Current Date

Search
Close this search box.
Search
Close this search box.

ആരാണ് അഹ്‌ലുസ്സുഫ്ഫ?

മക്കയില്‍ നിന്ന് ബഹുദൈവവിശ്വാസികളുടെ പീഢനം ഭയന്ന് സ്വന്തം നാടും വീടും സ്വത്തുക്കളും ഉപേക്ഷിച്ച് മദീനയിലേക്കുള്ള മുസ്‌ലിംകളുടെ പലായനം അവരുടെ ജീവിതത്തില്‍ പുതിയ പ്രതിസന്ധികള്‍ക്ക് തുടക്കമിട്ടു. മദീനയിലെത്തിയാലും അവരില്‍ പലര്‍ക്കും ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. കാരണം മദീന പണ്ടുകാലം മുതലേ കാര്‍ഷികവൃത്തിയില്‍ അധിഷ്ഠിതമായ ഒരു നാടാണ്. എന്നാല്‍ പേരുകേട്ട കച്ചവടക്കാരായ മക്കക്കാര്‍ക്കാകട്ടെ കൃഷി വശവുമുണ്ടായിരുന്നില്ല. സ്വന്തമായുണ്ടായിരുന്നതെല്ലാം മക്കയില്‍ ഉപേക്ഷിച്ചു വന്ന മുഹാജിറുകള്‍ക്ക് മുന്നോട്ടുള്ള ജീവിതം ദുഷ്‌കരമായിരുന്നു. എന്നാല്‍ മുഹാജിറുകളെ സഹായിക്കാനായി മദീനാ നിവാസികളായ അന്‍സ്വാറുകള്‍ മുന്നിട്ടിറങ്ങി. എന്നിരുന്നാലും ദരിദ്രരായ കുറച്ച് മുഹാജിറുകള്‍ക്ക് സഹായം ലഭ്യമാകാതെ വന്നു.

മദീനയിലേക്കുള്ള മുഹാജിറുകളുടെ ഒഴുക്ക് തുടര്‍ന്നു. പ്രത്യേകിച്ച് ഖന്‍ദഖ് യുദ്ധത്തിന് ശേഷം. അങ്ങനെ ധാരാളം സംഘങ്ങള്‍ മദീനയിലെത്തിച്ചേര്‍ന്നു. എന്നാല്‍ മദീനക്കാരില്‍ ആരെയും പരിചയമില്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കാകട്ടെ താമസിക്കാന്‍ ഒരിടവും ലഭിക്കേണ്ടതുണ്ടായിരുന്നു. ചിലര്‍ക്ക് സ്ഥിരതാമസത്തിന് വേണ്ടി ആയിരുന്നുവെങ്കില്‍ മറ്റു ചിലര്‍ക്ക് താല്‍ക്കാലികമായി മതിയായിരുന്നു. അങ്ങനെ പലായനം ചെയ്ത് മദീനയിലെത്തുന്ന ദരിദ്രരായ ആളുകള്‍ക്കും അന്യനാട്ടുകാര്‍ക്കും താമസസൗകര്യം ഒരുക്കാനായി പ്രവാചകന്‍ തീരുമാനിച്ചു.

ആരായിരുന്നു അഹ്‌ലുസ്സുഫ്ഫ?
സുഫ്ഫയില്‍ ആദ്യമായി താമസമാക്കിയത് മുഹാജിറുകളായിരുന്നു. അവരിലേക്ക് ചേര്‍ത്തു തന്നെയാണ് സുഫ്ഫ അറിയപ്പെടുന്നതും. എന്നാല്‍ ഇസ്‌ലാം സ്വീകരിച്ചു വന്ന വിദേശികളായ ആളുകളും പിന്നീട് സുഫ്ഫയില്‍ താമസമാക്കുകയുണ്ടായി. മദീനയില്‍ പ്രവാചകന്റെ അടുത്തെത്തുന്ന ഒരാള്‍ക്ക് മദീനയില്‍ പരിചയക്കാര്‍ ഉണ്ടെങ്കില്‍ അയാളെ അവരോടൊപ്പവും  പരിചയക്കാരില്ലെങ്കില്‍ അഹ്‌ലുസുഫ്ഫയോടൊപ്പവുമാണ് താമസിപ്പിച്ചിരുന്നത്. അബൂഹുറൈറ(റ) ആയിരുന്നു സുഫ്ഫക്കാരിലെ പ്രധാനി. പ്രവാചകന്‍ സുഫ്ഫക്കാരുടെ നേതൃത്വം ഏല്‍പിച്ചത് അബൂഹുറൈറയെ ആയിരുന്നു.  മുഹാജിറുകളും വിദേശികളുമായ ആളുകളോടൊപ്പം ചില അന്‍സ്വാരി സ്വഹാബികളും ലളിതജീവിതം ഉദ്ദേശിച്ചുകൊണ്ട് സുഫ്ഫക്കാരോടൊപ്പം കഴിഞ്ഞിരുന്നു. കഅ്ബുബ്‌നു മാലിക് അല്‍-അന്‍സാരി, ഹന്‍ളലത്തുബനു അബീ ആമിരില്‍ അന്‍സാരി, ഹാരിഥത്തുബ്‌നു നുഅ്മാന്‍ അല്‍-അന്‍സാരി എന്നിവര്‍ അവരില്‍ പെട്ടവരായിരുന്നു.

അഹ്‌ലുസ്സുഫ്ഫയുടെ സ്ഥാനം?
ഹിജ്‌റ ആറാം വര്‍ഷത്തിലെ ഖിബ്‌ലമാറ്റത്തിന് ശേഷം മസ്ജിദുന്നബവിയുടെ പിറകിലായി പഴയ ഖിബ്‌ലയെ സൂചിപ്പിച്ചിരുന്ന ഒരു മതിലുണ്ടായിരുന്നു. പ്രവാചകന്‍(സ) അതിന് ഒരു മേല്‍ക്കൂര പണിയാന്‍ കല്‍പിക്കുകയും അതിനെ സുഫ്ഫ എന്ന് വിളിക്കുകയും ചെയ്തു. എന്നാല്‍ അതിന്റെ വശങ്ങള്‍ മറച്ചിരുന്നില്ല. ഇബ്‌നു ജുബൈര്‍ പറയുന്നത് അഹ്‌ലുസുഫ്ഫക്കാര്‍ ഖുബാഇല്‍ താമസിച്ചിരുന്ന സ്ഥലത്തെയാണ് സുഫ്ഫ എന്ന് പറഞ്ഞിരുന്നത് എന്നാണ്. എന്നാല്‍ മസ്ജിദുന്നബവയിലെ സുഫ്ഫയിലേക്ക് ചേര്‍ത്താണ് അഹ്‌ലുസ്സുഫ്ഫ എന്ന് വിളിച്ചതെന്ന് സംഹൂദിയും പറയുന്നു. സുഫ്ഫയുടെ വലിപ്പം എത്രയായിരുന്നുവെന്ന് വ്യക്തമല്ല. എന്നിരുന്നാലും പ്രവാചകന്‍ നടത്തിയ ഒരു വിരുന്നിലേക്ക് 300-ഓളം സുഫ്ഫക്കാര്‍ വരികയും ചിലര്‍ പള്ളിക്ക് സമീപമുള്ള പ്രവാചകപത്‌നിമാരുടെ ഭവനങ്ങളില്‍ ഇരുന്നതായും കാണുന്നു.

അഹ്‌ലുസുഫ്ഫയുടെ എണ്ണം?
ഓരോ കാലത്തും അവരുടെ എണ്ണം വ്യത്യസ്തമായിരുന്നു. സഅ്ദുബ്‌നു ഉബാദ തന്നെ അവരിലെ 80 ആളുകള്‍ക്ക് ആതിഥ്യമരുളിയിരുന്നു. ഇതുപോലെ പല സ്വഹാബാക്കളും അവര്‍ക്ക് ആതിഥ്യമരുളാറുണ്ടായിരുന്നു. സുഫ്ഫക്കാരനായ അബൂ അബ്ദുറഹ്മാന്‍ അസ്സലമി അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ സുഫ്ഫക്കാരുടെ പേരുകള്‍ വിവിരച്ചിട്ടുണ്ടെന്ന് സംഹൂദി പറയുന്നു. എന്നാല്‍ 51 പേരെ മാത്രമാണ് അതില്‍ അദ്ദേഹം സൂചിപ്പിക്കുന്നത്. അവരില്‍ പ്രശസ്തരായ ആളുകളുടെ പേരുകള്‍ മാത്രമായിരിക്കാം അദ്ദേഹം ഉള്‍പെടുത്തിയതെന്നും പറയപ്പെടുന്നു.

അദ്ദേഹം പ്രതിപാദിച്ച സുഫ്ഫക്കാരായ സ്വഹാബിമാരുടെ പേരുകള്‍ ചുവടെ:

1. അബൂഹുറൈറ(റ)
2. അബൂദര്‍റില്‍ ഗിഫാരി(റ)
3. വാഥിലത്ത് ഇബ്‌നു അസ്ഖഅ്(റ)
4. ഖൈസ് ഇബ്‌നു തുഹ്ഫത്തില്‍ ഗിഫാരി(റ)
5. കഅ്ബ് ഇബ്‌നു മാലികില്‍ അന്‍സാരി(റ)
6. സഈദ് ഇബ്‌നു ആമിര്‍(റ)
7. സല്‍മാനുല്‍ ഫാരിസി(റ)
8. അസ്മാഅ് ബിന്‍ത് ഹാരിഥ(റ)
9. ഹന്‍ളല ഇബ്‌നു അബീ ആമിര്‍(റ)
10. ഹാസിം ഇബ്‌നു ഹര്‍മല(റ)
11. ഹാരിഥത്ത് ഇബ്‌നു നുഅ്മാന്‍(റ)
12. ഹുദൈഫത്ത് ഇബ്‌നു അസീദ്(റ)
13. ഹുദൈഫത്ത് ഇബ്‌നു യമാന്‍(റ)
14. ജാരിയത്ത് ഇബ്‌നു ജമീല്‍(റ)
15. ജഈല്‍ ഇബ്‌നു സുറാഖ(റ)
16. ജര്‍ഹദ് ഇബ്‌നു ഖുവൈലിദ്(റ)
17. രിഫാഅത്ത് ഇബ്‌നു ലബാബ അല്‍അന്‍സാരി(റ)
18. അബ്ദുല്ലാ ദുല്‍ബജാദീന്‍(റ)
19. ദകീന്‍ ഇബ്‌നു സഈദ്(റ)
20. ഖുബൈബ് ഇബ്‌നു യസാഫ്(റ)
21. ഖരീം ഇബ്‌നു ഔസ് അല്‍ത്താനി(റ)
22. ഖരീം ഇബ്‌നു ഫാതിക് അല്‍അസദി(റ)
23. ഖനീസ് ഇബ്‌നു ഹുദാഫ(റ)
24. ഖബ്ബാബ് ഇബ്‌നു അല്‍അര്‍ത്ത്(റ)
25. ഹകം ഇബ്‌നു ഉമൈര്‍(റ)
26. ഹര്‍മലത്ത് ഇബനു അയാസ്(റ)
27. സൈദ് ഇബ്‌നു ഖത്താബ്(റ)
28. അബ്ദുല്ലാ ഇബ്‌നു മസ്ഊദ്(റ)
29. തഫാവീ അദ്ദൗസി(റ)
30. ത്വല്‍ഹത്ത് ഇബ്‌നു അംറ്(റ)
31. സ്വഫ്‌വാന്‍ ഇബ്‌നു ബൈളാഅ്(റ)
32. സുഹൈബ് ഇബ്‌നു സിനാന്‍(റ)
33. ശദ്ദാദ് ഇബ്‌നു അസീദ്(റ)
34. ശഖ്‌റാന്‍(റ)
35. സാഇബ് ഇബ്‌നു ഖലാദ്(റ)
36. സാലിം ഇബ്‌നു ഉമൈര്‍(റ)
37. സാലിം ഇബ്‌നു ഉബൈദ്(റ)
38. സഫീന(റ)
39. സാലിം(റ)
40. അബൂ റസീന്‍(റ)
41. ബിലാല്‍ ഇബ്‌നു റബാഹ്(റ)
42. അഗര്‍റ് അല്‍മുസ്‌നി
43. ബര്‍റാഅ് ഇബ്‌നു മാലിക്(റ)
44. സൗബാന്‍(റ)
45. ഥാബിത്ത് ഇബ്‌നു വദീഅ(റ)
46. സഖീഫ് ഇബ്‌നു അംറ്(റ)
47. അബൂ സഈദില്‍ ഖുദ്‌രി(റ)
48. ഇര്‍ബാള് ഇബ്‌നു സാരിഅ(റ)
49. ഗര്‍ഫത്തുല്‍ അസ്ദി(റ)
50. അബ്ദുറഹ്മാനുബ്‌നു ഖര്‍ത്ത്(റ)
51. ഇബാദ് ഇബ്‌നു ഖാലിദില്‍ ഗിഫാരി(റ)

വിവ: അനസ് പടന്ന

Related Articles