Current Date

Search
Close this search box.
Search
Close this search box.

അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ ഓര്‍മകള്‍ വെറുതെ ഓര്‍ക്കാനുള്ളതല്ല

‘ഞങ്ങളുടെ ലക്ഷ്യം: മുസ്‌ലിംകളുടെ ഇസ്‌ലാമികവല്‍ക്കരണം. ഞങ്ങളുടെ പദ്ധതികള്‍: വിശ്വാസം, പോരാട്ടം.’ – അലിജാ ഇസ്സത്ത് ബെഗോവിച്ച്, ‘ഇസ്‌ലാമിക് ഡിക്ലറേഷന്‍,’ 1970

‘ഓ.. അലിജാ.. ആദരിക്കപ്പെട്ടവനേ..! നീ അമേരിക്കയെ ശരിക്കും ഭ്രാന്തുപിടിപ്പിച്ചു !’ ബോസ്‌നിയന്‍ യുദ്ധത്തിനിടയില്‍ ഒരു പോരാളി പാടിയ അറബി കവിതാശകലമാണിത്.

അലിജാ ഇസ്സത്ത് ബെഗോവിച്ച് (1925 – 2003)

1940-ല്‍, തന്റെ 16-ാമത്തെ വയസ്സില്‍ ‘യംങ് മുസ്‌ലിംസ്’ എന്ന സംഘം സ്ഥാപിക്കുന്നതില്‍ അലിജാ നേതൃപരമായ പങ്കുവഹിച്ചു. ഈജിപ്തിലെ ഇഖ്‌വാനുല്‍ മുസ്‌ലിമീന്റെ മാതൃകയില്‍ രൂപപ്പെടുത്തിയ ഒരു മത-രാഷ്ട്രീയ സംഘമായിരുന്നു അത്. ആറ് വര്‍ഷത്തിന് ശേഷം, ‘മുജാഹിദ്’ എന്ന ആനുകാലിക പ്രസിദ്ധീകരണം പ്രസിദ്ധീകരിക്കുന്നതിന് സഹായം നല്‍കി എന്ന പേരില്‍ അലിജായെയും അദ്ദേഹത്തിന്റെ സുഹൃത്ത് നെസീബ് സാകിര്‍ബെയെയും യുഗോസ്ലാവിയയിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ജയിലിലടച്ചു. പിന്നീട് അവര്‍ മോചിപ്പിക്കപ്പെട്ടെങ്കിലും, കമ്യൂണിസ്റ്റുകള്‍ ‘യംങ് മുസ്‌ലിംസ്’ എന്ന സംഘത്തിനെതിരെ വീണ്ടും ആക്രമണം അഴിച്ചു വിട്ടു. 1949-ല്‍ ഇസ്‌ലാമിക പ്രവര്‍ത്തനം നടത്തിയതിന് നാല് യംങ് മുസ്‌ലിംസ് അംഗങ്ങളെ വധശിക്ഷക്ക് വിധിക്കുകയും ഒരുപാട് പേരെ ജയിലിലടക്കുകയും ചെയ്തു. ‘ഇസ്‌ലാമിക പ്രചാരണത്തിന്’ തുടക്കം കുറിച്ചതിന്റെ പേരില്‍ 1983-ല്‍ അലിജാ വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും, 14 വര്‍ഷത്തെ കാരഗൃഹവാസത്തിന് വിധിക്കപ്പെടുകയും ചെയ്തു. പിന്നീട് 1988-ല്‍ മോചിതനായി.

അത്തരമൊരാള്‍ ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ പ്രസിഡന്റായി തീരുമെന്ന് ചിന്തിക്കാന്‍ തന്നെ കഴിയുമായിരുന്നില്ല. പക്ഷെ 1990-ല്‍ യൂഗോസ്ലാവിയുമായും ക്രൊയേഷ്യയുമായും ഒരു യുദ്ധത്തിന്റെ വക്കില്‍ ബോസ്‌നിയ ഹെര്‍സെഗോവിന എന്ന രാജ്യം എത്തി നില്‍ക്കുമ്പോള്‍ അലിജാ ഇസ്സത്ത് ബെഗോവിച്ച് ബോസ്‌നിയ ഹെര്‍സെഗോവിനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ശത്രുക്കള്‍ കടന്നാക്രമിക്കുമ്പോള്‍ ചില രാഷ്ട്രനേതാക്കള്‍ ചെയ്തത് പോലെ, സ്വന്തം കുടുംബത്തെയും കൂട്ടി രാജ്യവിട്ട് രക്ഷപ്പെട്ടോടി പോകുന്നതിന് പകരം, തന്റെ ജനതയെ മുന്നില്‍ നിന്ന് നയിച്ചു കൊണ്ട് അലിജാ ബോസ്‌നിയയില്‍ തന്നെ തങ്ങി. യുദ്ധത്തിലുടനീളം ഒരു പോരാളിയായി അദ്ദേഹം മുന്‍നിരയിലുണ്ടായിരുന്നു. ഇതിലൂടെ, വംശഹത്യയെ അതിജീവിക്കുന്നതിന് വേണ്ടിയുള്ള ബോസ്‌നിയന്‍ ജനതയുടെ പോരാട്ട ചരിത്രത്തിന്റെ മുഖമായി ലോകം അലിജായെ വാഴ്ത്തി.

ക്രൊയേഷ്യന്‍-സെര്‍ബ് സൈന്യങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയ ഒരു സൈനിക വിഭാഗത്തെ നയിച്ചത് അലിജാ ഇസ്സത്ത് ബെഗോവിച്ചായിരുന്നു. മറ്റൊരു സുപ്രധാന പൈതൃകം കൂടി അവശേഷിപ്പിച്ചതാണ് അദ്ദേഹം മരണത്തെ പുല്‍കിയത്: ബോസ്‌നിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം, ഒരു മുസ്‌ലിം ആയിരിക്കുന്നതിന്റെ അഭിമാന ബോധവും പ്രതാപവും അവര്‍ക്ക് മനസ്സിലാക്കി കൊടുത്തത് അലിജാ ആയിരുന്നു. ഒരു മുസ്‌ലിമാണ് എന്ന് തുറന്ന് പറയാന്‍ ബോസ്‌നിയക്കാര്‍ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. താനൊരു മുസ്‌ലിമാണെന്ന് തുറന്ന് പ്രഖ്യാപിക്കാന്‍ ഓരോ ബോസ്‌നിയക്കാരനും അലിജാ ധൈര്യം നല്‍കി. യുഗോസ്ലാവിയയില്‍, സ്ഥിരമായി മസ്ജിദില്‍ പോകുന്നത്, കമ്യൂണിസ്റ്റ് പാര്‍ട്ടി നിയന്ത്രിക്കുന്ന രാജ്യത്ത് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെടാന്‍ തക്കവണ്ണമുള്ള ഗുരുതരമായ തെറ്റായിരുന്നു. ചരിത്ര ഗ്രന്ഥങ്ങളില്‍ ‘ഇസ്‌ലാം’ ഭീകരമതമായി ചിത്രീകരിക്കപ്പെട്ടു, അതുപോലെ മതനിഷ്ഠ പുലര്‍ത്തുന്ന മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക്, അവര്‍ എത്ര തന്നെ പഠനത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയാലും താഴ്ന്ന ഗ്രേഡുകളാണ് ലഭിച്ചിരുന്നത്. ബോസ്‌നിയന്‍ ഭാഷയെ സമ്പന്നമാക്കുന്ന അറബിക്, തുര്‍ക്കിഷ് പദങ്ങളും, പ്രയോഗങ്ങളും വളരെ വ്യവസ്ഥാപിതമായി നീക്കം ചെയ്യപ്പെടുകയും, ‘സംസ്‌കാരമില്ലായ്മ’യായി ആക്ഷേപിക്കപ്പെടുകയും ചെയ്തു.

പക്ഷെ ‘ബോസ്‌നിയയില്‍ മുസ്‌ലിംകളെ ഒരു ജനതയായി സംഘടിപ്പിക്കുന്നതില്‍ അലിജാ ഇസ്സത്ത് ബെഗോവിച്ച് വിജയം വരിച്ചു,’ സെനികയിലെ ഇസ്‌ലാമിക് പെഡഗോഗിക് അക്കാദമി പ്രൊഫസര്‍ ഡോ. സുഹിജാ അദിലോവിച്ച് പറഞ്ഞു. ‘അങ്ങനെയാണ് ബോസ്‌നിയയില്‍ മുസ്‌ലിംകള്‍ ആദ്യമായി അധികാരത്തിലേറിയത്’.

ആ അധികാരം ഉപയോഗിച്ച്, ബോസ്‌നിയന്‍ ജനതയുടെ സാംസ്‌കാരിക സ്വത്വം പുനഃശാക്തീകരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അലിജാ ഇസ്സത്ത് ബെഗോവിച്ച് തുടക്കം കുറിച്ചു. ഇന്ന്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ കുട്ടികള്‍ അവരുടെ മതത്തെ കുറിച്ച് പഠിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍, ബിസിനസ്സുകാര്‍, സൈനികര്‍, സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്ക് അഭിമാന ബോധത്തോടെ, തല ഉയര്‍ത്തി തന്നെ യാതൊരുവിധത്തിലുള്ള മറയുമില്ലാതെ ഇസ്‌ലാം മതം അനുശാസിക്കുന്നത് പോലെ ജീവിക്കാന്‍ സാധിക്കുന്നു.

സധൈര്യം തന്റെ മതത്തെ ഉയര്‍ത്തിപിടിക്കുന്ന ബെഗോവിച്ചിന്റെ സമീപനവും, അദ്ദേഹത്തിന്റെ അധികാര ലബ്ദിയും പടിഞ്ഞാറിനെ അസ്വസ്ഥപ്പെടുത്തി. യൂറോപ്പില്‍ ഒരു ‘ മൗലികവാദ ഇസ്‌ലാമിക് സ്റ്റേറ്റ്’ നിലവില്‍ വരുമെന്ന മുന്നറിയിപ്പുകള്‍ നല്‍കിയതോടൊപ്പം തന്നെ, അമേരിക്കയും യൂറോപ്യന്‍ യൂണിയനും മൂന്ന് വര്‍ഷത്തോളം ബോസ്‌നിയയിലെ മുസ്‌ലിം ജനതയെ കൂട്ടക്കൊല ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊണ്ട് രംഗത്തുണ്ടായിരുന്നു. 1995-ല്‍ സെര്‍ബ് സൈന്യങ്ങള്‍ക്കെതിരെ ബോസ്‌നിയന്‍ ആര്‍മിയുടെ ഇസ്‌ലാമിക് ബ്രിഗേഡ്‌സ് കനത്ത ആക്രമണം നടത്തുകയും, സെര്‍ബുകള്‍ കൈയ്യടക്കി വെച്ചിരുന്ന അതിര്‍ത്തി പ്രദേശത്തെ 30 ശതമാനത്തോളം ഭൂമി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചു പിടിക്കുകയും ചെയ്തപ്പോള്‍, അന്തിമ വിജയം ബോസ്‌നിയന്‍ മുസ്‌ലിംകള്‍ക്കായിരിക്കുമെന്ന് പടിഞ്ഞാറിന് മനസ്സിലായി. ഉടനെ സമാധാന ഉടമ്പടി, വെടിനിര്‍ത്തല്‍ എന്നൊക്കെ പറഞ്ഞ് അമേരിക്കയും യൂറോപ്പും രംഗത്തു വന്നു.

അമേരിക്ക വരക്കുകയും അടിച്ചേല്‍പ്പിക്കുകയും ചെയ്ത, നാറ്റോ സൈന്യത്തിന്റെ സൈനിക അധിനിവേശം ശക്തിപ്പെടുത്തിയ പ്രസ്തുത ‘സമാധാന ഉടമ്പടി’ പ്രകാരം ബോസ്‌നിയന്‍ ഭൂപ്രദേശത്തിന്റെ പകുതി ഭാഗത്ത് സെര്‍ബുകള്‍ക്ക് സ്വന്തമായി ഒരു രാജ്യം ലഭിച്ചു. ബാക്കി വരുന്ന ബോസ്‌നിയന്‍ ഭൂപ്രദേശത്തിലെ 25 ശതമാനം ക്രോട്ടുകള്‍ക്കും ലഭിച്ചു. ബാക്കി കാല്‍ ഭാഗത്ത് മൊത്തം ബോസ്‌നിയന്‍ ജനസംഖ്യയുടെ ഏകദേശം പകുതിയോളം വരുന്ന മുസ്‌ലിം ജനവിഭാഗത്തെ അമേരിക്കന്‍ പദ്ധതി കുടുക്കി കളഞ്ഞു.

ബോസ്‌നിയയുടെ സമ്പത്തിക-രാഷ്ട്രീയ തകര്‍ച്ചയും, മുസ്‌ലിംകളുടെ രാഷ്ട്രീയ ശക്തി ക്ഷയിപ്പിക്കുന്നതും ഉറപ്പ് വരുത്തുന്ന ഒരു സര്‍ക്കാര്‍ സംവിധാനമാണ് അമേരിക്കയുടെ സമാധാന പദ്ധതി ബോസ്‌നിയക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്. ജനസംഖ്യയില്‍ മുസ്‌ലിംകളാണ് ഭൂരിപക്ഷമെങ്കിലും, ബോസ്‌നിയയിലെ മൂന്നംഗ ‘പ്രസിഡന്‍സി’ വ്യവസ്ഥയില്‍ സെര്‍ബുകള്‍ക്കും, മുസ്‌ലിംകള്‍ക്കും, ക്രോട്ടുകള്‍ക്കും തുല്ല്യാവസരമാണ് ഉള്ളത്. ഇവിടെ യഥാര്‍ത്ഥ ജനാധിപത്യമാണ് നടപ്പിലുള്ളതെങ്കില്‍, ബോസ്‌നിയക്ക് ഒരു മുസ്‌ലിം നേതൃത്വം തന്നെയാണുണ്ടാവുക. ഇപ്പോഴത്തെ വ്യവസ്ഥയില്‍, പൊതുസമ്മതി പ്രകാരമാണ് ഗവണ്‍മെന്റ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. സെര്‍ബുകളും ക്രോട്ടുകളും മുസ്‌ലിംകളെ നശിപ്പിക്കാന്‍ തീരുമാനിച്ചിറങ്ങിയിരിക്കുന്ന കാലത്തോളം പൊതുസമ്മതി പ്രകാരം ഒരു കാര്യവും നടക്കില്ല. പ്രയോഗത്തില്‍, യൂറോപ്യന്‍ യൂണിയനാണ് ബോസ്‌നിയയിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന യഥാര്‍ത്ഥ ശക്തി.

അധിനിവിഷ്ഠ ബോസ്‌നിയയില്‍ നിന്നും അഭയാര്‍ത്ഥികളായി ഓടിപ്പോന്നവര്‍ക്ക് തിരിച്ച് അവര്‍ താമസിച്ചിരുന്നിടത്തേക്ക് തന്നെ മടങ്ങി പോകാനുള്ള സൗകര്യമൊരുക്കാന്‍ അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ശക്തി ഉപയോഗിക്കാത്തത് ഒരു വലിയ പ്രശ്‌നം തന്നെയാണ്. അവരുടെ മടങ്ങിപോക്ക് സാധ്യമായാല്‍ മാത്രമേ അധിനിവിഷ്ഠ ബോസ്‌നിയയില്‍ ഒരു ബഹുവംശ സമൂഹത്തിന്റെ നിര്‍മിത സാധ്യമാവുകയുള്ളു. മുസ്‌ലിംകളുടെ ജീവതം വെച്ച് ബോസ്‌നിയയിലെ സ്ഥിതിഗതികള്‍ വഷളാക്കാനാണ് അന്താരാഷ്ട്ര സമൂഹം ശ്രമിക്കുന്നതെന്ന് ബെഗോവിച്ച് ഒരിക്കല്‍ പറഞ്ഞിരുന്നു. ബഞ്ചാ ലുക്കാ എന്ന ബോസ്‌നിയയിലെ അധിനിവിഷ്ഠ പ്രദേശം തന്നെ ഒരു ഉദാഹരണമായി എടുക്കാം. അവിടെയുള്ള എല്ലാ മസ്ജിദുകളും സെര്‍ബുകള്‍ തകര്‍ത്തു തരിപ്പണമാക്കി. യുദ്ധം അവസാനിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അവിടെ ഒരു മസ്ജിദ് നിര്‍മിക്കാന്‍ ആര്‍ക്കും അനുവാദമുണ്ടായിരുന്നില്ല. ക്രോട്ടുകള്‍ക്ക് നല്‍കപ്പെട്ട ബോസ്‌നിയന്‍ ഭൂമിയിലും ഇതുതന്നെയാണ് അവസ്ഥ.

അഭയാര്‍ത്ഥികളായ മുസ്‌ലിംകള്‍ക്ക് അധിനിവിഷ്ഠ ബോസ്‌നിയന്‍ പ്രദേശങ്ങളിലെ അവരുടെ സ്വവസതികളിലേക്ക് മടങ്ങി പോകാന്‍ സൗകര്യമൊരുക്കുന്നതില്‍ യൂറോപ്യന്‍ യൂണിയന് സംഭവിച്ച പരാജയം, യുദ്ധത്തില്‍ മുസ്‌ലിംകള്‍ വംശീയമായി ഉന്മൂലനം ചെയ്യപ്പെടുന്നതിന് കാരണമായി. അതേസമയം, യാതൊരു വിധ പ്രശ്‌നങ്ങളുമില്ലാതെയാണ് സെര്‍ബുകളും ക്രോട്ടുകളും മുസ്‌ലിം പ്രദേശങ്ങളില്‍ താമസിക്കുന്നതും, അവിടങ്ങളിലേക്ക് യാത്രകള്‍ നടത്തുന്നതും. ക്രോട്ടുകള്‍ക്ക് നേരെ മുസ്‌ലിംകള്‍ ഒരു വിധത്തിലുള്ള ഭീഷണിയും ഉയര്‍ത്താതിരിക്കുമ്പോഴും, മുസ്‌ലിംകളെ തങ്ങളുടെ പ്രദേശങ്ങളിലേക്ക് അടുപ്പിക്കാന്‍ ക്രോട്ടുകള്‍ തയ്യാറായിരുന്നില്ല എന്ന് മാത്രമല്ല, വിവിധ തരത്തിലുള്ള അക്രമങ്ങളും അതിക്രമങ്ങളും അവരില്‍ നിന്ന് മുസ്‌ലിംകള്‍ക്ക് നേരിടേണ്ടി വന്നു.

അതേസമയം, അലിജാ ഇസ്സത്ത് ബെഗോവിച്ചിനെയും അദ്ദേഹത്തിന്റെ ‘പാര്‍ട്ടി ഫോര്‍ ഡെമോക്രാറ്റിക് ആക്ഷനേ’യും കരിവാരിതേക്കാനും, നശിപ്പിക്കാനുമാണ് അമേരിക്കയും യൂറോപ്യന്‍ യൂണിയനും തങ്ങളുടെ അധികാരം ഉപയോഗിച്ചത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ബോസ്‌നിയയിലെ മുന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അവര്‍ എല്ലാവിധത്തിലുള്ള സഹായങ്ങളും ചെയ്തു കൊടുത്തു. അമേരിക്കയുടെയും യൂറോപ്യന്‍ യൂണിയന്റെയും നയങ്ങളുടെ ഫലമായുണ്ടായ സാമ്പത്തിക പുരോഗതിയില്ലായ്മയില്‍ മനംമടുത്ത്, ബോസ്‌നിയന്‍ മുസ്‌ലിംകളിലെ വലിയൊരു വിഭാഗം തങ്ങളുടെ വോട്ടുകള്‍ നിയോ-കമ്മ്യൂണിസ്റ്റുകള്‍ക്ക് നല്‍കി. ‘സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി’ (എസ്.ഡി.പി) എന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എല്ലാവിധ സാങ്കേതിക സഹായങ്ങളും നല്‍കി. കാരണം അവരുടെ നയങ്ങള്‍ ഒരു വിധത്തിലും അമേരിക്കക്ക് ദോഷം ചെയ്യാത്തതായിരുന്നു.

അതേ അവസരത്തില്‍ തന്നെ, ബോസ്‌നിയയില്‍ യൂറോപ്യന്‍ യൂണിയന്‍ സ്ഥാപിച്ച സിവില്‍ അതോറിറ്റിയുടെ തലവന്‍ വോള്‍ഫ്ഗ്യാംങ് പെട്രിഷ്, ‘യുദ്ധകാല നേതാക്കളെ’ ബഹിഷ്‌കരിക്കാന്‍ വോട്ടര്‍മാരോട് ആഹ്വാനം ചെയ്തു. യുദ്ധകാല നേതാക്കളില്‍ അലിജാ ഇസ്സത്ത് ബെഗോവിച്ച് മാത്രമാണ് ആ സമയത്ത് ജീവിച്ചിരുന്നത്. ‘മാറ്റം’ കൊണ്ടു വരുന്നതിന് വേണ്ടി വോട്ട് രേഖപ്പെടുത്താന്‍ കാഴ്ച്ചക്കാരോട് ആവശ്യപ്പെട്ടു കൊണ്ട് തങ്ങള്‍ കൈകാര്യം ചെയ്യുന്ന ടെലിവിഷന്‍ ചാനലുകളില്‍ യൂറോപ്യന്‍ യൂണിയന്‍ പരസ്യങ്ങള്‍ നല്‍കി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, രാജ്യത്തെ കമ്യൂണിസ്റ്റ് പ്രതിപക്ഷത്തിന് എതിരെ നില്‍ക്കുന്ന നേതാക്കളെ മാറ്റുവാന്‍ ആഹ്വാനം ചെയ്യുന്ന പരസ്യങ്ങള്‍. രാഷ്ട്രീയ ബഹുസ്വരതയുടെ വിജയത്തിന് വേണ്ടിയാണ് തങ്ങള്‍ ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ കമ്യൂണിസ്റ്റുകളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്നാണ് അമേരിക്ക അന്ന് പറഞ്ഞത്.

എസ്.ഡി.പി എന്ന പാര്‍ട്ടിയെ സംബന്ധിച്ച് മുസ്‌ലിംകള്‍ക്ക് ഒരുപാട് ഭയാശങ്കകളുണ്ടായി. ഒരിക്കല്‍ തുസ്‌ലയില്‍ വെച്ച് നടന്ന റാലിയില്‍, തങ്ങളുടെ ‘മതേതരത്വം’ പ്രകടിപ്പിക്കുന്നതിന് വേണ്ടി പന്നിയിറച്ചി കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണ് എസ്.ഡി.പി അംഗങ്ങള്‍ വിതരണം ചെയ്തത്. മുസ്‌ലിം ശക്തി കേന്ദ്രമായ സെനിക്കയിലെ പ്രധാന റോഡിന് യുഗോസ്ലാവിയയുടെ കമ്യൂണിസ്റ്റ് ഏകാധിപതിയുടെ പേര് ഇടാനുള്ള അവരുടെ ഉദ്ദേശവും അവര്‍ അവിടെ വെച്ച് തുറന്ന് പ്രഖ്യാപിച്ചു. കൂടാതെ ഒരു മസ്ജിദിന് നേര്‍ക്ക് അവരുടെ പാര്‍ട്ടി അംഗങ്ങല്‍ കല്ലേറ് നടത്തുകയും ചെയ്തു.

നമ്മള്‍ സാധാരണയായി മറ്റുള്ളവരുടെ മേല്‍ പഴിചാരാറുള്ള ഇസ്‌ലാമിക ലോകത്തെ പ്രശ്‌നങ്ങളില്‍ പലതിന്റെയും അടിസ്ഥാന കാരണം മുസ്‌ലിംകള്‍ തന്നെയാണെന്ന് കാണാം. ഒന്നുകില്‍ നമ്മുടെ തമ്മിലടി, അല്ലെങ്കില്‍ നമ്മുടെ വിധേയത്വം. പക്ഷെ ബോസ്‌നിയയുടെ കാര്യത്തില്‍ അങ്ങനെയല്ല. ബോസ്‌നിയയിലെ മുസ്‌ലിം പുരോഗതിയെ മന്ദീഭവിപ്പിക്കാനും, നാമാവശേഷമാക്കാനും വേണ്ടി അന്താരാഷ്ട്ര തലത്തില്‍ രൂപം കൊടുത്ത ചതിക്കുഴിയെ അഭിമുഖീകരിച്ചു കൊണ്ട്, രാജ്യത്തിന്റെ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ തനിക്കാവില്ലെന്ന് അലിജാ ഇസ്സത്ത് ബെഗോവിച്ച് പ്രഖ്യാപിച്ചു. ‘ഈ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയുള്ള വേറെ ആരെങ്കിലും മുന്നോട്ട് വരണം,’ അദ്ദേഹം പറഞ്ഞു.

ബോസ്‌നിയന്‍ ദുരന്തം എന്നത്, മതത്തിന്റെ പേരില്‍ തങ്ങളുടെ അയല്‍ക്കാരാല്‍ വെറുക്കപ്പെട്ട്, അവരുടെ കൈകൊണ്ട് തന്നെ കൊല്ലപ്പെടേണ്ടി വന്ന 350000 പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളും മാത്രമല്ല, അല്ലെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ട ആയിരക്കണക്കിന് വരുന്ന സ്ത്രീകളല്ല, അല്ലെങ്കില്‍ തകര്‍ക്കപ്പെട്ട നൂറുകണക്കിന് മസ്ജിദുകളുമല്ല. യൂറോപ്പിലെയും അമേരിക്കയിലെ രാഷ്ട്രീയക്കാര്‍ക്ക് ബോസ്‌നിയയിലെ പ്രശ്‌നത്തില്‍ ഇടപെടാനുള്ള ശക്തിയുണ്ടായിരുന്നു, പക്ഷെ അവര്‍ അത് ചെയ്തില്ല, എന്തു കൊണ്ട്? മുസ്‌ലിംകളുടെ ജീവന്‍ പോകുന്നത് പടിഞ്ഞാറിനെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല എന്നത് മാത്രമായിരുന്നില്ല ഇതിന് കാരണം. ഒരു രാഷ്ട്രീയ ലക്ഷ്യത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയാണ് ബോസ്‌നിയന്‍ യുദ്ധാനന്തരം മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശഹത്യക്ക് നേരെ പടിഞ്ഞാറ് മനഃപൂര്‍വ്വം കണ്ണടച്ചത്; അതെ, ഒരു യൂറോപ്യന്‍ മുസ്‌ലിം രാഷ്ട്രത്തെ നശിപ്പിക്കുക എന്നതു തന്നെയായിരുന്നു പടിഞ്ഞാറിന്റെ ലക്ഷ്യം. നമ്മുടെ കാലഘട്ടത്തില്‍ ‘ജനാധിപത്യ’ത്തെ കുറിച്ച് നടക്കുന്ന ശ്രേഷ്ഠ സംസാരങ്ങളാല്‍ കബളിപ്പിക്കപ്പെടുന്ന മുസ്‌ലിംകള്‍ക്ക് ഇതില്‍ നിന്നും ഒരുപാട് പാഠങ്ങള്‍ പഠിക്കാനുണ്ട്.

പക്ഷെ വംശഹത്യയെയും, പടിഞ്ഞാറിന്റെ ചതിപ്രയോഗത്തെയും അഭിമുഖീകരിച്ച അലിജാ ഇസ്സത്ത് ബെഗോവിച്ച് തന്നെയാണ് വിജയംവരിച്ചത്. ഒരു സ്വതന്ത്ര, പരമാധികാര രാഷ്ട്രമെന്ന നിലയില്‍ ബോസ്‌നിയക്ക് യുഗോസ്ലാവിയയില്‍ നിന്നും അദ്ദേഹം സ്വാതന്ത്ര്യം നേടി കൊടുത്തു. ആ സ്വാതന്ത്ര്യ പോരാട്ടത്തെ അദ്ദേഹം മുന്നില്‍ നിന്ന് നയിച്ചു. സ്വന്തം ജനതയുടെ സംരക്ഷണാര്‍ത്ഥം ശക്തമായ ഒരു സൈന്യത്തെ അദ്ദേഹം വളര്‍ത്തിയെടുത്തു. ബോസ്‌നിയയിലെ ഇസ്‌ലാമിക നവോത്ഥാനത്തിന് അദ്ദേഹമാണ് നേതൃത്വം നല്‍കിയത്. അതേഅവസരത്തില്‍ തന്നെ തന്റെ അധികാര പരിധിയില്‍ ജീവിക്കുന്ന മറ്റു മതവിശ്വാസികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കുന്നതില്‍ അദ്ദേഹം സൂക്ഷ്മശ്രദ്ധ പുലര്‍ത്തി. ഇവിടെ കുറിച്ചതും, കുറിക്കാന്‍ വിട്ടുപോയതുമായ കാരണങ്ങളാല്‍ എക്കാലത്തും ബോസ്‌നിയന്‍ ജനതയുടെ ഹൃദയങ്ങളില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ വര്‍ദ്ധിതവീര്യത്തോടെ താലോലിക്കപ്പെടുക തന്നെ ചെയ്യും. ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിനായിരുന്നു ആ യുഗപുരുഷന്റെ ജന്മദിനം.

മൊഴിമാറ്റം: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles