Current Date

Search
Close this search box.
Search
Close this search box.

ആട്ടിന്‍ തോലണിഞ്ഞ ഉപദേശകര്‍

എല്ലാ സമൂഹങ്ങളിലും യുവത ഭാവിയില്‍ തങ്ങളുടെ ശുഭകരവും അഭിമാനപൂര്‍വ്വവുമായ നിലനില്‍പിനു വേണ്ടി ദീര്‍ഘവീക്ഷണത്തോടെ പ്രയത്‌നിക്കുന്നവരാണ്. സാമാന്യേന എല്ലാ സമൂഹത്തിലുമുള്ള യുവതയുടെ കാര്യത്തില്‍ ഇത് ബാധകമാണെങ്കിലും അപരവല്‍കരിക്കപ്പെട്ട സമൂഹങ്ങളില്‍ ഇത് കുറെക്കൂടി വര്‍ദ്ധിച്ച അളവില്‍ ദര്‍ശിക്കാന്‍ സാധിക്കും. ഈ പശ്ചാത്തലത്തില്‍ പ്രമുഖ എഴുത്തുകാരന്‍ ചേതന്‍ ഭഗത് ഒരു പ്രമുഖ പത്രത്തില്‍ ഇന്ത്യയിലെ മുസ്‌ലിം യുവതയെ അവരുടെ ഭാവിക്ക് വേണ്ടി ഉപദേശിച്ചു കൊണ്ട് ഒരു കത്ത് എഴുതുകയുണ്ടായി. മുസ്‌ലിംകള്‍ അനുഭവിക്കുന്ന ദയനീയവസ്ഥയില്‍ കാര്യമായ ശ്രദ്ധകൊടുക്കാതെയുള്ളതാണ് കത്ത്. മാത്രവുമല്ല ഈ ദയനീയാവസ്ഥക്ക് കാരണം മുസ്‌ലിംകള്‍ തന്നെയെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തുന്നു. നേര്‍ക്കുനേരെയല്ലെങ്കിലും നരേന്ദ്ര മോഡിയെപ്പോലുള്ള നേതാക്കന്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. സ്വാഭാവികമായും മുസ്‌ലിം യുവത ഇതിനെതിരെ പ്രതികരിച്ചു. അവര്‍ തങ്ങളുടെ പ്രതിഷേധം ശക്തമായി തന്നെ ഇന്റര്‍നെറ്റിലൂടെയും മറ്റും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ചോദിക്കുന്നു; തങ്ങളുടെ ദയനീയാവസ്ഥക്കു കാരണം തങ്ങളാണെങ്കില്‍ അഫ്‌സല്‍ ഗുരു തൂക്കിക്കൊല്ലപ്പെടില്ലായിരുന്നു. സമൂഹത്തിന്റെ പൊതുമനസ്സിനെ തൃപ്തിപ്പെടുത്താന്‍ അഫ്‌സലിനെ തൂക്കിക്കൊല്ലുന്നു എന്നാണല്ലോ കോടതി പറഞ്ഞത്. മാത്രമല്ല, മുസ്‌ലിം യുവത നിരന്തരമായി കൊലചെയ്യപ്പെട്ടു കൊണ്ടിരിക്കുകയും അവരുടെ കൊലയാളികള്‍ക്ക് അവാര്‍ഡുകള്‍ കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഭഗതിനെപ്പോലെ പൊണ്ണനായ എഴുത്തുകരന് ലഭിക്കേണ്ടുന്ന പ്രതികരണം തന്നെയാണ് യഥാര്‍ഥത്തില്‍ ലഭിച്ചത്. പക്ഷെ മുസ്‌ലിംകളുടെ ദയനീയാവസ്ഥ മനസ്സിലാക്കുന്നതില്‍ വന്‍ പിഴവു പറ്റിയവരുടെ കൂട്ടത്തില്‍ ഭഗത് ഒറ്റക്കല്ല എന്നു വേണം കരുതാന്‍. ഭഗതിനെപ്പോലുള്ളവരുടെ ലേഖനങ്ങള്‍ വാങ്ങി വായിക്കുന്ന രാജ്യത്തെ ഭൂരിഭാഗം ജനതയും ഈ ഒരു കാഴ്ചപ്പാടാകും വച്ചു പുലര്‍ത്തുക. കഴിഞ്ഞ മൂന്ന് ദശകങ്ങളായി നമ്മുടെ രാജ്യത്ത് മുസ്‌ലിംകളുടെ അവസ്ഥ ദയനീയം തന്നെയാണ്. പല കാരണങ്ങളും അതിനുണ്ട്. ചരിത്രപരമായ മുസ്‌ലിംകളുടെ അവസ്ഥ, വിഭജന ദുരന്തം, ആഗോള തലത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന ഇസ്‌ലാം വിരുദ്ധ പ്രചാരണം എല്ലാം അതിനു കാരണങ്ങളാണ്. എന്നാല്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ അതിപ്രസരം ഇതിനു വലിയ കാരണമായിട്ടുണ്ടെന്ന കാര്യം പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ചേരികളില്‍ നിന്നും വന്നവരും വര്‍ണ്ണവിവേചനത്തിന്റെ  ഇരകളായവരുമാണ് മുസ്‌ലിം സമൂഹത്തില്‍ ഭൂരിഭാഗവും. സൂഫികളുടെ സ്വാധീനത്തിലൂടെ ഇസ്‌ലാമിലെത്തിയതാണവര്‍. ജാതി വ്യവസ്ഥയുടെ ദുരന്തത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു മാര്‍ഗമായിരുന്നു അത്. കൊളോണിയല്‍ കാലഘട്ടത്തില്‍ മുസ്‌ലിംകളുടെ ദയനീയാവസ്ഥ അത്രമാത്രം പുറത്തേക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തോടെ അവസ്ഥ മാറുകയായിരുന്നു.(മുസ്‌ലിംകളായിരുന്നു സമരത്തിലെ മുഖ്യ പങ്കാളികള്‍). സമൂഹം ആധുനിക വിദ്യാഭ്യാസം കരസ്ഥമാക്കുന്നതിലൂടെ തങ്ങളുടെ അവസ്ഥക്ക് പുരോഗതിയുണ്ടാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കെത്തന്നെ അലിഗഡ് യൂണിവേഴ്‌സിറ്റി പോലുള്ള സ്ഥാപനങ്ങളിലൊന്നും എത്തിപ്പെടാന്‍ സാധിക്കാത്ത കുറെ ജനം നൂറ്റാണ്ടുകളായി തുടരുന്ന തങ്ങളുടെ ദയനീയത ഇപ്പോഴും തുടരുന്നു. മുസ്‌ലിം ലീഗിന്റെ സാമുദായിക വാദം മാറ്റി വച്ചാല്‍ ഭൂരിഭാഗം മുസ്‌ലിംകളും സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളികളായിരുന്നു. വിഭജനത്തോടെ നല്ല ഒരു ശതമാനം വിദ്യാസമ്പന്നരും ഭൂവുടമകളും വ്യാപാരികളുമായവര്‍ പാക്കിസ്ഥാനിലേക്ക് പോയി. ഇന്ത്യയില്‍ അവശേഷിച്ചത് പാവങ്ങളായ മുസ്‌ലിംകളായിരുന്നു. വിഭജനത്തിന്റെ സമയത്ത് ദലിതുകളും മുസ്‌ലിംകളും ഏകദേശം ഒരുപോലെയായിരുന്നു. എന്നാല്‍ പിന്നീട് ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ നടന്ന സമരങ്ങളുടെയും മറ്റും ഫലമായി ദലിതുകള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയുണ്ടായി. അവര്‍ക്ക് റിസര്‍വേഷന്‍ ലഭിച്ചു. എന്നാല്‍ മുസ്‌ലിം സമൂഹത്തിന്റെ അവസ്ഥ വളരെ ദയനീയമായി തുടര്‍ന്നു. അവര്‍ വിഭജനത്തിന്റെ കാരണക്കാരായി മുദ്രയടിക്കപ്പെട്ടു. രാജ്യത്തിനു പുറത്തുള്ളവരായി കണക്കാക്കപ്പെട്ടു. സര്‍ക്കാര്‍ ജോലികളിലും മറ്റും ജനസംഖ്യാനുപാതികമായി നോക്കിയാല്‍ വളരെ താഴെയായിരുന്നു അവരുടെ പ്രാതിനിധ്യം. ഈ വിവേചനം തുടരുന്നതിനിടയിലും തങ്ങളുടെ ഭാവിക്കു വേണ്ടി ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കാന്‍ പാടുപെട്ട വിദ്യാര്‍ഥികളെ അന്യായമായി കൊന്നു കൊണ്ടിരിക്കുന്നു. ഇന്ന് രാജ്യത്ത് വര്‍ഗീയ കലാപങ്ങളുടെ ഇരകളായിക്കൊണ്ടിരിക്കുന്നവരില്‍ ഭൂരിഭാഗവും ഈ ന്യൂനപക്ഷമാണ് എന്നു കാണാം.

ശാബാനു കേസില്‍ തുടങ്ങി രാമക്ഷേത്രത്തിലൂടെ തുടര്‍ന്നു കൊണ്ടിരിക്കുന്ന വര്‍ഗീയ രാഷ്ട്രീയം ഈ സമൂഹത്തെ അരികുവല്‍ക്കരിച്ചു കൊണ്ടേയിരിക്കുകയാണ്. ജനപ്രതിനിധി സഭകളിലെ മുസ്‌ലിം പ്രാധിനിത്യം വല്ലാതെ കുറഞ്ഞു വന്നു കൊണ്ടിരിക്കുന്നു. ഇതിനോട് ചേര്‍ത്തു വായിക്കേണ്ടുന്ന കാര്യമാണ് ആഗോളതലത്തില്‍ ഭീകരവാദത്തിനെതിരെ പ്രചരിക്കുന്ന വര്‍ത്തമാനങ്ങള്‍. അല്‍ഖാഇദയുടെ കാശ്മീര്‍ പ്രവേശനവും 9/11 നു ശേഷമുള്ള മുസ് ലിം വിരുദ്ധ വികാരവുമെല്ലാം ആ സമൂഹത്തെ കാര്യമായി ബാധിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഒരൊറ്റ മാനദണ്ഡമേ ഉള്ളൂ. എവിടെയെങ്കിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ, തീര്‍ച്ചയായും അത് മുസ്‌ലിം ചെറുപ്പക്കാര്‍ തന്നെയാകും. ഇതിന്റെ അനന്തര ഫലം വളരെ ഗുരുതരമാണ്. എവിടെയെങ്കിലും ആക്രമണം നടന്നാല്‍ പോലീസ് നൂറുകണക്കിന് മുസ്‌ലിം ചെറുപ്പക്കാരെ അറസ്റ്റ് ചെയ്യുന്നു. അവരെ ജയിലിലടക്കുന്നു. അവസാനം കോടതി അവര്‍ നിരപരാധികളാണെന്നു കണ്ട് വെറുതെ വിടുമ്പോള്‍ അവരുടെ ഭാവി ജീവിതം അവതാളത്തിലാകുന്നു. തീവ്രവാദി എന്ന പേര് ആജീവനാന്തം നെറ്റിയില്‍ പതിയുന്നു. ഇതിന്റെയൊക്കെ പുറമെ ബട്‌ല ഹൗസ്, ഇശ്‌റത്ത് ജഹാന്‍ തുടങ്ങി വ്യാജ ഏറ്റു മുട്ടലുകളും ചെറുപ്പക്കാരെ നിരാലംബരാക്കുന്നു. ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്ന അവര്‍ക്ക് മുമ്പില്‍ തടസ്സമായി നില്‍ക്കുന്ന വേറെയും വിഷയങ്ങളുണ്ട്. പോലീസ്, ഉദ്യോഗസ്ഥ വൃന്ദം, തുടങ്ങി അവര്‍ക്ക് താമസിക്കാന്‍ വീട് നല്‍കാത്ത പൊതു സമൂഹം വരെ തടസ്സങ്ങളില്‍ പെടുന്നു. ഒരര്‍ഥത്തില്‍ രണ്ടാം തരം പൗരന്‍മാരുടെ അവസ്ഥ സൃഷ്ടിക്കപ്പെടുന്നു. എന്നിരുന്നാലും മുസ്‌ലിം ചെറുപ്പക്കാര്‍ ദൃഡനിശ്ചയത്തോടെ ഉറച്ചു നിന്ന് ഐ. ടി മേഖലകളിലൊക്കെ തങ്ങളുടെ കഴിവു തെളിയിച്ചു കൊണ്ട് മുന്നേറുന്ന കാഴ്ച കാണാം. ഫിലിം, സ്‌പോര്‍ട്‌സ് തുടങ്ങി അനൗദ്യോഗിക തസ്തികകളില്‍ തങ്ങളുടെ കഴിവു തെളിയിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. രസകരമായ വസ്തുത അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ അവിടുത്തെ ഫിലിം, സ്‌പോര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ വെളുത്തവരെക്കാള്‍ മുന്നിലാണ് എന്നതാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന കഥകള്‍ പോലെ കഥകള്‍ അവര്‍ക്കും പറയാനുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ വേണം ചേതന്‍ ഭഗതിനെപ്പോലുള്ളവരുടെ ഉപദേശങ്ങളെ വിലയിരുത്താന്‍. വേട്ടക്കാരോടൊപ്പം നിന്ന് ഇരകളെ ഉപദേശരൂപേണ കുറ്റപ്പെടുത്തുന്ന ഇവരുടെ മനസ്ഥിതി അതുകൊണ്ടു തന്നെ വ്യക്തമാണ്.

വിവ : അത്തീഖുറഹ്മാന്‍

Related Articles