Current Date

Search
Close this search box.
Search
Close this search box.

അസ്മാ ബിന്‍ത് അബൂബക്കര്‍

സഹാബി വനിത. ഖലീഫ അബൂബക്കര്‍ സിദ്ധീഖ്(റ)ന്റെ പ്രിയ പുത്രി, പ്രവാചക പത്‌നി ആഇശയുടെ ജ്യേഷ്ട സഹോദരി. ഹിജ്‌റക്ക് 27 വര്‍ഷം മുമ്പ് മക്കയില്‍ ജനനം. സ്വര്‍ഗം കൊണ്ട് സുവാര്‍ത്ത അറിയക്കപ്പെട്ട സുബൈര്‍ ബിന്‍ അല്‍-അവ്വാം ഭര്‍ത്താവ്. ഇസ്‌ലാം സ്വീകരിച്ചവരില്‍ 18ാമത്തെ ആളാണ് അസ്മാഅ്. മക്കള്‍. അബ്ദുല്ല, ഉര്‍വ, മുന്‍ദിര്‍, ആസ്വിം, മുഹാജിര്‍, ഖദീജത്തുല്‍ ഖുബ്‌റാ, ഉമ്മുല്‍ ഹസന്‍, ആഇശ എന്നിവരാണ്. ഹിജ്‌റ 73 ക്രിസ്താബ്ദം 692ല്‍ 100ാംവയസ്സില്‍ മരിച്ചു.

അസ്മാഅ് ബിന്ത് അബൂബക്കറിന്റെ മകന്‍ അബ്ദുല്ലാഹ് ബിന്‍ സുബൈറിനെ വധിച്ച ഹജ്ജാജ്, ദൈവധിക്കാരം കാണിച്ചതിന്റെ പേരിലുള്ള ദൈവശിക്ഷയായിരുന്നു മകന്റെ മരണമെന്ന ന്യായീകരണവുമായി മാതാവ് അസ്മായുടെ അടുത്ത് വന്നു. ഉടന്‍ ശത്രുവിന്റെ മുഖത്ത് നോക്കി ആര്ജ്ജവത്തോടെ അസ്മാഅ് പ്രതികരിച്ചു.
‘കള്ളമാണ് നീ പറയുന്നത്! എന്റെ മകന്‍ ദൈവധിക്കാരിയല്ല. അവന്‍ ധാരാളം നോമ്പനുഷ്ഠിക്കുന്നവനും ഉറക്കം പോലും അവഗണിച്ചു ആരാധനാനിമഗ്‌നനാകുന്നവനും മാതാപിതാക്കളോട് അനുസരണമുള്ളവനുമാണ്. എന്നാല്‍ പ്രവാചകന്‍ തിരുമേനി ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ‘ഥഖീഫ് ഗോത്രത്തില്‍ നിന്ന് രണ്ടാളുകള്‍ ജനിക്കും. അതില്‍ ഒന്നാമന്‍ പെരുങ്കള്ളനാണെങ്കില്‍ രണ്ടാമന്‍ പരമദ്രോഹിയായിരിക്കും. അവരില്‍ ആ പെരുങ്കള്ളനെ (മുഖ്താറുസ്സഖഫിയെ) ഞാന്‍ നേരത്തെ കണ്ടു കഴിഞ്ഞു. രണ്ടാമത്തെ ദ്രോഹിയെ ഞാനെന്റെ കണ്‍മുമ്പില്‍ കാണുകയാണ്.’

ഹിജാസില്‍ അമവികള്‍ക്കെതിരെയുള്ള പോരാട്ടത്തിലായിരുന്നു അസ്മാഅ്(റ)ന്റെ മകന്‍ അബ്ദുല്ലാഹി ബിന്‍ സുബൈര്‍. പക്ഷെ, ഹജ്ജാജിന്റെ സൈനികാക്രമണത്തിനു മുമ്പില്‍ അധിക കാലം അദ്ദേഹത്തിനു പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഹജ്ജാജിന്റെ സൈന്യം വിശുദ്ധ കഅ്ബയുടെ പവിത്രത പോലും മാനിക്കാതെ കവണയുപയോഗിച്ച് അതിനു നേരെ കല്ലെറിഞ്ഞു. ആ പുണ്യഭവനത്തിന് കേടുപാടുകള്‍ സംഭവിക്കുകയും അതിനു ചുറ്റും ആളുകള്‍ മരിച്ചുവീഴുകയും ചെയ്തു. യുദ്ധരംഗത്തെ മുന്നേറ്റം ഹജ്ജാജിന്റെ സൈന്യത്തിനായിരുന്നതിനാല്‍ അബ്ദുല്ലാഹ് ബിന്‍ സുബൈറിന്റെ പട്ടാളക്കാരില്‍ ദുര്‍ബലമനസ്‌കരും ഭീരുക്കളുമായ അധികപേരും കൂറുമാറി. അനുയായികള്‍ മാത്രമല്ല, ബന്ധുക്കള്‍ വരെ അതില്‍ ഉണ്ടായിരുന്നു. ഇത് ഇബ്‌നുസ്സുബൈറിനെ ഏറെ അലോസരപ്പെടുത്തി. ദുഖിതനായ അദ്ദേഹം അല്‍പം ആശ്വാസത്തിനായി തന്റെ മാതാവിനെ സമീപിച്ചു.

നൂറു വയസ്സ് തികഞ്ഞ അസ്മാഅ് ചോദിച്ചു. ആരാണിത്! അബ്ദുല്ലയോ! നീ എന്തിനാണ് ഇങ്ങോട്ട് വന്നു? ‘ഉമ്മാ ഞാന്‍ ഒറ്റപ്പെട്ടിരിക്കുന്നു. അനുയായികള്‍ മാത്രമല്ല, ഉറ്റവര്‍ പോലും എന്നെ ചതിച്ചിരിക്കുന്നു. ഇബ്‌നുസ്സുബൈര്‍ നിസ്സഹായതയോടെ പ്രതികരിച്ചു.
ആ ധീരമാതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘കൂട്ടുകാര്‍ നിന്നെ വിട്ടുപിരിഞ്ഞെന്നായിരിക്കും അല്ലേ! എങ്കില്‍ അതു ധീരന്മാരുടെ മാര്‍ഗമല്ല. വിശ്വാസികളുടെ ചര്യയുമല്ല. അല്ലെങ്കില്‍ പടര്‍ക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതുകൊണ്ട് നിനക്ക് എന്തുനേടാനാണ്! നീ സത്യത്തിലാണെന്ന് ദൃഢവിശ്വാസമുണ്ടെങ്കില്‍ ഒരു ധീരനെ പോലെ മരിക്കുക. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നീ രക്തസാക്ഷിയാകുന്നത എനിക്കേറെ ഇഷ്ടമാണ്!
കൊല്ലപ്പെടുന്നതിനേയല്ല; മൃതദേഹം വികലമാക്കുന്നതിനേയാണ് ഞാന്‍ ഭയപ്പെടുന്നതെന്ന് മകന്‍ മറുപടി പറഞ്ഞപ്പോള്‍ മാതാവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘കൊല്ലപ്പെട്ടതിന് ശേഷം നീ എന്തിനെ ഭയക്കണം? അറുത്ത ആടിന് തൊലിയുരിക്കുമ്പോള്‍ വേദനിക്കില്ലല്ലോ.’

മാതാവിന്റെ ധീരമായ മറുപടികേട്ട് അവരുടെ തൃക്കരങ്ങള്‍ ചുംബിച്ചു പടക്കളത്തിലിറങ്ങിയ ഇബ്‌നുസ്സുബൈറിനെ ഹജ്ജാജിന്റെ സൈന്യം പിടുകൂടി വധിച്ചു, കുരിശില്‍ തറച്ചു.
ശരീരം മറവ് ചെയ്യണമെങ്കില്‍ മാതാവ് അസ്മാഅ് ആവശ്യപ്പെടണമെന്ന് ഹജ്ജാജ് ശപഥം ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം പക്ഷികള്‍ കൊത്തിയ മകന്റെ ജഢം കണ്ടിട്ടും അസ്മാഅ് പതറിയില്ല. രക്തദാഹികളായ അമവികള്‍ക്ക് മുമ്പില്‍ അപേക്ഷ നല്‍കാനും തയ്യാറായില്ല. ‘മോനേ നിനക്ക് ഇനിയും പോകാറായില്ലേ! എന്നാണവള്‍ ചോദിച്ചത്’.

അവരുടെ ഈ വാക്കുകളുപയോഗിച്ച് ഹജ്ജാജ് മൃതശരീരം താഴെയിറക്കി മറവു ചെയ്തു. രക്തദാഹികളായ അമവികളുടെ മുമ്പില്‍ അപേക്ഷ നല്‍കാന്‍ തയ്യാറാകാത്ത ആ മാതാവ് വിവരമറിഞ്ഞപ്പോള്‍ ഇപ്രകാരം പ്രതികരിച്ചു. ‘ഇത് ജാഢയാണ്, തികഞ്ഞ കാപട്യവും!’

വധത്തിന് ശേഷം തന്റെ പ്രവൃത്തി ന്യായീകരിക്കാനായി ഹജ്ജാജ് അസ്മാഇനെ സമീപിച്ചു പറഞ്ഞു. നിങ്ങളുടെ മകന്‍ അല്ലാഹുവിന്റെ ഭവനത്തില്‍ ദൈവധിക്കാരം പ്രവര്‍ത്തിച്ചു. അതിനാല്‍ അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രമായി.’ നൊന്തുപെറ്റ മകനെ ക്രൂരമായി വധിച്ചതിന് ശേഷം ന്യായീകരണവുമായെത്തിയ അതിക്രൂരനായ ഭരണാധികാരിയുടെ മുമ്പില്‍ അസ്മാഅ് നെഞ്ചുനിവര്‍ത്തിക്കൊണ്ട് പ്രതികരിച്ചു.

‘കള്ളമാണ് നീ പറയുന്നത്! എന്റെ മകന്‍ ദൈവധിക്കാരിയല്ല. അവന്‍ ധാരാളം നോമ്പനുഷ്ഠിക്കുന്നവനും ഉറക്കം പോലും അവഗണിച്ച് ആരാധനാനിമഗ്‌നനാകുന്നവനും മാതാപിതാക്കളോട് അനുസരണമുള്ളവനുമാണ്. എന്നാല്‍ പ്രവാചകന്‍ തിരുമേനി ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്.

ഥഖീഫ് ഗോത്രത്തില്‍ നിന്ന് രണ്ടാളുകള്‍ ജനിക്കും. അതില്‍ ഒന്നാമന്‍ പെരുങ്കള്ളനാണെങ്കില്‍ രണ്ടാമന്‍ പരമദ്രോഹിയായിരിക്കും. അവരില്‍ ആ പെരുങ്കള്ളനെ (മുഖ്താറുസ്സഖഫിയെ)ഞാന്‍ നേരത്തെ കണ്ടു കഴിഞ്ഞു. രണ്ടാമത്തെ ദ്രോഹിയെ ഞാനെന്റെ കണ്‍മുമ്പില്‍ കാണുകയാണ്.

ഇതോടെ ഹജ്ജാജിന് ഉത്തരം മുട്ടി. നൂറ് തികഞ്ഞ ആ വനിതയുടെ ധീരതക്കുമുമ്പില്‍ ധിക്കാരിയായ ഭരണാധികാരി അപഹാസിതനായി തിരിച്ചുപോരേണ്ടി വന്നു. കാരണം ഹജ്ജാജിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം എത്രയോ ഉയര്‍ന്ന വിശ്വാസദാര്‍ഢ്യവും വിപ്ലവബോധവും കാത്തുസൂക്ഷിച്ച മഹതിയായിരുന്നു അസ്മാഅ്.

Related Articles