Current Date

Search
Close this search box.
Search
Close this search box.

ഇമാം ലൈഥ് ബിന്‍ സഅ്ദ്: ഈജിപ്തുകാരുടെ ഇമാം

പ്രമുഖ കര്‍മശാസ്ത്ര വിശാരദനും ഭക്തനും വിരക്തനും സത്യ സന്ധനുമായിരുന്നു ഇമാം ലൈഥ് ബിന്‍ സഅ്ദ്. ജനങ്ങളുമായുള്ള പെരുമാറ്റത്തില്‍, ആത്മാര്‍ത്ഥതയും വിനയവും സഹനവും കൈകൊണ്ടിരുന്ന ഇദ്ദേഹം, കരുണാര്‍ദ്രമായൊരു ഹൃദയത്തിന്റെ ഉടമ കൂടിയായിരുന്നു.
ഉറച്ച ദൈവ വിശ്വാസിയും ഭക്തനുമായിരുന്ന സഅ്ദ് ഇടക്കിടെ ഖുര്‍ആന്‍ പാരായണം നടത്തുക പതിവായിരുന്നു. ഉദാരതയുടെ കാര്യത്തിലും അദ്വിതീയനായിരുന്നു അദ്ദേഹം. തന്റെ ധനത്തിന്റെ സിംഹ ഭാഗവും ധാന ധര്‍മ്മങ്ങളിലാണ് ചെലവഴിക്കപ്പെട്ടിരുന്നത്. പ്രത്യേകിച്ചും, പണ്ഡിതന്മാര്‍, വിദ്യാര്‍ത്ഥികള്‍, പാവങ്ങള്‍ എന്നിവരെ അദ്ദേഹം സഹായിച്ചു പോന്നു.
ഇമാമും ഹാഫിദും( ഒരു ലക്ഷം ഹദീസ് മനപാഠമുല്ലവര്‍ക്ക് നല്‍കപ്പെടുന്ന ഒരു സ്ഥാന പേരാണിത്) ശൈഖും ഈജിപ്തിലെ കര്‍മ ശാസ്ത്രജ്ഞനുമായിരുന്ന ഇദ്ദേഹത്തിന്റെ പൂര്‍ണ നാമം, ലൈഥ് ബിന്‍ സഅ്ദ് ബിന്‍ അബ്ദിറഹ്മാന്‍ ഫഹ്മി എന്നാണ്.

ജനനം
ഹിജ്ര വര്‍ഷം 94 ശഅബാനി(ക്രി. വ. 713)ല്‍, ഈജിപ്തിലെ ഫുസ്താതില്‍ നിന്നും 22 കിലോ മീറ്റര്‍ ദൂരമുള്ള കര്‍കശന്ത ഗ്രാമത്തിലായിരുന്നു ജനനം. പേര്‍ഷ്യയിലെ(ഇപ്പോഴത്തെ ഇറാന്‍) ഇസ്ഫഹാനില്‍ നിന്നു കുടിയേരി പാര്‍ത്തവരായിരുന്നു കുടുംബം.

വിദ്യാഭ്യാസം
വളരെ ചെറുപ്പം മുതല്‍ തന്നെ വിദ്യാഭ്യാസം ആരംഭിച്ചിരുന്നു. ഉബൈദുല്ലാഹ് ബിന്‍ ജഅഫര്‍, ജഅഫറ് ബിന്‍ റബീഹ്, ഹാരിഥ് ബിന്‍ യസീദ്, യസീദ് ബിന്‍ അബീ ഹബീബ് തുടങ്ങിയ സമകാലീന പണ്ഡിതന്മാര്‍ അദ്ദേഹത്തിന്റെ ഗുരുവര്യന്മാരായിരുന്നു.  ആദ്യം മുതല്‍ക്ക് തന്നെ, സഅ്ദിന്റെ ബുദ്ധിശക്തിയും കൂര്‍മതയും ഗുരുനാഥന്മാര്‍ക്ക് ബോധ്യപ്പെട്ടിരുന്നു.
ഈജിപ്ത് കൊണ്ട് മാത്രം മതിയാക്കാന്‍ പര്യപ്തമായിരുന്നില്ല അദ്ദേഹത്തിന്റെ വൈജ്ഞാനിക തൃഷ്ണ. അങ്ങനെയാണ്, ഹജ്ജ് കര്‍മ്മാനുഷ്ടാനവും പഠനവും ലക്ഷ്യം വെച്ചു കൊണ്ട് 113-ല്‍, ഹജ്ജിന്നു പുറപ്പെട്ടത്. അന്ന് 20 വയസ്സായിരുന്നു പ്രായം.
മുസ്‌ലിം ലോകത്ത്, മതവിജ്ഞാനത്തില്‍ ഏറ്റവും ശ്രദ്ധേയ സ്രോതസ്സുകളായി ഗണിക്കപ്പെട്ടിരുന്ന, മക്കയിലും മദീനയിലും ഹദീസ് – കര്‍മ ശാസ്ത്രങ്ങളില്‍ അദ്വിതീയരായ ഒരു സംഘം പണ്ഡിതന്മാരില്‍ നിന്നും അദ്ദേഹം പഠനം തുടങ്ങി. പ്രമുഖ ഹദീസ് പണ്ഡിതനും ഹാഫിദും  ഹദീസ് രേഖപ്പെടുത്തുന്നവരില്‍ മുന്‍ നിരക്കാരിലൊരാളുമായിരുന്ന ഇബ്‌നു ശിഹാബ് സുഹ്‌രി, മക്കാ മുഫ്തിയും കര്‍മ ശാസ്ത്രജ്ഞനുമായ അത്വാഉ ബിന്‍ അബീ റബാഹ്, ഇബ്‌നു അബീ മലീക, നാഫിഅ’ ദൈലമി( പ്രമുഖ സഹാബി അബ്ദുല്ലാഹ് ബിന്‍ ഉമര്‍ സ്വതന്ത്രനാക്കിയ അടിമയായിരുന്നു ഇദേഹം), സഈദ് ബിന്‍ സഈദ് തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ഗുരുക്കളായിരുന്നു.
പാണ്ഡിത്യത്തില്‍ അത്യുന്നത പദവി ആര്‍ജ്ജിച്ചിട്ടും, പഠന ക്ലാസ്സുകളില്‍ പങ്കെടുക്കാനതീവ താല്പര്യമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. 161ല്‍, അറുപത്തിയഞ്ച് വയസ്സ് കഴിഞ്ഞ അദ്ദേഹം, പഠിക്കാനായി ബഗ്ദാദില്‍ പോയപ്പോള്‍, ഇറാഖിലെ ഹദീസ് പണ്ഡിതനായിരുന്ന ഹുശൈം ബിന്‍ ബഷീറിന്റെ വീടന്വേഷിക്കുകയും അവിടെ എത്തി, അദ്ദേഹത്തിന്റെ കുറച്ചു ഗ്രന്ഥങ്ങള്‍ പഠനയാവശ്യത്തിന്നു തനിക്കയച്ചു തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു.

പഠന ക്ലാസ്സുകള്‍
നീണ്ട കാലത്തെ പഠന ശേഷം, സമകാലീനരില്‍ ഏറ്റവും ബുദ്ധിമാനും കര്‍മശാസ്ത്രജ്ഞനും ഏറ്റവും സത്യസന്ധനായ ഹദീസ് നിവേദകനുമായി സഅ്ദ് അറിയപ്പെടുകയുണ്ടായി. പൊതുജന ആവശ്യാര്‍ത്ഥം പള്ളിയില്‍ അദ്ദേഹം ഒരു ക്ലാസ്സ് സംഘടിപ്പിച്ചു. താമസിയാതെ, പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അദ്ദേഹത്തിന്നടുത്തേക്ക് നാനാ ഭാഗങ്ങളില്‍ നിന്നുമായി വിദ്യാര്‍ത്ഥി പ്രവാഹം തുടങ്ങി. അവസാനം, തന്റെ ക്ലാസ്സുകള്‍ നാലു സെഷനുകളായി തിരിക്കുകയായിരുന്നു:

1. ഈജിപ്ത് സുല്‍ത്താന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്നുള്ള ക്ലാസ്സ്. ഈജിപ്ത് സുല്‍ത്വാനില്‍ നിന്നോ ന്യായാധിപനില്‍ നിന്നോ സംഭവിക്കുന്ന അബദ്ധങ്ങളെ കുറിച്ച് ഖലീഫക്ക് എഴുതിയാല്‍, ഉടനെ അവരെ സ്ഥാന ഭൃഷ്ടരാക്കാന്‍ മാത്രം സ്ഥാനവും ബഹുമാനവും, അബ്ബാസി ഖലീഫമാരുടെ വീക്ഷണത്തില്‍ സഅദിന്നുണ്ടായിരുന്നു.

2. ഹദീസ് പഠന ക്ലാസ്സ്

3. മതപര കാര്യങ്ങളെ കുറിച്ച അന്വേഷണങ്ങള്‍ക്ക് മറുപടി പറയാനുള്ള ക്ലാസ്സ്

4. ദരിദ്ര്യരുടെയും പാവങ്ങളുടെയും ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള ക്ലാസ്സ്. സഹായാഭ്യാര്‍ത്ഥനകള്‍ അദ്ദേഹം ഒരിക്കലും നിരസിച്ചിരുന്നില്ല.

സ്ഥാനങ്ങളും ജ്ഞാനവും
സമകാലിന പണ്ഡിതരില്‍ ഏറ്റവും പ്രശസ്തനായിരുന്ന സഅദിനെക്കുറിച്ച് ഖലീഫമാര്‍ക്കും അമീറുമാര്‍ക്കും നന്നായി അറിയുമായിരുന്നു. പണ്ഡിതന്മാര്‍ വാഴ്ത്തിയിരുന്നു. അദ്ദേഹത്തിന്റെ അഗാധജ്ഞാനവും മനപാഠ കഴിവും മതനേതൃത്വ പാഠവവും അവര്‍ക്ക് അനുഭവ ബോധ്യമായിരുന്നു. ‘ലൈഥ് ബിന്‍ സഅ്ദ് നമ്മുടെ ശൈഖും ഇമാമും പണ്ഡിതനുമാണെന്നാണ്ഭ ഇമാം ഇബ്‌നു കഥീറിന്റെ വിലയിരുത്തല്‍. ‘അഗാധജ്ഞനും ഹദീസ് നിവേദനത്തില്‍ വിശ്വാസ്തനു’മെന്നാണ് ഇമാം അഹ്മദ് ബിന്‍ ഹമ്പല്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞത്. ‘മാലികിനെ(മദീനക്കാരുടെ ഇമാമായ മാലിക് ബിന്‍ അനസ്)ക്കാള്‍ അറിവുള്ളവനായാണ് ഇമാം ശാഫി അദ്ദേഹത്തെ കണ്ടത്.

ഭരണാധികാരി
പല ഉന്നത സ്ഥനങ്ങളിലും സഅ്ദ് അവരോധിക്കപ്പെട്ടിട്ടുണ്ട്. ഈജിപ്തിലെ സ്വാലിഹ് ബിന്‍ അബ്ദില്ല ബിന്‍ അബ്ബാസിന്റെ ഭരണ കാലത്ത്, സാമ്പത്തിക കാര്യാലയ മേധാവിയായിരുന്നു അദ്ദേഹം. അബ്ബാസി ഖലീഫ മഹ്ദിയുടെ കാലത്തും ഇതെ സ്ഥാനം അദ്ദേഹം വഹിച്ചിട്ടുണ്ട്. മുമ്പ്, അബ്ബാസീ ഖലീഫ അബൂ ജഅഫര്‍ മന്‍സൂര്‍, ഈജിപ്ത് ഭരണം ഏറ്റെടുക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തിരസ്‌കരിക്കുകയായിരുന്നു.

സ്വഭാവ വിശേഷങ്ങള്‍

വിശ്വസ്തനായ ഹദീസ് നിവേദകന്‍, പ്രഗത്ഭ കര്‍മ ശാസ്ത്രജ്ഞന്‍, ഭക്തന്‍, പരിത്യാഗി, അത്യുദാരന്‍ എന്നി നിലകളില്‍ പ്രശസ്തനായിരുന്നു ലൈഥ് ബിന്‍ സഅ്ദ്. മാത്രമല്ല, പണ്ഡിതന്മാരില്‍ സമ്പന്നനായൊരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഇരുപതിനായിരത്തിന്നും ഇരുപത്തയ്യായിരത്തിന്നുമിടയില്‍ ദീനാറായിരുന്നു വാര്‍ഷിക വരുമാനമെന്നാണ് പുത്രന്‍ ശുഐബ് പറയുന്നത്. ഈ ധനമെല്ലാം ദൈവിക മാര്‍ഗത്തില്‍ ചെലവൊഴിക്കുകയായിരുന്നു പതിവ്. സകാത്ത് കൊടുക്കാന്‍ അദ്ദേഹം ബാധ്യസ്തനായിട്ടില്ല. വര്‍ഷം കഴിയുമ്പോഴേക്കും എല്ലാം ചെലവൊഴിച്ചു കഴിഞ്ഞിട്ടുണ്ടായിരിക്കുമെന്നതാണ് കാരണം.
പ്രതിദിനം മുന്നൂര്‍ പാവങ്ങളെ സഹായിച്ചു പോന്നിരുന്ന സഅ്ദ്, ജനങ്ങളോടൊന്നിച്ചു മാത്രമെ, ആഹാരം കഴിച്ചിരുന്നുള്ളു. ഒരിക്കല്‍, ഒരു സ്ത്രീ വന്നു അദ്ദേഹത്തൊട് പറഞ്ഞു: അബൂ ഹാരിഥ്, എന്റെ കുഞ്ഞിന്ന് സുഖമില്ല, തേനിന്നു കെഞ്ചുകയാണ്’. ഉടനെ സേവകനെ വിളിച്ചു 120 പൗണ്ട് തേന്‍ അവര്‍ക്കു കൊടുക്കാന്‍ അദ്ദേഹം കല്പിക്കുകയായിരുന്നു. വര്‍ഷം തോറും ഇമാം മാലികിന്ന് നൂറു ദീനാര്‍ അദ്ദേഹം അയച്ചു കൊടുത്തിരുന്നു. ഒരിക്കല്‍, തനിക്ക് കട ബാധ്യതയുള്ളതായി, മാലിക് അദ്ദേഹത്തിന്നെഴുതിയപ്പോള്‍, 500 ദീനാര്‍ അയച്ചു കൊടുത്തു. ഒരു ഹജ്ജ് യാത്രയില്‍, മദീന കടന്നു പോകവെ, ഒരു തളിക കാരക്കയുമായി, ഇമാം മാലിക് ഒരാളെ അയച്ചു. തളികയില്‍ ആയിരം ദീനാര്‍ ഇട്ടുകൊടുത്തു കൊണ്ടായിരുന്നു അദ്ദേഹം അത് തിരിച്ചു കൊടുത്തയച്ചത്.
പ്രമുഖ ഹദീസ് നിവേദകനും കര്‍മശാസ്ത്രജ്ഞനുമായ ഇബ്‌നു ലുഹയ്യിന്റെ ഗ്രന്ഥങ്ങള്‍ അഗ്‌നിക്കിരയായപ്പോള്‍, ഉടനെ ആയിരം ദീനാര്‍ സഅ്ദ് അയച്ചു കൊടുക്കുകയുണ്ടായി.

മരണം
ഹി. 175 / ക്രി. വ. 791 ശഅബാന്‍ 15 വെള്ളിയാഴ്ചയാണ് ഇമാം അന്തരിച്ചത്. ആയിരക്കണക്കിലാളുകളുടെ സാന്നിധ്യത്തില്‍ കെയ്‌റോയിലാണ് മറവ് ചെയ്യപ്പെട്ടത്.
അവലംബം : islamweb.net

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles