Current Date

Search
Close this search box.
Search
Close this search box.

അക്ഷരപൂജകനായി മുദ്രകുത്തപ്പെട്ട ഇബ്‌നു ഹസ്മ്

ibn-hazm.jpg

രാഷ്ട്രീയ അസ്ഥിരത അരങ്ങ് വാണിരുന്ന നാലാം നൂറ്റാണ്ടിലെ സ്‌പെയ്‌നിലാണ് ഇമാം ഇബ്‌നു ഹസ്മ് അള്ള്വാഹിരി ജനിച്ചത് (ഹിജ്‌റ 384 – 456). അലി ബിന്‍ സഈദ് ബിന്‍ ഹസ്മ് ബിന്‍ താലിബ് എന്നാണ് മുഴുവന്‍ പേര്. സ്‌പെയിന്‍ നിരന്തരമായ നേതൃമാറ്റങ്ങള്‍ക്ക് സാക്ഷിയായിക്കൊണ്ടിരിക്കുന്ന കാലഘട്ടം. അമവികളും അലവികളും തമ്മിലുള്ള പോര് ഐബീരിയന്‍ ഉപഭൂഖണ്ഡത്തെ ഒരു യുദ്ധക്കളമാക്കി മാറ്റിയിരുന്നു.

വിദ്യാഭ്യാസാവശ്യാര്‍ത്ഥം ഐബീരിയന്‍ ഉപഭൂഖണ്ഡം മുഴുവന്‍ സഞ്ചരിച്ച ഇബ്‌നു ഹസ്മ് വിദ്യാഭ്യാസ ജീവിതത്തിന് ശേഷം രാഷ്ട്രീയത്തില്‍ ഇറങ്ങി. പക്ഷെ രാഷ്ട്രീയരംഗത്ത് കടുത്ത തിരിച്ചടികള്‍ നേരിട്ട അദ്ദേഹം മൂന്ന് തവണ ജയില്‍വാസമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ജീവിതം മടുത്ത ഇബ്‌നു ഹസ്മ് പിന്നീട് മുഴുസമയവും എഴുത്തിലും വായനയിലും മുഴുകുകയാണുണ്ടായത്.

സ്‌പെയ്‌നില്‍ മാലികി മദ്ഹബായിരുന്നു വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ തുടക്കത്തില്‍ മാലികി മദ്ബബായിരുന്നു ഇബ്‌നു ഹസ്മ് പിന്തുടര്‍ന്നത്. പിന്നീട് ശാഫിഈ മദ്ഹബ് പഠനവിധേയമാക്കിയ അദ്ദേഹം അതിലേക്ക് തിരിഞ്ഞു. അവസാനം അബൂ ദാവൂദ് ഇബ്‌നു അലി അള്ള്വാഹിരി സ്ഥാപിച്ച ള്വാഹിരി മദ്ഹബിനെ കുറിച്ച് പഠിക്കുകയും അതില്‍ പ്രാവീണ്യം നേടുകയും, അവരുടെ അഭിപ്രായങ്ങള്‍ക്ക് തന്റേതായ വ്യാഖ്യാനങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് ഇബ്‌നു ഹസ്മ് പിന്നീട് ഇബ്‌നു ഹസ്മ് അള്ള്വാഹിരി എന്ന നാമധേയത്തില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. മൂലപ്രമാണ വാക്യങ്ങളുടെ (ഖുര്‍ആന്‍, ഹദീഥ്) ബാഹ്യാര്‍ത്ഥത്തില്‍ മാത്രം അള്ളിപിടിക്കുന്ന അക്ഷരപൂജകരായിട്ടാണ് പൊതുവെ ള്വാഹിരി കര്‍മ്മശാസ്ത്ര സരണിയിലുള്ളവര്‍ അറിയപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ ഇബ്‌നു ഹസ്മ് അവരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു. ഹിജ്‌റ മൂന്ന്, നാല് നൂറ്റാണ്ടുകളിലാണ് പൗരസ്ത്യ ദേശത്ത് ള്വാഹിരി മദ്ഹബ് വ്യാപിക്കുന്നത്. ഇമാം അഹ്മദ് ബിന്‍ ഹമ്പലിന്റെ ഹമ്പലി കര്‍മ്മശാസ്ത്രസരണിക്ക് ഉണ്ടായിരുന്നതിനേക്കാള്‍ ജനസമ്മതി അക്കാലത്ത് ള്വാഹിരി മദ്ഹബിന് ഉണ്ടായിരുന്നു. ആ സമയത്താണ് ഇബ്‌നു ഹസ്മും ള്വാഹിരി മദ്ഹബിലേക്ക് ആകൃഷ്ടനാവുന്നത്. എന്നാല്‍ ള്വാഹിരി മദ്ഹബില്‍ പ്രാവീണ്യം നേടിയ ഇബ്‌നു ഹസ്മ് അതിന്റെ സ്ഥാപകനായ അബൂ ദാവൂദ് അള്ള്വാഹിരിയുടെ വാദങ്ങളെ തന്നെയാണ് ആദ്യമായി ഖണ്ഡിച്ചത്. തന്റേതായ പഠന ഗവേഷണ മനനങ്ങളിലൂടെ ഇജ്തിഹാദ് നടത്തിയ ഇബ്‌നു ഹസ്മ് ള്വാഹിരി മദ്ഹബിനെ യഥാര്‍ത്ഥില്‍ പുരോഗമനപാതയില്‍ മുന്നോട്ട് ചലിപ്പിക്കുകയായിരുന്നു എന്ന് വേണം പറയാന്‍.

