Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലെ മത വിദ്യാഭ്യാസ രംഗം; വളര്‍ച്ചയും വികാസവും

ചേരമാന്‍ പെരുമാളിന്റെ ഇസ്‌ലാം ആശ്ലേഷണത്തോടെയാണ് കേരളത്തില്‍ ഇസ്‌ലാമിക മുന്നേറ്റത്തിന് ആരംഭം കുറിക്കുന്നത്. കാലാന്തരമായി മുസ്‌ലിംകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലവാരം അന്ന് മുസ്‌ലിംകള്‍ക്കുണ്ടായിരുന്നു. എന്നിരുന്നാലും ജീവിതത്തിന്റെ മുഴുവന്‍ മേഖലകളിലും ഇസ്‌ലാമിനെ പ്രതിനിധീകരിക്കുവാന്‍ അവര്‍ക്ക് സാധിച്ചില്ല. കാരണം അക്കാലഘട്ടത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്‌ലാമിന്റെ കര്‍മ്മശാസ്ത്ര മണ്ഡലങ്ങള്‍ ചിന്താപരവും വൈജ്ഞാനികവുമായ വളര്‍ച്ച പ്രാപിച്ച സന്ദര്‍ഭങ്ങളിലൊന്നും കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ അത്തരത്തിലുള്ള ചര്‍ച്ചകളോ വൈജ്ഞാനികമായ മറ്റു സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല എന്നതായിരുന്നു. കേരളത്തില്‍ ഇസ്‌ലാമിക ജ്ഞാന പരിസരത്തിനും മതാത്മക കര്‍മ്മശാസ്ത്ര പഠനങ്ങള്‍ക്കും സജീവത കൈവരുന്നത് മഖ്ദൂം കുടുംബത്തിന്റെ വരവോടെയായിരുന്നു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികളാല്‍ കേരളത്തിലെ ഇസ്‌ലാമിക സമൂഹം കടുത്ത സ്വത്വ പ്രതിസന്ധിയെ അഭിമുഖീകരിച്ച സവിശേഷമായ ഒരു ചരിത്ര ഘട്ടത്തില്‍ സമുദായത്തിന് ദിശാബോധത്തോടെ നേതൃത്വം നല്‍കുകയും കേരളീയ മുസ്‌ലിം ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും നവോത്ഥാനത്തിന്റെ കൈത്തിരി പടര്‍ത്തുകയും ഇസ്‌ലാമിക വഴിയിലൂടെ കൈപിടിച്ച് നടത്തുകയും ചെയ്ത രണ്ട് മഹാപണ്ഡിതന്‍മാരായിരുന്നു പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ പൊന്നാനിയില്‍ ജീവിച്ച സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും രണ്ടാമനും. അങ്ങനെയാണ് കര്‍മ്മശാസ്ത്ര സംവാദങ്ങള്‍ക്കും മതകീയ പഠനങ്ങള്‍ക്കും പള്ളി ദര്‍സുകളിലൂടെ തുടക്കം കുറിക്കപ്പെടുന്നത്. ഈ വൈജ്ഞാനിക കേന്ദ്രങ്ങള്‍ക്ക് ഓരോ നൂറ്റാണ്ട് പിന്നിടുമ്പോഴും വളര്‍ച്ചയും വികാസവും രൂപപ്പെട്ടു കൊണ്ടിരുന്നു. പിന്നീട് ഓത്തുപള്ളികളായും മദ്രസകളായും ഇസ്‌ലാമിക കലാലയങ്ങളായും എത്തിയിരിക്കുകയാണ് ഇന്നിന്റെ കേരളത്തിലെ മതപഠനാന്തരീക്ഷം.

പള്ളിദര്‍സുകള്‍
കേരളീയ മുസ്‌ലിംകളുടെ ജീവിതവുമായി ബന്ധപ്പെട്ട് അറിവുകള്‍ പഠിച്ച് തുടങ്ങിയത് പള്ളിദര്‍സ് സംവിധാനത്തിലൂടെയായിരുന്നു. ഇസ്‌ലാമിക തനിമ കാത്തുസൂക്ഷിക്കുന്നതിനും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും ഗ്രന്ഥങ്ങളും തലമുറകളിലൂടെ കൈമാറുന്നതിലും സമൂഹത്തിന് കാലികമായ നേതൃത്വം നല്‍കുന്നതിനും യോഗ്യരായ പണ്ഡിതരെ വളര്‍ത്തിയെടുക്കുന്നതിനും പള്ളിദര്‍സുകള്‍ വഹിച്ച പങ്ക് ഒഴിച്ചു കൂടാനാവത്തതാണ്. ചരിത്രപരമായി പ്രവാചക ചരിത്രത്തോട് പാരസ്പര്യം പുലര്‍ത്തുന്നത് കൂടിയാണ് ഈ ദീനീ കേന്ദ്രങ്ങള്‍. പ്രവാചകന്റെ കാലത്ത് അഹ്‌ലുസ്സുഫ്ഫ എന്ന പേരില്‍ സ്വഹാബികളുടെ ഒരു കൂട്ടം തിരുമേനിയോടൊപ്പം വിജ്ഞാന സമ്പാദനത്തിന് സമയം ചെലവഴിച്ചിരുന്നു. നബി(സ) മദീന പള്ളിയില്‍ തുടങ്ങിയ ഈ പഠന സംവിധാനം ഇസ്‌ലാമിക ആഗമനത്തോടെ തന്നെ കേരളത്തില്‍ നടപ്പിലാക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാം. ബഗ്ദാദ്, അലക്‌സാണ്ട്രിയ, ദമസ്‌കസ്, ഗ്രാനഡ, കൈറോ, മക്ക, മദീന തുടങ്ങിയ എല്ലാ ഇസ്‌ലാമിക നഗരങ്ങളിലും പള്ളി ദര്‍സുകള്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നെങ്കിലും അവ പില്‍ക്കാലത്ത് കോളേജുകള്‍ക്ക് വഴിമാറുകയോ ജാമിഅകളും മറ്റുമായി രൂപം പ്രാപിക്കുകയും ചെയ്തു. എന്നാല്‍ കേരളത്തില്‍ ഇന്നും കാലികമായ മാറ്റത്തോടു കൂടി പള്ളിദര്‍സ് സംവിധാനം മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുണ്ട്.

കേരളത്തിലെ തീരദേശ പ്രദേശങ്ങളായ കൊടുങ്ങല്ലൂര്‍, കൊല്ലം, കോഴിക്കോട്, ചാലിയം, താനൂര്‍, പൊന്നാനി തുടങ്ങിയ പട്ടണങ്ങളില്‍ ഇസ്‌ലാമിന്റെ ആഗമന കാലത്ത് തന്നെ നിര്‍മിക്കപ്പെട്ട പള്ളികളില്‍ അറേബ്യയില്‍ നിന്ന് ഉന്നത പണ്ഡിതര്‍ ദര്‍സ് അധ്യാപനം നടത്തിയതിന്റെ സൂചനകള്‍ ചരിത്രത്തില്‍ ദര്‍ശിക്കുന്നത് കാണാം. ഏകദേശം എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് താനൂരിലെ വലിയ കുളങ്ങര പള്ളിയില്‍ ദര്‍സ് തുടങ്ങിയിരുന്നത്. ഈജിപ്ത്, യമന്‍, ഹളര്‍ മൗത്, ഹിജാസ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള പണ്ഡിതന്‍മാര്‍ അവിടെ അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്നു. പ്രശസ്ത കര്‍മ്മശാസ്ത്ര പണ്ഡിതനായിരുന്ന ഇമാം മുഹമ്മദ് അബ്ദുല്ലാഹിന്‍ ഹദ്‌റമിയില്‍ കാഹിരി ഹിജ്‌റ ആറാം നൂറ്റാണ്ടിന്റെ പകുതിയില്‍ അവിടെ മുദര്‍രിസും മുഫ്തിയുമായി സേവനമനുഷ്ഠിച്ചതുമായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ സുപ്രധാന ദിശാ മാറ്റത്തിന് നാന്ദി കുറിച്ച് പതിനഞ്ചാം നൂറ്റാണ്ടിലെ മഖ്ദൂം കുടുംബത്തിന്റെ കടന്നുവരവ്, കേരളീയ മുസ്‌ലിംകളില്‍ സാമൂഹികവും സാംസ്‌കാരികവും ആദര്‍ശപരവുമായ മേഖലകളിലെല്ലാം നവീകരണവും പുതുവസന്തവും സംഭവിച്ചതു പോലെ കേരളത്തിലെ മതാത്മക വൈജ്ഞാനിക മണ്ഡലങ്ങളായ പള്ളിദര്‍സ് സമ്പ്രദായത്തിലും വേറിട്ട ഉണര്‍വും ഓജസ്സും ഉണ്ടാക്കി. വിദേശത്ത് ഈജിപ്തിലെ അല്‍അസ്ഹറിലടക്കം ഉപരിപഠനം നടത്തുകയും ബഹുമുഖ പണ്ഡിത യുഗപ്രഭുക്കള്‍ക്കൊപ്പം സഹവസിക്കുകയും ചെയ്ത സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ ദീര്‍ഘവീക്ഷണത്തോടു കൂടിയ ചിന്തയില്‍ നിന്നായിരുന്നു പൊന്നാനിയിലടക്കം വ്യവസ്ഥാപിത രീതിയിലുള്ള പള്ളിദര്‍സുകള്‍ നിലവില്‍ വന്നത്. മഖ്ദൂം ഒന്നാമന്റെ വിദേശ കലാലയങ്ങളിലെ പ്രായോഗിക ജ്ഞാനം തന്നെയായിരിക്കും പള്ളിദര്‍സുകളെ നവീകരണത്തിന് അദ്ദേഹം വിധേയമാക്കിയിട്ടുണ്ടാവുക. മഖ്ദൂം കുടുംബത്തിന്റെ വരവിന് മുമ്പുള്ള കേരളീയ മുസ്‌ലിംകളില്‍ കര്‍മ്മശാസ്ത്ര വൈജ്ഞാനിക രാഹിത്യം വളരെ വലിയ തോതില്‍ പ്രകടമായിരുന്നു എന്ന് മനസ്സിലാക്കാന്‍ കേരളത്തിലെ ചില ഭാഗങ്ങളില്‍ അന്ന് മുസ്‌ലിംകളില്‍ നിലനിന്നിരുന്ന ദായധന ക്രമത്തെക്കുറിച്ച് ‘തുഹ്ഫതുല്‍ മുജാഹിദീനി’ല്‍ നല്‍കിയ വിവരണം ശ്രദ്ധിച്ചാല്‍ മതി. വടക്കേ മലബാറില്‍ പലയിടത്തും മുസ്‌ലിംകള്‍ക്കിടയില്‍ മരുമക്കത്തായ രീതിയിലുള്ള അനന്തരാവകാശ വിതരണ ക്രമമാണ് നിലനിന്നിരുന്നത്. ഇത്തരത്തില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍ നിലനിന്ന കര്‍മ്മശാസ്ത്ര അല്‍പജ്ഞാനത മനസ്സിലാക്കിയാണ് ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ തലമുറകളെ വൈജ്ഞാനികമായി ശാക്തീകരിക്കാന്‍ ഉതകുന്ന ഒരു സംരംഭത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും പൊന്നാനിയിലെ പൗരപ്രമുഖരുമായി കൂടിയാലോചിച്ചും അവിടെ ഒരു ജുമുഅത്ത് പള്ളി സ്ഥാപിക്കുകയും പള്ളി കേന്ദ്രീകരിച്ച് വ്യവസ്ഥാപിതമായ മതപഠനത്തിന് സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തത്. കേരളത്തില്‍ വൈജ്ഞാനിക നവോത്ഥാനത്തിന് തിരികൊളുത്തിയ വ്യവസ്ഥാപിത പള്ളിദര്‍സിന്റെ ആരംഭമായിരുന്നു അത്. യഥാര്‍ത്ഥത്തില്‍ പൊന്നാനി ചരിത്രത്തില്‍ സ്ഥാനം പിടിക്കുന്നത് തന്നെ അവിടത്തെ പള്ളിയിലെ ദര്‍സ് സംവിധാനത്തിലൂടെയാണ്. കേരളീയ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഇത് ഒരു നവീനമായ ഒരു അനുഭവം തന്നെയായിരുന്നു. മതപരമെന്നോ ഭൗതികമെന്നോ ഉള്ള വേര്‍തിരിവ് ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ ആവിഷ്‌കരിച്ച പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്നില്ല. അക്കാലത്ത് ഇസ്‌ലാമിക ലോകത്ത് പ്രചാരത്തിലുള്ള എല്ലാ ശാസ്ത്രങ്ങളും തത്വചിന്തകളും കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും അവിടെ പഠിപ്പിക്കപ്പെട്ടിരുന്നു. പൊന്നാനിയിലെ പ്രസിദ്ധമായ ‘വിളക്കത്തിരിക്കല്‍ സമ്പ്രദായ’ത്തിന് തുടക്കം കുറിച്ചതും ഇദ്ദേഹമാണ്. വിളക്കിനു താഴെ വൃത്താകൃതിയിലിരുന്ന് ഓതിപ്പഠിക്കുന്നതാണ് അന്നത്തെ വിദ്യാഭ്യാസ രീതി. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മാത്രമേ ഇപ്രകാരം വിളക്കത്തിരുന്ന് പഠിച്ചിരുന്നുള്ളൂ. ഇതിലൂടെ കടന്നു പോവുന്ന വിദ്യാര്‍ത്ഥി കിടയറ്റ പണ്ഡിതനായി സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

ക്രിസ്താബ്ദം 1522-ല്‍ സൈനുദ്ദീന്‍ ഒന്നാമന്‍ മരണമടഞ്ഞു. തന്റെ മുന്‍ഗാമി മഖ്ദൂം ഒന്നാമന്റെ മരണത്തിന് ശേഷം പള്ളിദര്‍സുകളിലെ മതാത്മക പഠന നൈരന്തര്യത്തിന് നായകത്വം നല്‍കിയത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനായിരുന്നു. മഖ്ദൂം ഒന്നാമനെ പോലെത്തന്നെ വിദേശത്ത് പരിശുദ്ധ മക്കയില്‍ പഠനം നടത്തുകയും തന്റെ ഗുരുവായ വിശ്വ പ്രസിദ്ധ പണ്ഡിതനും ശാഫിഈ മദ്ഹബിലെ പ്രസിദ്ധ കര്‍മ്മശാസ്ത്ര പണ്ഡിതന്‍ തുഹ്ഫയുടെ രചയിതാവ് ഇബ്‌നു ഹജറില്‍ ഹൈഥമിയുമായി ബന്ധം പുലര്‍ത്തുകയും ചെയ്ത മഖ്ദൂം രണ്ടാമന്‍ ഉപരിപഠനം കഴിഞ്ഞ് തന്റെ മുന്‍ഗാമി തുടക്കം കുറിച്ച പൊന്നാനി ദര്‍സില്‍ പുതിയ പാഠ്യപദ്ധതി തയ്യാറാക്കുകയും ശാഫിഈ മദ്ഹബ് പ്രകാരമുള്ള സ്വന്തമായി എഴുതിയ തന്റെ കര്‍മ്മശാസ്ത്ര ഗ്രന്ഥം ‘ഫത്ഹുല്‍ മുഈന്‍’ അവിടെ പഠിപ്പിക്കുകയും ചെയ്തു. ഈ ഗ്രന്ഥം രചിക്കപ്പെടുന്നതിന് മുമ്പ് കര്‍മ്മശാസ്ത്ര അധ്യാപനത്തിന് പ്രധാനമായും അവലംബിച്ചിരുന്നത് ഇബ്‌നു ഹജരില്‍ ഹൈഥമിയുടെ ‘തുഹ്ഫതുല്‍ മുഹ്താജാ’യിരുന്നു. ബൃഹത് വാള്യങ്ങളുള്ള ഈ കൃതി റഫറന്‍സ് എന്ന