Current Date

Search
Close this search box.
Search
Close this search box.

അന്‍ദലുസ്. ഇസ്‌ലാമിക ചരിത്രത്തിലെ മനോഹര പുഷ്പം

പ്രപഞ്ചവും അതിലെ മുഴുവന്‍ സംവിധാനങ്ങളും വളരെ കൃത്യവും സുസ്ഥിരവുമായ നടപടിക്രങ്ങളിലൂടെയാണ് സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. പ്രസ്തുത നിയമങ്ങളെ കുറിച്ച അറിവ് അല്ലാഹു നല്‍കിയ ധാരാളമായ അനുഗ്രഹങ്ങളെ കുറിച്ചും അവയെ നമുക്ക് ഈ പ്രപഞ്ചത്തിലൂടെ കീഴ്‌പെടുത്തി തന്നതിനെ കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ക്ക് വിധേയമായ മുന്‍കാല അനുഭവങ്ങള്‍ മുന്നില്‍ വെച്ച് ശരിയായ ജീവിതം നയിക്കുന്നതിനും ഇത് സഹായകമാണ്. കാരണം ഈ നടപടിക്രമങ്ങള്‍ക്ക് യാതൊരു വിധ മാറ്റവും സംഭവിക്കുകയില്ല. അല്ലാഹു പറയുന്നു. ‘അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ക്ക് യാതൊരു മാറ്റവും സംഭവിക്കാവതല്ല.’ ഫാത്വിര്‍: 43

അല്ലാഹു അവന്റെ വേദത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള അടിസ്ഥാനമാണത്. അതിനെ അവന്‍ സുസ്ഥിരചര്യയാക്കിയിരിക്കുന്നു. എല്ലാവര്‍ക്കും അവ മനസ്സിലാക്കാനും ഉപയോഗപ്പെടുത്താനും സാധിക്കും. ഏറ്റവും ലളിതമായ പ്രായോഗിക ഉദാഹരണം നോക്കുക. 100 ഡിഗ്രിയിലാണല്ലോ വെള്ളം തിളക്കുക. ലോകാവസാനം വരെ അതു പോലെ തന്നെയായിരിക്കും. ഇപ്രകാരം കാര്യങ്ങള്‍ സുസ്ഥിരമാക്കിയത് അല്ലാഹുവിന്റെ കരുണയുടെ ഭാഗമാണ്. ഇന്ന് മുപ്പത് ഡിഗ്രിയിലും നാളെ അമ്പതിലും അതിന് ശേഷം എഴുപതിലുമാണ് വെള്ളം തിളക്കുന്നതെങ്കില്‍ ജീവിത വ്യവസ്ഥ താറുമാറാവും. അപ്രകാരം തന്നെയാണ് തീയുടെ കാര്യവും. കത്തുകയെന്ന അതിന്റെ സ്വഭാവം അത് ലോകാവസാനം വരെ നിലനിര്‍ത്തും.
ഇക്കാര്യങ്ങള്‍ക്ക് അപവാദമുണ്ടന്നത് നിഷേധിക്കുന്നില്ല. കത്തുവാന്‍ മാത്രം സൃഷ്ടിക്കപ്പെട്ട തീ ഇബ്‌റാഹീമിനെ കരിച്ചില്ല. ഇതിനെ അപവാദമെന്നോ, അമാനുഷികതയെന്നോ പേര്‍ വിളിക്കാവുന്നതാണ്. ബുദ്ധിയുള്ള വിശ്വാസി അപവാദങ്ങളെയോ, അമാനുഷികതയെയോ പ്രതീക്ഷിച്ചിരിക്കില്ല. അവയെ അടിസ്ഥാനമാക്കുകയുമില്ല. സ്ഥിരതത്വങ്ങളായി മനസ്സിലാക്കിയിട്ടുള്ള നിയമങ്ങളെയാണ് അവന്‍ അവലംബിക്കുക. ഒരാളും തീയില്‍ കൈവെച്ച് ഇബ്രാഹീമിന് സംഭവിച്ചത് പോലെ എനിക്കും സംഭവിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല. അത് അനുവദനീയവുമല്ല. അപ്രകാരം ഉച്ചരിക്കാന്‍ പോലും പാടില്ല. കാരണം അത് പ്രപഞ്ചത്തില്‍ നടപ്പാക്കപ്പെട്ട അല്ലാഹുവിന്റെ ചര്യയുമായി യോജിക്കുന്നതല്ല. മനുഷ്യനും മൃഗങ്ങള്‍ക്കും അന്നപാനീയങ്ങളില്ലാതെ ജീവിക്കാന്‍ സാധിക്കില്ലല്ലോ. ആരെങ്കിലും അത് തടഞ്ഞ് വെച്ചാല്‍ മരണമായിരിക്കും ഫലം.

