Current Date

Search
Close this search box.
Search
Close this search box.

ഔറംഗസീബും ഇന്ത്യയിലെ ഇസ്‌ലാമിക ഭരണവും

ഇന്ത്യയിലെ മുസ്‌ലിം ഭരണത്തെ വിശകലനം ചെയ്ത ചരിത്രകാരന്‍മാര്‍ തങ്ങളുടേതായ ഒരു വീക്ഷണകോണിലൂടെയാണ് ചരിത്ര പുരുഷന്‍മാരെ അവതരിപ്പിച്ചിട്ടുള്ളത്. ആളുകളില്‍ ചിലര്‍ അവരെ മഹാന്‍മാരായ നേതാക്കളായി കണ്ടപ്പോള്‍ മറ്റു ചിലര്‍ ക്രൂരരും സ്വച്ഛാധിപതികളുമായിട്ടാണ് അവരെ കണ്ടത്. അവരില്‍ ഏറ്റവുമധികം വിവാദപാത്രമായ മുഗള്‍ ചക്രവര്‍ത്തിയാണ് ഔറംഗസീബ് ആലംഗീര്‍. 1658 മുതല്‍ 1707 വരെയാണ് അദ്ദേഹത്തിന്റെ ഭരണകാലം.

സ്വാതന്ത്ര്യത്തിന് തടയിടുകയും ജനങ്ങള്‍ക്ക് മേല്‍ മത അസഹിഷ്ണുതയിലധിഷ്ടിതമായ ഭരണം അടിച്ചേല്‍പ്പിക്കുകയും ചെയ്ത ക്രൂരനും സ്വേച്ഛാധിപതിയുമായ ചക്രവര്‍ത്തിയായിട്ടാണ് ഹിന്ദുക്കളും സിഖുകാരും അദ്ദേഹത്തെ കാണുന്നത്. അതേ സമയം മുസ്‌ലിംകള്‍ അദ്ദേഹത്തെ മതനിഷ്ഠ പുലര്‍ത്തിയിരുന്ന ദൈവഭക്തനായ സുല്‍ത്താനായിട്ടാണ് അദ്ദേഹത്തെ കണ്ടത്. ഹിന്ദു ഭൂരിപക്ഷമായ രാഷ്ട്രം ഭരിച്ച മുസ്‌ലിം ഭരണാധികാരിയെന്ന നിലയില്‍ ഔറംഗസീബിനെ മനസ്സിലാക്കാനുതകുന്ന തരത്തില്‍ ഭൂതകാലത്തിലേക്ക് ഒന്നു കണ്ണോടിക്കാനാണ് ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്.

പശ്ചാത്തലവും ആദ്യകാലവും
49 വര്‍ഷക്കാലത്തെ ഔറംഗസീബിന്റെ ഭരണത്തെ വിലയിരുത്തുമ്പോള്‍ ഏറെ പ്രധാനമാണ് ആ ഭരണത്തിന്റെ പശ്ചാത്തലം മനസ്സിലാക്കുകയെന്നത്. 1500 കളില്‍ ബാബറിന്റെ ഭരണത്തിലൂടെയാണ് മുഗളന്‍മാര്‍ ഇന്ത്യയില്‍ അധികാരത്തിലെത്തുന്നത്. 150 വര്‍ഷത്തിലേറെ പിന്നിട്ട ശേഷം മുഗള്‍ ഭരണം അതിന്റെ ഉത്തുംഗതയില്‍ എത്തിനില്‍ക്കുന്ന സംമയത്താണ് ഔറംഗസീബ് അധികാരമേല്‍ക്കുന്നത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും നിയന്ത്രിച്ചിരുന്ന ലോകത്തെ ഏറ്റവും സമ്പന്നരായ ഭരണാധികാരികളില്‍ ഒരാളായിരുന്നു അദ്ദേഹം.

ഇപ്രകാരം ഏറെ സമ്പന്നവും ശക്തവുമായ രാഷ്ട്രത്തിലേക്കാണ് 1618-ല്‍ ഔറംഗസീബ് ജനിക്കുന്നത്. ആഗ്രയില്‍ താജ്മഹല്‍ നിര്‍മിച്ച ഇതിഹാസമായ ഷാജഹാനാണ് അദ്ദേഹത്തിന്റെ പിതാവ്. ചെറുപ്പത്തില്‍ അദ്ദേഹത്തെ വിദ്യ അഭ്യസിപ്പിക്കാന്‍ മികച്ച പണ്ഡിതന്‍മാരെയും അധ്യാപകരെയും അദ്ദേഹം ചുമതലപ്പെടുത്തി. ചെറുപ്രായത്തില്‍ തന്നെ അദ്ദേഹം ഖുര്‍ആനും ഹദീഥും മറ്റ് ഇസ്‌ലാമിക വിജ്ഞാനങ്ങളും കരസ്ഥമാക്കി. അത്യുത്സാഹിയായ ഒരു വായനക്കാരനായി അദ്ദേഹം അറിയപ്പെട്ടു. അറബി, പേര്‍ഷ്യന്‍ ഭാഷകള്‍ക്ക് പുറമെ തന്റെ പൂര്‍വികരുടെ ഭാഷയായ ചകതയി തുര്‍കി ഭാഷയും അദ്ദേഹം വായിക്കുകയും എഴുതുകയും ചെയ്തു. അതോടൊപ്പം കാലിഗ്രഫി കലയും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ ചില കാലിഗ്രഫി വര്‍കുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്.

ഇസ്‌ലാമിന്റെ പ്രചാരണം
ഔറംഗസീബിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു മുഗള്‍ സാമ്രാജ്യത്വത്തിലേക്ക് ഇസ്‌ലാമിക ഭരണം കൊണ്ടുവരികയെന്നുള്ളത്. മുന്‍ ചക്രവര്‍ത്തിമാര്‍ മുസ്‌ലിംകളായിരുന്നുവെങ്കിലും ഇസ്‌ലാമിക നിയമപ്രകാരമായിരുന്നില്ല അവര്‍ ഭരണം നടത്തിയിരുന്നത്. അതിനുദാഹരണമാണ് അദ്ദേഹത്തിന്റെ പൂര്‍വപിതാവ് അക്ബര്‍. ഇസ്‌ലാമിന് നിരക്കാത്ത പലതും അനിസ്‌ലാമിക വിശ്വാസങ്ങളില്‍ നിന്ന് നിരന്തരം അദ്ദേഹം സ്വീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലും രാജ്യഭരണത്തിലും അത് കാണാം. ഇസ്‌ലാമിക ഭരണം വേണമെന്ന അദ്ദേഹത്തിന്റെ നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിന് ലഭിച്ച വിദ്യാഭ്യാസത്തിന്റെയും തീഷ്ണമായ മതപ്രതിപത്തിയുടെയും ഫലമായിരുന്നു.

പിതാവ് ഷാജഹാന്‍ മരണപ്പെടുന്നതിന് മുമ്പ് തന്നെ ഔറംഗസീബ് അധികാരമേറ്റു. പിതാവിനോടുള്ള ആദരവ് കാത്തുസൂക്ഷിച്ചു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ ധൂര്‍ത്തും ദുര്‍വ്യയവുമാണെന്ന് മനസ്സിലാക്കി അവയെ ശക്തമായി എതിര്‍ത്തു. ഔറംഗസീബിന്റെ ഉമ്മ മുംതാസ് മഹലിന്റെ ഓര്‍മക്കായി ഷാജഹാന്‍ നിര്‍മിച്ച താജ്മഹലിനെതിരെയുള്ള വിമര്‍ശനം അതിനുദാഹരണമാണ്. ഖബ്‌റിന് മുകളില്‍ കെട്ടിപ്പൊക്കുന്നത്, പ്രത്യേകിച്ചും അത് അലങ്കാരങ്ങളോടെയും വലിയ ചെലവേറിയ രീതിയിലും ചെയ്യുന്നത് ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് ഒരു നിലക്കും നിരക്കാത്തതായി അദ്ദേഹം മനസ്സിലാക്കി. ഖബറിന് മുകളില്‍ കെട്ടിടം നിര്‍മിക്കുന്നതിന്റെ എത്രത്തോളം അംഗീകരിക്കപ്പെട്ടതാണെന്നതില്‍ സംശയമുണ്ടെന്നും, അതില്‍ ദുര്‍വ്യയമുണ്ടെന്നതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. സൂഫീ ശവകുടീരങ്ങള്‍ക്ക് നല്‍കിയിരുന്ന അമിത പ്രാധാന്യത്തെയും അദ്ദേഹം പരസ്യമായി എതിര്‍ത്തു. ഇസ്‌ലാമിക വിശ്വാസങ്ങള്‍ക്കും അനുഷ്ടാനങ്ങള്‍ക്കും നിരക്കാത്ത ആരാധനയുടെ തലത്തിലേക്കത് വളരുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

തന്റെ സാമ്രാജ്യത്വത്തില്‍ ഇസ്‌ലാമിക നിയമം നടപ്പാക്കുന്നത് എളുപ്പമാക്കുന്നതിന് ഇസ്‌ലാമിക നിയമങ്ങള്‍ ഗ്രന്ഥ രൂപത്തിലാക്കുന്നതിന് ഔറംഗസീബ് ആവശ്യപ്പെട്ടു. അത്തരം നിയമങ്ങള്‍ ക്രോഡീകരിക്കുന്നതിനായി ലോകത്തിന്റെ പലഭാഗത്തു നിന്നുമുള്ള നൂറുകണക്കിന് മുസ്‌ലിം പണ്ഡിതന്‍മാരെ അദ്ദേഹം ഒരുമിച്ചു കൂട്ടി. ഹനഫീ കര്‍മശാസ്ത്ര ധാര പ്രകാരമുള്ള ഫതാവാ യെ ആലംഗീരി അതിന്റെ ഫലമായി രൂപപ്പെട്ടതാണ്. ഹനഫി നിയമങ്ങളുടെ സംക്ഷിപ്ത രൂപമായി പരിഗണിക്കപ്പെടുന്ന പ്രസ്തുത ഗ്രന്ഥം ഇന്ത്യക്ക് പുറത്ത് മുസ്‌ലിം ലോകത്ത് ഫതാവാ അല്‍-ഹിന്ദിയ്യ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഫതാവാ യെ ആലംഗീരി ഒരു മാര്‍ഗദര്‍ശന ഗ്രന്ഥമായി ഉപയോഗപ്പെടുത്തി ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കുന്നതിനും മദ്യപാനം, ചൂതാട്ടം, വ്യഭിചാരം പോലുള്ള ദുഷിച്ച നടപടികള്‍ അവസാനിപ്പിക്കുന്നതിനും സാമ്രാജ്യത്വത്തിലുടനീളം ഉദ്യോഗസ്ഥരെ അയച്ചു. ഇസ്‌ലാമിക നിയമങ്ങള്‍ക്ക് നിരക്കാത്ത നികുതികള്‍ എടുത്തു കളഞ്ഞു. നികുതി വരുമാനത്തിലെ കുറവ് പരിഹരിക്കാനായി വളരെ ലളിതമായി ജീവിത രീതിയായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്നത്. തന്റെ പിതാവിനെ പോലെ ആഢംബര ജീവിതം നയിക്കാന്‍ അദ്ദേഹം തയ്യാറായില്ല. ധൂര്‍ത്തായി പരിഗണിച്ച് കൊട്ടാരം ഗായകര്‍, ചക്രവര്‍ത്തിമാരുടെ ജന്മദിന ആഘോഷങ്ങള്‍ പോലുള്ള രാജകീയ ആചാരങ്ങള്‍ അദ്ദേഹം എടുത്തു കളഞ്ഞു.

മൊഴിമാറ്റം: നസീഫ്

ഔറംഗസീബും ഹിന്ദു, സിഖ് വിശ്വാസികളും

Related Articles