Current Date

Search
Close this search box.
Search
Close this search box.

ഇറാഖ് വിഭാഗീയതയുടെ വേരുകള്‍

iraq-SECTARIAN.jpg

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട നാഗരികതകളുടെ ഈറ്റില്ലമാണ് ഇറാഖ്. ടൈഗ്രിസ്, യൂഫ്രട്ടീസ് നദികളെ ഉള്‍ക്കൊള്ളുന്ന മെസപൊട്ടോമിയന്‍ താഴ്‌വരയിലാണ് ലോകത്തിലെ ആദ്യത്തെ സാമ്രാജ്യമെന്ന കരുതപ്പെടുന്ന ബാബിലോണിയ ജന്മം കൊള്ളുന്നത്. മണ്‍കട്ടകളില്‍ കൊത്തിവരച്ച് എഴുത്ത് എന്ന വിദ്യ ആദ്യമായി പ്രയോഗിച്ചതും ഇവിടെയാണെന്ന് കരുതപ്പെടുന്നു. വികസിതമായ രീതിയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആദ്യമായി നടപ്പിലാക്കിയതും ഇവിടെ തന്നെ. ശരിക്കും മനുഷ്യനാഗരികതയുടെ തൊട്ടില്‍ തന്നെയാണ് ഈ താഴ്‌വരകള്‍.

അറേബ്യന്‍ ഉപദ്വീപിനു പുറത്ത് നിന്നും അബൂബകര്‍(റ)ന്റെ കാലത്ത് ഇസ്‌ലാം സ്വീകരിച്ചവരില്‍ ആദ്യത്തെ ആളുകളാണ് ഇറാഖികള്‍. പിന്നീട് മുസ്‌ലിം നാഗരികതയുടെ തലസ്ഥാനമായി തന്നെ ഇറാഖിന്റെ ബാഗ്ദാദ് മാറി. എട്ടാം നൂറ്റാണ്ടില്‍ അബ്ബാസികള്‍ ബഗ്ദാദിനെ തങ്ങളുടെ തലസ്ഥാനമാക്കി. രാഷ്ട്രീയം, കല, ശാസ്ത്രം, മതം എന്നിങ്ങനെ എല്ലാ മേഖലകളിലും ഇവിടെ അഭിവൃദ്ധിയുണ്ടായി. എന്നാല്‍ മംഗോളിയന്‍ അധിനിവേശത്തോടെ ഇറാഖിന്റെ പ്രാധാന്യമിടിഞ്ഞു. പിന്നീട് ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്ന ഇറാഖ് ഒന്നാംലോക മഹായുദ്ധം വരേക്കും അങ്ങനെ തുടര്‍ന്നു. യുദ്ധാനന്തരം, ബ്രിട്ടീഷ് മാന്‍ഡേറ്റ് ആയിരുന്ന രാജ്യം പുതിയ സ്വതന്ത്ര ദേശരാഷ്ട്രമായി പരിവര്‍ത്തനം ചെയ്യപ്പെട്ടു.