ചരിത്രവും സംഭവ ലോകവും
സമൂഹത്തെ മാറ്റുന്നതിലും മറ്റൊന്നിനെ പ്രതിഷ്ഠിക്കുന്നതിലും അല്ലാഹുവിന് കൃത്യമായ അജണ്ടയുണ്ട്. ശക്തര്‍ക്ക് പകരം ദുര്‍ബലരെയോ, ദുര്‍ബലര്‍ക്ക് പകരം ശക്തരെയോ ആവട്ടെ. ഓരോ സമൂഹവും സ്വീകരിക്കുന്ന വഴികള്‍ക്കനുസരിച്ചാണ് അതിന്റെ നാശവും അന്ത്യവും തീരുമാനിക്കപ്പെടുന്നത്. നാം ചരിത്ര ഗ്രന്ഥത്തിന്റെ പേജുകള്‍ മറിക്കുമ്പോഴും വായിക്കുമ്പോഴും അവിടെയെല്ലാം അല്ലാഹുവിന്റെ ഈ ചര്യ കാണാവുന്നതാണ്. ചരിത്രം അല്‍ഭുതകരമായ വിധത്തില്‍ ഇത് ആവര്‍ത്തിച്ച് കൊണ്ടേയിരിക്കുന്നു. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച അതേ സംഭവം ഇന്നും ആവര്‍ത്തിക്കപ്പെടുന്നത് പോലെയാണ് നമുക്ക് അനുഭവപ്പെടുക.
ഇന്നലെയുടെ ചരിത്രം നാളെയുടെ സംഭവവികാസങ്ങളെപ്പോലെയാണ്. കാരണം ഭാവിയിലെ സംഭവങ്ങള്‍ മാറ്റമില്ലാത്ത നടപടിക്രമങ്ങളിലാണല്ലോ നിലനില്‍ക്കുന്നത്. ഒരു സമൂഹത്തെ മാറ്റാനും പരിവര്‍ത്തിപ്പിക്കാനും ദൈവം നിശ്ചയിച്ച ഏകകമാണല്ലോ അവ. സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വഴി പരിശോധിച്ച് നോക്കിയാല്‍ മതിയല്ലോ നാം എവിടെയാണ് എത്തിച്ചേരുകയെന്നറിയാന്‍. പൂജ്യത്തില്‍ നിന്ന് തുടങ്ങി പൂര്‍വ്വികര്‍ ചെയ്തത് ആവര്‍ത്തിക്കുന്നവനല്ല യഥാര്‍ത്ഥ വിശ്വാസി. മറിച്ച് അവരുടെ ചരിത്രം പഠിച്ച് പാഠമുള്‍ക്കൊള്ളുന്നവരാണവര്‍.
അന്‍ദലുസിന്റെ ചരിത്രം ഇതിന് ഉത്തമ ഉദാഹരണമാണ്. അതിനാലാണ് അതിന്റെ ചരിത്രം സൂക്ഷ്മമായ അപഗ്രഥനത്തിന് വിധേയമാക്കുന്നത്. വര്‍ഷങ്ങളോളം മണ്ണിനടിയില്‍ കിടന്ന ചരിത്ര സംഭവങ്ങള്‍ പരിശോധിക്കുകയാണിവിടെ. ചിലര്‍ മായ്ച്ച് കളയാന്‍ ശ്രമിച്ചതാണ് നാമിവിടെ വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്. സത്യത്തെ അസത്യമായി അവര്‍ അവതരിപ്പിച്ചതോ, അസത്യത്തെ സത്യമായി സമര്‍പ്പിച്ചതോ ആയ കാര്യങ്ങളാണത്. ഇസ്‌ലാമിക ചരിത്രം വികലമാക്കാന്‍ ധാരാളം പേര്‍ ശ്രമിച്ചിട്ടുണ്ട്. വളറെ അപകടകരമായ കുറ്റകൃത്യമാണത്. അവ പ്രതിരോധിക്കപ്പെടുക തന്നെ വേണം.

എന്ത് കൊണ്ട് അന്‍ദലുസ്?
ഇസ്‌ലാമിക ചരിത്രത്തന്റെ എണ്ണൂറിലധികം വര്‍ഷങ്ങള്‍ അന്‍ദലുസുമായി ബന്ധപ്പെട്ടതാണ്. 711 മുതല്‍ 1492 വരെയാണ് ഈ കാലഘട്ടം. കൃത്യമായി പറഞ്ഞാല്‍ എണ്ണൂറ്റിഅഞ്ച് വര്‍ഷങ്ങള്‍. ഇസ്‌ലാമിക ചരിത്രത്തിന്റെ മൂന്നിലൊന്ന് കാലത്തെ സ്പര്‍ശിക്കുന്ന ഇത്രയും വര്‍ഷങ്ങളുടെ വിശദാംശങ്ങളറിയാതെ മുസ്‌ലിംകള്‍ ജീവിക്കുകയെന്നത് ഒരിക്കലും സ്വീകാര്യമല്ല.
സുദീര്‍ഘമായ ഈ കാലയളവില്‍ വിവിധങ്ങളായ ഭരണഘട്ടങ്ങള്‍ ഇസ്‌ലാമിക സമൂഹത്തില്‍ രൂപപ്പെടുകയും, നശിച്ച് പോവുകയുമുണ്ടായി. അന്‍ദലുസിലെ അല്ലാഹുവിന്റെ ചര്യ വളരെ വ്യക്തമാണ്. നിരവധി രാഷ്ട്രങ്ങള്‍ അവിടെ സ്ഥാപിക്കപ്പെടുകയും തിളങ്ങി നില്‍ക്കുകയും ചെയ്തു. നിരവധി രാഷ്ട്രങ്ങള്‍ തകരുകയും തീരോഭവിക്കുകയും ചെയ്തു. ധാരാളം രാഷ്ട്രങ്ങള്‍ ശക്തി പ്രാപിക്കുകയും തങ്ങള്‍ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ വിജയിച്ചെടുക്കുകയും ചെയ്തു. മറ്റ് ചിലത് ദുര്‍ബലപ്പെടുകയും തങ്ങളുടെ ഭൂമി സംരക്ഷിക്കാനാവാതെ അന്യരെ അവലംബിക്കേണ്ടി വരികയുമുണ്ടായി. ധീരന്മാരായ പോരാളികളും ഭീരുക്കളായ ആളുകളും അവിടെ ഉണ്ടായിരുന്നു. ദൈവബോധവും ദൈവഭയമുള്ളവരും, ദൈവകല്‍പനയെ ലംഘിക്കുന്നവരുമുണ്ടായിരുന്നു. മതത്തെയും രാഷ്ട്രത്തെയും വിശ്വസ്തയോടെ കൈകാര്യം ചെയ്യുന്നവരും വഞ്ചിച്ചവരും അവിടെ ഉണ്ടായിരുന്നു. മേല്‍പറഞ്ഞ എല്ലാ ഉദാഹരണങ്ങളും അന്‍ദലുസിന്റെ ചരിത്രത്തില്‍ കാണാവുന്നതാണ്. അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ പഠിക്കുന്നത് മുസ്‌ലിം സമൂഹത്തിന്റെ ഭാവിയെ വിലയിരുത്തുന്നതില്‍ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല.

അന്‍ദലുസ് ചരിത്രത്തിലെ സംഭവവികാസങ്ങള്‍
വളരെ അനിവാര്യമായി നാം അറിഞ്ഞിരിക്കേണ്ടചില സംഭവവികാസങ്ങള്‍ അന്‍ദലുസിന്റെ ചരിത്രത്തിലുണ്ട്. വാദി ബര്‍ബാത്വ് യുദ്ധം ഇതില്‍ പ്രധാനമാണ്. ഇസ്‌ലാമിക ചരിത്രത്തിലെ പ്രധാനപ്പെട്ട പോരാട്ടമായിരുന്നു അത്. അന്‍ദലുസ് വിജയിച്ചു എന്ന കാരണത്താലല്ല. മറിച്ച് ചരിത്രത്തിലെ യര്‍മൂക്ക്, ഖാദിസിയ്യ യുദ്ധങ്ങള്‍ക്ക് സമാനമാണത്. അതോടൊപ്പം ഭൂരിപക്ഷം മുസ്‌ലിംകളും അതിനെക്കുറിച്ച് കേള്‍ക്കുക പോലും ചെയ്തിട്ടില്ല. ത്വാരിഖ് ബിന്‍ സിയാദിന്റെ കാലത്ത് സംഭവിച്ചെന്ന് പറയപ്പെടുന്ന കപ്പല്‍ കത്തിക്കല്‍ യാഥാര്‍ത്ഥ്യമായിരുന്നോ അതോ ഭാവനാ സൃഷ്ടിയോ? കൂടുതല്‍ പേര്‍ക്കും ഈ കഥയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നതാണ് ശരി. അത് സംഭവിച്ചുണ്ടെങ്കില്‍ എങ്ങനെയായിരുന്നു? നടന്നിട്ടില്ലെങ്കില്‍ പിന്നെ എന്താണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെടുന്നത്?.
ആരായിരുന്നു അബ്ദുര്‍റഹ്മാനു ബിന്‍ ദാഖില്‍? അദ്ദേഹമില്ലായിരുന്നെങ്കില്‍ ഇസ്‌ലാം അന്‍ദലുസില്‍ നിന്നും എന്നെന്നേക്കുമായി നാമാവശേഷമായേനെ എന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയത്.
അബ്ദുര്‍റഹ്മാന്‍ നാസ്വിര്‍ ആരായിരുന്നു? മദ്ധ്യകാലത്തെ യൂറോപ്പിലെ ഏറ്റവും മികച്ച ഭരണാധികാരി. എങ്ങനെയാണ് അദ്ദേഹം ഈ അത്യുന്നത സ്ഥാനം കരസ്ഥമാക്കിയത്? എങ്ങനെയാണ് അക്കാലത്തെ ഏറ്റവും വലിയ ശക്തിയായി അദ്ദേഹം വളര്‍ന്നത്?
സലാഖഃ യുദ്ധത്തിന് നേതൃത്വം നല്‍കിയ യൂസുഫ് ബിന്‍ താഷ്ഫിന്‍ എങ്ങനെയാണ് വളര്‍ന്ന് വന്നത്? എങ്ങനെയാണ് ജനങ്ങളെ അദ്ദേഹം ജിഹാദിന് തയ്യാറാക്കിയത്? എങ്ങനെയാണ് അദ്ദേഹം ഒരു രാഷ്ട്രത്തെ രൂപപ്പെടുത്തിയത്?
അബൂബക്ര്‍ ബിന്‍ ഉമര്‍, ഈ പടയാളികളുടെ കരങ്ങളാല്‍ 15 ലധികം ആഫ്രിക്കന്‍ രാഷ്ട്രങ്ങളാണ് ഇസ്‌ലാം സ്വീകരിച്ചത്.
മുറാബിത്വീന്‍ രാഷ്ട്രങ്ങളെയും മുവഹ്ഹിദീന്‍ രാഷ്ട്രങ്ങളെയും കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു.
കൊര്‍ദോവ പള്ളിയെകുറിച്ച് അറിയേണ്ടത് അനിവാര്യമാണ്. ലോകത്തെ ഏറ്റവും വിശാലമായ പള്ളികളില്‍ ഒന്നായിരുന്നു അത്. എങ്ങനെയാണത് ചര്‍ച്ചാക്കി മാറ്റിയത്? അത് പോലെ തന്നെ പ്രാധാന്യമേറിയതാണ് ഇശ്‌ബേലിയ്യ പള്ളിയും.
കൊര്‍ദോവ സര്‍വ്വകലാശാലയെയും അമവീ ലൈബ്രറിയെയും കുറിച്ച് നാം പഠിക്കേണ്ടിയിരിക്കുന്നു.
ഇപ്രകാരം മുസ്‌ലിം സമൂഹത്തിന്റെ വിജയപരാജയങ്ങളുടെയും ചരിത്രം പഠിക്കുന്നതിലൂടെയാണ് നാം ഇന്നകപ്പെട്ട പ്രയാസത്തില്‍ നിന്നും എങ്ങനെ ഉണര്‍ന്നെണീക്കുമെന്ന് നമുക്ക് കണ്ടെത്താനാവൂ.

അന്‍ദലുസിന്റെ ചരിത്രത്തിലെ ചില ചോദ്യങ്ങള്‍
നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. ഈ കാലഘട്ടത്തന്റെ ദൈര്‍ഘ്യം കാരണം അതിലെ എല്ലാ കാര്യങ്ങളും വിവരിക്കല്‍ അസാധ്യമാണ്. അത് കൊണ്ട് തന്നെ വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ മാത്രം ഉള്‍പെടുത്തിയാണ് നാമിവിടെ കൈകാര്യം ചെയ്യുന്നത്.
എന്നാല്‍ ചില ചോദ്യങ്ങള്‍ ഉത്തരം ലഭിക്കാതെ അവശേഷിക്കും. കാരണം അന്‍ദലുസിന്റെ ചില ചരിത്രഘട്ടങ്ങളെ സംബന്ധിച്ച രേഖകള്‍ തീര്‍ത്തും ലഭ്യമല്ല. അന്‍ദലുസ് ചരിത്രവുമായി ബന്ധപ്പെട്ട ചില ഗ്രന്ഥങ്ങള്‍ ഇപ്പോഴും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
ചരിത്രകാരന്മാരുടെ രചനകളില്‍ സംഭവങ്ങള്‍ ഉദ്ധരിച്ച് അഭിപ്രായവും വിശകലനവും കൂടെ ചേര്‍ക്കുകയാണ് ചെയ്യുക. ന്യൂനതകളും അബദ്ധങ്ങളും സംഭവിക്കുന്ന മനുഷ്യര്‍ തന്നെയാണ് അവരും. ഇസ്‌ലാമിക ചരിത്രത്തിലെ എഴുത്തുകാര്‍ മഹാന്‍മാരുടെ മഹത്വവും, അതോടൊപ്പം തന്നെ നീചരുടെ നേട്ടങ്ങളും ഒരു പോലെ ഉദ്ധരിക്കുന്നവരാണ്. അവരും മനുഷ്യരായതിനാല്‍ അവരുടെ കാഴ്ചപ്പാടുകളും താല്‍പര്യങ്ങളും ഈ എഴുത്തില്‍ പ്രതിഫലിക്കുകയും ചെയ്യും.

അന്‍ദലുസ്-നഷ്ടപ്പെട്ട സ്വര്‍ഗം
അന്‍ദലുസിന്റെ ചരിത്രം നൊമ്പരപ്പെടുത്തുന്നതാണ്. പ്രശോഭിതവും ഉന്നതവുമായ ചരിത്രമായിരുന്നു അത്. ഇന്നാവട്ടെ അത് അവസാനിക്കുകയും നാമാവശേഷമാവുകയും ചെയ്തിരിക്കുന്നു. അന്‍ദലുസ് ഇന്ന് നഷ്ടപ്പെട്ട സ്വര്‍ഗമാണ്. സമ്പന്നമായ ഈ ചരിത്രം എങ്ങനെയാണ് മഹത്വം സൃഷ്ടിക്കുന്നതും നഷ്ടപ്പെടുന്നതുമെന്ന് മനസ്സിലാക്കാന്‍ സഹായകമാണ്. നമ്മുടെ സമൂഹത്തിന്റെ ഉത്ഥാനത്തിനും ഉന്നതിക്കും വേണ്ടി പണിയെടുക്കുന്നവര്‍ എന്ന നിലക്ക് ഭൂതകാലത്തിലെ അനുഭവം പഠനവിധേയമാക്കല്‍ പ്രസക്തമാണല്ലോ.
അന്‍ദലുസിന്റെ ചരിത്രം മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും മൂല്യമേറിയ പൈതൃകവമാണ്. ധാരാളം അനുഭവവും ഗുണപാഠവും കൊണ്ട് സമ്പന്നമാണത്. അന്‍ദലുസിന്റെ ചരിത്രം പഠിക്കല്‍ മുസ്‌ലിം സഹോദരന്‍മാരുടെ നിര്‍ബന്ധ ബാധ്യതയുമാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മ്മഗിരി

 

Related Articles