History

രാജ്യസ്‌നേഹത്തിന്റെ പ്രവാചക മാതൃക

പ്രവാചകന്‍ തിരുമേനി(സ) അങ്ങേയറ്റം സ്‌നേഹിച്ച മണ്ണായിരുന്നു മക്കയിലേത്. തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പ്രഭവ കേന്ദ്രവും, ദൈവിക സന്ദേശത്തിന്റെ ഉറവയും പരിശുദ്ധ മക്കയാവണമെന്നത് അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ഇസ്‌ലാം ദീനിന്റെ സംരക്ഷകരും, കാവല്‍ക്കാരും, പ്രതിനിധികളും മക്കാവാസികളായിരിക്കണമെന്നും പ്രവാചക മനസ്സ് അതിയായി കൊതിച്ചു.
പ്രബോധന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കാന്‍ മറ്റൊരു തട്ടകം അന്വേഷിക്കേണ്ടി വന്നപ്പോള്‍ നിര്‍മലമായ ആ ഹൃദയം വേദന കൊണ്ട് വിങ്ങി. മക്കവിട്ട് മറ്റൊരു രാഷ്ട്രത്തിലേക്ക് പലായനം ചെയ്യേണ്ടി വന്നപ്പോള്‍ കടുത്ത മാനസിക സംഘര്‍ഷമാണ് അദ്ദേഹം അനുഭവിച്ചത്. താന്‍ ജനിച്ച് വളര്‍ന്ന പരിശുദ്ധ ഹറമിന്റെ മുറ്റത്തുള്ള ജീവിതം അപ്പോഴേക്കും ദുസ്സഹമായിത്തീര്‍ന്നിരുന്നു. തന്റെ മധുരിതമായ ബാല്യകാല സ്മരണകള്‍ ഉപേക്ഷിച്ച് യാത്രയാവാന്‍ അദ്ദേഹം നിര്‍ബന്ധിതനായിരുന്നു. ഹൃദയത്തില്‍ തുളച്ച് കയറുന്ന ചില പ്രയോഗങ്ങളിലൂടെ തന്റെ വികാരം നബി തിരുമേനി(സ) പ്രകടിപ്പിക്കുകയുണ്ടായി.
പരിപാവനമായ മക്കാമണ്ണിനെ അഭിസംബോധന ചെയ്ത് പ്രവാചകന്‍ മൊഴിഞ്ഞ വചനങ്ങള്‍ ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. ‘മക്കയില്‍ നിന്നും യാത്രയായപ്പോള്‍ റസൂല്‍(സ) ഇപ്രകാരം അരുളി. ‘ അല്ലാഹുവാണ, ഞാന്‍ നിന്നില്‍ നിന്നും വിടവാങ്ങുകയാണ്. എനിക്കറിയാം, അല്ലാഹുവിന്റെ രാഷ്ട്രങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയങ്കരം നീ തന്നെയാണ്. അല്ലാഹു ആദരിച്ച നാടാണ് നീ. നിന്റെ നാട്ടുകാര്‍ എന്നെ പുറത്താക്കിയിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെവിട്ട്് പോകുമായിരുന്നില്ല.’

മറ്റൊരു റിപ്പോര്‍ട്ട് ഇപ്രകാരമാണ്. ‘ഥൗര്‍ ഗുഹയില്‍ നിന്നും പുറത്തിറങ്ങിയ പ്രവാചകന്‍ തിരുമേനി(സ) മക്കയിലേക്ക് തിരിഞ്ഞു പറഞ്ഞു. അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രമാണ് നീ. അല്ലാഹുവിന്റെ രാഷ്ട്രങ്ങളില്‍ എനിക്ക് ഏറ്റവും പ്രിയങ്കരം നീ തന്നെ. മുശ്‌രിക്കുകള്‍ എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിന്നെ വിട്ട് പോകുമായിരുന്നില്ല. ഏറ്റവും വലിയ ശത്രു അല്ലാഹുവിനോട് അവന്റെ പരിശുദ്ധ നാട്ടില്‍ അക്രമം പ്രവര്‍ത്തിക്കുകയോ, നിരപരാധിയോട് യുദ്ധം ചെയ്യുകയോ ചെയ്തവനാണ്. അപ്പോഴാണ് അല്ലാഹു താഴെപറയുന്ന വചനം അവതരിപ്പിക്കുന്നത്. ‘നിന്നെ പുറത്താക്കിയ നിന്റെ പട്ടണത്തെക്കാള്‍ പ്രബലമായ എത്രയെത്ര പട്ടണങ്ങള്‍! അവരെ നാം നിശ്ശേഷം നശിപ്പിച്ചു. അപ്പോഴവരെ സഹായിക്കാനാരുമുണ്ടായിരുന്നില്ല.’ (മുഹമ്മദ് : 13)

മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണ്  ‘നബി തിരുമേനി(സ) മക്കയോട് പറഞ്ഞു. ‘എത്ര സുന്ദരമാണ് നീ. എനിക്ക് ഏറ്റവും പ്രിയങ്കരവുമാണ് നിന്റെ മണ്ണ്. നിന്റെ ജനങ്ങള്‍ എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഞാന്‍ മറ്റെവിടെയും താമസിക്കുമായിരുന്നില്ല.’
രാജ്യസ്‌നേഹം മനുഷ്യ പ്രകൃതമാണ്. വിവിധങ്ങളായ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും വെച്ച് പുലര്‍ത്തിയിരുന്ന എല്ലാ ജനവിഭാഗങ്ങളും ഈ മൂല്യം മുറുകെപിടിച്ചിരുന്നു. ഉമര്‍(റ) ഇപ്രകാരം പറഞ്ഞിരിക്കുന്നു. ‘രാജ്യസ്‌നേഹം കൊണ്ടാണ് അല്ലാഹു വിവിധ പ്രദേശങ്ങളെ പരിപാലിച്ചിരിക്കുന്നത്’. സാധാരണയായി പറയപ്പെടാറുണ്ട്. ‘ സ്വന്തം രാഷ്ട്രത്തിലേക്ക് ആഗ്രഹിക്കുന്ന മനസ്സ് വിവേകത്തിന്റെ അടയാളമാണ്.’  ചില ഇന്ത്യക്കാര്‍ രാഷ്ട്രത്തെ മാതാവായി കാണാറുണ്ടെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
ഇപ്രകാരം രാജ്യസ്‌നേഹമെന്നത് മനുഷ്യര്‍ അംഗീകരിക്കുന്ന പൊതുവായ മൂല്യമാണ്. പ്രവാചകന്‍ തിരുമേനി(സ) പ്രബോധനം ചെയ്ത ഇസ്‌ലാമിക ദര്‍ശനം ഈ മൂല്യത്തെ അംഗീകരിക്കുകയും ഊട്ടിയുറപ്പിക്കുകയുമാണ് ചെയ്തത്. പ്രവാചകന്‍(സ) തന്റെ രാഷ്ട്രസ്‌നേഹം പ്രകടിപ്പിക്കുകയും, അതിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു. അല്ലാഹുവിന്റെ പ്രിയപ്പെട്ട രാഷ്ട്രമാണ് മക്കയെന്ന് പ്രഖ്യാപിച്ചു. താനതിനെ അതിരറ്റ് സ്‌നേഹിക്കുന്നുവെന്ന് ഹൃദയം തുറന്ന് പ്രകടിപ്പിച്ചു. ആദരണീയമായ നാടും വിനീതമായ പ്രവാചക ഹൃദയവും. മക്കയോടുള്ള പ്രണയം പ്രവാചകനെ വിടാതെ പിന്തുടര്‍ന്നു. മക്കയില്‍ നിന്ന് വരുന്ന ആരെ കണ്ടാലും അവിടത്തെ സ്ഥിതിഗതികള്‍ അന്വേഷിച്ചു. അതിലേക്ക് മടങ്ങുവാന്‍ അങ്ങേയറ്റത്തെ കൊതിയോടെ ജീവിച്ചു.
ഹിജാബ് നിയമം അവതരിക്കുന്നതിന് മുമ്പ് ഉസൈലുല്‍ ഗിഫാരി ആഇശ(റ)യുടെ അടുത്തേക്ക് വന്നു. അവര്‍ അദ്ദേഹത്തോട് ചോദിച്ചു. ‘അല്ലയോ ഉസൈല്‍, എങ്ങനെയുണ്ട് മക്ക? അദ്ദേഹം പറഞ്ഞു. ‘മക്കയുടെ ഭാഗങ്ങള്‍ ഫലസമ്പുഷ്ടമായിരിക്കുന്നു. വെളളമൊഴുകുന്ന താഴ്‌വരകള്‍ നിരന്ന് കിടക്കുന്നു’.  ‘തിരുമേനി ഇപ്പോള്‍ വരും. അദ്ദേഹം വന്നിട്ട് പോയാല്‍ മതി’. ആഇശ(റ) പറഞ്ഞു. ം വന്ന ഉടനെ പ്രവാചകനും ചോദിക്കാനുണ്ടായിരുന്നത് അത് തന്നെയായിരുന്നു. ഉസൈല്‍ തന്റെ മറുപടി ആവര്‍ത്തിച്ചു. ‘മതി ഉസൈല്‍, നീ ഞങ്ങളെ വേദനിപ്പിക്കല്ലേ’ പ്രവാചകന്‍(സ) അദ്ദേഹത്തോട് പറഞ്ഞു.
മക്കയിലേക്ക് മടങ്ങാന്‍ കൊതിയോടെ കാത്തിരിക്കുന്ന സഖാക്കളുടെ വര്‍ത്തമാനങ്ങള്‍ പ്രവാചകന്‍ തിരുമേനി(സ) ശ്രദ്ധയോടെ ശ്രവിക്കാറുണ്ടായിരുന്നു. അവരോട് അദ്ദേഹത്തിന് സഹതാപം തോന്നുകയും, അവരുടെ വികാരങ്ങളെ മാനിക്കുകയും ചെയ്യാറുണ്ടായിരുന്നു.
ആഇശ(റ) പറയുന്നു. ‘പ്രവാചകന്‍ തിരുമേനി(സ)യും കൂട്ടരും മദീനയിലേക്ക് വന്നപ്പോള്‍ അബൂബക്‌റിനും ബിലാലിനും(റ) പനി പിടിച്ചു. ഞാനവരെ സന്ദര്‍ശിച്ചു. ഉപ്പയോട് അസുഖമെങ്ങനെയുണ്ടെന്ന് ചോദിച്ചു. ബിലാലിനോടും അപ്രകാരം തന്നെ ചോദിച്ചു. പനി പിടിച്ചാല്‍ അബൂ ബക്ര്‍(റ) ഇപ്രകാരം പാടുമായിരുന്നു.
‘ എല്ലാ മനുഷ്യരും തന്റെ കുടുംബത്തില്‍ പുതുപ്രഭാതം കാത്തിരിക്കുന്നു
 മരണമാവട്ടെ, അവന്റെ ചെരുപ്പിന്റെ വാറിനേക്കാള്‍ അടുത്താണുള്ളത്.’

എന്നാല്‍ ബിലാലി(റ)ന് അസുഖം ബാധിച്ചാല്‍ ഇപ്രകാരമായിരുന്നു പാടിയിരുന്നത്.
‘ കുറ്റിച്ചെടികളും മറ്റ് സസ്യലതാദികളുമുള്ള മക്കാ താഴ്‌വരയില്‍ ഒരു രാത്രി താമസിക്കാന്‍ കഴിഞ്ഞാല്‍ എത്ര നന്നായിരുന്നേനെ. മജന്നയിലെ വെള്ളക്കെട്ടിനരികിലൂടെ ഒരു ദിവസം സഞ്ചരിക്കാന്‍ എനിക്കാവുമോ? ശാമ പര്‍വതവും അതിന്റെ ഭാഗങ്ങളും എന്റെ മുന്നില്‍ വെളിവാകുമോ?’
ആഇശ(റ) തുടരുന്നു. ‘ഞാന്‍ പ്രവാചകന്‍ തിരുമേനി(സ)യോട് ഇക്കാര്യം സൂചിപ്പിച്ചു. അപ്പോള്‍ റസൂല്‍(സ) ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ‘നാഥാ, മക്കയെ സ്‌നേഹിച്ചത് പോലെ മദീനയെ സ്‌നേഹിക്കാന്‍ ഞങ്ങളെ നീ സഹായിക്കേണമേ. ‘
മറ്റൊരു റിപ്പോര്‍ട്ടില്‍ ഇപ്രകാരമാണുള്ളത്. ‘അല്ലാഹുവേ, നീ ശൈബയെയും, ഉത്ബയെയും, ഉമയ്യയെയും ശപിക്കുക. അവരാണ് ഞങ്ങളുടെ നാട്ടില്‍ നിന്നും രോഗമുള്ള ഈ ഭൂമിയിലേക്ക് ഞങ്ങളെ പുറത്താക്കിയത്.’

മക്കയോടുള്ള അവരുടെ ഈ അഭിനിവേശം ദിനങ്ങള്‍ കഴിയുംതോറും അധികരിക്കുകയാണുണ്ടായത്. വിജയശ്രീലാളിതരായി തലയുയര്‍ത്തി മടങ്ങി വരുന്നത് വരെ ഈ ഗ്രഹാതുരത്വം അവരെ മഥിച്ചു കൊണ്ടേയിരുന്നു. വികാരനിര്‍ഭരമായി മക്ക വിട്ടേച്ച് പോയ അവര്‍ മടങ്ങിവന്നതും അപ്രകാരം തന്നെയായിരുന്നു.
മക്കാ വിജയവേളയില്‍ ഇസ്‌ലാം സ്വീകരിച്ച അബ്ദുല്ലാ ബിന്‍ അദിയ്യ് ബിന്‍ സംറാഅ്(റ) പറയുന്നു. ‘പ്രവാചകന്‍ തിരുമേനി(സ) ഒരു ചെറിയ കുന്നിന്റെ മുകളില്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു. അദ്ദേഹം ഇപ്രകാരം പറയുന്നുണ്ടായിരുന്നു. അല്ലാഹുവിന്റെ ഉത്തമമായ ഭൂമിയാണ് നീ. അല്ലാഹു നിന്നെ ഇഷ്ടപ്പെടുന്നു. നിന്റെ ജനങ്ങള്‍ പുറത്താക്കിയത് കൊണ്ടാണ് ഞാന്‍ പുറത്ത് പോയത്.’  താന്‍ വിട്ടേച്ച് പോയ നാടിനോട് പോലും പ്രവാചകന്‍ തിരുമേനി(സ) സ്വീകരിച്ച നിലപാട് വിശ്വാസികള്‍ക്ക് വളരെ ഉദാത്തമായ മാതൃകയാണ്.

വിവ : അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Facebook Comments
Related Articles
Close
Close