Current Date

Search
Close this search box.
Search
Close this search box.

അബ്ബാദ് ബിന്‍ ബിശ്ര്‍ (റ)

ഹി. നാലാം വര്‍ഷം. പ്രവാചക നഗരം അകത്തു നിന്നും പുറത്തിനിന്നും ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയായിരുന്നു. സ്വാധീന ശക്തിയുള്ള ജൂതഗോത്രം ബനൂ നദീറായിരുന്നു അകത്തു നിന്നുള്ള ഭീഷണി. പ്രവാചകനുമായുള്ള ഉടമ്പടി ലംഘിച്ച അവര്‍, അവിടുത്തെ വധിക്കാന്‍ പദ്ധതി തയ്യാറാക്കുകയായിരുന്നു. അതിനാല്‍, മദീനയില്‍ നിന്നും അവര്‍ പുറത്താക്കപ്പെട്ടു. സംഭവം നടന്നത് സഫര്‍ മാസത്തില്‍.

അസ്വസ്ഥകരമായ രണ്ടു മാസങ്ങള്‍ കഴിഞ്ഞു പോയപ്പോഴെക്കും, അങ്ങകലെ, നജ്ദില്‍ നിന്നും ചില ഗോത്രങ്ങള്‍ പ്രവാചകനെ വധിക്കാന്‍ പദ്ധതിയിടുന്ന വാര്‍ത്തയാണ് തിരുമേനി(സ)ക്ക് ലഭിച്ചത്. അവരെ തടയുന്നതിന്ന്, നാനൂറിലധികം വരുന്ന ഒരു സേന കിഴക്കോട്ടു പോയി. ഉഥ്മാന്‍ ബ്‌നു അഫ്ഫാനായിരുന്നു മദീനയുടെ ചുമതലയേല്‍പിക്കപ്പെട്ടിരുന്നത്. ഈ സേനയില്‍ മദീനക്കാരനായൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. അബ്ബാദ് ബ്‌നു ബിശ്ര്‍!

നജ്ദിലെത്തിയ പ്രവാചകന്ന് കാണാന്‍ കഴിഞ്ഞത്, പക്ഷെ, പുരുഷന്മാരില്ലാത്ത വാസസ്ഥലങ്ങളായിരുന്നു. സ്ത്രീകള്‍ മാത്രമാണവിടെയുണ്ടായിന്നത്. പുരുഷന്മാര്‍ മലയില്‍ അഭയം തേടിയിരിക്കുകയായിരുന്നു. ചിലര്‍ ഒത്തു കൂടി യുദ്ധത്തിന്നും തയ്യാറെടുത്തിരുന്നു. അസര്‍ നമസ്‌കാര സമയമായി. നമസ്‌കാര വേളയില്‍ ശത്രുവിന്റെ ആക്രമണമുണ്ടായേക്കുമോ എന്ന് ഭയന്ന പ്രവാചകന്‍, മുസ്‌ലിംകളെ അണി നിരത്തി സ്വലാതുല്‍ ഖൗഫ് (ഭീതി വേളയിലെ നമസ്‌കാരം)നിര്‍വഹിക്കുകയാണ് ചെയ്തത്. അനുയായികളെ രണ്ടു വിഭാഗമായി തിരിക്കുകയും, അവരില്‍ ഒരു വിഭാഗത്തോടൊപ്പം ഒരു റക്അത്ത് നമസ്‌കരിക്കുകയും മറ്റേ വിഭാഗം കാവലിരിക്കുകയും ചെയ്തു. ഒരു റക്അത്ത് കഴിഞ്ഞതോടെ, നമസ്‌കരിച്ച വിഭാഗം കാവല്‍ ഡ്യൂട്ടി ഏറ്റെടുക്കുകയും രണ്ടാമത്തെ വിഭാഗം, നബി(സ)യോടൊപ്പം, ഒരു റക്അത്ത് ജമാഅത്തായി നമസ്‌കരിക്കുകയും ചെയ്യുന്നു. പ്രസ്തുത റക്അത്ത് കഴിഞ്ഞ ശേഷം, അവരും പിരിഞ്ഞു പോകുന്നു. നബി(സ)യുടെ നമസ്‌കാര ശേഷം, ഓരോ വിഭാഗവും ബാക്കിയുള്ള നമസ്‌കാരം പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഇതാണ് പ്രസ്തുത നമസ്‌കാരത്തിന്റെ രീതി.

മുസ്‌ലിംകളില്‍ കണ്ട ഈ അച്ചടക്കം, ശത്രു ഗോത്രങ്ങളില്‍ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയുണ്ടായി. പ്രവാചകന്റെ സാന്നിദ്ധ്യം അവര്‍ അനുഭവിച്ചറിയുകയായിരുന്നു. സമാധാന പൂര്‍വം സ്ഥലം വിട്ട പ്രവാചകന്റെ ചില സന്ദേശങ്ങള്‍, അറേബ്യയിലെ ആ ഉയര്‍ന്ന പ്രദേശക്കാര്‍ ഇതോടെ മനസ്സിലാക്കുകയായിരുന്നു.

മടക്കത്തില്‍, ഒരു താഴ്‌വരയില്‍ നബി(സ) താവളമടിച്ചു. മുസ്‌ലിംകള്‍, കുന്നുകളിന്മേല്‍ തങ്ങളുടെ ഒട്ടകങ്ങളെ കെട്ടിയിട്ട ശേഷം, അവിടുന്ന് ചോദിച്ചു: ഇന്ന് നമ്മുടെ പാറാവുകാരന്‍ ആരായിരിക്കും?

‘തിരുദൂതരെ, ഞങ്ങളായിരിക്കും!’ അബ്ബാദ് ബ്‌നു ബിശ്‌റും അമ്മാര്‍ ബ്‌നു യാസിറുമായിരുന്നു അത്. ഇരുവരെയും, പലായന ശേഷം മദീനയിലെത്തിയ പ്രവാചകന്‍ ‘സഹോദരങ്ങള്‍’ ആയി പ്രഖ്യാപിച്ചിരുന്നു.

ചുമതലയേറ്റ അബ്ബാദും അമ്മാറും താഴ്‌വര മുഖത്തേക്ക് പുറപ്പെട്ടു. സഹോദരന്‍ അമ്മാര്‍ ക്ഷീണിതനാണെന്ന് മനസ്സിലാക്കിയ അബ്ബാദ്:
രാത്രിയുടെ ഏത് ഭാഗത്തിലുറങ്ങാനാണ് താങ്കള്‍ ഇഷ്ടപ്പെടുന്നത്? ആദ്യ ഭാഗമോ രണ്ടാം ഭാഗമോ?
‘ആദ്യ ഭാഗം.’

അമ്മാര്‍ മറുപടി പറഞ്ഞു. അദ്ദേഹം ഉടനെ, അബ്ബാദിന്റെ തൊട്ടടുത്ത് കിടന്നുറങ്ങി.

ശാന്തവും സസമാധാനപരവുമായ തെളിഞ്ഞ രാത്രി. നക്ഷത്രങ്ങളും വൃക്ഷങ്ങളും പാറകളുമെല്ലാം നിശ്ശബ്ദമായി തങ്ങളുടെ നാഥനെ വാഴ്ത്തുന്നു. തികച്ചും നിശ്ശബദം! പ്രശാന്തം! നിശ്ചലം! ഭീഷണിയുടെ ലാഞ്ചന പോലുമില്ല. എന്തു കൊണ്ട് ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ട് ഇബാദത്തില്‍ സമയം ചെലവൊഴിച്ചു കൂടാ? അബ്ബാദിന്നു തോന്നിയത് അങ്ങനെയാണ്. പ്രവാചകന്‍ എത്രയോ തവണ ആസ്വദിച്ച ഖുര്‍ആന്‍ പാരായണം നടത്തുന്നത് എത്ര ആഹ്ലാദകരമായിരിക്കും! യഥാര്‍ത്ഥത്തില്‍, മുസ്അബ് ബ്‌നു ഉമൈറിന്റെ ശ്രവണ മധുരമായ ഖുര്‍ആന്‍ പാരായണം ശ്രവിച്ച നാള്‍ മുതല്‍ തന്നെ, അബ്ബാദ് ഖുര്‍ആനില്‍ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. ഹിജ്‌റക്ക് മുമ്പായിരുന്നു അത്. അന്ന് അബ്ബാദിന്ന് വയസ്സ് വെറും 15. തന്റെ ഹൃദയത്തില്‍ ഖുര്‍ആന്‍ പ്രത്യേകം ഇടം തന്നെ കണ്ടെത്തിയിരുന്നു. ദിനരാത്രങ്ങളില്‍, ദൈവിക വചനം അദ്ദേഹം ആവര്‍ത്തിച്ചു പാരായണം നടത്തുക പതിവായിരുന്നു. അതിനാല്‍ തന്നെ, ‘ഖുര്‍ആനിന്റെ കൂട്ടുകാരന്‍’ എന്നായിരുന്നു അദ്ദേഹം സഹാബികള്‍ക്കിടയില്‍ അറിയപ്പെട്ടത്.

ഒരു രാത്രി, തഹജ്ജുദ് നമസ്‌കാരത്തിന്നായി എഴുനേറ്റ പ്രവാചകന്‍(സ), ഒരു ഖുര്‍ആന്‍ പാരായണം കേട്ടു. ജിബ്‌രീല്‍ തന്നെ കേള്‍പിച്ചത് പോലെ വിശുദ്ധവും മധുരവുമായ വാക്കുകള്‍!

‘ആയിശാ, അബ്ബാദ് ബ്‌നു ബിശ്‌റിന്റേതാണോ ആ പാരായണം?’

അവിടുന്ന് ചോദിച്ചു.

‘അതെ, തിരു ദൂതരെ!’

പ്രവാചക പത്‌നി ആയിശ(റ) മറുപടി പറഞ്ഞു.

‘നാഥാ, അദ്ദേഹത്തിന്നു പൊറുത്തു കൊടുക്കേണമേ!’

അബ്ബാദിനോടുള്ള സ്‌നേഹത്താല്‍ അവിടുന്ന് പ്രാര്‍ഥിച്ചു.

അങ്ങനെ, രാത്രിയുടെ നിശ്ശബ്ദതയില്‍, നജ്ദ് താഴ്‌വരാ മുഖത്ത്, ഖിബ്‌ലക്ക് അഭിമുഖമായി നിന്നു കൊണ്ട് കൈ ഉയര്‍ത്തി, അബ്ബാദ് നമസ്‌കാരത്തില്‍ പ്രവേശിച്ചു. ഫാതിഹക്ക് ശേഷം, ശ്രവണ മധുരമായ രീതിയില്‍ സൂറതുല്‍ കഹ്ഫ് പാരായണം ചെയ്യാന്‍ തുടങ്ങി. നൂറ്റിപ്പത്ത് സൂക്തങ്ങളുള്ള സുദീര്‍ഘമായ ഈ അദ്ധ്യായത്തില്‍, വിശ്വാസം, സത്യം, സഹനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

പ്രകാശത്തിന്റെയും ജ്ഞാനത്തിന്റേതുമായ ആ നൈതിക വാക്കുകളില്‍ ആദ്ദേഹം നിമഗ്നനായി. ഈയവസരത്തില്‍, പ്രവാചകനെയും അനുയായികളെയും അന്വേഷിച്ചു കൊണ്ട്, താഴ്‌വരയുടെ പ്രാന്ത പ്രദേശത്തു ഒരാള്‍ പതുങ്ങി നടക്കുന്നുണ്ടായിരുന്നു. പ്രവാചകനേയും അനുയായികളെയും വകവരുത്താന്‍ പദ്ധതിയാവിഷ്‌കരിക്കുകയും, എന്നാല്‍, മുസ്‌ലിംകളുടെ ആഗമനത്തോടെ, മലയില്‍ അഭയം തേടുകയും ചെയ്തവരിലൊരാളായിരുന്നു അയാള്‍. ഗ്രാമത്തിലെ, തന്റെ സഹധര്‍മ്മിണിയെ, മുസ്‌ലിംകളിലൊരാള്‍ ബന്ധിയാക്കിയത് മനസ്സിലാക്കിയ അയാള്‍, മുഹമ്മദിനെയും കൂട്ടുകാരെയും നിരന്തരം പിന്തുടരുമെന്നും, രക്തം ചോര്‍ത്തിയ ശേഷമെ തിരിച്ചു പോവുകയുള്ളുവെന്നും ‘ലാത്ത’യുടെയും ‘ഉസ്സ’യടെയും പേരില്‍ ശപഥം ചെയ്യുകയായിരുന്നു.

ദൂരെ, താഴ്‌വരാ മുഖത്ത്, അബ്ബാദിന്റെ രൂപം ചലിക്കുന്നത് അയാള്‍ കണ്ടു. താഴ്‌വരയില്‍ മുഹമ്മദിന്റെയും അനുയായികളുടെയും സാന്നിധ്യമുണ്ടെന്ന് മനസ്സിലാക്കിയ അയാള്‍, പതുക്കെ ആ ഭാഗത്തേക്ക് ഒരസ്ത്രം എയ്തു. ഉന്നം പിഴക്കാതെ, അത് അബ്ബാദിന്റെ മാംസത്തില്‍ ആഴ്ന്നിറങ്ങുകയായിരുന്നു.

അബ്ബാദാകട്ടെ, പതുക്കെ, ശരീരത്തില്‍ നിന്നും അസ്ത്രം വലിച്ചെടുത്തു, ഖുര്‍ആന്‍ പാരായണത്തില്‍ മുഴുകി നമസ്‌കാരം തുടരുകയായിരുന്നു. അക്രമി രണ്ടാമത്തെയും മൂന്നാമത്തെയും അസ്ത്രങ്ങളയച്ചു. എല്ലാം ലക്ഷ്യം കാണുകയും ചെയതു. ഒന്നൊന്നായി, ഓരോന്നും വലിച്ചെടുത്തു കൊണ്ടിരിക്കെ, അദ്ദേഹം നമസ്‌കാരത്തില്‍ ആമഗ്നനാവുകയും ചെയ്തു. പാരായണം പൂര്‍ത്തിയാക്കിയ അദ്ദേഹം റുകൂഉം സുജൂദും നിര്‍വഹിച്ചു. വേദനയാല്‍ പുളയുകയായിരുന്ന അദ്ദേഹം, സുജൂദില്‍, വലതു കരം നീട്ടി, തൊട്ടടുത്തു ഉറങ്ങുകയായിരുന്ന അമ്മാറിനെ ഉണര്‍ത്തി. അബ്ബാദ് പതുക്കെ തന്റെ നമസ്‌കാരം പൂര്‍ത്തിയാക്കിക്കൊണ്ട് പറഞ്ഞു:

എഴുനേല്‍ക്കൂ! എന്റെ സ്ഥാനത്ത് കാവല്‍ നില്‍ക്കൂ! എനിക്ക് മുറിവേറ്റിരിക്കുന്നു!

ചാടിയെഴുനേറ്റ അമ്മാര്‍ ആക്രോശിക്കാന്‍ തുടങ്ങി. ഇരുവരെയും കണ്ട അക്രമി ഇരുളില്‍ മുങ്ങി മറഞ്ഞു. രക്തം പ്രവഹിക്കുന്ന മുറികളോടെ നിലത്തു കിടക്കുകയായിരുന്ന അബ്ബാദിനെ നോക്കിക്കൊണ്ട് അമ്മാര്‍:

‘സുബ്ഹാനല്ലാഹ്! ആദ്യത്തെ അസ്ത്രമേറ്റപ്പോള്‍ തന്നെ എന്നെ വിളിക്കാമായിരുന്നില്ലേ?’

‘ഞാന്‍ ഖുര്‍ആന്‍ പാരായണം നടത്തുകയായിരുന്നു. അതെന്റെ ആത്മാവിനെ ഭക്തി നിര്‍ഭരമാക്കിയിരുന്നു. അത് വെട്ടിച്ചുരുക്കുന്നത് ഞാനിഷ്ടപ്പെട്ടില്ല. ഈ സൂറത്ത് മനപാഠമാക്കാന്‍ തിരുമേനി(സ) എന്നോട് നിര്‍ദ്ദേശിച്ചതാണ്. അത് നിറുത്തുന്നതിനേക്കാള്‍ മരിക്കുന്നതാണ് എനിക്ക് ഇഷ്ടം!’
അബ്ബാദ് പറഞ്ഞു.

ഖുര്‍ആനിനോടുള്ള അബ്ബാദിന്റെ ഈ ദൃഢഭക്തി, അല്ലാഹുവോടും പ്രവാചകനോടും അവിടുത്തെ മതത്തോടുമുള്ള ഉല്‍ക്കട ഭക്തിയുടെ അടയാളമത്രെ. ഇബാദത്തിലെ സ്ഥിരമായ നിമഗ്നത, സാഹസികമായ ധീരത, ദൈവിക മാര്‍ഗത്തിലെ ഉദാരത എന്നീ ഗുണങ്ങളുടെ പേരിലായിരുന്നു അദ്ദേഹം പ്രസിദ്ധനായിരുന്നത്. ത്യാഗത്തിന്റെയും മരണത്തിന്റെയും അവസരങ്ങളില്‍, അദ്ദേഹം എപ്പോഴും മുന്‍നിരയിലുണ്ടാകും. എന്നാല്‍ പ്രതിഫലങ്ങള്‍ സ്വീകരിക്കേണ്ടി വരുമ്പോള്‍, അദ്ദേഹത്തെ വളരെയധികം ബുദ്ധിമുട്ടി അന്വേഷിക്കേണ്ടി വരും. മുസ്‌ലിംകളുടെ ധനം കൈകാര്യം ചെയ്യുന്നതില്‍ അങ്ങേയറ്റം വിശ്വസ്തനായിരുന്നു അദ്ദേഹം. ഇതെല്ലാം അംഗീകരിക്കപ്പെട്ട വസ്തുകളായിരുന്നു. പ്രവാചക പത്‌നി ആയിശ(റ) ഒരിക്കല്‍ പറഞ്ഞു:

‘നന്മയില്‍, മൂന്നു അന്‍സാറുകളെ തോല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയുകയില്ല: സഅദ് ബ്‌നു മുആദ്, ഉബൈദ് ബ്‌നു ഖുദൈര്‍, അബ്ബാദ് ബ്‌നു ബിശ്ര്‍!’

യമാമ യുദ്ധത്തില്‍ അബ്ബാദ് രക്തസാക്ഷിയാവുകയായിരുന്നു. യുദ്ധത്തിന്നു മുമ്പ് മരണത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് അദ്ദേഹത്തിന്ന് ശക്തമായ പൂര്‍വബോധമുണ്ടായിരുന്നുവത്രെ.

മുഹാജിറുകള്‍ക്കും അന്‍സാറുകള്‍ക്കുമിടയില്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടത് മനസ്സിലാക്കിയ അദ്ദേഹം അതീവ ദുഖിതനായിരുന്നു. മുഹാജിറുകളും അന്‍സാറുകളും വ്യത്യസ്ത സേനകളിലായെങ്കിലേ, ഭീകരമായ ഈ യുദ്ധത്തില്‍ മുസ്‌ലിംകള്‍ക്ക് വിജയം വരിക്കാന്‍ കഴിയുകയുള്ളുവെന്ന് അദ്ദേഹത്തിന്ന് തിരിച്ചറിവുണ്ടായിരുന്നു. തികച്ചും ഉത്തരവാദിത്തം കാത്തു സൂക്ഷിക്കുന്നവരെയും കരാറില്‍ ഉറച്ചു നില്‍ക്കുന്നവരെയും അതിലൂടെ മനസ്സിലാക്കാന്‍ കഴിയുമല്ലോ.

അടുത്ത പ്രഭാതത്തില്‍ യുദ്ധം ആരംഭിക്കുകയായിരുന്നു. അദ്ദേഹം ഒരു കുന്നില്‍ കയറി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു:

‘അന്‍സാറുകളെ, ആളുകള്‍ക്കിടയില്‍ സവിശേഷത പുലര്‍ത്തുക; നിങ്ങളുടെ വാളുറകള്‍ നശിപ്പിക്കുക; ഇസ്‌ലാമിനെ കൈവെടിയാതിരിക്കുക.’

അബ്ബാദ് തന്റെ പ്രഭാഷണം തുടര്‍ന്നു കൊണ്ടേയിരുന്നു. അവസാനം, ഥാബിത് ബ്‌നു ഖൈസ്, ബറാഅ് ബ്‌നു മാലിക്, അബൂ ദുജാന (തിരുമേനി(സ)യുടെ വാള്‍ സൂക്ഷിപ്പുകാരന്‍) എന്നിവരുടെ നേതൃത്വത്തില്‍, ഏകദേശം നാനൂറോളം പേര്‍ ഒത്തുകൂടി. ഇവരെയും കൊണ്ട് അബ്ബാദ് ശത്രു സേനയെ കടന്നാക്രമണം നടത്തുകയും, അവരുടെ അക്രമത്തിന്റെ മുനയൊടിച്ചു കളയുകയും ചെയ്തു. അങ്ങനെ, അവര്‍ തോട്ടത്തിന്റെ കവാടത്തിലേക്ക് തിരിച്ചോടുകയായിരുന്നു.

ഈ തോട്ടത്തിന്റെ മതിലില്‍ അബ്ബാദ് വീണു. മുറിവുകളുടെ ആധിക്യം കാരണം അദ്ദേഹത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അങ്ങനെ, അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും മരണവുമെല്ലാം വിശ്വാസത്തിലായിരുന്നു.

Related Articles