Current Date

Search
Close this search box.
Search
Close this search box.

ആദമിനെ സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയത് ഹവ്വയോ?

വിലക്കപ്പെട്ട കനി ഭക്ഷിക്കാന്‍ ആദമിനെ പ്രേരിപ്പിച്ച ഹവ്വയാണ,് ഇരുവരും സ്വര്‍ഗത്തില്‍ നിന്നും പുറത്താക്കപ്പെടാന്‍ കാരണക്കാരിയെന്ന്  വ്യാപകമായി  പ്രചരിപ്പിക്കപ്പെടാറുണ്ട്.മനുഷ്യ ജീവിതത്തിലെ സകല തിന്മയുടെയും നാരായവേരുകളാണ് സ്ത്രീകളെന്ന പ്രസ്താവനകള്‍ സ്ത്രീകളുടെ പദവിക്കും സ്ഥാനത്തിനും മങ്ങലേല്‍പ്പിക്കുന്ന വാദങ്ങളാണ്. ഇതിന്റെ നിജസ്ഥിതി നമ്മില്‍ പലര്‍ക്കുമറിയില്ല എന്നതൊരു ദുഖ സത്യമാണ്.

ഇസ്‌ലാമിക ദൃഷ്ട്യാ യൊതൊരടിത്തറയുമില്ലാത്ത വസ്തുതകളാണ് ഈ വിഷയത്തില്‍ പലരും പറഞ്ഞു പരത്തുന്നത്. ഇത്തരം കഥകളുടെ വേര് എത്തിനില്‍ക്കുന്നത് ജൂതന്‍മാരും ക്രിസ്ത്യാനികളും വിശ്വസിക്കുന്ന ബൈബിളിലാണ്. ജൂത-ക്രൈസ്തവ പണ്ഡിതന്‍മാരും ചിന്തകരും കവികളും അതിനെക്കുറിച്ച് വര്‍ണനകള്‍ നെയ്‌തെടുക്കുമ്പോള്‍, യാതൊരു നിരൂപണമോ പരിശോധനയോ നടത്താതെ ചില മുസ്‌ലിം സഹോദരന്‍മാരും അതിനെ അന്ധമായി അനുകരിക്കുന്നതായി കാണുന്നു.

ആദം നബിയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ വിവരിക്കുന്ന ഖുര്‍ആനിക സൂക്തങ്ങള്‍ ചേര്‍ത്തുവായിക്കുന്ന ഏതൊരാള്‍ക്കും താഴെ പറയുന്ന കാര്യങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാം.

1. വിലക്കപ്പെട്ട കനി ഭക്ഷിക്കരുതെന്നും ആ മരത്തോടടുക്കരുതെന്നും ദൈവം കല്‍പ്പിച്ചത് രണ്ടുപേരോടുമായിരുന്നു. ‘ആദമേ, നീയും നിന്റെ ഇണയും സ്വര്‍ഗത്തില്‍ താമസിക്കുകയും അതില്‍ നിങ്ങള്‍ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷത്തെ നിങ്ങള്‍
സമീപിച്ചുപോകരുത്. എങ്കില്‍ നിങ്ങള്‍ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു’ (ബഖറ : 35)

2. രണ്ടുപേരെയും, വഞ്ചനയിലൂടെയും സൂത്രത്തിലൂടെയും വഴിതെറ്റിച്ചത് പിശാചായിരുന്നുവെന്ന് ഖുര്‍ആനില്‍ കാണാം. ‘എന്നാല്‍ പിശാച് അവരെ അതില്‍ നിന്ന് വ്യതിചലിപ്പിച്ചു. അവര്‍ ഇരുവരും അനുഭവിച്ചിരുന്നതില്‍ (സൗഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്) പറഞ്ഞു: നിങ്ങള്‍ ഇറങ്ങിപ്പോകൂ. നിങ്ങളില്‍ ചിലര്‍ ചിലര്‍ക്ക് ശത്രുക്കളാകുന്നു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും’ (ബഖറ : 36)

സൂറത്തുല്‍ അഅ്‌റാഫില്‍ ഏതു വിധേനയാണ് പിശാച് അവരെ വഴിതെറ്റിച്ചത് എന്ന് വ്യക്തമായിപ്പറയുന്നുണ്ട്. ‘അവരില്‍ നിന്ന് മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍ അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച് അവര്‍ ഇരുവരോടും ദുര്‍മന്ത്രണം നടത്തി. അവന്‍ പറഞ്ഞു:നിങ്ങളുടെ രക്ഷിതാവ് ഈ വൃക്ഷത്തില്‍ നിന്ന് നിങ്ങള്‍ ഇരുവരെയും വിലക്കിയിട്ടുള്ളത് നിങ്ങള്‍ ഇരുവരും മലക്കുകളായിത്തീരുമെന്നത് കൊണ്ടോ, നിങ്ങള്‍ ഇവിടെ നിത്യവാസികളായിത്തീരുമെന്നത് കൊണ്ടോ അല്ലാതെ മറ്റൊന്നുകൊണ്ടുമല്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളിരുവരുടെയും ഗുണകാംക്ഷികളില്‍പ്പെട്ടവനാണ് എന്ന് അവരോട് അവന്‍ സത്യം ചെയ്ത് പറയുകയും ചെയ്തു. അങ്ങനെ അവര്‍ ഇരുവരെയും വഞ്ചനയിലൂടെ അവന്‍ തരംതാഴ്ത്തിക്കളഞ്ഞു. അവര്‍ ഇരുവരും ആ വൃക്ഷത്തില്‍ നിന്ന് രുചി നോക്കിയതോടെ അവര്‍ക്ക് അവരുടെ ഗോപ്യസ്ഥാനങ്ങള്‍ വെളിപ്പെട്ടു. ആതോട്ടത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് അവര്‍ ഇരുവരും തങ്ങളുടെ ശരീരം പൊതിയാന്‍ തുടങ്ങി. അവര്‍ ഇരുവരെയും വിളിച്ച് അവരുടെ രക്ഷിതാവ് പറഞ്ഞു: ആ വൃക്ഷത്തില്‍ നിന്ന് നിങ്ങളെ ഞാന്‍വിലക്കിയിട്ടില്ലേ? തീര്‍ച്ചയായും പിശാച് നിങ്ങളുടെ പ്രത്യക്ഷശത്രുവാണെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടുമില്ലേ? അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും, കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും’ (അഅ്‌റാഫ് : 20-23)

സൂറത്തു ത്വാഹയിലെ സൂക്തങ്ങളുടെ വെളിച്ചത്തില്‍,  തെറ്റിന്റെ ഒന്നാമത്തെ ഉത്തരവാദി ആദമാണ്. ഹവ്വയല്ലെന്ന് സാരം. കാരണം അല്ലാഹു നേരത്തെ നല്‍കിയ ജാഗ്രതാനിര്‍ദേശം അടിസ്ഥാന പരമായി ചൂണ്ടപ്പെടുന്നത് ആദമിലേക്കാണ്. ഹവ്വയും തെറ്റില്‍ പങ്കാളിയാണെങ്കിലും ഖുര്‍ആന്‍ സൂക്തങ്ങളുടെ അടിസ്ഥാനത്തില്‍ ആദമിന്റെ പങ്കിന് സമമല്ല ഹവ്വയുടെ പങ്ക്. ആദം പഴം തിന്നുന്നത് കണ്ടാണ് അവളും തിന്നതും അതുവഴി ഈ തെറ്റില്‍ പങ്കാളിയായതും. മുമ്പ് നാം ആദമിനോട് കരാര്‍ ചെയ്യുകയുണ്ടായി. എന്നാല്‍ അദ്ദേഹം അതു മറന്നുകളഞ്ഞു.

അദ്ദേഹത്തിന് നിശ്ചയദാര്‍ഢ്യമുള്ളതായി നാം കണ്ടില്ല. നിങ്ങള്‍ ആദമിന് സുജൂദ് ചെയ്യൂ എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ) അപ്പോള്‍ അവര്‍ സുജൂദ് ചെയ്തു. ഇബ്‌ലീസൊഴികെ. അവന്‍ വിസമ്മതിച്ചു. അപ്പോള്‍ നാം പറഞ്ഞു: ആദമേ, തീര്‍ച്ചയായും ഇവന്‍ നിന്റെയും നിന്റെ ഇണയുടെയും ശത്രുവാകുന്നു. അതിനാല്‍ നിങ്ങളെ രണ്ട് പേരെയും അവന്‍ സ്വര്‍ഗത്തില്‍ നിന്ന് പുറം തള്ളാതിരിക്കട്ടെ (അങ്ങനെ സംഭവിക്കുന്ന പക്ഷം) നീ കഷ്ടപ്പെടും. തീര്‍ച്ചയായും നിനക്ക് ഇവിടെ വിശക്കാതെയും നഗ്നനാകാതെയും കഴിയാം. നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം. അപ്പോള്‍ പിശാച് അദ്ദേഹത്തിന് ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരുവൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച് പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക് അറിയിച്ച് തരട്ടെയോ? അങ്ങനെ അവര്‍ (ആദമും ഭാര്യയും) ആ വൃക്ഷത്തില്‍ നിന്ന് ഭക്ഷിച്ചു. അപ്പോള്‍ അവര്‍ ഇരുവര്‍ക്കും തങ്ങളുടെ ഗുഹ്യഭാഗങ്ങള്‍ വെളിപ്പെടുകയും, സ്വര്‍ഗത്തിലെ ഇലകള്‍ കൂട്ടിചേര്‍ത്ത് തങ്ങളുടെ ദേഹം അവര്‍ പൊതിയാന്‍ തുടങ്ങുകയും ചെയ്തു. ആദം തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിക്കുകയും, അങ്ങനെ പിഴച്ച് പോകുകയും ചെയ്തു. അനന്തരം അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ ഉല്‍കൃഷ്ടനായി തെരഞ്ഞെടുക്കുകയും,അദ്ദേഹത്തിന്റെ പശ്ചാത്താപം സ്വീകരിക്കുകയും, മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തു’ (ത്വാഹ : 115-122)

3. ആദമിനെ സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ സൃഷ്ടിപ്പിന്റെ ഉദ്ദേശം ദൈവം നിശ്ചയിച്ചിരുന്നു. തങ്ങളാണ് ആദമിനേക്കാള്‍ ഒരു പടിമുന്നിലെന്ന് ധരിച്ചിരുന്ന മലക്കുകളോട് ആ ഉദ്ദേശം പടച്ചവന്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്വര്‍ഗത്തിലെ താമസത്തെക്കുറിച്ചും പഴം തിന്നലിനെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന സൂറത്തുല്‍ ബഖറയിലെ സൂക്തങ്ങള്‍ക്കു മുമ്പാണ് ഈ സംഭവം വിവരിക്കുന്നത്. ‘ഞാനിതാ ഭൂമിയില്‍ ഒരു ഖലീഫയെ നിയോഗിക്കാന്‍ പോകുകയാണ് എന്ന് നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക). അവര്‍ പറഞ്ഞു: അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെയാണോ നീ നിയോഗിക്കുന്നത്? ഞങ്ങളാകട്ടെ നിന്റെ മഹത്വത്തെ പ്രകീര്‍ത്തിക്കുകയും, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.അവന്‍ ( അല്ലാഹു ) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരു അറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വ്വജ്ഞനും അഗാധജ്ഞാനിയും.അനന്തരം അവന്‍ (അല്ലാഹു) പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ.അങ്ങനെ അവന്‍ ( ആദം ) അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോള്‍ അവന്‍ (അല്ലാഹു) പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും, ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?’ ( ബഖറ 30-33)

അദൃശ്യലോകത്ത് വച്ച് ആദം നബിയും മൂസാനബിയും തമ്മിലുള്ള സംഭാഷണം സ്വഹീഹായ ഹദീസില്‍ കാണാം. ആദം പഴം തിന്നു എന്ന കാരണം പറഞ്ഞ്, മനുഷ്യവംശത്തിന്റെ ഉത്തരവാദിത്തം മുഴുവന്‍ ആദമിന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടത്തിയ മൂസാ നബിയെ തിരുത്തിക്കൊണ്ട് ആദം നബി പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘മനുഷ്യനെ സൃഷ്ടിച്ച് ഭൂമിയില്‍ നേതൃത്വം ഏല്‍പ്പിക്കണമെന്നത്, മനുഷ്യ സൃഷ്ടിപ്പിനു മുമ്പുതന്നെ ദൈവം നിശ്ചയിച്ചുറപ്പിച്ച കാര്യമായിരുന്നു’. അത് ബൈബിളില്‍ രേഖപ്പെടുത്തിയതായി മൂസാ നബി ദര്‍ശിക്കുകയും ചെയ്തു.
 
ഈ ഹദീസിന്റെ വെളിച്ചത്തില്‍ നമുക്ക് രണ്ട് കാര്യങ്ങള്‍ മനസിലാക്കാം. ഒന്നാമത്തെത് മൂസാനബി ആദമിലേക്കാണ് തെറ്റിന്റെ ഉത്തരവാദിത്തം ചേര്‍ക്കുന്നത്. ഹവ്വയെയാണ് ആദമിനെ പഴം തിന്നാന്‍ പ്രേരിപ്പിച്ചത് എന്ന വസ്തുത ശരിയല്ലെന്ന് മൂസാ നബിയുടെ സംസാരത്തില്‍ നിന്നും തെളിയുന്നു. പിന്നീട് ബൈബിളില്‍ കടന്നുകൂടിയതാണ് അത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍.

രണ്ടാമത്തെക്കാര്യം, ആദമും സന്തതികളും ഭൂമിയില്‍ വസിക്കേണ്ടവരാണെന്നത് നേരത്തേ ദൈവം നിശ്ചയിച്ച സംഗതിയാണ്. അതു സംഭവിച്ചു എന്ന് മാത്രം.

4. ആദമിനോട്  വസിക്കാനും കല്‍പനാവിരുദ്ധമായി പ്രവൃത്തിച്ചതിന്റെ കാരണത്താല്‍ പുറത്തു പോകാന്‍ പറഞ്ഞതുമായ സ്വര്‍ഗം പരലോകത്ത് ദൈവഭക്തര്‍ക്കായി ഒരുക്കപ്പെട്ട പറുദ്ദീസയാണ്. ഒരു നയനങ്ങളും ദര്‍ശിക്കാത്തതും ഒരു കാതും കേള്‍ക്കാത്തതും ഒരു മനുഷ്യമനസിനും വിഭാവനം ചെയ്യാന്‍ സാധിക്കാത്തതുമായ സൗകര്യങ്ങളുള്ളയിടം. ആദം താമസിച്ച സ്വര്‍ഗം ദൈവഭക്തര്‍ക്കു പ്രതിഫലമായി ഒരുക്കപ്പെടുന്ന സ്വര്‍ഗമാണോ അതല്ല ഭൂമിയിലെ ഏതെങ്കിലും സുന്ദരമായ തോട്ടമാണോ എന്ന വിഷയത്തില്‍ പണ്ഡിതന്‍മാര്‍ രണ്ടുതട്ടിലാണ്. കാരണം പരലോകത്തിലെയും ഇഹലോകത്തിലെയും സ്വര്‍ഗത്തെ സൂചിപ്പിക്കാന്‍ ജന്നത്ത് എന്ന പദമാണ് ഖുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. ‘ആ തോട്ടക്കാരെ നാം പരീക്ഷിച്ചത് പോലെ തീര്‍ച്ചയായും അവരെയും നാം പരീക്ഷിച്ചിരിക്കുകയാണ്. പ്രഭാതവേളയില്‍ ആ തോട്ടത്തിലെ പഴങ്ങള്‍ അവര്‍ പറിച്ചെടുക്കുമെന്ന് അവര്‍ സത്യം ചെയ്ത സന്ദര്‍ഭം'(ഖലം : 17)  ‘നീ അവര്‍ക്ക് ഒരു ഉപമ വിവരിച്ചുകൊടുക്കുക. രണ്ട് പുരുഷന്‍മാര്‍. അവരില്‍ ഒരാള്‍ക്ക് നാം രണ്ട് മുന്തിരിത്തോട്ടങ്ങള്‍ നല്‍കി. അവയെ (തോട്ടങ്ങളെ) നാം ഈന്തപ്പനകൊണ്ട് വലയം ചെയ്തു. അവയ്ക്കിടയില്‍ (തോട്ടങ്ങള്‍ക്കിടയില്‍) ധാന്യകൃഷിയിടവും നാം നല്‍കി’. ( കഹ്ഫ് : 32)

ഇബ്‌നുല്‍ ഖയ്യിമിന്റെ ‘മിഫ്താഹു ദാരിസ്സആദഃ’ എന്ന ഗ്രന്ഥത്തില്‍ ഈ വിഷയം സവിസ്തരം ചര്‍ച്ച ചെയ്യുന്നുണ്ട്.

വിവ: ഇസ്മായില്‍ അഫാഫ്‌

Related Articles