ഇബ്‌നു ഹസ്മിന്റെ വാദങ്ങള്‍ അന്നും ഇന്നും ഒരേ സമയം പണ്ഡിതന്‍മാരുടെ പ്രശംസക്കും, പരിഹാസത്തിനും, ആക്ഷേപത്തിനും വിധേയമായവയാണ്. കര്‍മ്മശാസ്ത്ര വിഷയത്തില്‍ മദീനയിലെ ആളുകളെ (മാലികി മദ്ഹബിന് പ്രധാന്യം കൊടുക്കുന്ന) പിന്‍പറ്റുന്നത് അദ്ദേഹം തള്ളികളഞ്ഞിരുന്നു. മദീനയിലെ ആളുകള്‍ ചെയ്തത് തന്നെ മുസ്‌ലിംകള്‍ എല്ലായിടത്തും പിന്‍പറ്റേണ്ടതില്ലെന്ന് വാദിച്ച അദ്ദേഹം മാര്‍ഗദര്‍ശനം ആവശ്യമുള്ളവര്‍ ഖുര്‍ആനിലും, ഹദീഥിലും നോക്കട്ടെയെന്ന് പറഞ്ഞ് വെച്ചു. തഖ്‌ലീദ് (അന്ധമായ പിന്‍പറ്റല്‍) നിഷേധിച്ച അദ്ദേഹം മുസ്‌ലിംകള്‍ തങ്ങളുടെ മുന്‍ഗാമികളുടെ അഭിപ്രായങ്ങള്‍ അതേ പടി പിന്‍പറ്റേണ്ടതില്ലെന്ന് വാദിച്ചു. എന്തിനെയും യുക്തിസഹമായി ചിന്തിച്ച് മനസ്സിലാക്കിയതിന് ശേഷം മാത്രമേ സ്വീകരിക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. മദ്ഹബുകളെ അന്ധമായി പിന്‍പറ്റുന്നതിനെയും അദ്ദേഹം ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു. അതുപോലെ സാധര്‍മ്മ്യവാദത്തെയും (ഖിയാസ്) അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു.

ചില സമയങ്ങളില്‍ എല്ലാ വിധ മര്യാദകളും ലംഘിച്ച് കൊണ്ടായിരുന്നു കര്‍മ്മശാസ്ത്ര വിഷയങ്ങളിലും മറ്റും അദ്ദേഹം തന്റെ സമകാലികരെ വിമര്‍ശിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഹജ്ജാജ് ബിന്‍ യൂസുഫിന്റെ വാളിനോടാണ് ഇബ്‌നു ഹസ്മിന്റെ നാവിനെ അബുല്‍ അബ്ബാസ് ബിന്‍ ആരിഫിനെ പോലെയുള്ളവര്‍ ഉപമിച്ചത്. മദ്ഹബുകളുടെ ഇമാമുകളെ വളരെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നതിനാലും, അക്കാലത്തെ രാജക്കന്‍മാരുടെ പാദസേവകരായ കൊട്ടാരപണ്ഡിതന്‍മാരെ അതിനേക്കാള്‍ ശകത്മായി എതിര്‍ത്തിരുന്നതിനാലും ഇബ്‌നു ഹസ്മിന്റെ പല ഗ്രന്ഥങ്ങളും നിരോധിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും പൊതുജനമധ്യത്തില്‍ പിച്ചിചീന്തപ്പെടുകയും ചെയ്തിരുന്നു.

സ്ത്രീകള്‍ക്കും നുബുവ്വത്ത് (ദിവ്യബോധനം) ലഭിച്ചിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം മറിയം(അ) നബിയാണെന്ന് അഭിപ്രായപ്പെട്ടവരില്‍ ഒരാളാണ്. സംഗീതം നിരുപാധികം ഹറാമാണെന്ന അഭിപ്രായത്തെ തള്ളിക്കളഞ്ഞ അപൂര്‍വ്വം പണ്ഡിതന്‍മാരില്‍ ഒരാളാണ് ഇബ്‌നു ഹസ്മ്. ഉദ്ദേശമാണ് ഒരു കര്‍മ്മത്തെ നല്ലതും ചീത്തതുമാക്കുന്നതെന്ന് വാദിച്ച അദ്ദേഹം മാനസികോല്ലാസം നല്‍കുന്നതും അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതുമായ സംഗീതം എങ്ങനെ ഹറാമാകുമെന്ന് ചോദിച്ചു. കൂടാതെ സംഗീതോപകരണങ്ങള്‍ നശിപ്പിക്കുന്നവര്‍ക്ക് തക്കതായ പിഴശിക്ഷ നല്‍കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അതുപോലെ അടിമക്കും സ്വതന്ത്ര മനുഷ്യനും ഇടയില്‍ വിവേചനം കല്‍പ്പിച്ച് കൊണ്ടുള്ള കര്‍മ്മശാസ്ത്ര വിധികളെ (ഉദാഹരണം: സ്വതന്ത്ര മനുഷ്യന്‍ അടിമയെ വധിച്ചാല്‍ ഘാതകന് ശിക്ഷയില്ല) ഇബ്‌നു ഹസ്മ് ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു. ദരിദ്രന്റെ ദാരിദ്യം മാറുന്നത് വരെയാണ് ധനികന്റെ സമ്പത്തില്‍ നിന്നുള്ള സകാത്തിന്റെ നിസാബ് എന്നായിരുന്നു ഇബ്‌നു ഹസ്മിന്റെ അഭിപ്രായം.

യുക്തിചിന്തയുടെയും, തര്‍ക്കശാസ്ത്രത്തിന്റെയും, വിവേകബുദ്ധിയുടെയും കാര്യത്തില്‍ ഇബ്‌നു ഹസ്മിനോട് മത്സരിക്കാന്‍ ആര്‍ക്കും സാധിച്ചിരുന്നില്ലെന്ന് ഇമാം ഇബ്‌നു തൈമിയ്യ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇജ്തിഹാദിലും, നിയമശാസ്ത്രത്തിലുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണെന്ന് ഇമാം ഇബ്‌നുല്‍ ഖയ്യിമും സാക്ഷ്യപ്പെടുത്തുന്നു.

ഇബ്‌നു ഹസ്മ് അക്കാലഘട്ടത്തില്‍ അറിയപ്പെട്ട ഒരു കവി കൂടിയായിരുന്നു. തത്വചിന്തയും, കര്‍മ്മശാസ്ത്രവും, സാരോപദേശങ്ങളും കൊണ്ട് സമ്പന്നമായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍. യൗവനകാലത്ത് പ്രണയകാവ്യരചനയില്‍ മുഴുകിയിരുന്ന ഇബ്‌നു ഹസ്മ് ലോലവികാരങ്ങള്‍ ഉദ്ദീപിപ്പിക്കുന്ന തന്റെ അത്തരം കവിതകളിലേക്ക് അടുക്കരുതെന്ന് പില്‍ക്കാലത്ത് വായനക്കാരെ ഉപദേശിക്കുകയുണ്ടായി.

കര്‍മ്മശാസ്ത്ര വിഷയങ്ങളില്‍ ഇബ്‌നു ഹസ്മ് രചിച്ച രണ്ട് മഹത്തായ ഗ്രന്ഥങ്ങളാണ് ‘അല്‍മുഹല്ല’, ‘അല്‍ ഇഹ്കാം ഫീ ഉസ്വൂലില്‍ അഹ്കാം’ എന്നിവ. ഹദീഥുകള്‍ സ്വീകരിക്കുന്നതിലും തള്ളുന്നതിലും കണിശത പുലര്‍ത്തിയ അദ്ദേഹം ‘മുത്തശദ്ദിദ്ദീങ്ങളുടെ’ കൂട്ടത്തിലാണ് എണ്ണപ്പെടുന്നത്. ഇതരമത പണ്ഡിതരുമായി ആരോഗ്യകരമായ സംവാദങ്ങള്‍ നടത്തിപ്പോന്ന അദ്ദേഹം മതതാരതമ്യ പഠനവുമായി ബന്ധപ്പെട്ട് രചിച്ച പ്രസിദ്ധമായ ഗ്രന്ഥമാണ് ‘അല്‍ ഫിസല്‍ ഫില്‍ മിലലി വല്‍ അഹ്‌വാഇ വന്നിഹല്‍’.

ഹാഫിസ് അദ്ദഹബി തന്റെ ‘സിയറി അഅ്‌ലാമി നുബലാഅ്’ എന്ന ഗ്രന്ഥത്തില്‍ ഇബ്‌നു ഹസ്മിന്റെ 76 ഗ്രന്ഥങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. അതുപോലെ ഡോ. അഹ്മദ് ബിന്‍ നാസിര്‍ അല്‍ ഹമദ് ഇബ്‌നു ഹസ്മിന്റെ 136 ഗ്രന്ഥങ്ങളെ കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളെ കൂടാതെ വൈദ്യശാസ്ത്രരംഗത്തും പത്തിലധികം ഗ്രന്ഥങ്ങള്‍ ഇബ്‌നു ഹസ്മ് രചിച്ചിട്ടുണ്ട്.

തന്റെ 72 മത്തെ വയസ്സിലാണ് ആ പണ്ഡിതശ്രേഷ്ഠന്‍ ഈ ലോകത്തോട് വിടപറഞ്ഞത്. മുന്‍ധാരണകള്‍ മാറ്റിവെച്ച് ഇബ്‌നു ഹസ്മിന്റെ പാണ്ഡിത്യത്തിന്റെ മാധുര്യം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അദ്ദേഹത്തിന്റെ ‘അല്‍മുഹല്ല’ എന്ന ഗ്രന്ഥത്തിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മാത്രം മതിയാവും.

Related Articles