Current Date

Search
Close this search box.
Search
Close this search box.

ചുവന്ന രത്‌നമാലയുടെ കഥ

ഏകാന്തമായ ആ ദിവസവും അബുല്‍ വഫാഅ് ബിന്‍ അഖീല്‍ തന്റെ അവസ്ഥയെക്കുറിച്ച് ആലോചിച്ച് കൊണ്ടേയിരുന്നു. അവിവാഹിതനായ ഒരു യുവാവായിരുന്നു അദ്ദേഹം. തന്റെ പ്രണയവും, വികാരവും, സുഖ-ദുഖങ്ങളും പങ്കുവെക്കാന്‍ യോജിച്ച ഒരു യുവതിക്കായി അദ്ദേഹത്തിന്റെ ഹൃദയം കൊതിച്ചു. പക്ഷെ, അദ്ദേഹത്തിന്റെ സ്വപ്‌നം എങ്ങനെ പൂവണിയാനാണ്? പരമദരിദ്രനും, അവശനുമായിരുന്നു അബുല്‍ വഫാഅ്. അതിനാല്‍ തന്നെ വിജ്ഞാനമാര്‍ജ്ജിക്കുകയും, നല്ലവനായി ജീവിക്കുകയുമല്ലാതെ മറ്റ് മാര്‍ം അയാള്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. അങ്ങനെ അദ്ദേഹം വിവാഹം മറന്നു, വിജ്ഞാനമാര്‍ഗത്തില്‍ ഇറങ്ങിത്തിരിച്ചു. ആ വര്‍ഷത്തെ ഹജ്ജ് മാസം കടന്ന് വന്നതോടെ അബുല്‍ വഫാഅ് പരിശുദ്ധ കര്‍മത്തിനായി യാത്രയായി.

തന്റെ ജന്മനാടായ ബഗ്ദാദില്‍ നിന്ന് ഹജ്ജ് ചെയ്യാനുള്ള അതിയായ ആഗ്രഹത്തോടെ യുവപണ്ഡിതനായ അബുല്‍ വഫാഅ് കഅ്ബാലയത്തിന്റെ തിരുമുറ്റത്തേക്ക് പുറപ്പെട്ടു. ഹജ്ജിന് ഇഹ്‌റാം കെട്ടി ലബ്ബൈക ചൊല്ലി മക്കയില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ നാവ് ദൈവസ്മരണയാല്‍ തളിരിതമായിരുന്നു. പരിശുദ്ധ ഹറമില്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ച് കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ കണ്ണുകള്‍ ഒരു തറയില്‍ കിടക്കുന്ന ചുവന്ന രത്‌ന മാലയില്‍ ഉടക്കി. വളരെ വിലയേറിയ രത്‌നങ്ങള്‍ പതിച്ച മനോഹരമായ മാലയായിരുന്നു അത്. അദ്ദേഹമത് കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. അതിനിടെയാണ് ഒരാള്‍ ഉറക്കെ വിളിച്ച് പറഞ്ഞത് കേട്ടത്. ‘ഹജ്ജാജിമാരെ, ആര്‍ക്കെങ്കിലും ഒരു ചുവന്ന മാല വീണുകിട്ടിയെങ്കില്‍ ഇന്നയിന്ന സ്ഥലത്ത് കൊണ്ട് വന്ന് ഏല്‍പിക്കേണ്ടതാണ്. അവര്‍ക്ക് ഉചിതമായ പ്രതിഫലം നല്‍കുന്നതാണ്.’ അബുല്‍ വഫാഅ് നിശ്ചിതസ്ഥാനത്തെത്തി. അവിടെ വിനയാന്വിതനായ ഒരു മനുഷ്യനെ കണ്ടു. അദ്ദേഹത്തിന്റെ മുഖത്ത് വിവരവും, മതബോധവും, ഭയഭക്തിയും പ്രകടമായിരുന്നു. അദ്ദേഹം തന്റെ നഷ്ടപ്പെട്ട മാലയുടെ അടയാളങ്ങള്‍ വിവരിച്ച് കൊടുത്തു. അതുകേട്ട അബുല്‍ വഫാഇന് ആ മനുഷ്യന്‍ തന്നെയാണ് മാലയുടെ ഉടമസ്ഥനെന്ന് ബോധ്യപ്പെട്ടു. ‘ഇത് നിങ്ങളുടെ മാലയാണ്. എനിക്കതില്‍ യാതൊരു അവകാശവുമില്ല.’ എന്ന് പറഞ്ഞ് അബുല്‍ വഫാഅ് ആ മാല ഉടമസ്ഥനെ ഏല്‍പിച്ചു. ആ മനുഷ്യന്‍ അദ്ദേഹത്തിന് നന്ദി പറയുകയും, അല്ലാഹു ഇതിനേക്കാള്‍ ഉത്തമമായത് താങ്കള്‍ക്ക് നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച അബുല്‍ വഫാഅ് ഏതാനും മാസം മക്കയില്‍ തന്നെ താമസിച്ചു. ശേഷം ബാഗ്ദാദിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു. ബാഗ്ദാദിലേക്കുള്ള മടക്ക യാത്രക്കിടയില്‍ അദ്ദേഹം ശാമിലെ ഹലബിലൂടെ സഞ്ചരിക്കുകയുണ്ടായി. അവിടത്തെ പള്ളിയിലെ പ്രസിദ്ധനായ പണ്ഡിതനെ സന്ദര്‍ശിക്കാന്‍ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. റമദാനിലെ ആദ്യ രാവായിരുന്നു അത്. അദ്ദേഹം പള്ളിയില്‍ ചെന്ന് അവിടത്തെ ഇമാമിനെ അന്വേഷിച്ചു. അദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടതായി അവിടത്തുകാര്‍ അദ്ദേഹത്തെ അറിയിച്ചു.

രണ്ട് ദിവസം ഹലബില്‍ താമസിച്ചതിന് ശേഷം തന്റെ യാത്ര പുനരാരംഭിക്കാനൊരുങ്ങുകയായിരുന്നു അബുല്‍ വഫാഅ്. അപ്പോഴാണ് ആ സ്ഥലത്തെ പ്രമാണിമാര്‍ അദ്ദേഹത്തെ കാണാനെത്തിയത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തെയും ദൈവഭക്തിയെയും കുറിച്ച് അറിഞ്ഞായിരുന്നു അവരുടെ വരവ്. തങ്ങളുടെ പള്ളിയില്‍ തറാവീഹിന് നേതൃത്വം നല്‍കുകയും, അല്ലാഹു നല്‍കിയ വിജ്ഞാനം ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നും അവര്‍ അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. പള്ളിയിലെ ഇമാമായും, ജനങ്ങള്‍ക്ക് ഉല്‍ബോധനങ്ങള്‍ നടത്തിയും റമദാന്‍ അദ്ദേഹം ഹലബില്‍ കഴിച്ചുകൂട്ടി. അദ്ദേഹത്തിന്റെ മധുരിതമായ ഖുര്‍ആന്‍ പാരായണത്തിലും, വിജ്ഞാനം പ്രസരിക്കുന്ന പ്രഭാഷണങ്ങളിലും അവിടത്തുകാര്‍ ആകൃഷ്ടരായി. ഹൃദയത്തെ പിടിച്ച് കുലുക്കുന്ന, ദൈവബോധം തുളുമ്പുന്ന വാക്കുകളായിരുന്നു അദ്ദേഹത്തില്‍ നിന്നും പ്രവഹിച്ചിരുന്നത്.

ഹലബിലെ പള്ളിയുടെ ഭാരവാഹികളും, പ്രദേശത്തെ പ്രമുഖന്‍മാരും വീണ്ടും ഒരുമിച്ച് കൂടി. അബുല്‍ വഫാഇന്റെ മടക്കത്തിന് ശേഷം പുതിയ ഇമാമിനെ നിയമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു അത്. പക്ഷെ, അബുല്‍ വഫാഅ് തന്നെ വേണം ഇമാമായി എന്നായിരുന്നു എല്ലാവരുടെയും ഏകോപിച്ചഭിപ്രായം. അദ്ദേഹത്തെ ഹലബില്‍ സ്ഥിരമായി താമസിപ്പിക്കാന്‍ പഴയ ഇമാമിന്റെ മകളെ വിവാഹം കഴിപ്പിച്ച് കൊടുക്കണമെന്ന് അവരിലൊരാള്‍ അഭിപ്രായപ്പെട്ടു. കാരണം അദ്ദേഹം മരിച്ചതിന് ശേഷം അവള്‍ ഏകയാണ്. അദ്ദേഹത്തിന് മറ്റ് സന്തതികളൊന്നും ഉണ്ടായിരുന്നില്ല.

അടുത്ത ദിവസം ഇശാഅ് നമസ്‌കാരത്തിന് ശേഷം അബുല്‍ വഫാഅ് തന്റെ താസമസ്ഥലത്തേക്ക് മടങ്ങി. അധികം താമസിയാതെ തന്നെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഹലബിലെ നാട്ടുകാരണവന്‍മാരെത്തി. പരസ്പരം വിശേഷങ്ങള്‍ പങ്കുവെച്ചതിന് ശേഷം വന്നവരിലൊരാള്‍ പറഞ്ഞു തുടങ്ങി.
-‘അബുല്‍ വഫാഅ്, ഞങ്ങള്‍ സുപ്രധാനമായ ഒരു കാര്യമവതരിപ്പിക്കാന്‍ വന്നതാണ്. അക്കാര്യത്തില്‍ താങ്കള്‍ ഞങ്ങളോട് യോജിക്കുമെന്നാണ് കരുതുന്നത്.’
-‘ഇന്‍ശാ അല്ലാഹ്, നല്ലത്…’
-‘താങ്കളെ ഹലബില്‍ എത്തിച്ചതും, അനുഗ്രഹീത റമദാനില്‍ ഞങ്ങളുടെ ഇമാമാക്കിയതും അല്ലാഹുവിന്റെ അങ്ങേയറ്റത്തെ അനുഗ്രഹമാണ്. താങ്കള്‍ക്ക് പിന്നില്‍ ഞങ്ങള്‍ പാതിരാവില്‍ എഴുന്നേറ്റ് നിന്ന് നമസ്‌കരിച്ചു. നമുക്ക് അല്ലാഹു മഹത്തായ പ്രതിഫലം നല്‍കട്ടെ. താങ്കളുടെ വിജ്ഞാനത്തില്‍ നിന്നും ഞങ്ങള്‍ നുകര്‍ന്നു. ഞങ്ങളവ കൂടുതല്‍ ആഗ്രഹിക്കുന്നു. ഹലബ് നിവാസികള്‍ താങ്കളെ ഇഷ്ടപ്പെടുകയും, അവരുടെ ഹൃദയങ്ങളില്‍ താങ്കള്‍ സ്ഥാനം പിടിക്കുകയും ചെയ്തിരിക്കുന്നു.
-ഞാന്‍ ഹലബില്‍ തന്നെ തുടരണമെന്നാണോ നിങ്ങളുദ്ദേശിക്കുന്നത്?
-അതെ അബുല്‍ വഫാഅ്, താങ്കളുടെ വേര്‍പാട് ഞങ്ങള്‍ക്ക് പ്രയാസകരമാണ്. താങ്കള്‍ അവിവാഹിതനായ യുവാവാണല്ലോ. താങ്കള്‍ക്ക് പറ്റിയ ഒരു ആലോചന ഞങ്ങളുടെ അടുത്തുണ്ട്. ഞങ്ങളുടെ ഇമാം തന്റെ പെണ്‍കുട്ടിയെ അനാഥയാക്കി വിടവാങ്ങിയിരിക്കുന്നു. അല്ലാഹു അവള്‍ക്ക് സമ്പത്തും സൗന്ദര്യവും മതബോധവും ആവശ്യത്തിലേറെ നല്‍കിയിട്ടുണ്ട്. താങ്കളുദ്ദേശിക്കുന്ന പക്ഷം അവളെ വിവാഹം കഴിച്ച് ഞങ്ങള്‍ക്കിടയില്‍ താമസിക്കാവുന്നതാണ്.
-നിങ്ങളുടെ പരിഗണനക്കും, എന്നെക്കുറിച്ച സദ്വിചാരത്തിനും നന്ദിയുണ്ട്. എന്നാല്‍ നിങ്ങള്‍ ആവശ്യപ്പെട്ട കാര്യം എനിക്ക് ആലോചിക്കേണ്ടതുണ്ട്.

അതിന് ശേഷം ഇസ്തിഖാറത്തിന്റെ നമസ്‌കാരം നിര്‍വഹിച്ച്, തീരുമാനം അല്ലാഹുവിന് വിട്ട് അബുല്‍ വഫാഅ് കാത്തിരുന്നു. ഒടുവില്‍ അദ്ദേഹം വിവാഹത്തിന് സമ്മതിച്ചു. അദ്ദേഹത്തിന് മുന്നില്‍ വര്‍ണിക്കപ്പെട്ട ആ യുവതിയോട് അദ്ദേഹത്തിന് ഇണക്കം തോന്നിത്തുടങ്ങി.
വിവാഹത്തിനും, ഹലബില്‍ താമസിക്കുന്നതിനും സമ്മതമാണെന്ന കാര്യം അബുല്‍ വഫാഅ് നാട്ടുകാരെ അറിയിച്ചു. അദ്ദേഹത്തിന്റെ വിവാഹം കെങ്കേമമായി നടത്താന്‍ തന്നെ അവര്‍ തീരുമാനിച്ചു. വിവാഹരാവിനായി അവര്‍ വധുവിനെ അണിയിച്ചൊരുക്കി.

അബുല്‍ വഫാഅ് തന്റെ മണിയറയിലേക്ക് പ്രവേശിച്ചു. തന്റെ പ്രിയതമയുടെ സൗന്ദര്യം അദ്ദേഹത്തെ വല്ലാതെ വശീകരിച്ചു. അവളുടെ മുഖത്തെ തിളക്കവും, പുഞ്ചിരിയുടെ മനോഹാരിതയും കണ്ണുകളിലെ നാണവും ഹൃദയത്തെ സ്പര്‍ശിച്ചു. അദ്ദേഹം തന്റെ ദൃഷ്ടികള്‍ അവളുടെ കഴുത്തിലേക്ക് അയച്ചു. മനോഹരമായ ഒരു ചുവന്ന രത്‌ന മാല വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു അവിടെ. ഹജ്ജ് വേളയില്‍ മക്കയില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ച അതേ മാല! അദ്ദേഹത്തിന്റെ മുഖത്ത് ആശ്ചര്യവും അല്‍ഭുതവും നിറഞ്ഞു. അദ്ദേഹത്തിന്റെ മുഖഭാവം മാറിയത് കണ്ട് മണവാട്ടി ആകെ അസ്വസ്ഥയായി. അനുചിതമായതെന്തോ തന്നില്‍ അദ്ദേഹം കണ്ടിരിക്കുന്നുവെന്ന് അവള്‍ ഭയപ്പെട്ടു. കുറച്ച് നേരം മിണ്ടാതിരുന്നതിന് ശേഷം ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.
-അബുല്‍ വഫാഅ്, അല്ലാഹുവാണ, താങ്കള്‍ എന്നില്‍ അനിഷ്ടകരമായ വല്ലതും കണ്ടോ?
-നീ പറയുന്നത് പോലെയൊന്നുമില്ല… പക്ഷെ ….. നിന്റെ ഈ…. മാല….?
-എന്താ ഈ മാലക്ക് പ്രശ്‌നം?
-ഇത് കണ്ടപ്പോള്‍ മക്കയില്‍ നിന്ന് എനിക്ക് വീണുകിട്ടിയ മാല ഞാന്‍ ഓര്‍ത്തുപോയി. ഞാനത് അതിന്റെ ഉടമസ്ഥന് തിരിച്ച് നല്‍കിയിരുന്നു. ഇതു അതുപോലെ തന്നെയുണ്ട്.
-ഓ… താങ്കളായിരുന്നോ അത്….?
ഇത് ചോദിച്ച് അവള്‍ പൊട്ടിക്കരയാന്‍ തുടങ്ങി… അവള്‍ കരച്ചില്‍ നിര്‍ത്തിയപ്പോള്‍ അബുല്‍ വഫാഅ് ചോദിച്ചു.
-അല്ല, നീയെന്തിനാ കരഞ്ഞത്?
-താങ്കള്‍ക്ക് മക്കയില്‍ നിന്ന് മാലയുണ്ടല്ലോ, അത് തന്നെയാണ് ഇത്. താങ്കളത് ഏല്‍പിച്ചത് എന്റെ പിതാവിനെ ആയിരുന്നു. അദ്ദേഹം എന്നെ അതിയായി സ്‌നേഹിച്ചിരുന്നു. അദ്ദേഹം ധാരാളമായി ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടിരുന്നു. ‘അല്ലാഹുവെ, എന്റെ മകള്‍ക്ക് നീ സദ്‌വൃത്തനായ, വിശ്വസ്തനായ ഒരു ഇണയെ നല്‍കേണമേ… എന്റെ കളഞ്ഞ് പോയ മാല തിരിച്ച് തന്നവനെപ്പോലെ സത്യസന്ധനായിരിക്കേണമേ അവന്‍…’ അതിനാല്‍ തന്നെ ഈ മാല തിരികെ നല്‍കിയ ആള്‍ക്ക് എന്റെ ഹൃദയത്തില്‍ മഹത്തായ സ്ഥാനമുണ്ടായിരുന്നു. പിതാവിന്റെ പ്രാര്‍ത്ഥന കേള്‍ക്കുംതോറും -എനിക്കദ്ദേഹത്തെ അറിയുകയില്ല എങ്കില്‍ പോലും- ഞാനദ്ദേഹത്തിലേക്ക് അടുത്ത് കൊണ്ടേയിരുന്നു. അല്ലാഹു എന്റെ പിതാവിന്റെ പ്രാര്‍ത്ഥന സ്വീകരിച്ചിരിക്കുന്നുവെന്ന് ഇപ്പോള്‍ എനിക്കറിയാം. ഞാന്‍ കാണുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട ആ വിശ്വസ്തനായ മനുഷ്യനെ തന്നെ എനിക്ക് ഇണയായി ലഭിച്ചിരിക്കുന്നു. അതിന്റെ സന്തോഷത്താലാണ് ഞാന്‍ പൊട്ടിക്കരഞ്ഞത്.

അബുല്‍ വഫാഇന് സന്തോഷം നിയന്ത്രിക്കാനായില്ല. അദ്ദേഹത്തില്‍ നിന്ന് അശ്രുകണങ്ങള്‍ നിറഞ്ഞൊഴുകി. അദ്ദേഹം തന്റെ മണവാട്ടിയെ ചേര്‍ത്ത് പിടിച്ച് സാന്ത്വനിപ്പിച്ചു. അവര്‍ രണ്ട് പേരും സന്തോഷത്താല്‍ കരയാന്‍ തുടങ്ങി.

അബുല്‍ വഫാഅ് തന്റെ ഭാര്യയെ നന്നായി സ്‌നേഹിച്ചു. അവള്‍ അദ്ദേഹത്തിന് സ്‌നേഹനിധിയായ ഇണയുമായിരുന്നു. അവര്‍ക്കിടയില്‍ ആഹ്ലാദത്തിന്റെ നാളുകള്‍ തിളിര്‍ത്ത് തുടങ്ങി.
സ്‌നേഹോഷ്മളമായ ദാമ്പത്യം ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും അദ്ദേഹത്തിന്റെ ഭാര്യക്ക് രോഗം ബാധിക്കുകയും മരണപ്പെടുകയും ചെയ്തു. അബുല്‍ വഫാഇന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ വിയോഗം.

അബുല്‍ വഫാഇന് ഹലബില്‍ കൂടുതല്‍ താമസിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ദുഖിതനായ അദ്ദേഹം ബഗ്ദാദിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു. യാത്രയാക്കാന്‍ ജനങ്ങള്‍ തടിച്ച് കൂടി. അനന്തര സ്വത്തും അവിടെ ശേഖരിച്ച് വെച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് അവിടെ അനന്തരാവകാശി ഇല്ലല്ലോ….  തന്റെ അനന്തര സ്വത്തിലേക്ക് കണ്ണുകള്‍ അയച്ച അബുല്‍ വഫാഅ് ഓരോന്നോരോന്നായി കണ്ടു. ദിര്‍ഹമുകള്‍… ദീനാറുകള്‍… മറ്റ് സമ്പത്തുകള്‍.. വിഭവങ്ങള്‍… പൊടുന്നനെ അദ്ദേഹത്തിന്റെ ദൃഷ്ടി അവക്കിടയില്‍ തിളങ്ങുന്ന എന്തിലോ ഉടക്കി… ചുവന്ന രത്‌ന മാലയായിരുന്നു അത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി… അദ്ദേഹമത് കയ്യിലെടുത്തു… പതിയെ, ബാഗ്ദാദിലേക്ക് യാത്രയായി….

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles