Current Date

Search
Close this search box.
Search
Close this search box.

കോഹിനൂര്‍ ; ഒരു രത്‌നത്തിന്റെ ജാതകം

ബ്രിട്ടീഷുകാര്‍  ഇന്ത്യയില്‍ നിന്ന്കടത്തിയ പൗരാണിക വസ്തുക്കളില്‍ ഇന്ത്യയുടെ ചരിത്രത്തോളം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കോഹിന്നൂര്‍ രത്‌നം ഇന്നും വീണ്ടെടുത്തിട്ടില്ല. 187 കാരറ്റ് തൂക്കമുണ്ടായിരുന്ന ഈ വൈരക്കല്ല് വിക്‌ടോറിയാ രാജ്ഞിയുടെ കാലത്ത് ഹോളണ്ടിലെ     ഒരു വ്യാപാരി ഉരച്ച് കേടുവരുത്തിയശേഷം ശോഭ കുറഞ്ഞ് തൂക്കം 106 കാരറ്റായി ചുരുങ്ങി. പിന്നീട് തിളക്കം കൂട്ടിയ കോഹിനൂര്‍ ബ്രിട്ടീഷ് കിരീടത്തിലുള്ള കുരിശിന്റെ നടുവില്‍ പതിച്ചിരിക്കയാണ്. പതിവായി ഉപയോഗിക്കാത്ത ഈ കിരീടം രാജകുടുംബത്തിലെ ആഭരണങ്ങളോടൊപ്പം ലണ്ടന്‍ ടവറില്‍ പ്രദര്‍ശനത്തിനുവെച്ചിരിക്കുകയാണ്.

ക്രിസ്തുവിനുമുമ്പ് മൂന്നാം നൂറ്റാണ്ടില്‍ സ്യമന്തക രത്‌നം എന്നറിയപ്പെട്ടിരുന്ന ഈ രത്‌നം അശോകചക്രവര്‍ത്തിയുടെ കൈവശമായിരുന്നു. അശോകനും മൗര്യ സാമ്രാജ്യവുമെല്ലാം നശിച്ച് 1200 വര്‍ഷങ്ങള്‍ക്കുശേഷം A.D. ആയിരാം ആണ്ടിന്നടുത്ത് സ്യമന്തകം മദ്ധ്യേന്ത്യയില്‍ മാളവ രാജാക്കന്മാരിലാണ് എത്തിച്ചേര്‍ന്നത്. 1306 ല്‍ അലാവുദ്ദീന്‍ ഖില്‍ജി മാളവരാജ്യം കീഴടക്കി. പിന്നീട് 200 കൊല്ലം കഴിഞ്ഞ് 1526 ല്‍ മുഗള്‍വംശ സ്ഥാപകനായിരുന്ന ബാബര്‍ ദല്‍ഹിയിലെ ഇബ്രാഹിം ലോഡിയെ പാനിപ്പത്ത് യുദ്ധത്തില്‍ കീഴടക്കിയപ്പോള്‍ ബാബറിന്റെ പുത്രന്‍ ഹുമയൂണ്‍ ഈ രത്‌നം വീണ്ടെടുത്ത് പാതാവിന്ന് നല്‍കുന്നതോടെ സ്യമന്തകം മുഗളരുടെ കൈവശമായി. ബാബറിന്റെ മരണശേഷം പേര്‍ഷ്യയില്‍ അഭയം പ്രാപിച്ച ഹുമയൂണ്‍ പ്രതിയോഗിയായ ശേര്‍ഷായില്‍നിന്ന് ഇന്ത്യ തിരിച്ചുപിടിക്കാന്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഷാ ചക്രവര്‍ത്തിക്ക് ഈ രത്‌നം കാഴ്ചവെച്ചു. സ്യമന്തകത്തില്‍ താല്‍പര്യമില്ലാതിരുന്ന ഷാ ഹുമയൂണിനെ സഹായിച്ചെങ്കിലും രത്‌നം അഹമ്മദ്‌നഗറിലെ നവാബ് ബുര്‍ഹാനുദ്ദീന് സമ്മാനിക്കുകയാണുണ്ടായത്. ബുര്‍ഹാനുദ്ദീന്‍ വധിക്കപ്പെട്ടശേഷം വര്‍ഷങ്ങളോളം ഈ രത്‌നം അഹമ്മദ്‌നഗറിലെ നവാബ് കുടുംബത്തിന്റെ കൈവശമായിരുന്നു. തുടര്‍ന്ന് അത് ഗോള്‍ക്കൊണ്ടയിലെ കുതുബ്ഷാ വംശക്കാരുടെ കൈയിലായി. മൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം പ്രധാനമന്ത്രിയുമായി തെറ്റിയതോടെ അഭയംതേടി ആഗ്രയിലെത്തി ഷാജഹാന്ന് രത്‌നം കാഴ്ചവെച്ച് ജോലി സ്വീകരിച്ചു.

1739 ല്‍ പേഴ്‌സ്യയിലെ നാദിര്‍ഷാ ദല്‍ഹി കീഴടക്കുന്നതിവരെ സ്യമന്തകം മുഗള്‍ വംശത്തിന്റെ കൈവശമായിരുന്നു. ഈ രത്‌നം കണ്ട് അല്‍ഭുതപ്പെട്ട നാദിര്‍ഷാ ‘കോഹിനൂര്‍’ (പ്രകാശത്തിന്റെ പര്‍വ്വതം എന്ന് പാര്‍സിയില്‍)  എന്ന് ഉറക്കെ വിളിച്ചുപറഞ്ഞതോടെ ആ രത്‌നം കോഹിനൂര്‍ എന്ന പേരില്‍ പ്രസിദ്ധമായി. കോഹിനൂര്‍ രത്‌നവും മയൂര സിംഹാസനവും നാദിര്‍ഷായുടെ കുടുംബത്തില്‍ ഓരോരുത്തനും ഇതരനെ വഞ്ചിച്ച് വധിച്ച് ഒടുവില്‍ നാദിര്‍ഷായുടെ പ്രായപൂര്‍ത്തിയാകാത്ത പുത്രന്‍ ഷാറൂഖിന്റെ കയ്യില്‍ എത്തിച്ചേര്‍ന്നു. 1749 ല്‍ പേര്‍ഷ്യ കീഴടക്കിയ അഫ്ഗാനിസ്ഥാനിലെ അഹമ്മദ്ഷാ അബ്ദാലിയുടെ കൈവശമായ കോഹിനൂറിനുവേണ്ടി അദ്ദേഹത്തിന്റെ സഹോദരന്മാരും പുത്രന്മാരും കൊലയും പീഡനവും തുടര്‍ന്നു. 1809 ല്‍ അബ്ദാലിയുടെ പുത്രന്‍ ഷൂജ ഈ രത്‌നം അടക്കമുള്ള സമ്പത്തുകള്‍ മഹരാജ രഞ്ചിത് സിംഗിന്റെ സഹായത്തോടെ പഞ്ചാബില്‍ എത്തിച്ചു. നാലുവര്‍ഷം കഴിഞ്ഞ് കാബൂള്‍ വീണ്ടും കീഴടക്കാന്‍ തന്നെ സഹായിക്കാമെങ്കില്‍ പകരം കോഹിനൂര്‍ നല്‍കാമെന്ന് പറഞ്ഞ ഷൂജയില്‍നിന്ന് രത്‌നം കൈക്കലാക്കി അദ്ദേഹത്തെ ജയിലിലടച്ചു. ഈ ശപിക്കപ്പെട്ട രത്‌നം പുരി ജഗന്നാഥക്ഷേത്രത്തിലേക്ക് വഴിപാടായി നല്‍കി ഒഴിവാക്കാന്‍ രഞ്ചിത് സിംഗ് തീരുമാനിച്ചു. ഈ നിര്‍ദേശം നടപ്പിലാക്കുന്നതിനുമുമ്പായി 1843 ല്‍ അദ്ദേഹം മരിച്ചു. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാകമ്പനി പഞ്ചാബ് പിടിച്ചെടുത്തു, കോഹിനൂര്‍ രത്‌നവും ഇതര സമ്പത്തുകളും കൈക്കലാക്കി, രഞ്ചിത്‌സിംഗിന്റെ ഇളയപുത്രന്‍ ദിലീപ്‌സിംഗിന്ന് 5 ലക്ഷം രൂപ വാര്‍ഷികപെന്‍ഷന്‍ അനുവദിച്ചു.

1850 ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ചെയര്‍മാന്‍ ഡി. ജി മണ്ടേല്‍ കോഹിനൂര്‍ വിക്‌ടോറിയാ മഹാരാജ്ഞിക്ക് സമ്മാനിച്ചു. പിറ്റേവര്‍ഷം ലണ്ടനിലെ ഹൈഡ്പാര്‍ക്കില്‍ ഇന്നും വില തിട്ടപ്പെടുത്താത്ത ഈ രത്‌നം പൊതു ദര്‍ശനത്തിന് വെച്ചു.

Related Articles