ഇത് നമ്മെ ഒരു ചോദ്യത്തിലേക്കെത്തിക്കുന്നു: എന്താണ് ഇറാഖ്? ഒരേ തരമാളുകള്‍ വസിക്കുന്ന ഒരു രാജ്യമായിട്ടാണ് ഇറാഖിനെ ബ്രിട്ടീഷുകാര്‍ കണക്കാക്കിയത്. അതുകൊണ്ട് ഒറ്റ രാഷ്ട്രമായി അവര്‍ വേഗത്തില്‍ ഇഴകിച്ചേരുമെന്നുമവര്‍ കണക്ക് കൂട്ടി. എന്നാല്‍ കാര്യങ്ങള്‍ അവര്‍ വിചാരിച്ചതിലും സ്ങ്കീര്‍ണമായിരുന്നു. കൃത്രിമമായി ഉണ്ടാക്കിയ അതിര്‍ത്തിക്കുള്ളില്‍ വ്യത്യസ്ത വംശങ്ങളെയും വിശ്വാസവിഭാഗങ്ങളെയും, ഭാഷക്കാരെയും ഉള്‍ക്കൊള്ളുന്നതായിരുന്ന ഇറാഖി എന്ന പുതിയ പരികല്‍പന. ആധുനിക യൂറോപിയന്‍ യൂണിയന്‍ മാതൃകയിലുള്ള ദേശരാഷ്ട്രമായാണ് ഇറാഖ് വിഭാവന ചെയ്യപ്പെട്ടത്. ഇന്ന് കാണുന്ന പ്രശ്‌നങ്ങളുടെ തുടക്കത്തെ ഇരുപതാം നൂറ്റാണ്ട് മുതല്‍ നോക്കികാണാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനു കീഴില്‍
ഒന്നാം ലോകമഹായുദ്ധത്തില്‍ ഓട്ടോമന്‍ സാമ്രാജ്യം തകര്‍ന്നതോടെ, പ്രകൃതിവിഭവങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട ഇന്നത്തെ ഇറാഖ്, കുവൈത്ത്, സിറിയ, ലെബനാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍ എന്നീ പ്രദേശങ്ങള്‍ ബ്രിട്ടീഷ്, ഫ്രഞ്ച് അധീനതയിലായി. സൈകസ് പൈകോട്ട് ഉടമ്പടി പ്രകാരം, ബ്രിട്ടനും ഫ്രാന്‍സും ഈ പ്രദേശത്തെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസൃതമായി വരച്ച അതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ പങ്കിട്ടെടുക്കാന്‍ തീരുമാനിച്ചു.  ഈ പ്രദേശത്തിന്റെ കിഴക്ക് ഭാഗം, അതായത് ഇപ്പോഴത്തെ ഇറാഖ്, ബ്രിട്ടീഷുകാരുടെ കയ്യിലായി. ഫലസ്തീനിലും ജോര്‍ദാനിലും നടപ്പിലാക്കിയത് പോലെ ഇവിടെയും ബ്രിട്ടീഷുകാര്‍ അവരുടെ മാന്‍ഡേറ്റ് നടപ്പിലാക്കി. തങ്ങളുടെ സാമ്രാജ്യത്വ ലക്ഷ്യങ്ങള്‍ സാര്‍ത്ഥകമാക്കുന്നതിന് വേണ്ടി പാവഭരണകൂടങ്ങളെ അധികാരത്തിലിരുത്തി ഭരണം തങ്ങളുടെ വഴിക്ക് നടപ്പിലാക്കുന്നതിനെയാണ് മാന്‍ഡേറ്റ് എന്ന് പറയുന്നത്.

ബ്രിട്ടീഷുകാരുണ്ടാക്കിയ മറ്റു മാന്‍ഡേറ്റുകള്‍ പോലെ, പുതിയ രാജ്യത്തിന്റെ അതിര്‍ത്തികളും കൃത്രിമമായിരുന്നു. ഓട്ടോമന്‍ കാലത്ത്, യൂഫ്രട്ടീസിനും ടൈഗ്രിസിനുമിടയിലുള്ള സ്ഥലം മൊസൂള്‍, ബഗ്ദാദ്, ബസ്‌റ എന്നീ കേന്ദ്രങ്ങളിലായി വ്യത്യസ്ത പ്രവിശ്യകളായിട്ടായിരുന്നു കിടന്നിരുന്നത്. ഓട്ടോമന്‍ കാലത്തോ, അതിനു മുമ്പോ ഇറാഖ് എന്നൊരു രാഷ്ട്രീയസ്ഥാപനം ഉണ്ടായിരുന്നില്ല. ഇന്നത്തെ ഇറാഖിന്റെ തെക്ക് ഭാഗത്തുള്ള പ്രദേശത്തെ മാത്രമായിരുന്നു ഇറാഖ് എന്ന് വിളിച്ചിരുന്നത്. വടക്കുഭാഗം അല്‍ജസീറ എന്നും അറിയപ്പെട്ടു.

സ്വാഭാവികമായ ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്നതായിരുന്നു ഓട്ടോമന്‍ സാമ്രാജ്യമെന്നതിനാല്‍ ഓട്ടോമന്‍ പൗരന്മാര്‍ തങ്ങളുടേതായ രാഷ്ട്രത്തിന് മുറവിളി കൂട്ടിയിരുന്നില്ല. ഓട്ടോമന്‍ സര്‍ക്കാരിനോട് കൂറ് പ്രഖ്യാപിച്ച്, കുര്‍ദുകളും, അറബികളും, തുര്‍ക്കികളും, അര്‍മീനിയക്കാരും, ഇതര വംശങ്ങളും തങ്ങളുടെ സ്വത്വം നിലനിര്‍ത്തി തന്നെ അവിടെ കഴിഞ്ഞു. അതുകൊണ്ടുതന്നെ പുതുതായി ഇറാഖ് എന്നൊരു രാഷ്ട്രം രൂപീകരിക്കപ്പെട്ടപ്പോള്‍ ആ ജനതകള്‍ക്ക് ഇറാഖി എന്ന പുതിയ സ്വത്വം അപരിചിതവും പുതിയതുമായിരുന്നു. അത് അവരെ ഒരു രാഷ്ട്രമായി ഒന്നിപ്പിക്കുന്ന അടിസ്ഥാനഘടകമായി വര്‍ത്തിച്ചില്ല. വ്യത്യസ്ത വംശീയ, മത വിഭാഗങ്ങള്‍ പുതിയ സംവിധാനത്തിന് കീഴില്‍ വരികയും അത് വലിയ സാമൂഹിക വിവേചനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.

മുസ്‌ലിങ്ങളെങ്കിലും അറബികളില്‍ നിന്നും വ്യത്യസ്തമായ സാംസ്‌കാരിക അടയാളങ്ങള്‍ സൂക്ഷിക്കുന്ന കുര്‍ദുകള്‍ക്കായിരുന്നു ബ്രിട്ടീഷ് മാന്‍ഡേറ്റിന്റെ വടക്കുഭാഗത്ത് ജനസംഖ്യാപരമായ മേല്‍കൈ. മൊത്തം ജനസംഖ്യയുടെ 15-20 ശതമാനം വരുന്ന ഇവര്‍ പുതിയ ഇറാഖില്‍ നിന്നും മാറി, ഇറാഖ്, സിറിയ, തുര്‍കി, ഇറാന്‍ എന്നിവിടങ്ങളിലെ കുര്‍ദുകള്‍ക്കായി കുര്‍ദിസ്ഥാന്‍ എന്ന പുതിയ രാജ്യം വേണമെന്ന ആവശ്യവുമായി രംഗത്ത് വന്നു.

ഇറാഖിന്റെ മധ്യഭാഗത്ത്, ബഗ്ദാദ് നഗരത്തോടനുബന്ധിച്ചുള്ള പ്രദേശങ്ങളില്‍ സുന്നി അറബ് ജനതയായിരുന്നു ജീവിച്ചിരുന്നത്. ജനസംഖ്യയുടെ 25% ശതമാനവും ഇവരായിരുന്നു. എന്നു മാത്രമല്ല, ബ്രിട്ടീഷ് മേലാളന്മാരുടെ ആനുകൂല്യങ്ങളും ഇവര്‍ക്കാണ് ലഭിച്ചിരുന്നത്.

ഇറാഖിന്റെ തെക്കുഭാഗത്താണ് ശിയാക്കള്‍ ജീവിച്ചിരുന്നത്. ജനസംഖ്യയുടെ 50% വരുന്ന ഇവരാണ് ഇറാഖിന്റെ ഏറ്റവും വലിയ വിഭാഗം. വടക്കുഭാഗത്തുള്ള അറബ്‌സുന്നികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്ത സാമൂഹികവിഭാഗമാണിവര്‍. മതപണ്ഡിതന്മാര്‍ ഇവരുടെ നിത്യജീവിതത്തില്‍ നിര്‍ണായകമായ സ്ഥാനം വഹിക്കുന്നു. അതുകൊണ്ട് തന്നെ ഇറാഖിലെ മറ്റുള്ളവര്‍ വ്യത്യസ്ത വിഭാഗങ്ങളായി വിഭജിച്ച് കിടന്നപ്പോഴും, ശിയാക്കളെ ഒരുമിച്ച് കൂട്ടുന്നതില്‍ പണ്ഡിതന്മാര്‍ വിജയിച്ചു.

ഇറാഖിന്‍ ഏകീകരണം
ഇറാഖ് ജനതയുടെ വൈവിധ്യങ്ങളെ കുറിച്ച് ബ്രിട്ടീഷ് ഗവണ്‍മെന്റിന് ധാരണകളൊന്നുമില്ലായിരുന്നെങ്കിലും അവര്‍ നിയമിച്ച ഇറാഖിലെ ഭരണകര്‍ത്താക്കള്‍ക്ക് അതിനെ കുറിച്ച് വേണ്ടുവോളം അറിയാമായിരുന്നു. മാന്‍ഡേറ്റിനെതിരായ കലാപങ്ങളെ തുടര്‍ന്ന് ഇറാഖിനെ രാജഭരണകൂടമായി പ്രഖ്യാപിക്കുകയും ഫൈസല്‍ ഒന്നാമനെ രാജാവായി തെരഞ്ഞടുക്കുകയും ചെയ്തു. ഓട്ടോമന്‍ സാമ്രാജ്യത്തിനെതിരായി ബ്രിട്ടീഷുകാരോടൊപ്പം നിന്ന് പ്രക്ഷോഭം നടത്തിയാളായിരുന്നു ഹിജാസിലെ അറബ് സുന്നിയായ ഫൈസല്‍. സിറിയയിലെ രാജാവാകാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇറാഖിലേക്ക് വരികയും യാതൊരു പ്രാദേശിക പിന്തുണയുമില്ലാതിരുന്ന അദ്ദേഹം അവിടത്തെ രാജാവാകുകയും ചെയ്തു.

ഔദ്യോഗികമായി ഫൈസലായിരുന്നു പരമാധികാരിയെങ്കിലും ബ്രിട്ടീഷുകാരുടെ ഉപദേശാനുസരണമായിരുന്നു അദ്ദേഹം ഭരിച്ചിരുന്നത്. പ്രായോഗികമായ ഏതൊരു കാര്യം വരുമ്പോഴും ഇറാഖ് ഒരു സ്വതന്ത്രരാഷ്ട്രമല്ലെന്ന് വ്യക്തമായി. ഇറാഖി ഭരണകൂടത്തിന്റെ ആഭ്യന്തര കാര്യങ്ങളിലും വിദേശകാര്യങ്ങളിലും ബ്രിട്ടീഷുകാര്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. ഇതിനെതിരെ ഇറാഖീ ജനത അതിയായി പ്രതിഷേധിച്ചു.

അറബ് ധാരയുടെ അടിസ്ഥാനത്തില്‍ സുന്നികളെയും ശിയാക്കളെയും ഒന്നിപ്പിക്കാമെന്ന് ഫൈസല്‍ കണക്കുകൂട്ടി. വിദ്യാഭ്യാസ സമ്പ്രദായത്തില്‍ സെകുലര്‍ ആശയങ്ങളെ അടിച്ചേല്‍പിച്ചാല്‍ അടുത്ത തലമുറ അവരെ സ്വയം ഇറാഖികളെന്ന് തിരിച്ചറിയുമെന്നും അങ്ങനെ അവര്‍ ഏകരാഷ്ട്രമായി മാറുമെന്നും അദ്ദേഹം കണക്ക് കൂട്ടി. അടുത്ത തലമുറ സെകുലര്‍ അറബ് ആശയധാരയില്‍ വളര്‍ന്നുവലുതാവുന്നത് വരേക്കും സൈന്യത്തെ ആശ്രയിച്ചാണ് ഫൈസല്‍ രാജ്യം ഭരിച്ചത്. 1920കളിലും 1930കളിലുമായി ശിയാക്കളും സുന്നീഗോത്രസമൂഹങ്ങളും നടത്തിയ വിപ്ലവങ്ങളെ അദ്ദേഹം തന്റെ അറബ്‌സുന്നീ ഭൂരിപക്ഷമുള്ള സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തി.

പ്രതീക്ഷിക്കപ്പെട്ടത് പോലെ, സെകുലര്‍ അറബ് ദിശയിലേക്കുള്ള ചുവട്മാറ്റം ഇറാഖിലെ അറബ് ഇതര ജനസമൂഹങ്ങളെ അപരവത്കരിച്ചു. പ്രത്യേകിച്ചും വടക്കന്‍ മേഖലകളിലുള്ള കുര്‍ദുകളെ. സ്വയംനിര്‍ണയാവകാശത്തിനായുള്ള അവരുടെ മുറവിളിയെ ഇറാഖ് ഭരണകൂടം ചെവികൊണ്ടില്ല. തങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന അറബ് ദേശീയതാവാദത്തിന് എളുപ്പത്തില്‍ ദഹിക്കാനാവത്തതായിരുന്നു കുര്‍ദ് ദേശീയത. അനറബികളെ പോലെ തന്നെ, ഇറാഖിലെ അസീറിയന്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷവും, ഇറാഖീ ജൂതന്മാരും അപരവത്കരിക്കപ്പെട്ടു.

രാജാധിപത്യത്തിന്റെ അന്ത്യം വരേക്കും അറബ്  സുന്നികളുടെ ആധിപത്യം തുടര്‍ന്നു. 1958ല്‍ രാജാധിപത്യം തൂത്തെറിയപ്പെട്ടു. പ്രക്ഷുബ്ദമായ അസ്ഥിരതയുടെ പത്തുവര്‍ഷക്കാലമാണ് പിന്നീടുണ്ടായത്. 1968ല്‍ ബആഥിസ്റ്റുകളുടെ അധികാരാരോഹണം വരേക്കും അത് അങ്ങനെ തുടര്‍ന്നു. സെകുലരിസവും അറബ് ദേശീയതയും പ്രോത്സാഹിപ്പിച്ചതോടൊപ്പം, സദ്ദാം ഹുസൈനു കീഴിലെ ബആഥിസ്റ്റുകള്‍, അധികാരം അറബ്‌സുന്നികളുടെ കൈകളില്‍ തന്നെയായിരിക്കാന്‍ ശ്രദ്ധിച്ചു. ഇറാഖിലെ കുര്‍ദുകളും ശിയാക്കളും രാജ്യത്ത് കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുകയും 2003ലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് വിഭാഗീയപോരാട്ടങ്ങള്‍ ശക്തി പ്രാപിക്കുകയും ചെയ്തു.

ഉയിര്‍ത്തെഴുന്നേല്‍ക്കാനും തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങള്‍ 21ാം നൂറ്റാണ്ടിലും തുടരുമ്പോഴും ഇറാഖിലെ സ്വത്വപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. 1920കളില്‍ ബ്രിട്ടീഷുകാര്‍ വരച്ച കൃത്രിമരേഖകള്‍ ഒരു സമൂഹത്തെ മൂന്ന് വിഭാഗങ്ങളാക്കി. ബ്രിട്ടീഷുകാരാല്‍ നിര്‍ണയിക്കപ്പെട്ട അതിര്‍ത്തികളുള്ള മറ്റേതൊരു മുസ്‌ലിം രാഷ്ട്രത്തിലെയും പോലെ, ജനതികള്‍ക്കിടയിലുള്ള ഐക്യം ഇവിടെയും ഒരു സമസ്യയായി തുടരുന്നു.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles