസ്‌ലാമിസ്റ്റുകള്‍ക്കും ഇടയില്‍ വ്യത്യാസമുണ്ട്.’ ഇത് കേള്‍ക്കുമ്പോള്‍ അവര്‍ പറുന്നതില്‍ യാഥാര്‍ത്ഥ്യമില്ലേ എന്ന് തോന്നി പോയേക്കാം. എന്നാല്‍ നന്മ ഉദ്ദേശിച്ചല്ല അവരിത് പറയുന്നത്. ഇസ്‌ലാം എന്നത് കേവലം ചിഹ്നങ്ങളോ എഴുതിവച്ചിരിക്കുന്ന ചിന്തകളോ അല്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുകയാണ് പ്രധാനം. എന്നാല്‍ ഇസ്‌ലാമിന് അതിന് വേണ്ടി ജീവിക്കുന്നവരും ശബ്ദിക്കുന്നവരുമായ ഒരുപറ്റം ആളുകളുണ്ടെന്നത് വസ്തുതയാണ്. ‘അല്ലാഹുവിനോടും അവന്റെ ദൂതനോടും പോരടിക്കുന്നവര്‍ ഏറ്റം നീചമായ സൃഷ്ടികളില്‍ പെട്ടവര്‍തന്നെയാകുന്നു. ഞാനും എന്റെ ദൂതന്മാരും തീര്‍ച്ചയായും ജയിക്കുമെന്ന് അല്ലാഹു രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്.’ എന്നാണ് അല്ലാഹു അവരെ കുറിച്ച് പറയുന്നത്. ഇസ്‌ലാമിനും ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ക്കും വേണ്ടിയാണ് അവര്‍ നിലകൊള്ളുന്നത്. സത്യത്തിന്റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ വ്യതിചലിക്കുമ്പോള്‍ അവരോട് വിയോജിക്കലും സമരം ചെയ്യലും നിര്‍ബന്ധമാണ്. എന്നാല്‍ അവരുടെ കാര്യത്തില്‍ അത് സ്ഥിരപ്പെടാത്ത കാലത്തോളം അവരെ സഹായിക്കല്‍ നമുക്ക് നിര്‍ബന്ധമാണ്. കാരണം അവരെ സഹായിക്കുന്നതിലൂടെ അല്ലാഹുവിന്റെ ദീനിനെയാണ് നാം സഹായിക്കുന്നത്.
(അവലംബം : അല്‍ മുജ്തമഅ്‌)

വിവ : അഹ്മദ് നസീഫ്‌

 

 

 

 

 

 

 

 

 

 

 

 

 

 

 

Related Articles