Current Date

Search
Close this search box.
Search
Close this search box.

ഔറംഗസീബ്; ഇസ്‌ലാമിക ചരിത്രത്തിലെ ആറാം ഖലീഫ

Aurangzeb.jpg

ഭൂമിയില്‍ മനുഷ്യ പ്രതിനിധാനത്തിന്റെ സന്ദേശമറിയിച്ചും സ്രഷ്ടാവിന്റെ കല്‍പനകള്‍ക്ക് വഴങ്ങിയും ഭരണം നടത്തിയവരായിരുന്നു ഖുലഫാഉ റാശിദ (സച്ചരിതരായ ഭരണാധികാരികള്‍). അല്ലാഹുവിന്റെ കല്‍പനകള്‍ ആവും വിധം നടപ്പിലാക്കി നീതിനിഷ്ഠവും സംസ്‌കാരസമ്പന്നവും ഉജ്ജ്വലവുമായൊരു സാമൂഹികക്രമം ആ മഹാരഥന്മാര്‍ പടുത്തുയര്‍ത്തി. സാമൂഹിക നീതിയും സദാചാര മൂല്യങ്ങളും പൂത്തുലഞ്ഞ ആ കാലഘട്ടത്തില്‍, അയല്‍നാടുകളില്‍ പോലും അതിന്റെ ശോഭനമായ മുഖം തെളിഞ്ഞ് നിന്നു. ഖലീഫമാരുടെ കാലശേഷം വന്ന ഭരണാധികാരികളില്‍ അധികവും തങ്ങളുടെ മുന്‍ഗാമികള്‍ വരച്ചിട്ട ഭരണമാര്‍ഗ്ഗത്തില്‍ നിന്ന് അകന്ന് സഞ്ചരിച്ചപ്പോഴും ഉമറുബ്‌നു അബ്ദില്‍ അസീസ്, നൂറുദ്ദീന്‍ മഹ്മൂദ് സങ്കി, സലാഹുദ്ദീന്‍ അയ്യൂബി പോലുള്ള ചുരുക്കം ചിലര്‍ ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഖുലഫാഉ റാശിദയെ അനുസ്മരിപ്പിച്ചിട്ടുണ്ട് (നിര്‍ഭാഗ്യവശാല്‍, അതിന്റെ ഉദാത്തമായൊരു തുടര്‍ച്ച ഇസ്‌ലാമിക സമൂഹത്തില്‍ പിന്നീട് ഉയിരെടുത്തിട്ടില്ല) അക്കൂട്ടത്തില്‍ ഖലീഫമാരുടെ മികവാര്‍ന്ന ചര്യകളും കരുത്തുറ്റ ഭരണ സംവിധാനങ്ങളുമായി പില്‍ക്കാലത്ത് ഇന്ത്യ ഭരിച്ച മുഗള്‍ ഭരണാധികാരിയായിരുന്നു അബുല്‍ മുളഫര്‍ മുഹ്‌യുദ്ദീന്‍ ഔറംഗസീബ്. ഹിജ്റ പത്താം നൂറ്റാണ്ടിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി 52 വര്‍ഷം ഇന്ത്യാ ഉപഭൂഖണ്ഡം അദ്ദേഹം ഭരിച്ചു (AD 1658 – 1707). ആ കാലയളവില്‍ ഇന്ത്യയെ വളരെ കൂടുതല്‍ വിപുലീകരിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാജ്യദ്രോഹികളയും ശത്രുക്കളെയും നിഷ്‌കാസനം ചെയ്തും, സമത്വവും സാമൂഹിക നീതിയും ഉറപ്പുവരുത്തിയ ഔറംഗസീബിന്റെ ഇന്ത്യ, നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ അബൂബക്കറിന്റെയും ഉമറിന്റെയും ഭരണകാലത്തെ ദിനരാത്രികളെ ഓര്‍മ്മിപ്പിച്ചുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ‘ഖുലഫാഉ റാശിദയുടെ ശേഷിപ്പ്’, ‘ഖലീഫമാരില്‍ ആറാമന്‍’എന്നിങ്ങനെയാണ് ഔറംഗസീബിനെ പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ അലി തന്‍ത്വാവി വിശേഷിപ്പിക്കുന്നത്. അധികാരത്തിന്റെ എല്ലാ അലങ്കാരങ്ങളോടും കൂടി രാജ്യം വാഴുമ്പോഴും സ്വജീവിതത്തെ ധാര്‍മ്മിക സനാതന മൂല്യങ്ങള്‍കൊണ്ട് സമ്പന്നമാക്കിയിരുന്നു ഔറംഗസീബ്.
    
1618 ഒക്‌ടോബര്‍ 24 ന് ഗുജറാത്തിലെ ദൗഹത് എന്ന സ്ഥലത്താണ് ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് എന്ന പേര്‍ഷ്യന്‍ നാമത്തിന് ‘അധികാരത്തിന്റെ അലങ്കാരം’എന്നാണര്‍ഥം. സര്‍വ്വമാന സൗഭാഗ്യങ്ങളും സുഖലോലുപതയും മേളിച്ചിരുന്ന ബാല്യകാലമായിരുന്നു അദ്ദേഹത്തിന്റേത്. മുഗള്‍ സാമ്രാജ്യത്വത്തിലെ കേളികേട്ട സുല്‍ത്താനായിരുന്ന ഷാജഹാനും ‘മുംതാസ് മഹല്‍’ എന്ന നാമധേയത്താല്‍ അറിയപ്പെടുന്ന അര്‍ജുമന്ദ് ബാനുവും ആയിരുന്നു ഔറംഗസീബിന്റെ മാതാപിതാക്കള്‍. കുട്ടിക്കാലം മുതല്‍ക്കേ അദ്ദേഹം ദീനീനിഷ്ഠ മുറുകെ പിടിച്ചിരുന്നു. ആയോധനകലയിലും കായികക്ഷമതയിലും മറ്റുള്ളവരേക്കാള്‍ മുന്‍പന്തിയിലായിരുന്നു ഔറംഗസീബ്. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത് നടന്ന ഒരു സംഭവം വളരെ വിശ്രുതമാണ്. ഒരിക്കല്‍ പിതാവ് ഷാജഹാനും സഹോദരങ്ങളുമൊത്ത് കുട്ടിയായ ഔറംഗസീബ് ഒരു ഉത്സവത്തിന് പോയി. ഉത്സവത്തിലെ മുഖ്യയിനം ആനയോട്ട മത്സരമായിരുന്നു. പെട്ടന്ന്, ഒരാന ഗോദയില്‍ നിന്നും ഔറംഗസീബിന്റെ നേര്‍ക്ക് പാഞ്ഞടുത്തു. അദ്ദേഹം ഇരുന്ന കുതിരയെ ആന അക്രമിക്കുകയും ഔറംഗസീബ് നിലംപതിക്കുകയും ചെയ്തു. ഉടനെ ചാടിയെണീറ്റ് ഉറയില്‍ നിന്നും ഉടവാള്‍ ഊരിയെടുത്ത് ആ ‘കൊച്ചുരാജാവ്’ മദയാനയുടെ നേരെ വാളോങ്ങി. അപ്പോഴേക്കും സുരക്ഷാഭടന്മാര്‍ വന്ന് ആനയെ വിരട്ടിയോടിച്ചു.
    
ഔറംഗസീബിന്റെ പിതാമഹനായിരുന്നു അക്ബര്‍. അദ്ദേഹം തന്റെ ഭരണകാലത്ത് ഇസ്‌ലാമിക ഹൈന്ദവ മതസങ്കല്‍പ്പങ്ങളെ കൂട്ടിച്ചേര്‍ത്ത് ഒരു പുതിയ തത്വസംഹിത അവതരിപ്പിച്ചു. ‘ദീനെ ഇലാഹി’യെന്ന പുത്തന്‍ മതത്തിലേക്ക് ധാരാളമാളുകള്‍ ഇസ്‌ലാമില്‍ നിന്നും മതപരിത്യാഗികളായി. ഇത്തരത്തിലുള്ള പരിഷ്‌കരണ പ്രഹസനങ്ങള്‍ നടത്തിയ അക്ബര്‍ വിവാദങ്ങളുടെ തോഴനായിട്ടാണ് ചരിത്രത്തില്‍ അറിയപ്പെടുന്നത്. കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം പണ്ഡിതനും സൂഫിവര്യനുമായിരുന്ന മൗലാനാ അഹ്മദ് സര്‍ഹിന്ദി കടന്നുവരികയും ദൈവപ്രോക്തമായ സത്യദീനിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആളുകളെ ആട്ടിത്തെളിക്കുകയും ചെയ്തു. അക്ബറിന്റെ കാലശേഷം, കുട്ടിയായിരുന്ന ഔറംഗസീബിന്റെ മതപഠനം ഏറ്റെടുത്തത് മൗലാനാ മുഹമ്മദ് മഅ്‌സൂം സര്‍ഹിന്ദി ആയിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന ഔറംഗസീബ്, വിശുദ്ധ ഖുര്‍ആന്‍ അക്ഷരശുദ്ധിയോടെ പാരായണം ചെയ്യുകയും ഒട്ടനവധി ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. പിതാവ് ഷാജഹാനോടൊപ്പം ധാരാളം യുദ്ധങ്ങളില്‍ പങ്കെടുത്തതിനാല്‍ യുദ്ധതന്ത്രവും സൈനികമികവും അദ്ദേഹം സ്വായത്തമാക്കി.
    
ഷാജഹാന്റെ മക്കളില്‍ മൂന്നാമനായിരുന്നു ഔറംഗസീബ്. ശുദാഅ്, മുറാദ് ബ്‌നു ബഹ്ശ്, എന്നിവരായിരുന്നു മുതിര്‍ന്ന സഹോദരങ്ങള്‍. ശുജാഅ് ബംഗാളിന്റെയും മുറാദ് ഗുജറാത്തിന്റെയും അധികാരം ഏറ്റെടുത്തപ്പോള്‍ ഔറംഗസീബ് ഇന്ത്യയുടെ മധ്യഭാഗത്തുള്ള ദുക്ന്‍ എന്ന സ്ഥലത്തെ അധികാരിയായി. ഷാജഹാന്റെ കാലത്തെ സൈനികമേധാവിയായിരുന്ന ഔറംഗസീബ്, നിരവധി വീരചരിതങ്ങള്‍ രചിക്കുകയും രാജ്യത്ത് സുശക്തമായ ഒരു ഭരണക്രമം നടപ്പില്‍ വരുത്തുകയും ചെയ്തു. അങ്ങനെയിരിക്കെ, ഔറംഗസീബിന്റെ പ്രിയമാതാവ് മുംതാസ് നിര്യാതയായി. അവരുടെ നിത്യഹരിത സ്മരണക്കായി ഷാജഹാന്‍ ചക്രവര്‍ത്തി പൊതുഖജനാവില്‍ നിന്നും ധാരാളം പണമൊഴുക്കി താജ്മഹല്‍ നിര്‍മ്മിച്ചു. ആഭ്യന്തര കലഹവും കലാപവും രാജ്യത്തിന്റെ സാമൂഹികാന്തരീക്ഷത്തെ കലുഷിതമാക്കിയപ്പോഴും ഷാജഹാന്‍ പ്രിയതമയുടെ മണ്ണറയിലേക്ക് കണ്ണുംനട്ടിരിപ്പായിരുന്നു. സുല്‍ത്താന്റെ ഇത്തരം നിരുത്തരവാദിത്തപരമായ നിലപാടുകള്‍ക്കെതിരില്‍ മൂത്തപുത്രനായ ശുജാഅ് പ്രതിഷേധിക്കുകയും ഭരണം അട്ടിമറിക്കുകയും അധികാരം ഏറ്റെടുക്കുകയും ചെയ്തു. ധാര്‍മ്മിക മൂല്യങ്ങള്‍ തൊട്ടുതീണ്ടാത്ത കേവലം ഭൗതിക തല്‍പരനായ രാജാവായിരുന്നു ശുജാഅ്. അക്ബറിന്റെ കാലത്തെ ഇരുള്‍പടര്‍ന്ന സാമൂഹികാന്തരീക്ഷം സ്ഥാപിക്കാനുള്ള ശുജാഇന്റെ കുത്സിതശ്രമങ്ങളെ ഔറംഗസീബ് നഖശിഖാന്തം എതിര്‍ത്തു. പിന്നീട് അധികാരം ഏറ്റെടുത്ത ഔറംഗസീബ്, തന്റെ ധൂര്‍ത്തനായ പിതാവിനെ അധികാരഭ്രഷ്ടനാക്കുകയും ആഗ്ര കോട്ടയില്‍ തടവിലിടുകയും ചെയ്തു. ഔറംഗസീബ് സുല്‍ത്താനായതോടെ, താജ്യമെങ്ങും സന്തോഷവും സമാധാനവും പുഷ്‌കലമായി. നീതിയും സമത്വവും സമഞ്ജസമം പൂത്തുലഞ്ഞ ആ നാളുകളില്‍ രാജ്യനിവാസികള്‍ ഖുലഫാഉ റാശിദയുടെ കാലത്തെ അക്ഷരാര്‍ത്ഥത്തില്‍ അനുഭവിച്ചറിയുകയായിരുന്നു.
    
അധികാരമേറ്റടുത്തതിന്റെ ഒന്നാം നാള്‍ മുതല്‍ സുദീര്‍ഘമായ 52 വര്‍ഷക്കാലം പോരാട്ടത്തിന്റെ കനല്‍പഥങ്ങളിലൂടെയാണ് ഔറംഗസീബ് സഞ്ചരിച്ചത്. തന്റെ കാലത്ത് നടന്ന മുപ്പതോളം യുദ്ധങ്ങളില്‍ 11 എണ്ണത്തിലും അദ്ദേഹം തന്നെയായിരുന്നു സൈന്യാധിപന്‍. തന്റെ ഉജ്ജ്വലമായ സൈനികമികവിനാല്‍ മുഗള്‍ സാമ്രാജ്യം അതിദ്രുതം വ്യാപിച്ചു. പലയിടങ്ങളിലായി ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെ മുഗള്‍ സാമ്രാജ്യത്വത്തിന്‍ കീഴില്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിനു സാധിച്ചു. അതോടൊപ്പം, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരാതരം നികുതികള്‍ അദ്ദേഹം ഒഴിവാക്കി. അമുസ്‌ലിംകള്‍ക്ക് ജിസ്‌യ (ഒരു ഇസ്‌ലാമിക രാഷ്ട്രത്തില്‍ അമുസ്‌ലിം പൗരന്‍മാര്‍ നിര്‍ബന്ധമായും നല്‍കേണ്ട നികുതി) നിര്‍ബന്ധമാക്കിയെങ്കിലും തങ്ങളുടെ മേലുള്ള മറ്റു നികുതികള്‍ ഒഴിവാക്കിയതില്‍ സന്തുഷ്ടരായിരുന്നു അവര്‍. അതിനുപുറമെ, തരിശുഭൂമികള്‍ ഫലഭൂയിഷ്ടമാക്കി അതില്‍ കൃഷിയിറക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഓരോ ഗവര്‍ണര്‍മാരെ നിയമിക്കുകയും ഉയര്‍ന്ന തസ്തികകളില്‍ നിന്ന് അമുസ്‌ലിംകളെ നീക്കം ചെയ്തും തന്റെ ഉദ്യോഗസ്ഥ വൃന്ദത്തെ പുനഃസംഘടിപ്പിച്ചു. ഔറംഗസീബ് നിയമിച്ച ഉദ്യോഗസ്ഥര്‍ തദ്ദേശീയരുടെ അവസ്ഥാന്തരങ്ങളെ കുറിച്ച് പഠിക്കുകയും അവ സുല്‍ത്താനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. രാജ്യനിവാസികളുടെ പരിഭവങ്ങളും പരിവേദനകളും കേള്‍ക്കുന്നതിനു വേണ്ടി ദിനംപ്രതി മൂന്ന് തവണ അവര്‍ക്കുമുന്നില്‍ വരാറുണ്ടായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
    
മുഗള്‍ സാമ്രാജ്യത്വത്തിന്റെ അധിപനായിരുന്നിട്ടും ഭൗതികവിരക്തിയുടെ ആള്‍രൂപമായിരുന്നു ഔറംഗസീബ്. അധികാരത്തിന്റെ ആഢ്യത്വവും അഹന്തയും അദ്ദേഹത്തെ തെല്ലും വശംവദനാക്കിയിരുന്നില്ല. രാജകൊട്ടാരത്തില്‍ സ്തുതികീര്‍ത്തനങ്ങള്‍ ആലപിക്കുന്നത് നിര്‍ത്തലാക്കുകയും ഇസ്‌ലാമിന്റെ അഭിവാദന രീതി (സലാം പറയല്‍) സ്വീകരിക്കാന്‍ അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഇസ്‌ലാമിന്റെ അധ്യാപനങ്ങളില്‍ കണിശത പുലര്‍ത്തുകയും അതിനു കടകവിരുദ്ധമായ മുഴുവന്‍ വ്യവഹാരങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയ ഔറംഗസീബ്, രാജ്യത്തേക്ക് മദ്യം ഇറക്കുമതി ചെയ്യുന്നത് അപ്പാടെ നിരോധിച്ചു. രാജ്യത്തിന്റെ വ്യത്യസ്ത ഇടങ്ങളില്‍ അനവധി മദ്‌റസകളും മസ്ജിദുകളും സ്ഥാപിക്കുകയും യാത്രക്കാര്‍ക്ക് വേണ്ടി ധാരാളം സത്രങ്ങളും പടുത്തുയര്‍ത്തിയ പരഷേമ തല്‍പരനായ ഭരണാധികാരിയായിരുന്നു ഔറംഗസീബ്. അങ്ങനെ ശബളിമയാര്‍ന്ന നാഗരികതയുടെയും ശോഭനയാര്‍ന്ന ഭരണത്തികവിന്റെയും ഈറ്റില്ലമായി ഇന്ത്യ മാറി. മുഗള്‍ പൈതൃകത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പാക്കിസ്ഥാനിലെ ലാഹോറിലുള്ള ബാദുഷാ മസ്ജിദ്. അതിന്റെ പ്രൗഢമായ പ്രവേശനകവാടത്തില്‍ മുഗള്‍ വാസ്തുശില്‍പ വിദ്യകള്‍ സുന്ദരമായി കൊത്തിവെച്ചിട്ടുണ്ട്. പള്ളിയുടെ പ്രവിശാലമായ മുറ്റത്ത് ആബാലവൃന്ദം ആളുകള്‍ പ്രാര്‍ഥനക്കും മറ്റുമായി ഒരുമിച്ച് കൂടാറുണ്ട്.
    
അങ്ങേയറ്റത്തെ ഇച്ഛാശക്തിയും കര്‍മ്മോത്സുകതയും ഇഴകിച്ചേര്‍ന്ന ഔറംഗസീബിന്റെ ഭരണരീതി ചരിത്രകാരന്മാരുടെ പ്രശംസ പിടിച്ചുപറ്റി. പണ്ഡിതനും സൂഫിവര്യനുമായ അലി തന്‍ത്വാവി തന്റെ വിശ്വവിഖ്യാത കൃതിയായ ‘ചരിത്രപുരുഷന്മാര്‍ ‘ എന്ന ഗ്രന്ഥത്തിലൂടെ ഔറംഗസീബിനെ വിലയിരുത്തുന്നത് ശ്രദ്ധേയമാണ്: ‘മറ്റു ഭരണാധികാരികളില്‍ നിന്നും ഔറംഗസീബ് വ്യതിരിക്തനാകുന്നത് പ്രധാനമായും രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, പൊതു ഖജനാവില്‍ നിന്നും നയാ പൈസ അനാവശ്യമായി ഉപയോഗിച്ചിട്ടില്ല. രണ്ട്, ശരീഅത്ത് നിയമങ്ങളെ ഒരൊറ്റ വിജ്ഞാന കോശമാക്കി ഔറംഗസീബ് ക്രോഡീകരിച്ചു’. ഇങ്ങനെയുള്ള ചടുലമായ പ്രവര്‍ത്തനങ്ങളും ധീരമായ നയനിലപാടുകളും ഇഴകിച്ചേര്‍ന്ന ഭരണമായിരുന്നു ഔറംഗസീബ് കാഴ്ച്ചവെച്ചത്. അദ്ദേഹത്തിന്റെ ഭരണം ഇന്നും ചരിത്രത്തിന്റെ താളുകളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.

ജീവിതമഖിലം ഇസ്‌ലാമിന്റെ കളഭക്കൂട്ടില്‍ ഒപ്പിയെടുത്ത ചിട്ടയാര്‍ന്ന ജീവിതശൈലിയായിരിന്നു ഔറംഗസീബിന്റേത്. 1707 മാര്‍ച്ച് 3ന് മുഗള്‍ ഭരണകൂടത്തിലെ അവസാന കണ്ണിയും ഐഹിക ജീവിതത്തോട് വിടപറഞ്ഞു. ചരിത്രത്തിന്റെ ഇടനാഴികകളില്‍ ഔറംഗസീബ് ദീപ്തസ്മരണകളാല്‍ പ്രശോഭിച്ചു നില്‍ക്കുന്ന വിളക്കുമാടമാണ്. അവസാനമായി അദ്ദേഹം വസിയ്യത്ത് ചെയ്തത്, ‘അഞ്ചു രൂപയുടെ കഫന്‍പുടവയില്‍ സാധാരണക്കാരുടെ കൂടെ എന്നെ മറമാടണം’ എന്നായിരുന്നു. ആ മഹാരഥന്റെ നിര്യാണത്തോടെ മുഗള്‍രാജവംശത്തിന്റെ ആണിക്കല്ല് ഇളകാന്‍ തുടങ്ങി. അധികാരം ദുര്‍ബലരായ രാജാക്കന്‍മാര്‍ കൈയാളിയതോടെ മുഗള്‍സാമ്രാജ്യം നാമ മാത്രമായിത്തീര്‍ന്നു. അവസാന രാജാവ് സുല്‍ത്താന്‍ ബഹദൂര്‍ഷാ രണ്ടാമന്റെ കാലത്ത് 1857ല്‍, സാമ്രാജ്യത്വ അധിനിവേശത്തെ തുടര്‍ന്ന് ശേഷിച്ചവയും ഇല്ലാതായി.
(അല്‍ജാമിഅ അല്‍ഇസ്‌ലാമിയ, ശാന്തപുരം വിദ്യാര്‍ഥിയാണ് ലേഖകന്‍)

അവലംബം: Al-Waie-al-Islami
 

Related Articles