നിലയില്‍ മികച്ചതാണെങ്കിലും സാധാരണ പഠിതാവിനെ സംബന്ധിച്ചിടത്തോളം പ്രയോജനപ്പെടുത്താന്‍ അത്യന്തം പ്രയാസകരമായിരുന്നു. ഈ പ്രയാസം ദൂരീകരിക്കുവാന്‍ തുഹ്ഫയില്‍ പ്രതിപാദിച്ച വിഷയങ്ങള്‍ ഏറെക്കുറെ സംക്ഷിപ്തമായി ഉള്‍ക്കൊള്ളിച്ചു കൊണ്ട് മഖ്ദൂം രണ്ടാമന്‍ ഫത്ഹുല്‍ മുഈന്‍ രചിക്കുന്നത്. ആദ്യം പൊന്നാനി പള്ളിദര്‍സിലാണ് ഫത്ഹുല്‍ മുഈന്‍ പഠിപ്പിച്ചതെങ്കിലും ഏറെക്കാലം കഴിയുന്നതിന് മുമ്പ് തന്നെ കേരളത്തിലെ മറ്റ് പള്ളിദര്‍സുകളിലും കര്‍മ്മശാസ്ത്ര ഗ്രന്ഥമായി അംഗീകരിക്കപ്പെട്ടു. ഫത്ഹുല്‍ മുഈന്‍ രചനയോടു കൂടിയായിരുന്നു കര്‍മ്മശാസ്ത്ര വഴിയിലൂടെ കേരളീയ മുസ്‌ലിംകള്‍ നടന്നു നീങ്ങുവാന്‍ തുടങ്ങിയത്. പൊന്നാനി പള്ളിദര്‍സ് വൈജ്ഞാനിക സംവാദങ്ങള്‍ കൊണ്ടും നൈരന്തര്യ പഠനങ്ങള്‍ കൊണ്ടും ശ്രദ്ധേയമായതോടു കൂടി ലോകപ്രശസ്തി കൈവന്നു. ഇന്തോനേഷ്യ, മലേഷ്യ, മാലിദ്വീപ്, യമന്‍, സുമാത്ര, ജാവ തുടങ്ങി വിദൂര ദേശങ്ങളില്‍ നിന്ന് അക്കാലത്ത് തന്നെ വിദ്യാര്‍ത്ഥികള്‍ പഠിച്ചു പോയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
    
ഇത്തരത്തില്‍ ഒരു കാലത്ത് കേരള മുസ്‌ലിംകളുടെ ഇസ്‌ലാമിക വൈജ്ഞാനിക പ്രകാശ ഗോപുരങ്ങളായ പള്ളിദര്‍സുകളില്‍ നിന്ന് കാര്യമായ വികാസത്തിനൊന്നും ഇന്നിന്റെ പള്ളിദര്‍സുകള്‍ തയ്യാറായിട്ടില്ല. ഒരു പരിധി വരെ കേരളത്തില്‍ ഇന്ന് ഇസ്‌ലാമിക കലാലയങ്ങള്‍ ഉയര്‍ന്നു വന്നതായിരിക്കാം കാരണം. ഇന്നത്തെ പള്ളിദര്‍സുകള്‍ ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാഭ്യാസ ധര്‍മ്മമാണ് നിര്‍വഹിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും ചെലുവു കുറഞ്ഞ രീതിയാണ് പള്ളിദര്‍സുകളുടേത്. വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലും ക്ലാസ്സ് റൂം പള്ളി തന്നെയായത് കൊണ്ടും പള്ളിയിലെ ഇമാം ഖത്വീബും മുദര്‍രിസും ഒരേ ആളായത് കൊണ്ടും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിച്ചു കൊടുക്കുന്നത് കൊണ്ടും ആ ഇനത്തിലും ചിലവ് വളരെക്കുറവാണ്. പഠനരീതിയിലും പാരമ്പര്യത്തിന്റെ തനിമ കാണാനാകും. ഉസ്താദിന്റെ മുന്നില്‍ നിലത്ത് പടിഞ്ഞിരുന്ന് പഠിക്കുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. ഏറിയ ദര്‍സുകളിലും പഠിപ്പിക്കപ്പെടുന്നത് ‘പത്ത് കിതാബ്’ എന്ന പേരില്‍ അറിയപ്പെടുന്ന ‘അല്‍മുതഫര്‍രിദുല്‍ അല്‍ഉലൂഹിയ്യഃ’ എന്ന ഗ്രന്ഥമാണ്. ഈ പത്ത് കിതാബില്‍ അറബി ഭാഷ വ്യാകരണ ശാസ്ത്രം, കര്‍മ്മശാസ്ത്രം, വിശ്വാസകാര്യങ്ങള്‍, ചരിത്രം, ഖുര്‍ആന്‍ ഹദീസ് പഠനം തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ ഇമാം സുയൂത്വിയുടെ മഹല്ലിയും ഇബ്‌നു ഹജരില്‍ ഹൈഥമിയുടെ തുഹ്ഫയും മഖ്ദൂം രണ്ടാമന്റെ ഫത്ഹുല്‍ മുഈനും ഫിഖ്ഹ് ഗ്രന്ഥങ്ങളായി പഠിപ്പിക്കപ്പെടുന്നു.

ഓത്തുപള്ളികള്‍
മുസ്‌ലിം ജീവിതത്തിന്റെ അടിത്തറ വാര്‍ക്കപ്പെടുന്ന മതവിദ്യാഭ്യാസരംഗം ആദ്യകാലത്ത് നല്‍കപ്പെട്ടിരുന്നത് ഓത്തുപള്ളികള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ‘വായ്ച്ചൂട്ടി ഓതുന്ന’ സമ്പ്രദായത്തിലൂടെയായിരുന്നു. ഓരോ പ്രദേശങ്ങളിലും വ്യത്യസ്ത രീതിയിലും രൂപത്തിലുമായിരുന്നു നിലനിന്നിരുന്നതെങ്കിലും ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട ഇസ്‌ലാമിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവുകള്‍ കൈമാറുക എന്ന മഹത്തായ ധര്‍മ്മമാണ് ഓത്തുപള്ളികള്‍ നിര്‍വഹിച്ചിരുന്നത്. ചരിത്രത്തില്‍ ഇതിന്റെ രൂപീകരണം കൃത്യമായ രീതിയില്‍ കാലനിര്‍ണ്ണയം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും ഖുര്‍ആന്‍ ‘പ്രാഥമിക മത വിവരങ്ങള്‍’ കുറച്ചെങ്കിലും പഠിക്കാന്‍ കേരള മുസ്‌ലിംകള്‍ ശ്രദ്ധിച്ചിരുന്നു എന്ന വസ്തുത വെച്ച് വിലയിരുത്തുമ്പോള്‍ ഇസ്‌ലാമിക ആഗമനത്തോളം ഈ സംവിധാനത്തിന് ചരിത്രമുണ്ടെന്ന് ഊഹിക്കാം. പള്ളികളോട് ചേര്‍ന്നോ ഗുരുവിന്റെ വീട്ടിലോ വെച്ച് നടത്തപ്പെട്ടിരുന്ന ഓത്തുപള്ളികള്‍ പേരിന് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ തന്നെ വായനക്ക് മാത്രമാണ് പ്രാമുഖ്യം കൊടുത്തിരുന്നത് എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്.
    
മണ്ണിന്റെ ഒരു തറ, ചുറ്റും മറവില്ലാതെ മേല്‍ക്കൂര മാത്രം, അഞ്ചാറു കാലുകളില്‍ കെട്ടിയുണ്ടാക്കിയ ഒരു ചെറ്റപ്പുര. ഇത്രയുമായാല്‍ ഒരു ഓത്തുപള്ളിയായി. അതിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ക്കും പ്രയാസമില്ല. ഏതാനും കല്ലുകളും കുറച്ച് പലകകളും ആവശ്യം. പലകയുടെ രണ്ടറ്റവും കല്ലുകള്‍ക്ക് മുകളില്‍ വെക്കും. അതാണ് ബെഞ്ച്. ഇത് കൂടാതെ ബോര്‍ഡോ, മേശയോ ഓത്തുപള്ളിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന അന്നത്തെ മദ്രസകള്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. നാട്ടുകാരുടെ പൊതു ഉടമയിലായിരുന്നില്ല ഓത്തുപള്ളികള്‍. മൊല്ലാക്ക അദ്ദേഹത്തിന്റെ സ്വന്തം സ്ഥലത്ത് കെട്ടിയുണ്ടാക്കിയും അല്ലെങ്കില്‍ വീട്ടില്‍ വെച്ച് ഓത്തുപള്ളി നടത്താറായിരുന്നു പതിവ്. ചെടിമണ്ണ് തേച്ചുണ്ടാക്കിയ പലകയുമായി കുട്ടികള്‍ രാവിലെത്തന്നെ ഓത്തുപള്ളിയില്‍ എത്തും. ഓത്തുപള്ളിയില്‍ കയറിയിരുന്ന് ഉദാഹരണമായി ‘അലിഫിന് അ, അയ്‌നു, ഉ, വാനീട്ട്, ദാലിന് ദു ‘അഊദു’ ഇങ്ങനെ ഓതിത്തുടങ്ങും. വായിച്ചൂട്ടി ഓത്ത് എന്നായിരുന്നു ഇതിന്റെ പേര്. ഫത്ഹ്, കെസര്‍ എന്നീ ഹര്‍കത്തുകള്‍ക്ക് പകരം ‘പെട്ടറാപ്, വളഞ്ഞെറാപ്പ്, നീട്ടറാപ്പ്’ എന്നൊക്കെയായിരുന്നു ഉപയോഗം. ഓത്തിന് ചേര്‍ക്കുമ്പോള്‍ ഒരുറുപ്പിക, ഇടക്കാല ആശ്വാസമെന്ന നിലക്ക് വ്യാഴായ്ച്ച മുക്കാല്‍, മുസാകീ (മുസ്ഹഫ്) ലാകുമ്പോള്‍ ഒരുറുപ്പിക, പെരുന്നാട്ടിരി ഇങ്ങനെ പല ജാതി പിരിവുകളായിരുന്നു മൊല്ലാക്കയുടെ വേതനം. ഓരോരുത്തരുടെയും പലകയില്‍ മൊല്ലാക്ക തന്നെ എഴുതിക്കൊടുക്കും. ഓരോരുത്തര്‍ക്കും പ്രത്യേകം പാഠമായിരിക്കും. ഒരു നീണ്ട കാലം കൊണ്ട് മാത്രമേ ഖുര്‍ആന്‍ വായിക്കാന്‍ പോലും പഠിക്കൂ. ഓത്തുപള്ളി കഴിഞ്ഞ് പള്ളിദര്‍സില്‍ ഓതുവാനുള്ള ഭാഗ്യം അല്‍പം ചിലര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. അതും ‘പത്ത് കിതാബ്’ എന്ന് തുടങ്ങി ഏതാനും ചില ചെറിയ കിതാബുകള്‍ പഠിപ്പിക്കപ്പെട്ടിരുന്നുള്ളൂ. ഇത്തരത്തില്‍ പൊന്നാനിയില്‍ ദര്‍സ് സമ്പ്രദായം ആരംഭിച്ചതോടൊപ്പമോ അതിന് തൊട്ടു മുമ്പോ ഓത്തുപള്ളി എന്ന പേരില്‍ മതപഠനത്തിന് അവിടെ തുടക്കം കുറിക്കപ്പെട്ടിരുന്നു. പള്ളിയുടെ ‘ചെരു’ ആണ് ഓത്തുപള്ളിയായി തുടക്കത്തില്‍ ഉപയോഗിച്ചിരുന്നത്. ആരംഭത്തില്‍ ഖുര്‍ആന്‍ ഓതാന്‍ മാത്രം പഠിപ്പിച്ചിരുന്ന ഓത്തുപള്ളിയില്‍ പില്‍ക്കാലത്ത് ഇസ്‌ലാമിന്റെ അനുഷ്ഠാനങ്ങളുമായും ജീവിത വ്യവഹാരങ്ങളുമായും  ബന്ധപ്പെട്ട കര്‍മ്മശാസ്ത്ര നിയമങ്ങളും സാമാന്യമായി പഠിപ്പിക്കപെടുവാന്‍ ആരംഭിച്ചു. അന്ന് ദര്‍സില്‍ വെച്ച് ഫത്ഹുല്‍ മുഈന്‍ വരെയെങ്കിലും ഓതിപ്പഠിച്ചവരായിരുന്നു ഈ ഓത്തുപള്ളിയിലെ അധ്യാപകര്‍. ഫത്ഹുല്‍ മുഈനിന്റെ രചനയോടു കൂടി കേവലം ഖുര്‍ആന്‍ പഠനത്തിനും പ്രാഥമിക പഠനത്തിലും മാത്രം ഒതുങ്ങിയിരുന്ന കേരളത്തിലെ ഓത്തുപള്ളികളില്‍ കര്‍മ്മശാസ്ത്ര വൈജ്ഞാനിക ചര്‍ച്ചകളും അധ്യാപനങ്ങളും സജീവമായി. ഇത്തരത്തില്‍ ഓത്തുപള്ളിയുടെ വളര്‍ച്ചയില്‍ നിന്ന് വികാസം പ്രാപിച്ച ‘ഓത്തുപള്ളികളാണ്’ ഇന്ന് കാണുന്ന മദ്രസാ സമ്പ്രദായത്തിലേക്ക് വഴി തിരിഞ്ഞത്.

മദ്രസാ പ്രസ്ഥാനം
കെട്ടിടം, ക്ലാസ്സ് മുറികള്‍, അധ്യാപകര്‍, ബെഞ്ച്, ഡെസ്‌ക്, ചോക്ക്, നിര്‍മിത സിലബസ്, പരീക്ഷ സമ്പ്രദായം, സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി സ്ഥാപന വത്കരണത്തിന്റെ രീതിയിലേക്ക് ഇന്ത്യയിലെ മതാത്മക വൈജ്ഞാനിക കേന്ദ്രങ്ങള്‍ മാറുന്നത് ബ്രിട്ടീഷ് വിദ്യാഭ്യാസ രീതിയുടെ വ്യാപനത്തോടെയാണ്. 1867 ല്‍ ദയൂബന്ദിലെ ദാറുല്‍ ഉലൂമിലാണ് ഇത്തരമൊരു സംവിധാനം ആദ്യമായി വന്നത്. കേരളത്തിലെ മതവിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്ന ഓത്തുപള്ളികള്‍ മാറ്റിപ്പണിത, ആധുനിക രീതിയില്‍ മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണമെന്ന ചിന്തക്ക് മക്തി തങ്ങളെ പോലുളള ഉല്‍പതിഷ്ണുക്കള്‍ പത്തൊമ്പതാം ശതകത്തിന്റെ ആദ്യത്തില്‍ തന്നെ വിത്തു പാകിയിരുന്നു. എന്നാല്‍ തദ്‌സംബന്ധമായ ഒരു തുറന്ന ചര്‍ച്ചക്ക് അവസരമുണ്ടായത് 1912 ലാണ്. കോഴിക്കോട് ജില്ലയിലെ കുറ്റിച്ചിറയില്‍ നടന്ന ചര്‍ച്ചാ യോഗത്തില്‍ കട്ടിലശ്ശേരി ആലി മുസ്‌ലിയാര്‍, മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, ശിഷ്യരായ കെ.എം. മൗലവി, പി.കെ മൂസ മൗലവി തുടങ്ങിയ പണ്ഡിതന്‍മാരും സമുദായ സ്‌നേഹികളായ മുസ്‌ലിം പ്രമാണിമാരും പങ്കെടുക്കുകയുണ്ടായി. പരിഷ്‌കൃതമായ പഠന പദ്ധതിയുടെ നിര്‍ദേശം മൗലാനാ കുഞ്ഞഹമ്മദ് ഹാജി സദസ്സിന് സമര്‍പ്പിക്കുകയും അത് അംഗീകരിക്കപ്പെടുകയും ചെയ്തു. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി 1909 ല്‍ തന്നെ മലപ്പുറം ജില്ലയിലെ വാഴക്കാട്ടെ തന്‍മിയതുല്‍ ഉലൂം മദ്രസയില്‍ അദ്ധ്യാപകനായി നിയുക്തനായിരുന്നു.  അതിന് ശേഷമാണ് തന്റെ പുതിയ രീതികള്‍ പരീക്ഷിച്ചതിന്റെ ഫലമായി ഉത്തരേന്ത്യന്‍ രീതിയിലുള്ള ദാറുല്‍ ഉലൂം എന്ന് വാഴക്കാട്ടെ സ്ഥാപനത്തെ അദ്ദേഹം പുനര്‍നാമകരണം ചെയ്യുകയും മേശ, കസേര, ബ്ലാക് ബോര്‍ഡ് തുടങ്ങിയ സംവിധാനങ്ങള്‍ നടപ്പിലാക്കുകയും പുതിയൊരു സിലബസ് കൊണ്ടുവരികയും ചെയ്തു. തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, നഹ്‌വ്, സ്വര്‍ഫ്, തസ്വവ്വുഫ് എന്നീ പരമ്പരാഗത വിഷയങ്ങളും മലയാള ഭാഷാ പഠനവും അദ്ദേഹത്തിന്റെ പുതിയ സിലബസിലുണ്ടായിരുന്നു. ഇങ്ങനെയാണ് കേരളത്തില്‍ ആധുനിക മദ്രസ രൂപപ്പെട്ടത്. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ് കേരളത്തിലെ ആധുനിക മദ്രസ-അറബികോളേജുകളുടെ പിതാവായി അറിയപ്പെടുന്നത്. ഈ അവസരത്തിലാണ് നിലവിലെ മതപഠനരീതി പുനരുദ്ധരിക്കുന്നതിനെ കുറിച്ച് പലരും ചിന്തിച്ചത്. ഈ രീതിയിലാണ് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ താനൂരില്‍ ഇസ്‌ലാമുല്‍ ഉലൂം മദ്രസ സ്ഥാപിക്കുന്നത്. ഇത്തരത്തില്‍ ഇന്നിന്റെ കേരളീയഭൂമികയില്‍ ഏതാണ്ട് എല്ലാ മുസ്‌ലിം സംഘടനകള്‍ക്കും വ്യവസ്ഥാപിതമായി മദ്രസകളും അറബികോളേജുകളും ഉന്നതസര്‍വ്വകലാശാലകള്‍ വരെ എത്തിയിരിക്കുകയാണ് മതപഠനരംഗം.
മദ്രസകളുടെ വ്യാപനം
    

കേരളത്തില്‍ 12000ത്തിലധികം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയിലേറെയും പ്രവര്‍ത്തിക്കുന്നത് ഉത്തരകേരളത്തിലാണ്. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്‌ലാമി, കേരളജംഇയ്യത്തുല്‍ ഉലമ, തബ്‌ലീഗ് ജമാഅത്ത് തുടങ്ങിയ സംഘടനകള്‍ക്ക് കീഴിലുള്ളവയാണീ മദ്രസകള്‍. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴില്‍ 1951ല്‍ സ്ഥാപിതമായ മദ്രസപ്രസ്ഥാനമാണ് സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്. മലപ്പുറം ജില്ലയിലെ ചേളാരി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുനന്ന ഈ പ്രസ്ഥാനം പതിനായിരത്തിലധികം മദ്രസകളെ നിയന്ത്രിച്ചുപോരുന്നുണ്ട്. ബോര്‍ഡിന്റെ കീഴില്‍ റെയ്ഞ്ചുകള്‍, വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍മാര്‍, ഖാരിഉകള്‍, ട്യൂട്ടര്‍മാര്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളുമുണ്ട്.കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും അന്തമാന്‍, ലക്ഷദ്വീപ്, യു.എ.ഇ, ബഹ്‌റെയ്ന്‍, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളിലും മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഈ ബോര്‍ഡിന്റെ കീഴില്‍ മദ്രസകള്‍ക്ക് പുറമെ ഒരുപാട് ഇസ്‌ലാമിക അക്കാദമിക് കോംപ്ലസ്സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. പട്ടിക്കാട് ജാമിഅ നൂരിയ, ചെമ്മാട് ദാറുല്‍ ഹുദാ ഇസ് ലാമിക് യൂണിവേഴ്‌സിറ്റി, മജ്‌ലിസുദ്ദഅ്‌വത്തുല്‍ ഇസ്‌ലാമിയ്യ വളാഞ്ചേരി എന്നിവ അതില്‍ പ്രധാനപ്പെട്ടതാണ്. 1989ല്‍ നിലവില്‍ വന്ന മദ്രസാപ്രസ്ഥാനമാണ് സമസ്തകേരള ഇസ് ലാമിക വിദ്യാഭ്യാസ ബോര്‍ഡ്(എ.പി വിഭാഗം). വിപുലമായ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പതിനായിരക്കണക്കിന് മദ്രസകളും ഒരുപാട് ഇസ് ലാമിക കലാലയങ്ങളും ഈ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കാരന്തൂര്‍ മര്‍ക്കസുസഖാഫാത്തിസ്സുന്നീയ്യ, കാസര്‍കോഡ് ജാമിഅ സഅദിയ്യ, കുറ്റിയാടി സിറാജുല്‍ ഹുദാ എന്നിവ അതിലുള്‍പ്പെടുന്നു. ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ നിയന്ത്രണത്തിലുള്ള മദ്രസാപ്രസ്ഥാനമാണ് മജ്‌ലിസുതഅ്‌ലീമില്‍ ഇസ്‌ലാമി. വിപുലമായ രീതിയില്‍ പ്രവര്‍ത്തനം നടത്തുന്ന ഈ പ്രസ്ഥാനം മത-ഭൗതിക വിജ്ഞാനങ്ങളുടെ സവിശേഷമായ സമ്വന്നയത്തിലൂടെ മൗലികനേതൃത്വം നല്‍കുന്നു. 1979ല്‍ നിലവില്‍ വന്ന മജ്‌ലിസുതഅ്‌ലീമില്‍ ഇസ്‌ലാമി ഒരുപാട് മദ്രസകളും മലയാളം-ഇംഗ്ലീഷ് മീഡിയം സ്‌കുളുകളും നടത്തുന്നുണ്ട്. ശാന്തപുരം അല്‍ജാമിഅ അല്‍ഇസ് ലാമി, കുറ്റിയാടി ഇസ് ലാമിയ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ് തുടങ്ങിയ ഒരുപാട് സ്ഥാപനങ്ങള്‍ അതിനുകീഴില്‍ പ്രവര്‍ത്തിക്കുന്നു. കേരളനദ്‌വത്തുല്‍ മുജാഹിദിന്റെ കീഴില്‍ നിലവില്‍ വന്ന മദ്രസപ്രസ്ഥാനമാണ് കേരള ഇസ്‌ലാംമത വിദ്യഭ്യാസസമിതി. സ്വന്തമായ സിലബസോടുകൂടി മദ്രസകള്‍ക്കും ഇസ്‌ലാമികസ്ഥാപനങ്ങള്‍ക്കും ഈ സമിതി നേതൃത്വം നല്‍കുന്നു. പുളിക്കല്‍ ജാമിഅ സലഫിയ്യ, എടവണ്ണ ജാമിഅ നദ്‌വിയ്യ, സുല്ലമുസ്സലാം അറബികോളേജ് എന്നിവ അവയില്‍പെട്ടതാണ്.

കേരളത്തില്‍ ഇന്ന് കാണുന്ന മതാത്മക വൈജ്ഞാനിക വികാസത്തിനും വളര്‍ച്ചക്കും മുന്‍കഴിഞ്ഞ് പോയ തലമുറകളോട് തീരാത്ത കടപ്പാടുണ്ട്.. ഓരോ ദശാസന്ധികളും പിന്നിടുമ്പോഴും ദൈവിക വൈജ്ഞാനിക കേന്ദ്രങ്ങളില്‍ വികാസം മാത്രമേ സംഭവിക്കുന്നൊള്ളു.. നാമൊരു കേരളീയ മുസ്‌ലിമാണെങ്കില്‍ നമ്മളെ ഇന്ന് ഇസ്‌ലാമിക മാര്‍ഗത്തില്‍ കൈപിടിച്ച് നടത്തുന്നതിന് മുന്‍ഗാമികള്‍ വലിയ കാരണക്കാരായിട്ടുണ്ട്.

(അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

Related Articles