Current Date

Search
Close this search box.
Search
Close this search box.

ചരിത്രത്തിലെ അത്യുജ്ജ്വല ദൃശ്യം

ഇസ്‌ലാമിക രാഷ്ട്രത്തിലെ കോടതി. പ്രതിയായി ഹാജരാക്കപ്പെട്ടിരിക്കുന്നത് ഖുതൈബതു ബ്‌നു മുസ്‌ലിം ആണ്. ‘ഖുതൈബ’, സ്ഥാനപ്പേര് ഒഴിവാക്കിയാണ് വിളിക്കപ്പെട്ടത്. അദ്ദേഹം വന്നു, വാദിയായി ഹാജരായത് ചര്‍ച്ചിന്റെ അധികാരിയായിരുന്നു. കോടതിയില്‍ വിചാരണയാരംഭിക്കുകയാണ്. ‘അല്ലയോ സമര്‍ഖന്ദുകാരാ, എന്താണ് താങ്കളുടെ പരാതി’ ന്യായാധിപന്‍ ചോദിച്ചു.

അദ്ദേഹം പറഞ്ഞു. ‘ഞങ്ങളെ ഖുതൈബയും സൈന്യവും ആക്രമിച്ചു. ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയോ, ചിന്തിച്ച് തീരുമാനമെടുക്കാന്‍ സമയമനുവദിക്കുകയോ ചെയ്തില്ല.’
ഖുതൈബയിലേക്ക് തിരിഞ്ഞ് ന്യായാധിപന്‍ ചോദിച്ചു. ‘എന്താണ് താങ്കള്‍ക്ക് പറയുവാനുള്ളത്?’ അദ്ദേഹം നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു ‘യുദ്ധം തന്ത്രമാണ്. ഇവരാകട്ടെ വലിയ രാജ്യവും. അവര്‍ക്ക് ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളിലുള്ളവരും ചെറുത്ത് നില്‍ക്കുകയായിരുന്നു. അവര്‍ ഇസ്‌ലാം സ്വീകരിക്കുകയോ, ജിസ്‌യ നല്‍കാന്‍ തയ്യാറാവുകയോ ചെയ്തില്ല.’
ന്യായാധിപന്‍ ചോദ്യമാവര്‍ത്തിച്ചു ‘താങ്കള്‍ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയോ, ജിസ്‌യ നല്‍കാന്‍ ആവശ്യപ്പെടുകയോ, യുദ്ധത്തിന് വിളിക്കുകയോ ചെയ്‌തോ?’
അദ്ദേഹം പറഞ്ഞു ‘ഇല്ല, നേരത്തെ പറഞ്ഞത് പോലെ പെട്ടന്ന് ആക്രമിക്കുകയാണ് ചെയ്തത്’
‘താങ്കള്‍ തന്നെ കുറ്റം അംഗീകരിച്ചിരിക്കുന്നു. പ്രതി കുറ്റം സമ്മതിച്ചാല്‍ കോടതി വിചാരണ പൂര്‍ത്തിയായല്ലോ. അല്ലയോ ഖുതൈബ, അല്ലാഹു ഈ ഉമ്മത്തിനെ സഹായിക്കുന്നത് അതിന്റെ ദീനും, വഞ്ചനയോടുള്ള വെറുപ്പും നീതി സ്ഥാപിക്കാനുള്ള താല്‍പര്യവും കാരണത്താലാണ്’ ന്യായാധിപന്‍ അദ്ദേഹത്തെ ശാസിച്ച് കൊണ്ട് വിധി ഇപ്രകാരം പ്രസ്താവിക്കുന്നു. ‘സമര്‍ഖന്ദ് പ്രദേശത്തെ എല്ലാ മുസ്‌ലിംകളെയും -അവര്‍ സ്ത്രീകളോ, കുട്ടികളോ, പുരുഷന്‍മാരോ, സൈനികരോ, ഭരണാധികാരികളോ ആവട്ടെ- അവിടെ നിന്ന് പുറത്താക്കാന്‍ നാം വിധിച്ചിരിക്കുന്നു. വീടുകളില്‍ നിന്നും കച്ചവട സ്ഥാപനങ്ങളില്‍ നിന്നും അവര്‍ ഒഴിവാകേണ്ടതാണ്. സമര്‍ഖന്ദില്‍ ഇനി ഒരു മുസ്‌ലിമും അവശേഷിക്കാവതല്ല’.

 

തങ്ങള്‍ കേട്ടതും കണ്ടതും വിശ്വസിക്കാനാവാതെയാണ് കോടതിയില്‍ ഹാജരായ പുരോഹിതന്‍മാര്‍ മടങ്ങിയത്. വളരെ കുറഞ്ഞ സമയമായിരുന്നു വിചാരണ. നിമിഷങ്ങള്‍ക്കകം തന്നെ സമര്‍ഖന്ദുകാര്‍ ഉച്ചത്തിലുള്ള ശബ്ദം അങ്ങിങ്ങായി കേള്‍ക്കുകയുണ്ടായി. ശബ്ദമുഖരിതമായ, അന്തരീക്ഷത്തില്‍ പൊടി പാറുന്നതിനെകുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് ലഭിച്ച മറുപടി ഇപ്രകാരമായിരുന്നു. ‘വിധി നടപ്പാക്കപ്പെട്ടിരിക്കുന്നു. സൈന്യം പിന്‍വാങ്ങിയിരിക്കുന്നു.’ കണ്ട് നിന്നവരുടെ തൊലികള്‍ രോമാഞ്ചം കൊള്ളുന്ന കാഴ്ചയായിരുന്നു അത്.
അന്ന് സൂര്യനസ്തമിച്ചപ്പോഴേക്കും അവിടെ ഒരു മുസ്‌ലിമും ഉണ്ടായിരുന്നില്ല. ആളൊഴിഞ്ഞ ആ പ്രദേശത്ത് പട്ടികള്‍ അലഞ്ഞ് നടക്കുന്നുണ്ടായിരുന്നു. കരുണയുള്ള ഒരു ജനത തങ്ങളില്‍ നിന്നും അകന്ന് പോയതിന്റെ പേരില്‍ അവിടെയുള്ള വീടുകളില്‍ നിന്ന് കരച്ചില്‍ ഉയരുന്നുണ്ടായിരുന്നു.
അവര്‍ക്ക് സ്വയം നിയന്ത്രിക്കാനായില്ല. പ്രദേശവാസികളും അവര്‍ക്ക് നേതൃത്വം നല്‍കി പുരോഹിതനും ചേര്‍ന്ന് മുസ്‌ലിംകളുടെ കൂടാരത്തിന്റെ അടുത്തേക്ക് വന്നു. അവര്‍ ശഹാദത്ത് കലിമ ഉരുവിട്ട് ഇസ്‌ലാം സ്വീകരിച്ചായിരുന്നു ഈ വരവ്.
എത്ര മനോഹരമായ ചരിത്രം. നമ്മുടെ പ്രശോഭിതമായ ചരിത്രത്തിലെ ഒരു സംഭവം മാത്രമാണിത്.
ഒരു സൈന്യം ഏതെങ്കിലും പ്രദേശം കീഴടക്കുകയും, ശേഷം പ്രദേശവാസികള്‍ വിജയിച്ചവരോട് പരാതി പറയുകയും ചെയ്ത ചരിത്രം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? വിജിയകളായവര്‍ പ്രസ്തുത പ്രദേശം വിട്ട് പുറത്ത് പോവണമെന്ന വിധി നിങ്ങള്‍ക്ക് വിശ്വസിക്കാനാവുമോ? ചരിത്രത്തില്‍ അതുല്യമായ സംഭവങ്ങളിലൊന്നാണിത്.
ഉമറു ബ്‌നു അബ്ദില്‍ അസീസ്(റ)ന്റെ കാലത്താണ് ഇത് നടക്കുന്നത്. ഇസ്‌ലാമിക സൈന്യം തങ്ങളുടെ നാട്ടില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് സമര്‍ഖന്ദുകാര്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒരു ദൂതനെ അയച്ചു. അദ്ദേഹം ഈ വിഷയത്തില്‍ വിചാരണ നടത്താന്‍ കോടതിയെ ചുമതലപ്പെടുത്തി. പ്രസ്തുത വിചാരണയാണ് നാം മുകളില്‍ വായിച്ചത്.

 

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles