Current Date

Search
Close this search box.
Search
Close this search box.

ഉമര്‍ അശ്കര്‍ …. ഹമാസിന്റെ ബുദ്ധികേന്ദ്രം

scholar.jpg

ഫലസ്തീന് പുറത്തുള്ള ഹമാസിന്റെ നേതൃനിരയില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു 2012-ഓഗസ്തില്‍ അന്തരിച്ച ശൈഖ് ഉമര്‍ സുലൈമാന്‍ അശ്കര്‍. ഹമാസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക്  വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനിന്റെയും ഹമാസിന്റെയും നേതാക്കള്‍ പറഞ്ഞു. ഫിഖ്ഹ്, അഖീദ, ആത്മസംസ്‌കരണം തുടങ്ങിയ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ അവഗാഹം സുപരിചിതമാണ്. ഹമാസിന്റെ രൂപീകരണത്തിലും സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിലും  സഞ്ചാരഗതി നിര്‍ണയിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റി അധികപേരും അജ്ഞരാണ്.

ശരീഅത്ത് വിഷയങ്ങളിലും കാലികപ്രശ്‌നങ്ങളിലുമായി അമ്പതോളം ബൃഹത്തായ ഗ്രന്ഥങ്ങള്‍ രചിച്ച മുന്‍നിര പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ശൈഖ് ഉമര്‍ സുലൈമാന്‍. ഈടുറ്റ നിരവധി വൈജ്ഞാനിക പ്രബന്ധങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അമേരിക്ക, യൂറോപ്പ്, ഏഷ്യ, അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനങ്ങളില്‍ നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ ആദര്‍ശാടിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ തദ്വിഷയത്തിലുള്ള ആധികാരികമായ സ്രോതസ്സുകളാണ്. ഹമാസ് തങ്ങളുടെ മുതിര്‍ന്ന നേതാവിന്റെ വിയോഗം പോലെയാണ് ശൈഖ് ഉമറിന്റെ മരണത്തെ വിലയിരുത്തുന്നത്. ഖാലിദ് മിശ്അല്‍ അതിനെപറ്റി വൈകാരികമായാണ് സംസാരിച്ചത്. അദ്ദേഹത്തിന്റെ വൈജ്ഞാനികവും പ്രാസ്ഥാനികവുമായ സംഭാവനകളെ വിവരിക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകള്‍ അവര്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

മതപരമായ പശ്ചാത്തലമുള്ള കുടുംബത്തിലാണ് ശൈഖ് ഉമര്‍ അശ്കര്‍ ജനിച്ചത്. ഫലസ്തീനിലെ അറിയപ്പെട്ട ശരീഅ പണ്ഡിതന്മാരിലൊരാളായിരുന്നു അദ്ദേഹത്തിന്റെ സഹോദരന്‍ മുഹമ്മദ്. സലഫീ പശ്ചാത്തലത്തിലുള്ള സ്ഥാപനങ്ങളില്‍ നിന്നാണ് അദ്ദേഹം വിജ്ഞാനമാര്‍ജ്ജിച്ചത്. ഇബ്‌നുബാസ്, നാസിറുദ്ദീന്‍ അല്‍ബാനി, മുഹമ്മദ് ശന്‍ഖീതി തുടങ്ങിയ പ്രഗല്‍ഭ പണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു. മദീന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ട്രേറ്റ് നേടിയത്. എന്നാല്‍ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ ഹസനുല്‍ ബന്നയുടെയും സയ്യിദ് ഖുതുബിന്റെയും ഇഖ്‌വാന്റെയും ഗ്രന്ഥങ്ങളാണ് അദ്ദേഹത്തെ സ്വാധീനിച്ചത്. ഇസ്‌ലാമിക സമൂഹത്തിന്റെ നവോഥാനവും ഫലസ്തീന്റെ മോചനവും അദ്ദേഹത്തിന്റെ മുഖ്യപരിഗണനയുള്ള വിഷയങ്ങളായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ ശ്രദ്ധേയമായ സംഭാവനകള്‍ നമുക്ക് കാണാന്‍ കഴിയും.

1. ഇസ്‌ലാമിക വൈജ്ഞാനിക പൈതൃകങ്ങളിലേക്ക് നിരവധി ഗ്രന്ഥങ്ങള്‍ സംഭാവന ചെയ്ത പണ്ഡിതന്‍.
2. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ പ്രബോധന പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തം. തര്‍ബിയ മേഖലയിലും ഫിഖ്ഹുല്‍ ഔലവിയ്യാത്ത്, ഫിഖ്ഹുല്‍ മുവാസന തുടങ്ങിയ വിഷയങ്ങളിലെ സുബദ്ധമായ അഭിപ്രായങ്ങള്‍.
3. സന്തുലിതമായ സലഫീ വീക്ഷണം പ്രചരിപ്പിക്കുന്നതില്‍ ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖിനൊപ്പമുള്ള സ്തുത്യര്‍ഹമായ സംഭാവനകള്‍.
4. ഫലസ്തീന്‍ വിഷയത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനൊപ്പം ചേര്‍ന്നുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍.
5. യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ക്രിയാത്മക ശേഷികള്‍ ഫലസ്തീന്‍ വിമോചന സംരംഭങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള പരിശ്രമങ്ങള്‍.
6. ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഫലസ്തീനീലെ ഇസ്‌ലാമിക സംരംഭങ്ങള്‍ക്കും നേതൃപരവും സാമ്പത്തികവുമായ പിന്തുണ നല്‍കല്‍.

കുവൈത്തിലെ ഇസ്‌ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പണ്ഡിതരില്‍ പ്രമുഖനായിരുന്നു ശൈഖ് ഉമര്‍. 1965-ല്‍ കുവൈത്തില്‍ എത്തിയ ഉടനെ സഹോദരന്‍ അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍ ഖാലിഖുമായി ചേര്‍ന്ന് പള്ളികളിലും മദ്‌റസകളിലുമായി പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. അതുവരെ അബ്ദുന്നാസറിന്റെ ഭരണകൂടത്തോടുള്ള ഭയം കാരണമായി പള്ളികളിലും മദ്‌റസകളിലുമെല്ലാം പ്രബോധനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഈ ഭയത്തിന്റെ പുകമറകള്‍ നീക്കുന്നതിനും ഇസ്‌ലാമിക നവജാഗരണ പ്രവര്‍ത്തനങ്ങളുടെ ആവേശോജ്ജ്വലമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിലും ശൈഖ് വിജയിക്കുകയുണ്ടായി. വൈജ്ഞാനികമായ അധ്യാപനങ്ങള്‍്ക്ക് പുറമെ, സാംസ്‌കാരിക പരിപാടികള്‍, നാടകങ്ങള്‍, കായിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വൈവിധ്യമായ പരിപാടികളിലൂടെ മദ്‌റസകളില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് അദ്ദേഹം മുന്നിട്ടിറങ്ങി. ഖാലിദ് ബിനുല്‍ വലീദ് മദ്‌റസയിലെ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍. കുവൈത്തിലെ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഏതെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങളില്‍ ചേര്‍ന്നുകൊണ്ട് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നില്ല. പക്ഷെ, സലഫികളും ഇഖ്‌വാനികളും അദ്ദേഹത്തെ പരമാവധി പ്രയോജനപ്പെടുത്തുകയുണ്ടായി.

1974-ല്‍ കുവൈത്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ ഫലസ്തീന്‍ ഘടകത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ശൈഖ് പങ്കാളിയായി. ഫലസ്തീന്‍ വിഷയം മുസ്‌ലിങ്ങളുടെ പൊതുവികാരമാക്കി ഉയര്‍ത്തുന്നതില്‍ ശൈഖ് പ്രത്യേകം ശ്രദ്ധചെലുത്തുകയുണ്ടായി. അദ്ദേഹം തന്റെ ഗുരുവായ സുലൈമാന്‍ ഹമദിനൊപ്പം ഫലസ്തീനിലേക്കുള്ള യുവനേതൃത്വങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ ബദ്ധശ്രദ്ധ പുലര്‍ത്തുകയുണ്ടായി. ഖാലിദ് മിശ്അലിനെ പോലുള്ള പ്രഗല്‍ഭരായ നേതൃനിര അവരുടെ പാഠശാലയില്‍ നിന്നും വളര്‍ന്നുവരുകയുണ്ടായി. ഫലസ്തീന്റെ വിമോചനത്തിനാവശ്യമായ പുതിയ ചിന്താപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി എല്ലാ ആഴ്ചയും അവര്‍ യോഗം ചേര്‍ന്നു. സുലൈമാന്‍ ഹംദ്, ഖാലിദ് മിശ്അല്‍, സാമി ഖാതിര്‍, ജമാല്‍ ഈസാ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുത്തിരുന്നു.

1980-കളില്‍ ശൈഖ് അഹ്മദ് യാസീന്റെ നേതൃത്വത്തില്‍ ഫലസ്തീനില്‍ ആരംഭിച്ച ജിഹാദീ സംരംഭങ്ങള്‍ക്ക് സാമ്പത്തികമായ പിന്തുണയും കരുത്തും നല്‍കി ശക്തിപ്പെടുത്തുന്നതില്‍ ശൈഖ് ഉമറിന് നിസ്തുലമായ പങ്കുണ്ടായിരുന്നു. 1983-ല്‍ ഫലസ്തീനിലെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിനായി വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ ശൈഖ് പങ്കാളിത്തം വഹിച്ചു. ഫലസ്തീനിലെയും ജോര്‍ദാനിലെയും തിരഞ്ഞെടുക്കപ്പെട്ട ഇഖ്‌വാന്‍ നേതാക്കളായിരുന്നു പ്രസ്തുത സമ്മേളനങ്ങളില്‍ സന്നിഹിതരായത്. ഫലസ്തീനിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചിന്താപരവും പ്രായോഗികവുമായ പുതിയ രൂപവും ഭാവവും നല്‍കുന്നതില്‍ സമ്മേളനം വിജയിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം ജിഹാസു ഫലസ്തീന്‍ എന്ന സംഘടന രൂപവല്‍കരിക്കുകയുണ്ടായി. ഇതിലൂടെയാണ് ഹമാസ് എന്ന വിപ്ലവ പ്രസ്ഥാനവും അതിന്റെ നേതൃത്വവും രൂപപ്പെട്ടത്. വെസ്റ്റ് ബാങ്കിലും ഫലസ്തീനു പുറത്തും പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന യുക്തിപരമായ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടതും ഇതിലൂടെയാണ്. ഇതിന്റെ പിന്നിലെല്ലാം ശൈഖിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ടായിരുന്നു.

1989-ല്‍ ഹമാസ് പ്രതിനിധി സഭയുടെ തലവനായി ശൈഖ് തെരഞ്ഞെടുക്കപ്പെട്ടു. നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധചെലുത്തിയതോടൊപ്പം തന്നെ നേതാക്കളില്‍ നിന്നുണ്ടാകുന്ന വീഴ്ചകളെ ചൂണ്ടിക്കാണിക്കുകയും ആവശ്യമായ നടപടിക്രമങ്ങളിലേര്‍പ്പെടുകയും ചെയ്തു. 1990-91 കാലഘട്ടത്തില്‍ കുവൈത്തിനു മേലുള്ള ഇറാഖിന്റെ അധിനിവേശവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഫലസ്തീനികളുടെ പ്രവര്‍ത്തനങ്ങളെയും സാരമല്ലാത്ത രീതിയില്‍ ബാധിച്ചു. ഇഖ്‌വാന്റെ പല നേതാക്കളും കൂടുതല്‍ ക്രിയാത്മകമായ പ്രവര്‍ത്തന സാധ്യതയുള്ള രാഷ്ട്രങ്ങളിലേക്ക് ചേക്കേറുകയുണ്ടായി. ശൈഖ് ഉമര്‍ ഈ അവസരത്തില്‍ ജോര്‍ദാനിലേക്ക് സങ്കേതം മാറ്റുകയുണ്ടായി. ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ അപ്പോഴും അദ്ദേഹം സജീവമായി നിലകൊണ്ടു. സുപ്രധാന വിഷയങ്ങളിലെല്ലാം അവലംബനീയമായ സ്രോതസ്സായി ഹമാസ് നേതൃത്വം അദ്ദേഹത്തെ പരിഗണിച്ചു. 1999-ല്‍ ജോര്‍ദാനില്‍ നിന്നും ഹമാസ് നേതൃത്വം പുറത്തുപോകാന്‍ നിര്‍ബന്ധിതമാകുന്നതുവരെ ഈ ബന്ധം ഊഷ്മളമായി തുടര്‍ന്നു. അതിനുശേഷം പരസ്പര ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങളെല്ലാം അവര്‍ക്കിടയില്‍ കൊട്ടിയടക്കപ്പെടുകയുണ്ടായി. പിന്നീട് അധ്യാപനത്തിനും അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ താല്‍പര്യം പ്രകടിപ്പിക്കുകയുണ്ടായി. സര്‍കാ സര്‍വകലാശാലയിലെ ശരീഅ കോളേജ് തലവനായും ജോര്‍ദാന്‍ സര്‍വകലാശാലയില്‍ പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ടിച്ചു. ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഗവേഷണത്തിലും ഗ്രന്ഥരചനയിലും അദ്ദേഹം മുഴുകുകയുണ്ടായി.

അക്ഷരാര്‍ഥത്തില്‍ അദ്ദേഹം ഹമാസിന്റെയും ഹമാസ് അദ്ദേഹത്തിന്റെയും ഭാഗമായിരുന്നു. ഹമാസിന്റെ വൈദേശിക പ്രവര്‍ത്തനങ്ങളുടെ ഒരു ചിത്രം ഇദ്ദേഹത്തിന്റെ ജീവിതത്തിലൂടെ നമുക്ക് വായിച്ചെടുക്കാം. മാധ്യമങ്ങളിലൂടെയും രാഷ്ട്രീയത്തിലൂടെയും മുഖം വെളിപ്പെടുത്താത്ത നിശ്ശബ്ദമായ സേവനങ്ങളര്‍പ്പിക്കുന്ന നിരവധി പണ്ഡിതന്മാരെ നമുക്ക് കാണാം. അവരില്‍ പ്രമുഖനായിരുന്നു ശൈഖ് ഉമര്‍ സുലൈമാന്‍ അല്‍അശ്കര്‍.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles