Current Date

Search
Close this search box.
Search
Close this search box.

അഭിവാദ്യം ചെയ്യാന്‍ മടിക്കുന്നതെന്തിന്?

മനുഷ്യര്‍ തമ്മില്‍ അഭിവാദ്യം ചെയ്യുന്ന സമ്പ്രദായം എന്നാണ് ആരംഭിച്ചതെന്നതിന് രേഖ ഇനിയും കണ്ടെത്തിയിട്ടില്ല. ഇസ്‌ലാമില്‍ സലാം ചൊല്ലല്‍ പ്രവാചക ചര്യകളില്‍ പെട്ടതാണെന്നതിന് ആര്‍ക്കും അഭിപ്രായവ്യത്യാസമില്ല. അഭിവാദ്യം മാന്യതയുടേയും സംസ്‌കാരത്തിന്റേയും സൗഹൃദത്തിന്റേയും ലക്ഷണമായാണ് പരിഷ്‌കൃതസമൂഹം ഗണിക്കുന്നത്. ജന്തുജാലങ്ങളും പക്ഷികളും തമ്മില്‍ അഭിവാദ്യം ചെയ്യാറുണ്ടോ എന്നത് ഗവേഷണവിഷയമാണ്. അഭിവാദ്യത്തിന് പ്രത്യഭിവാദ്യം ലഭിച്ചില്ലെങ്കിലും അതുകൊണ്ട് പിന്നീടെപ്പോഴെങ്കിലും ഗുണം മാത്രമേ ഉണ്ടാവുകയുള്ളു എന്നതിന് ചരിത്രത്തില്‍ ഒരു സംഭവമുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിനുമുമ്പ് പോളണ്ടിലെ ബ്രോഷ്‌നിക് പട്ടണത്തില്‍ സാമുവല്‍ ഷബീറ എന്ന ഒരു ജൂതന്‍ വസിച്ചിരുന്നു. അതിരാവിലെയുള്ള നടത്തത്തില്‍ വഴിയില്‍ കാണുന്നവരോടെല്ലാം ഗുഡ്‌മോണിങ്ങ് പറഞ്ഞ് അഭിവാദ്യം ചെയ്യുന്നത് അയാളുടെ പതിവായിരുന്നു. യുവാക്കളായാലും വൃദ്ധരായാലും പ്രത്യഭിവാദ്യം പ്രതീക്ഷിക്കാതെ ആദ്യം അഭിവാദ്യം ചെയ്യുന്നത് ഷബീറയായിരിക്കും. പട്ടണപ്രാന്തത്തിലുള്ള ഹെര്‍ മ്യൂളര്‍ എന്നുപേരായ ഒരു ജര്‍മ്മന്‍കാരന്റെ കൃഷിയിടത്തിന് സമീപത്ത്കൂടെയായിരുന്നു എന്നും ഷബീറയുടെ പ്രഭാതസവാരി. കൃഷിയിടത്തില്‍ ജോലിചെയ്തുകൊണ്ടിരുന്ന മ്യൂളരെ കാണുമ്പോള്‍ അഭിവാദ്യം പറയുമെങ്കിലും അയാള്‍ പ്രത്യഭിവാദ്യം ചെയ്യാതെ അവഗണിച്ചുവന്നു. ജര്‍മ്മന്‍കാര്‍ക്ക് ജൂതരോട് പണ്ടേ വെറുപ്പായിരുന്നല്ലോ. ക്രമേണ തലയാട്ടി അഭിവാദ്യം സ്വീകരിച്ചു തുടങ്ങിയ മ്യൂളര്‍ കുറേകഴിഞ്ഞപ്പോള്‍ പതിഞ്ഞസ്വരത്തില്‍ ഗുഡ്‌മോണിങ്ങ് പറയാനാരംഭിച്ചു. കാലക്രമത്തില്‍ രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ജര്‍മ്മനി നാസികളുടെ അധീനതയിലാവുകയും ഹിറ്റ്‌ലരുടെ നേതൃത്വത്തില്‍ ജൂതരെ വേട്ടയാടിത്തുടങ്ങുകയും ചെയ്തതോടെ പോളണ്ട് നാസികളുടെ അധീനതയിലാവുകയും ബ്രൊഷിനിക് പട്ടണത്തിലെ ജൂതന്മാരെ ഒന്നായി ജയിലിലേക്ക് തെളിക്കുകയുമുണ്ടായി. നാല്‍പ്പത് ലക്ഷം ജൂതരെ തടവിലാക്കിയ ഒരു തുറന്ന ജയിലിലേക്ക് സാമുവല്‍ ഷബീറയും എത്തിപ്പെട്ടു.

ഓരോ ദിവസവും ഒരു കമാണ്ടറും ഏതാനും ഭടന്മാരും നിരയായിനിര്‍ത്തിയ തടവുകാരില്‍നിന്ന് തിരഞ്ഞെടുക്കുന്നവരെ വിഷവായുപ്രയോഗിച്ച് വധിക്കാനുള്ള താവളത്തിലേക്കയക്കുകകയായിരുന്നു പരിപാടി. കമാണ്ടര്‍ വിരല്‍ ചൂണ്ടിക്കാണിക്കുന്നവരെ കഠിനജോലികള്‍ക്കായി കൊണ്ടുപോവുകയും അല്ലാത്തവരെ വിഷവാതക ക്യാമ്പിലേക്ക് നയിക്കുകയുമാണ് പട്ടാളക്കാരുടെ ജോലി. നീങ്ങി നീങ്ങി കാമണ്ടര്‍ ഷബീറയുടെ മുമ്പിലെത്തി. അയാള്‍ മിഴിഉയര്‍ത്തി നോക്കിയപ്പോള്‍ കണ്ടത് യൂനിഫോമില്‍ നില്‍ക്കുന്ന ഹെര്‍മ്യൂളറെയായിരുന്നു. തൊണ്ട ഇടറിക്കൊണ്ടാണെങ്കിലും ഷബീറ ഗുഡ്‌മോണിങ്ങ് മ്യൂളര്‍ എന്ന് ഉച്ചരിച്ചു. കുറേനേരം ആ ജൂതത്തടവുകാരനെ നോക്കിനിന്ന കമാണ്ടര്‍ മൃദുസ്വരത്തില്‍ പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് തന്റെവിരല്‍ സാമുവല്‍ഷബീറയുടെ നേരെ ചൂണ്ടിയതോടെ അയാള്‍ അതിമാരകമായ വിഷവാതക മരണത്തില്‍നിന്ന് രക്ഷപ്പെട്ടു.

Related Articles