Current Date

Search
Close this search box.
Search
Close this search box.

ഉവൈസ് ബിന്‍ ആമിറുല്‍ ഖറനി

desert1.jpg

അല്ലാഹുവിന് ഇഷ്ടപ്പെട്ട ദാസന്‍മാരില്‍ ഒരാള്‍, അല്ലാഹുവെ സൂക്ഷിച്ചും അവന്റെ വിലക്കുകള്‍ മാനിച്ചും ജീവിച്ചു. ഐഹിക നേട്ടങ്ങള്‍ ലഭിച്ചപ്പോള്‍ നിസ്സാരമായി ത്യജിച്ചു. അധികാരവും പ്രശസ്തിയും കൈയ്യെത്തും ദൂരത്ത് എത്തിയിട്ടും അവയെ അകറ്റി നിര്‍ത്തി. വ്യാജമായ പ്രതാപത്തില്‍ നിന്ന് വിട്ടകന്നപ്പോഴും യഥാര്‍ത്ഥ പ്രതാപം അദ്ദേഹത്തിന്റെ കാല്‍ചുവട്ടില്‍ വന്ന് നിന്നു. ജനങ്ങളനുസരിക്കുന്ന നേതാവും വലിയ സമ്പത്തിനുടമയുമാകാന്‍ അവസരം ലഭിച്ചിട്ടും ദരിദ്രനും കൂലിക്കാരനുമായി ജീവിതം തെരെഞ്ഞെടുത്ത മഹാനെ നിങ്ങള്‍ക്കറിയുമോ?

അതെ, അദ്ദേഹമാണ് ഉവൈസുല്‍ ഖറനി. അവഗണിക്കപ്പെട്ടവനും ദരിദ്രനുമായദ്ദേഹം ജീവിച്ചു. നുരുമ്പിയ വസ്ത്രവും ശോഷിച്ച ശരീരവും അദ്ദേഹത്തെ പരിഹാസപാത്രമാക്കി. ആളുകള്‍ക്ക് വേണ്ടി ഒട്ടകങ്ങളെ മേയ്ക്കുകയായിരുന്നു അദ്ദേഹത്തിന്റെ തൊഴില്‍. അദ്ദേഹത്തെ കുറിച്ച് പ്രവാചകന്‍ സ്മരിക്കുകയും അദ്ദേഹത്തിന്റെ ദൈവഭക്തിയെയും സംസ്‌കരണത്തെയും വിശേഷിപ്പിക്കുകയും ചെയ്തു. അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്താല്‍ അത് പൂര്‍ത്തീകരിക്കുന്നവരില്‍ പെട്ടവനായിരുന്നു അദ്ദേഹമെന്ന് പ്രവാചകന്‍ പ്രശംസിച്ചു.

ഉമര്‍(റ) പറയുന്നു: പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: ‘യമനില്‍ നിന്നുള്ള സംഘത്തോടൊപ്പം മുറാദ് ഗോത്രത്തിലെ ഖറന് കുടുംബത്തില്‍ നിന്നും ഉവൈസ് നിങ്ങളിലേക്ക് വരും. വെള്ളപാണ്ഡുണ്ടായതിന് ശേഷം സുഖം പ്രാപിച്ചയാണ് അദ്ദേഹം. ഒരു ദിര്‍ഹമിന്റെ വലുപ്പത്തില്‍ മാത്രമാണ് അത് അവശേഷിക്കുന്നത്. തന്റെ മാതാവിന്ന് വളരെയധികം നന്മ ചെയ്തവനായിരുന്നു അദ്ദേഹം. അയാള്‍ അല്ലാഹുവിന്റെ പേരില്‍ വല്ല ശപഥവും ചെയ്താല്‍ അത് പാലിക്കുന്നവനായിരുന്നു. സാധിക്കുമെങ്കില്‍ അദ്ദേഹത്തോട് താങ്കള്‍ക്ക് വേണ്ടി പാപമോചനത്തിനായി അര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുക.’

അബൂഹുറൈറയില്‍ നിന്നുദ്ധരിക്കുന്നു: അല്ലാഹുവിന്റെ ദൂതന്‍ പറഞ്ഞു ‘അല്ലാഹു തന്റെ സൃഷ്ടികളില്‍ ശുദ്ധരും നിരപരാധികളും ജഡപിടിച്ച മുടിയും പൊടിപുരണ്ട മുഖവും ഒട്ടിയവയറുമുള്ളവരെയാണ് ഇഷ്ടപ്പെടുന്നത്. അവര്‍ക്ക് ഭരണാധികാരികളുടെ അടുക്കല്‍ അനുവാദം നല്‍കപ്പെടുകയില്ല. സമ്പന്നരായി സ്ത്രീകളെ അവര്‍ക്ക് വിവാഹം ചെയ്തുകൊടുക്കില്ല. അവരെ കാണാതായാല്‍ ആരും അന്വേഷിക്കുകയില്ല. അവര്‍ വന്നാല്‍ സന്തോഷിക്കുകയുമില്ല. രോഗം പിടിപെട്ടാല്‍ അവരെ സന്ദര്‍ശിക്കുകയില്ല. അവര്‍ മരിച്ചാല്‍ ആരും കാര്യമാക്കുകയുമില്ല…
സഹാബിമാല്‍ ചോദിച്ചു: അവരില്‍ ഒരാള്‍ എങ്ങനെയായിരിക്കും?
അദ്ദേഹം പറഞ്ഞു: ഉവൈസുല്‍ ഖറനി അവരില്‍പെട്ടവനാണ്.
അവര്‍ ചോദിച്ചു: ആരാണ് ഉവൈസുല്‍ ഖറനി?
അദ്ദേഹം പറഞ്ഞു: ചെമ്പിച്ച മുടിയുള്ള നീല കണ്ണുകള്‍ക്കുടമ, വീതിയേറിയ തോളുകളും ഇടത്തരം ശരീരവും കടുത്ത തവിട്ടുനിറവുമായിരിക്കും അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ കണ്ണുകള്‍ സുജൂദിന്റെ സ്ഥാനത്തേക്കായിരിക്കും, വലതുകൈ ഇടതിന്‍മേല്‍ വെച്ചയാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും കരയുകയും ചെയ്യും. കമ്പിളികൊണ്ടുള്ള മേല്‍വസ്ത്രമോ പുതപ്പോള്‍ അദ്ദേഹത്തിനുണ്ടാവില്ല, രണ്ട് നുരുമ്പിയ തുണികഷ്ണങ്ങള്‍ മാത്രമായിരിക്കും അദ്ദേഹത്തിന്റെ സ്വത്ത്.

ഭൂമിയിലുള്ളവര്‍ക്ക് അപരിചിതനാണെങ്കിലും വാനലോകത്തുള്ളവര്‍ക്കിടയില്‍ സുപരിചിതനായിരിക്കുമയാള്‍. അല്ലാഹുവിന്റെ പേരില്‍ ചെയ്യുന്ന ശപഥങ്ങള്‍ പൂര്‍ത്തീകരിക്കുന്നവന്‍. അയാളുടെ ഇടതുതോളിന് താഴെ തിളങ്ങുന്ന വെളള അടയാളമുണ്ടായിരിക്കും. അന്ത്യദിനത്തില്‍ ആളുകളോട് സ്വര്‍ഗത്തില്‍ പ്രവേശിച്ചു കൊള്ളുകയെന്ന് പറയുമ്പോള്‍ ഉവൈസിനോട് പറയും: നില്‍ക്കൂ, നീ ശിപാര്‍ശ ചെയ്യണം, അപ്പോള്‍ അദ്ദേഹം അല്ലാഹുവോട് ശിപാര്‍ശ ചെയ്യും.
അല്ലയോ ഉമര്‍, അല്ലയോ അലി നിങ്ങള്‍ അയാളെ കണ്ടാല്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനം തേടാന്‍ ആവശ്യപ്പെടുക.’

ഉമറും(റ) അലി(റ)യും പത്തുവര്‍ഷത്തോളം അദ്ദേഹത്തെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഉമര്‍(റ) തന്റെ അവസാന വര്‍ഷത്തിലൊരിക്കല്‍ അബൂഖുബൈസ് മലയില്‍ കയറിനിന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:
യമനില്‍ നിന്നുള്ള ഹാജിമാരെ, നിങ്ങളുടെ കൂട്ടത്തില്‍ മുറാദ് ഗോത്രക്കാരനായ ഉവൈസുണ്ടോ?
അപ്പോള്‍ നീണ്ട താടിയുള്ള ഒരു വൃദ്ധന്‍ പറഞ്ഞു: ഏത് ഉവൈസാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? ഉവൈസ് എന്ന പേരുള്ള ഒരു സഹോദരപുത്രന്‍ എനിക്കുണ്ട്. അയാള്‍ അത്ര പ്രശസ്തനോ സമ്പന്നനോ അല്ല, അയാള്‍ ഞങ്ങളുടെ ഒട്ടകങ്ങളെ മേയ്ക്കുന്നവനാണ്. ഞങ്ങള്‍ക്കിടയില്‍ വളരെ ദുര്‍ബലനുമാണ്..
അപ്പോള്‍ ഉമര്‍(റ) ചോദിച്ചു: നിങ്ങളുടെയാ സഹോദരപുത്രന്‍ എവിടെയാണ്? ഇവിടം വിട്ട് പോയോ?
– അതെ,
– ഇപ്പോള്‍ എവിടെയുണ്ടാകും?
അറഫയിലെ തമ്പിലുണ്ടാകുമെന്ന് അയാള്‍ അറിയിച്ചപ്പോള്‍ ഉമറു(റ)ം അലി(റ)യും വളരെ വേഗത്തില്‍ അറഫയിലേക്ക് കുതിച്ചു. അദ്ദേഹമവിടെ, ഒരു മരത്തിന് നേരെ തിരിഞ്ഞ് നമസ്‌കരിക്കുകയായിരുന്നു. അവര്‍ സലാം പറഞ്ഞു. അദ്ദേഹം നമസ്‌കാരം ചുരുക്കി സലാം മടക്കി.
– താങ്കളാരാണ്?
– ഒട്ടകങ്ങളെ മേക്കുന്ന സാദാ കൂലിത്തൊഴിലാളി.
– താങ്കളുടെ തൊഴിലല്ല ചോദിച്ചത്. എന്താണ് നിങ്ങളുടെ പേര്?
– അബ്ദുല്ല.. (അല്ലാഹുവിന്റെ അടിമ)
– ആകാശഭൂമികളിലുള്ളവരെല്ലാം അല്ലാഹുവിന്റെ അടിമകളാണെന്ന് ഞങ്ങള്‍ക്കറിയാം.. താങ്കളുടെ ഉമ്മ താങ്കളെ വിളിച്ച പേരെന്താണ്?
– നിങ്ങള്‍ രണ്ടുപേരും എന്താണ് ഉദ്ദേശിക്കുന്നത്?
– ഉവൈസുല്‍ ഖറനിയുടെ വിശേഷണങ്ങള്‍ നബി(സ) ഞങ്ങള്‍ക്ക് വിവരിച്ച് തന്നിട്ടുണ്ട്. ചെമ്പന്‍ മുടിയും നീലകണ്ണുകളും ഞങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. താങ്കളുടെ ഇടത് തോളിന് താഴെ ഒരു വെളുത്ത അടയാളമുണ്ടെന്ന് പ്രവാചകന്‍ അറിയിച്ചിരുന്നു. നിങ്ങള്‍ക്ക് അതുണ്ടെങ്കില്‍ അതൊന്ന് കാണിച്ച് തരണം. അപ്പോള്‍ അദ്ദേഹം അദ്ദേഹത്തിന്റെ ചുമല്‍ വെളിവാക്കി, അതാ അവിടെ വെളുത്തപാട് തിളങ്ങുന്നു.

അവരതിനെ ചുംബിക്കാനാഞ്ഞ് പറഞ്ഞു: താങ്കള്‍ തന്നെയാണ് ഉവൈസ്. ഞങ്ങള്‍ക്ക്് വേണ്ടി അല്ലാഹുവോട് പാപമോചനം തേടണം.
അദ്ദേഹം പറഞ്ഞു: ഞാന്‍ എനിക്കോ മറ്റാര്‍ക്കെങ്കിലും വേണ്ടിയോ പ്രത്യേകമായി പാപമോചനം നടത്താറില്ല, കരയിലും കടലിലുമുള്ള മുഴുവന്‍ വിശ്വാസി വിശ്വാസിനികള്‍ക്കും വേണ്ടിയുള്ളതാണത്.
തുടര്‍ന്ന് അദ്ദേഹം ചോദിച്ചു: എന്നെ കുറിച്ച് പ്രവാചകന്‍ നിങ്ങള്‍ക്ക് അറിയിച്ച് തന്നു, നിങ്ങള്‍ എന്നെ തിരിച്ചറിയുകയും ചെയ്തു. നിങ്ങള്‍ രണ്ടുപേരും ആരൊക്കെയാണ്?
അലി(റ) പറഞ്ഞു: ഇത് അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ ഖത്താബ്, ഞാന്‍ അലി ബിന്‍ അബീ ത്വാലിബ്. ഇത് കേട്ട് ഉവൈസ് എഴുന്നേറ്റ് നിന്ന് പറഞ്ഞു:
അല്ലയോ അമീറുല്‍ മുഅ്മിനീന്‍, അല്ലാഹുവിന്റെ രക്ഷയും സമാധാനവും അങ്ങേക്കുണ്ടാവട്ടെ… അലി ബിന്‍ അബീത്വാലിബ് അങ്ങേക്കും അല്ലാഹുവിന്റെ രക്ഷയും സമാധാനവും ഉണ്ടാവട്ടെ… ഈ സമുദായത്തിന്റെ പേരില്‍ അല്ലാഹു നിങ്ങള്‍ക്ക് നല്ല പ്രതിഫലം നല്‍കട്ടെ….
അവര്‍ പറഞ്ഞു: താങ്കള്‍ക്കും അല്ലാഹു പ്രതിഫലം നല്‍കട്ടെ..
തുടര്‍ന്ന് ഉമര്‍ അദ്ദേഹത്തോട് പറഞ്ഞു: നീ ഞങ്ങളുടെ സഹോദരനാണ്, നിന്നെ ഒരിക്കലും വേര്‍പിരിയാന്‍ ഞാനുദ്ദേശിക്കുന്നില്ല, അദ്ദേഹത്തിന്റെ നുരുമ്പിയ വസ്ത്രവും ഒട്ടിയവയറും കണ്ടപ്പോള്‍ ഉമര്‍ പറഞ്ഞു: അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ, എനിക്ക് ലഭിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് ചെലവിനുള്ളതും എന്റെ വസ്ത്രത്തില്‍ കൂടുതലുള്ളതില്‍ നിന്ന് നിങ്ങള്‍ക്ക് വസ്ത്രവും ഞാന്‍ നല്‍കും, ഇതാണ് നമുക്ക് രണ്ടുപേര്‍ക്കുമിടയിലുള്ള കരാര്‍..
ഉവൈസ് പറഞ്ഞു: പിന്നെ നിങ്ങള്‍ എന്നെ തിരിച്ചറിയുമെന്ന് ഞാന്‍ കരുതുന്നില്ല..
-ചെലവിന് ലഭിക്കുന്നത് കൊണ്ട് ഞാനെന്ത് ചെയ്യും?
-എനിക്കെന്തിനാണ് വസ്ത്രം?
എന്റെ മേല്‍ കമ്പിളിയുടെ മേല്‍ വസ്ത്രം കണ്ടാല്‍ എപ്പോഴാണത് നുരുമ്പിയതായി നിങ്ങള്‍ കാണുക, തുന്നിയ ചെരിപ്പുകളിട്ടാല്‍ അവ ദ്രവിച്ചതായി നിങ്ങള്‍ കാണുകയില്ലല്ലോ?
പിന്നെ പറഞ്ഞു: അമീറുല്‍ മുഅ്മിനീന്‍, വളരെ ഇടുങ്ങിയ വഴിയിയിലൂടെയാണ് എനിക്ക് കടന്നു പോകേണ്ടത്, ഒട്ടിയവയറും മെലിഞ്ഞ ശരീരവും കൊണ്ടല്ലാതെ അതിലൂടെ കടക്കാനാവില്ല. അല്ലാഹു നിങ്ങളോട് കരുണ കാണിക്കട്ടെ…
ഇത് കേട്ട ഉമര്‍(റ) തന്റെ ചാട്ടവാര്‍ കൊണ്ട് നിലത്തടിച്ചു, എന്നിട്ട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ‘ഉമറിന്റെ മാതാവ് അദ്ദേഹത്തെ പ്രസവിച്ചില്ലായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു…  കണ്ണുകള്‍ ചൂളിപോകുന്ന ദിനം അവന്റെ കാര്യമെത്ര കഷ്ടം…  അന്ത്യദിനത്തിന്റെ പ്രഭാതത്തില്‍ അവന്‍ പ്രയാസപ്പെട്ടത് തന്നെ…. അവന്റെ വഴിയെത്ര ദുര്‍ഘടമാണ്… തന്റെ നാഥന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ അവന്റെ കാര്യമെത്ര കഷ്ടം…’

ഉവൈസ് ഉമറിനെയും അലിയെയും നോക്കി പറഞ്ഞു: ‘നിങ്ങള്‍ക്ക് വിട, ഇനിയൊരു കൂടികാഴ്ചയില്ല… അമീറുല്‍ മുഅ്മിനീന്‍, നിങ്ങളീ വഴി പോകുക, ഞാന്‍ മറ്റൊരു വഴി തെരെഞ്ഞെടുക്കാം… ഉമറും അലി(റ)യും മക്കയുടെ ഭാഗത്തേക്ക് തിരിച്ചു. തന്നോടൊപ്പമുണ്ടായിരുന്ന ഒട്ടകങ്ങളെയും തെളിച്ച് ഉവൈസ് നടന്നു. ഒട്ടകങ്ങളെ അതിന്റെ ആളുകളെ ഏല്‍പ്പിച്ച് അദ്ദേഹം ആരാധനകളില്‍ മുഴുകി..
ഹാഫിദ് അബൂ നുഐം അല്‍ അസ്ഫഹാനി തന്റെ ‘ഹില്‍യത്തുല്‍ ഔലിയാഅ്’ എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ഹദീസാണ് മുകളില്‍ വിവരിച്ചത്. ഇബ്‌നു ജൗസി തന്റെ സ്വിഫത്തുസ്വഫ്‌വയെന്ന ഗ്രന്ഥത്തിലും ഇതുദ്ധരിച്ചിട്ടുണ്ട്.

‘മദീനയില്‍ തന്നോടൊപ്പം ജീവിക്കാനുള്ള ഉമര്‍(റ)ന്റെ ക്ഷണം നിരസിച്ച ഉവൈസ് കൂഫയിലേക്ക് പോയി. ഭരണകാര്യങ്ങളില്‍ തന്നെ സഹായിക്കാനായിരുന്നു അദ്ദേഹത്തെ ക്ഷണിച്ചിരുന്നത്. താന്‍ അത് മുഖേനെ കുഴപ്പത്തില്‍ പെട്ടേക്കുമോ എന്ന ഭയവും, അല്ലാഹുവോടുള്ള കടമകള്‍ പൂര്‍ത്തീകരിക്കുന്നതിനും വേണ്ടിയാണദ്ദേഹമത് നിരസിച്ചത്. ഐഹിക വിഭവങ്ങളെ നിസ്സാരമാക്കി ത്യജിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

കൂഫയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ആരിലും അത്ഭുതം ജനിപ്പിക്കുന്നവയാണ്. തണുപ്പും വിശപ്പും ആളുകളുടെ ഉപദ്രവവും അല്ലാഹുവിന്റെ പ്രതിഫലം ആഗ്രഹിച്ച് അദ്ദേഹം സഹിച്ചു. ആ നാട്ടിലെ ഭരണാധികാരിയാകാന്‍ ആഗ്രഹിച്ചാല്‍ അതിന് യാതൊരു തടസ്സവുമില്ലെന്ന് അദ്ദേഹത്തിന് തന്നെ അറിയാമായിരുന്നു. തന്റെ വീട് ആളുകള്‍ക്ക് സന്ദര്‍ശിക്കാനുള്ള ഒരിടമാക്കിയാല്‍ തന്റെ കൈകാലുകള്‍ ചുംബിക്കാന്‍ അവിടേക്ക് നാനാഭാഗത്ത് നിന്നും അവരവിടേക്ക് പ്രവഹിക്കുമായിരുന്നു. അവര്‍ക്ക് വേണ്ട് പാപമോചനമര്‍ത്ഥിച്ച് വിലപിടിച്ച സമ്മാനങ്ങള്‍ നേടാമായിരുന്നു..’

യസീര്‍ ബിന്‍ ജാബിര്‍ പറയുന്നു: കൂഫയില്‍ ഒരു ഹദീസ് നിവേദകന്‍ ഉണ്ടായിരുന്നു. ഹദീസുകളെ പറ്റിയുള്ള അദ്ദേഹത്തിന്റെ സംസാരം അവസാനിപ്പിച്ചാലും ചെറിയ ഒരു സംഘം അദ്ദേഹത്തോടൊപ്പം അവശേഷിക്കുമായിരുന്നു. അവരില്‍ ഒരാള്‍ വളരെ നല്ല സംസാരത്തിനുടമയായിരുന്നു. ഹൃദയങ്ങളെ സ്വാധീനിക്കുന്നവയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഞാനയാളെ വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. പിന്നെ അദ്ദേഹത്തെയെനിക്ക് നഷ്ടപ്പെട്ടു. ഞങ്ങളോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിശേഷണങ്ങളൊക്കെ പറഞ്ഞ് ഞാനന്വേഷിച്ചു.
അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു:  എനിക്കയാളെ അറിയാം, ഉവൈസുല്‍ ഖറനിയാണദ്ദേഹം.
– അയാളുടെ വീടെവിടെയാണെന്നറിയുമോ?
– ഉവ്വ്, അറിയാം…
ഞാന്‍ അയാളെയും കൂട്ടി അദ്ദേഹത്തിന്റെ മുറിക്കരികിലെത്തി. ചോദിച്ചു: ഞങ്ങളില്‍ നിന്ന് എന്താണ് നിങ്ങളെ തടഞ്ഞ് നിര്‍ത്തുന്നത്?
ഉവൈസ് പറഞ്ഞു: ഞാന്‍ നഗ്നനാണ്.
അയാള്‍ പറഞ്ഞു: അദ്ദേഹത്തിന്റെ കൂട്ടുകാര്‍ അയാളെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു.’
ഞങ്ങളൊരു വസ്ത്രം നല്‍കി അത് ധരിച്ച് ഞങ്ങളിലേക്ക് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം വസ്ത്രം ധരിക്കുന്നത് വരെ ഞങ്ങള്‍ അവിടെ തന്നെ നിന്നു.
അദ്ദേഹത്തെ കണ്ട് വന്ന ശേഷം ഞാന്‍ ജനങ്ങളോട് ചോദിച്ചു, നിങ്ങള്‍ ദ്രോഹിച്ച് കൊണ്ടിരിക്കുന്ന ഉടുതുണിക്ക്് മറുതുണിയില്ലാത്ത ആ വ്യക്തി ആരാണെന്ന് നിങ്ങള്‍ക്കറിയാമോ?
ഞാനവരെ ശക്തമായി ശകാരിച്ചു. പിന്നീട് കൂഫക്കാരുടെ ഒരു സംഘം മദീനയിലേക്ക് പോയി. അവരെ തിരിച്ചറിഞ്ഞ ഉമര്‍(റ) ഉവൈസുല്‍ ഖറനിയെ കുറിച്ച് ചോദിച്ചു. അവര്‍ക്ക് അയാളെക്കുറിച്ച് അറിയില്ലായിരുന്നു. അതറിയാവുന്ന അയാളുടെ പിതൃവ്യപുത്രനും അവരോടൊപ്പമുണ്ടായിരുന്നു. അദ്ദേഹമാണ് നാം നേരത്തെ സൂചിപ്പിച്ചത് പോലെ ഉമറിന് ഉവൈസിനെക്കുറിച്ച് വിവരിച്ച് കൊടുത്തത്.
അദ്ദേഹം ഒരു മോശപ്പെട്ട വ്യക്തിയായിരുന്നു. സമ്പന്നരില്‍ നിന്ന് ഭക്ഷം നേടിയെടുത്ത്, ദരിദ്രരെ വഞ്ചിച്ച് ജീവിക്കുന്നവനായിരുന്നു. എന്നാല്‍ പോലും ഉവൈസ് അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ പറയാറുണ്ടായിരുന്നുള്ളൂ.

മടങ്ങി വന്ന് പിതൃവ്യ പുത്രന്റെ വീട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് അയാള്‍ പറഞ്ഞു: ‘സഹോദരാ, നീ എനിക്ക് വേണ്ടി പാപമോചനം തേടണം..’
ഉവൈസ് പറഞ്ഞു: ‘ഇങ്ങനെയൊരു പതിവ് നിങ്ങള്‍ക്കില്ലാത്തതാണല്ലോ, എന്ത് പറ്റി?’
അയാള്‍ പറഞ്ഞു: ഉമര്‍(റ) നിങ്ങളെ കുറിച്ച് ഇന്നയിന്ന കാര്യങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടു. അതുകൊണ്ട് എനിക്ക് വേണ്ടി പാപമോചനം തേടണം…
ഉവൈസ് പറഞ്ഞു: ‘രണ്ടു കാര്യങ്ങള്‍ ചെയ്തു തരാതെ ഞാനത് ചെയ്യില്ല. മേലില്‍ എന്നെ പരിഹസിക്കരുത്, ഉമര്‍(റ)ല്‍ നിന്ന് കേട്ടതിനെ പറ്റി മറ്റാരോടും പറയരുത്.’
യസീര്‍ പറയുന്നു: അധികം വൈകാതെ തന്നെ അദ്ദേഹത്തെകുറിച്ച വാര്‍ത്ത കൂഫയില്‍ പരന്നു. ആളുകള്‍ തടിച്ചുകൂടി അവര്‍ക്ക് വേണ്ടി പാപമോചനം ആവശ്യപ്പെടാന്‍ തുടങ്ങി.. അദ്ദേഹം കൂഫയില്‍ നിന്നും ആരും അറിയാതെ രക്ഷപ്പെട്ടു. പിന്നീട് അദ്ദേഹത്തെ പറ്റി ആര്‍ക്കും ഒരു വിവരവും ലഭിച്ചില്ല…

ഹറം ബിന്‍ ഹയ്യാന്‍ പറയുന്നു: ഞാന്‍ കൂഫയിലേക്ക് പോയി. അദ്ദേഹത്തെ അന്വേഷിക്കുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം. അവസാനം യൂഫ്രട്ടീസിന്റെ തീരത്ത് അദ്ദേഹം വുദുവെടുക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തെക്കുറിച്ച വിശേഷണങ്ങളില്‍ നിന്ന് ഞാനദ്ദേഹത്തെ തിരിച്ചറിഞ്ഞു. സലാം പറഞ്ഞപ്പോള്‍ സലാം മടക്കി എന്റെ നേരെ നോക്കി. ഹസ്തദാനത്തിനായി കൈ നീട്ടികൊണ്ട് ഞാന്‍ പറഞ്ഞു: അല്ലാഹു നിങ്ങളോട് കരുണകാണിക്കുകയും പൊറുത്തുതരികയും ചെയ്യട്ടെ… താങ്കള്‍ എങ്ങിനെയിരിക്കുന്നു?
അദ്ദേഹം സ്‌നേഹം കൊണ്ടെന്നെ വീര്‍പ്പുമുട്ടിച്ചു. അദ്ദേഹത്തിന്റെ അവസ്ഥ കണ്ടപ്പോള്‍ എനിക്കദ്ദേഹത്തോട് ദയ തോന്നി ഞാന്‍ കരഞ്ഞു.. അദ്ദേഹവും കരഞ്ഞു എന്നിട്ട് പറഞ്ഞു: അല്ലയോ ഹറം ബിന്‍ ഹയ്യാന്‍ അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ, എന്തൊക്കെയുണ്ട് സഹോദരാ വിശേഷങ്ങള്‍? ആരാണ് എന്നെക്കുറിച്ച് താങ്കളെ അറിയിച്ചത്?
ഞാന്‍ പറഞ്ഞു: അല്ലാഹു.
അപ്പോള്‍ അദ്ദേഹം പറഞ്ഞു: അല്ലാഹുവല്ലാതെ ഇലാഹില്ല
‘അവര്‍ പറയും: ഞങ്ങളുടെ നാഥന്‍ എത്ര പരിശുദ്ധന്‍! ഞങ്ങളുടെ നാഥന്റെ വാഗ്ദാനം നിറവേറ്റപ്പെടുന്നതു തന്നെ.’ (അല്‍ ഇസ്‌റാഅ്: 108)
എന്നിട്ട് ഞാന്‍ ചോദിച്ചു എങ്ങനെയാണ് അങ്ങേക്ക് എന്റെയും പിതാവിന്റെയും പേരുകള്‍ കിട്ടിയത്?
അദ്ദേഹം പറഞ്ഞു: നമ്മള്‍ പരസ്പരം സംസാരിച്ചപ്പോള്‍ എന്റെ ആത്മാവ് നിങ്ങളുടെ ആത്മാവിനെ തിരിച്ചറിഞ്ഞു….
വിശ്വാസികള്‍ പരസ്പരം തിരിച്ചറിയും. അവരുടെ വീടുകള്‍ എത്രയകലെയാണെങ്കിലും അവര്‍ അല്ലാഹുവിന്റെ പേരില്‍ പരസ്പരം സ്‌നേഹിക്കും. അദ്ദേഹം പറഞ്ഞു: ഞാന്‍ പ്രവാചകന്‍(സ)യെ കണ്ടിട്ടില്ല, അദ്ദേഹത്തെ സഹവസിച്ചവരും എന്നോടൊപ്പം ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കണ്ടവരെ ഞാന്‍ കണ്ടിരിക്കുന്നു.
ഇതിനെ കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. ഹദീസ് നിവേദകനാകാനോ കഥപറച്ചിലുകാരനാകാനോ മുഫ്തിയാകാനോ ഞാനിഷ്ടപ്പെടുന്നില്ല. എനിക്ക് അതല്ലാത്ത വേറെ ചില കാര്യങ്ങള്‍ ചെയ്യാനുണ്ട്.

ഞാനദ്ദേഹത്തോട് പറഞ്ഞു: അല്ലാഹുവിന്റെ ഗ്രന്ഥത്തിലെ ചില സൂക്തങ്ങള്‍ എനിക്ക് പാരായണം ചെയ്തു തരണം. നിങ്ങളില്‍ നിന്ന് അത് കേള്‍ക്കാന്‍ ഞാനിഷ്ടപ്പെടുന്നു. എനിക്ക് സൂക്ഷിച്ച് വെക്കാന്‍ ചില ഉപദേശങ്ങളും തരണം. അല്ലാഹുവിന്റെ പേരില്‍ ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നു…
അപ്പോള്‍ അദ്ദേഹം എന്റെ കൈ പിടിച്ചു പറഞ്ഞു: അഊദു ബില്ലാഹി സമീഇല്‍ അലീം മിന ശൈത്വാനി റജീം….തുടര്‍ന്ന് ഈ സൂക്തങ്ങള്‍ പാരായണംചെയ്തു: ‘ഇവരാണോ കൂടുതല്‍ വമ്പന്മാര്‍; അതോ തുബ്ബഇ 1ന്റെ ജനതയും അവര്‍ക്കു മുമ്പുള്ളവരുമോ? അവരെയൊക്കെ നാം നശിപ്പിച്ചു. കാരണം അവര്‍ കുറ്റവാളികളായിരുന്നു. നാം ആകാശഭൂമികളെയും അവയ്ക്കിടയിലുള്ളവയെയും വെറും വിനോദത്തിനു വേണ്ടി സൃഷ്ടിച്ചതല്ല. തികഞ്ഞ യാഥാര്‍ഥ്യത്തോടെയല്ലാതെ നാമവയെ ഉണ്ടാക്കിയിട്ടില്ല. എന്നാല്‍ ഇവരിലേറെ പേരും ഇതൊന്നുമറിയുന്നില്ല. ആ വിധിത്തീര്‍പ്പിന്റെ നാളിലാണ് അവരുടെയൊക്കെ ഉയിര്‍ത്തെഴുന്നേല്‍പുണ്ടാവുന്ന നിശ്ചിതസമയം അന്നാളില്‍ ഒരു കൂട്ടുകാരന്നും തന്റെ ഉറ്റവനെ ഒട്ടും ഉപകരിക്കുകയില്ല. ആര്‍ക്കും ഒരുവിധ സഹായവും ആരില്‍നിന്നും കിട്ടുകയുമില്ല. അല്ലാഹു അനുഗ്രഹിച്ചവര്‍ക്കൊഴികെ. തീര്‍ച്ചയായും അവന്‍ പ്രതാപിയാണ്; പരമദയാലുവും.’ (അദ്ദുഖാന്‍: 38-42) വളരെയധികം കരഞ്ഞതിന് ശേഷം അദ്ദേഹം തുടര്‍ന്നു : അല്ലയോ ഇബ്‌നു ഹയ്യാന്‍, നിങ്ങളുടെ പിതാവ് മരണപ്പെട്ടിരിക്കുന്നു, താങ്കളും മരിക്കാറായിരിക്കുന്നു, ഒന്നുകില്‍ സ്വര്‍ഗത്തിലേക്ക് അല്ലെങ്കില്‍ നരകത്തിലേക്ക്, ആദമും മാതാവ് ഹവ്വയും മരണപ്പെട്ടു, അല്ലാഹുവിന്റെ നബിയായ നൂഹ് മരണപ്പെട്ടു, അല്ലാഹുവിന്റെ കൂട്ടുകാരന്‍ ഇബ്‌റാഹീം മരണപ്പെട്ടു, അല്ലാഹു രക്ഷപ്പെടുത്തിയ മൂസാ മരണപ്പെട്ടു, കാരുണ്യവാന്റെ പ്രതിനിധിയായ ദാവൂദ് മരണപ്പെട്ടു, അല്ലാഹുവിന് പ്രിയപ്പെട്ട മുഹമ്മദും മരണപ്പെട്ടിരിക്കുന്നു, അല്ലാഹു അവരെയെല്ലാം അനുഗ്രഹിക്കട്ടെ, ഖലീഫ അബൂ ബക്ര്‍ മരണപ്പെട്ടു, എന്റെ കൂട്ടുകാരനും സഹോദരനുമായ ഉമര്‍(റ)വും മരണപ്പെട്ടിരിക്കുന്നു..’
ഞാന്‍ പറഞ്ഞു: അല്ലാഹു താങ്കളോട് കരുണ കാണിക്കട്ടെ, ഉമര്‍ മരിച്ചിട്ടില്ല..
അദ്ദേഹം പറഞ്ഞു: അതെ, എന്റെ നാഥന്‍ അദ്ദേഹത്തിന്റെ മരണവാര്‍ത്തയെന്നെ അറിയിച്ചിരിക്കുന്നു, നാളെ ഞാനും മരിക്കാനുള്ളതാണ്. പിന്നെ നബിയുടെ പേരില്‍ സ്വലാത്ത് ചൊല്ലി.
പിന്നെ വളരെ പതുങ്ങിയ സ്വരത്തില്‍ എന്നെ വിളിച്ചു: എനിക്ക് നിങ്ങളോടുള്ള വസിയത്ത് അല്ലാഹുവിന്റെ ഗ്രന്ഥമാണ്. ദൂതന്‍മാരുടെയും സല്‍ക്കര്‍മികളുടെയും മരണവാര്‍ത്തയുമാണ്. കണ്ണിമവെട്ടുന്ന നേരം പോലും മരണചിന്ത നിങ്ങളെ വിട്ടു പോകരുത്. നിന്റെ സമൂഹത്തിലേക്ക് തിരിച്ചെത്തിയാല്‍ നീ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുക. സംഘത്തെ (അല്‍ജമാഅഃ) വിട്ടുപോകുന്നത് ദീനിനെ വിട്ടുപോകലാണെന്ന് മുഹമ്മദ് നബിയുടെ മുഴുവന്‍ സമൂഹത്തെയും ഉപദേശിക്കുക. എനിക്കും നിങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുക പിന്നെ പറഞ്ഞു: അല്ലാഹുവേ, ഇയാള്‍ നിന്റെ പേരില്‍ എന്നെ സ്‌നേഹിക്കുകയും സന്ദര്‍ശിക്കുകയും ചെയ്തിരിക്കുന്നു.

തുടര്‍ന്ന് പറഞ്ഞു: അല്ലാഹുവിന്റെ രക്ഷയും സമാധാനവും നിങ്ങള്‍ക്കുണ്ടാവട്ടെ, ഇനി നാം കണ്ടുമുട്ടില്ല.. പ്രശസ്തിയെ ഞാന്‍ വെറുക്കുന്നു, ഏകാന്തതയാണെനിക്കിഷ്ടം, കാരണം ജനങ്ങളോടൊപ്പമാകുമ്പോള്‍ എനിക്ക് ധാരാളം ദുഖങ്ങളുണ്ട്.
യസീര്‍ പറയുന്നു: ഞാനദ്ദേഹത്തോടൊപ്പം കുറച്ച് സമയം നടക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു, എന്നാല്‍ അദ്ദേഹമത് വിസമ്മതിച്ചു. ഞങ്ങള്‍ രണ്ടുപേരും കരഞ്ഞ് കൊണ്ട് പിരിഞ്ഞു. പിന്നീട് അതിന് ശേഷം അദ്ദേഹത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒന്നോ രണ്ടോ പ്രാവശ്യം പിന്നെ ഞാനദ്ദേഹത്തെ സ്വപ്‌നത്തില്‍ കണ്ടു.

അസ്തമന സമയത്ത് ഉവൈസ് ഇങ്ങനെ പറയാറുണ്ടായിരുന്നു, ഇത് റുകൂഇന്റെ രാത്രിയാണ് തുടര്‍ന്ന് പ്രഭാതമാകുന്നത് വരെ റുകൂഇലായിരിക്കും. വൈകുന്നേരമായാല്‍ വീട്ടില്‍ അവശേഷിക്കുന്ന എല്ലാമെടുത്ത് ദാനം ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. എന്നിട്ട് പറയും: അല്ലാഹുവേ, ആരെങ്കിലും വിശന്ന് മരിച്ചാല്‍ അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കരുതേ, ആരെങ്കിലും നഗ്നനായി രാത്രി കഴിച്ചുകൂട്ടിയാല്‍ അതിന്റെ പേരില്‍ എന്നെ ശിക്ഷിക്കരുതേ, ഞാനീ ധരിച്ചിരിക്കുന്നത് മാത്രമേ എന്റെ പക്കലുള്ളൂ.

ഇവിടെ ഉയര്‍ന്നു വരുന്ന ചോദ്യമുണ്ട്. വീട്ടിലുള്ള ചെറുതും വലുതുമായ എല്ലാം ദാനം ചെയ്യാന്‍ ഇത്രത്തോളം കണിശത പുലര്‍ത്തിയ ശേഷം വിശപ്പ് ബാധിക്കുമ്പോള്‍ ചവറ്റുകൂനയില്‍ ഒരു കഷ്ണം ഉണക്കറൊട്ടിക്കായി തിരയേണ്ടി വന്നത് എന്തുകൊണ്ടായിരുന്നു. ഇതിനുളള മറുപടി ഉവൈസ് മരണത്തെ എപ്പോഴും തന്റെ കണ്‍മുന്നില്‍ കണ്ടിരുന്നു എന്നുള്ളതാണ്. വൈകുന്നേരം വരെ താന്‍ ജീവിക്കുകയില്ല എന്നാണദ്ദേഹം പ്രഭാതത്തില്‍ വിചാരിക്കുക, അപ്രകാരം വൈകുന്നേരമായാല്‍ നേരം വെളുക്കുന്നത് വരെ താന്‍ ജീവിക്കില്ല എന്നും വിചാരിക്കും. പെട്ടന്ന് മരണം പിടികൂടുമ്പോള്‍ തന്റെ കയ്യില്‍ ഐഹികവിഭവങ്ങളൊന്നും അവശേഷിക്കാതിരിക്കാനാണ് ദാനം ചെയ്യാന്‍ അദ്ദേഹം ധൃതി കാണിച്ചിരുന്നത്.

അദ്ദേഹത്തോട് ആരെങ്കിലും ഉപദേശം തേടിയാല്‍ മരണത്തെ കുറിച്ചായിരിക്കും അദ്ദേഹം സംസാരിക്കുക. നീ ഉറങ്ങിയാല്‍ മരണത്തെ തലയിണയാക്കുക, എണീറ്റാല്‍ നീ മരണത്തെ മുന്നില്‍ കാണുക. നിന്റെ ഹൃദയത്തെ സംസ്‌കരിക്കാനും സ്ഥൈര്യം ലഭിക്കാനും അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക. ഹൃദയത്തിന്റെ ചികിത്സയേക്കാള്‍ പ്രയാസകരമായ ഒന്നും ഇല്ല… അത് മുന്നോട്ട് പോകുന്നതിനിടയില്‍ പെട്ടന്നായിരിക്കും പിന്നോട്ട് തിരിയുക, പിന്നോട്ട് പോകുന്നതിനിടയില്‍ മുന്നോട്ട് തിരിയും. മരണത്തെയും ജീവിതത്തെയും സംബന്ധിച്ച ഉവൈസിന്റെ വീക്ഷണം ഇതായിരുന്നു.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles