Current Date

Search
Close this search box.
Search
Close this search box.

ആരാണ് സ്വാബിഇകള്‍?

sabiee.jpg

പരിശുദ്ധ ഖുര്‍ആന്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സാബിഇകളെക്കുറുച്ച് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, മുസ്‌ലിംകളില്‍ അധികമാളുകള്‍ക്കും ഇങ്ങനെയൊരു ഏകദൈവ ദര്‍ശനത്തെക്കുറുച്ചോ അതിന്റെ അനുയായികളെക്കുറിച്ചോ അറബ് ലോകത്തെ അവരുടെ സാന്നിദ്ധ്യത്തെക്കുറിച്ചോ അറിയാത്തവരാണ്. ഇറാഖിലെ ചില പട്ടണങ്ങള്‍ ഭീകര സംഘടനയായ ദാഇശ് (ഐഎസ്) പിടിച്ചടക്കിയ പശ്ചാത്തലത്തില്‍ അവിടങ്ങളിലെ ഇവരുടെ സാന്നിദ്ധ്യത്തെ കുറിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ റിപോര്‍ട്ടുകള്‍ ഉണ്ടായിരിക്കെയാണിത്. ദാഇശിന്റെ സൈന്യം ക്രൈസ്തവരെ നാടുകടത്തുകയും സാബിഇകളേയും യസീദികളേയും കൊന്നൊടുക്കുകയും അവരുടെ പെണ്‍കുട്ടികളേയും സ്ത്രീകളേയും ബന്ദികളാക്കുകയും ശേഷിക്കുന്ന കുട്ടികളേയും പ്രായമായവരേയും മലമുകളിലേക്ക് ആട്ടിയോടിക്കുകയുമായിരുന്നു.

സ്വാബിഈ ദര്‍ശനം ഭൂമിയില്‍ അറിയപ്പെട്ട ഒന്നാമത്തെ നേരായ ദര്‍ശനമാണ്. ആദം, ശൈതലിബ്‌നു ആദം, നൂഹ്, സാമിബ്‌നു നൂഹ്, ഇദ്‌രീസ്(അ) തുടങ്ങിയ പ്രവാചകന്‍മാരെ അവര്‍ പിന്‍പറ്റുന്നു. സകരിയ(അ)യാണ് അവരുടെ അന്ത്യപ്രവാചകന്‍. തുടക്കത്തില്‍ ഇവര്‍ മെസോപൊട്ടോമിയയിലും ഫലസ്തീനിലുമായാണ് വ്യാപിച്ചു കിടന്നിരുന്നത്. ഇന്നും ഈ ദര്‍ശനത്തിന്റെ ചില അനുയായികള്‍ ഇറാഖിലും മറ്റു ചിലര്‍ ഇറാനിലെ അഹ്‌വാസിലും നിലനില്‍ക്കുന്നുണ്ട്.

ഇറാഖികളുടെ സംസാരഭാഷയില്‍ ‘സ്വബ്ബ’ എന്നാണ് ഇവര്‍ വിളിക്കപ്പെടുന്നത്. സ്വബാ എന്ന പദത്തില്‍ നിന്നാണത് ഉരുത്തിരിഞ്ഞിട്ടുള്ളത്. മാന്‍ഡിയന്‍ ഭാഷയില്‍ വര്‍ണമണിയുക വെള്ളത്തില്‍ മുങ്ങുക എന്നല്ലാമാണ് ഇതിന്റെ അര്‍ത്ഥം. സ്‌നാപനം (വെള്ളത്തില്‍ മുങ്ങുക) അവരുടെ മതചിഹ്നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായതു കൊണ്ടായിരിക്കാം ഇത്. അപ്രകാരം സാബിഇകളെ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച്, സത്യത്തിന്റെയും ഏകദൈവത്വത്തിന്റെയും വിശ്വാസത്തിന്റെയും പ്രകാശത്താല്‍ വര്‍ണമണിഞ്ഞവര്‍ എന്ന് വിശേഷിപ്പിക്കുന്നു.

ഈ ദര്‍ശനത്തിന്റെ വിധിവിലക്കുകളിലേക്കും അതിന്റെ ഘടകങ്ങളിലേക്കും ഒന്ന് കണ്ണോടിച്ചാല്‍ ഇസ്‌ലാമിനോട് ഏറ്റവും അടുത്ത ദര്‍ശനമാണിതെന്ന് കണ്ടെത്താനാവും. അല്ലാഹുവിന്റെ ഏകത്വത്തിലുള്ള നിരുപാതിക വിശ്വാസത്തിലേക്ക് തന്നെയാണ് ഇവര്‍ ക്ഷണിക്കുന്നത്.

മന്‍ദാഇയ്യ (Mandaeism) എന്നും അറിയപ്പെട്ടുന്ന സാബിഇ ദര്‍ശനത്തിന് അഞ്ച് അടിസ്ഥാനങ്ങളാണ് ഉള്ളത്. ഏകനും നിത്യനുമായ ദൈവത്തിലുള്ള വിശ്വാസം, പുണ്യസ്‌നാനം, അംഗശുദ്ധിയും നമസ്‌കാരവും, വ്രതം, ദാനധര്‍മവും സകാത്തും എന്നിവയാണവ. പാപരഹിതരായ മലക്കുകളുടെ വാസസ്ഥലമാണ് എന്ന പരിഗണനയില്‍ നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും സാബിഇകള്‍ വിശുദ്ധി കല്‍പിക്കുന്നുണ്ട്. ധ്രുവനക്ഷത്രങ്ങളിലേക്ക് തിരിഞ്ഞിരിക്കലും ഒഴുകുന്ന വെള്ളത്തില്‍ സ്‌നാനം ചെയ്യുന്നതും വ്രതവും നമസ്‌കാരവുമെല്ലാം അവരുടെ മതചടങ്ങുകളില്‍ പ്രധാനപ്പെട്ടവയാണ്. ഖലീലുല്ലാഹ് ഇബ്‌റാഹീം(അ)യെ ആദ്യമായി പിന്‍പറ്റിതയത് സാബിഇകളാണ്.

വിവ: ഉമറുല്‍ ഫാറൂഖ്‌

Related Articles