History

മോഡിയുടെ ഹിന്ദു ദേശീയത ; ഒരു വിശകലനം

ഹിന്ദു ദേശീയത, ഇന്ത്യന്‍ ദേശീയത എന്നീ സങ്കല്‍പങ്ങളില്‍ ചുറ്റിയുള്ള ചര്‍ച്ച നമ്മുടെ രാജ്യത്ത് പുതിയതല്ല. കൊളോണിയല്‍ കാലഘട്ടത്തില്‍ സ്വാതന്ത്ര്യ പ്രസ്ഥാനം രൂപം കൊണ്ട പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ദേശീയതയുടെ മൂല്യങ്ങളെ സ്വരൂപിക്കുന്ന സന്ദര്‍ഭത്തില്‍ തന്നെ ഹൈന്ദവരിലെ ഒരു വിഭാഗം ഹിന്ദു ദേശീയതയുടെ പേരില്‍ മാറിനില്‍ക്കുകയായിരുന്നു. ഈ ചര്‍ച്ച അടുത്തിടെ വീണ്ടും ഉയര്‍ന്നു വരാന്‍ കാരണം നരേന്ദ്ര മോഡി കഴിഞ്ഞ മാസം നടത്തിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി താന്‍ ജനിച്ചത് ഹിന്ദുവായിട്ടാണ്, താന്‍ ഒരു ദേശീയവാദിയാണ്. അപ്പോള്‍ സ്വാഭാവികമായും താന്‍ ഒരു ഹിന്ദു ദേശീയവാദിയാണ് എന്ന്. മുസ്‌ലിംകളെല്ലാവരും മുസ്‌ലിം ദേശീയവാദികളും ക്രിസ്ത്യാനികളെല്ലാവരും ക്രിസ്ത്യന്‍ ദേശീയവാദികളുമാണെന്ന പ്രസ്താവന നടത്തിക്കൊണ്ട് ബി. ജെ. പി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിംഗ് അയാളെ പിന്താങ്ങുകയുണ്ടായി. അപ്പോള്‍ ഒരോരുത്തര്‍ക്കും അവരവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന രീതിയില്‍ വ്യത്യസ്ത ദേശീയതകളുണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഹിന്ദു, ഹിന്ദു ദേശീയന്‍ തുടങ്ങി പ്രസ്താവനകളിലൂടെ മറ്റുള്ളവരെ വിഡ്ഡികളാക്കാനുള്ള ശ്രമമാണ് മോഡി നടത്തിയത്. തീര്‍ച്ചയായും ഹിന്ദു ദേശീയത എന്നത് വ്യക്തമായ അജണ്ടകളുള്ള ഒരു രാഷ്ട്രീയ തന്ത്രമാണ്. മോഡിയുടെ മാതൃപ്രസ്ഥാനമായ ആര്‍. എസ്സ്. എസ്സിന്റെ കാഴ്ചപ്പാടിന്റെ ഭാഗമാണിത്. കൊളോണിയല്‍ കാലഘട്ടത്തില്‍ വ്യവസായ പ്രമുഖര്‍, വ്യാപാരികള്‍, വിദ്യാസമ്പന്നര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് വ്യത്യസ്തമായ സംഘടനകള്‍ക്ക് രൂപം നല്‍കുകയുണ്ടായി. മദ്രാസ് മഹാജന്‍ സഭ, പൂനെ സാര്‍വ്വജനിക് സഭ, ബോംബെ അസ്സോസിയേഷന്‍ തുടങ്ങിയവ അക്കൂട്ടത്തില്‍ പെടുന്നവയാണ്. 1885 ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും മാറി മറ്റൊരു വഴി സ്വീകരിച്ച സംഘടനകളായിരുന്നു ഇതൊക്കെ. എന്നാല്‍ അധസ്ഥിത വിഭാഗങ്ങളായ മുസ്‌ലിംകള്‍, ഭൂവുടമകള്‍, രാജാക്കന്മാര്‍ തുടങ്ങിയവരും കോണ്‍ഗ്രസിന്റെ സമീപനങ്ങളോട് വിയോജിപ്പുള്ളവരായിരുന്നു. കോളനിത്തമ്പുരാക്കന്‍മാരോടൊപ്പം നില്‍ക്കുന്ന സമീപനമായിരുന്നു അവര്‍ക്ക്. അവര്‍ അതിനായി 1888 ല്‍ യുണൈറ്റഡ് ഇന്ത്യാ പാട്രിയോട്ടിക് അസോസിയേഷന്‍ രൂപീകരിച്ചു. ധാക്കയിലെ നവാബും കാശിയിലെ രാജാവുമായിരുന്നു അതിന്റെ നേതാക്കള്‍. പിന്നീട് ബ്രട്ടീഷ് ഗൂഡാലോചനയുടെ ഫലമായി മുസ്‌ലിംകളില്‍ പെട്ട പ്രമുഖരടങ്ങിയ ഒരു സംഘം ഇതില്‍ നിന്നും വേര്‍പെടുകയും 1906 ല്‍ മുസ്‌ലിം ലീഗ് രൂപീകരിക്കുകയും ചെയ്തു. അതിനു ഒപ്പിച്ചു കൊണ്ട് ഹിന്ദുക്കള്‍ ആദ്യം 1909 ല്‍ പഞ്ചാബ് ഹിന്ദു സഭയും പിന്നീട് 1915 ല്‍ ഹിന്ദു മഹാസഭയും രൂപീകരിച്ചു. ഈ സാമുദായിക വിഭജനങ്ങള്‍ ഹിന്ദു ദേശീയതയും മുസ്‌ലിം ദേശീയതയും വാദിച്ചിരുന്നു. സവര്‍ക്കറുടെ നേതൃത്വത്തില്‍ 1923 ആയപ്പോഴേക്കും ഹിന്ദു ദേശീയത എന്നത് ഒരു രാഷ്ട്രീയ കാഴ്ചപ്പാടായി വികസിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാര്‍ ഈ സന്ദര്‍ഭം മനോഹരമായി ഉപയോഗപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് 1925 ല്‍ ഹിന്ദു രാജ്യം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍. എസ്സ്. എസ്സ് രൂപം കൊണ്ടു. മുസ്‌ലിംകള്‍ക്കെതിരെ ബ്രിട്ടീഷുകാരെ പിന്തുണക്കുന്നതിലൂടെ ഹിന്ദുദേശീയതയുടെ വക്രത 1920 കളോടെ വ്യക്തമായിരുന്നു. ഹിന്ദു മഹാസഭയുടെയും ആര്‍ എസ്സ് എസ്സിന്റെയും നേതൃത്വത്തില്‍ ഹിന്ദു ദേശീയ വാദികള്‍ തങ്ങളുടെ ആക്രോശം ആരംഭിക്കുന്നതാണ് പിന്നീട് കാണാന്‍ കഴിയുന്നത്. ഗാന്ധി വധത്തിലൂടെ അത് ആരംഭിച്ചു. അങ്ങനെ അവര്‍ ആദ്യം ജനസംഘും പിന്നീട് നിലവിലെ ബി. ജെ. പിയുമായി മാറിയ സംഘടനക്ക് രൂപം നല്‍കി. രാജ്യത്തിന്റെ പൊതുമേഖലയുടെ വളര്‍ച്ചയെ എതിര്‍ക്കുകയും മറ്റുമായിരുന്നു ഇവര്‍ ഇതുവരെ ചെയ്ത പ്രവര്‍ത്തനങ്ങളായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. ‘ഗോമാതാവ്, രാമക്ഷേത്രം ‘ തുടങ്ങി മതകീയമായ ചിഹ്നങ്ങള്‍ക്ക് അമിതപ്രാധാന്യം കൊടുക്കുക, ഭരണഘടനയിലെ അനുഛേദം 370 ഇല്ലാതാക്കണമെന്ന് ആവശ്യപ്പെടുക, ഏകസിവില്‍ കോഡ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുക തുടങ്ങിയ വൈകാരിക വിഷയങ്ങളാണ് അവരുടെ പ്രവര്‍ത്തന പരിപാടികളുടെ ഉദാഹരണം. വിദ്വേഷത്തിന്റെ തത്വശാസ്ത്രത്തിലാണ് അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം രൂപപ്പെടുത്തിയത്. സാമുദായിക ആക്രമണങ്ങളെല്ലാം അത്തരം പാര്‍ട്ടികളെ അധികാരത്തിലെത്തിച്ചതായി കാണാം. അവര്‍ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നു. മോഡി തന്റെ ആശയത്തെ രാജ്യത്തെ മൊത്തം ജനതയുടെ ഇടയില്‍ വേരുപിടിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഹിന്ദു ദേശീയതയെ അംഗീകരിക്കുന്നില്ല എന്ന കാര്യം അയാള്‍ ബോധപൂര്‍വ്വം വിട്ടുകളയുന്നു. ഹിന്ദു ദേശീയതക്കൊരു രാമക്ഷേത്രം വേണം. എന്നാല്‍ ഇന്ത്യക്ക് വേണ്ടത് സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും വ്യവസായ സ്ഥാപനങ്ങളുമാണ്്. ഹിന്ദു ദേശീയത എല്ലാറ്റിനെയും അകറ്റുന്നതാണ്. ചരിത്രത്തിന്റെ ഇരുണ്ട കുഴലുകളാണിത്. തങ്ങള്‍ക്ക് വ്യക്തവും സുബദ്ധിതവുമായ പ്രവര്‍ത്തനങ്ങളില്ലാത്തതിനാല്‍ ന്യൂനപക്ഷ പ്രീണനം പോലുള്ള വാദങ്ങളാണ് ഹിന്ദു ദേശീയതയുടെ മുഖ്യ അജണ്ടയാകുന്നത്. ഹിന്ദു ദേശീയവാദികള്‍ക്ക് അധസ്ഥിത ന്യൂനപക്ഷങ്ങള്‍ക്ക് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കന്‍ പറ്റാത്തതാണെങ്കില്‍ ജനാധിപത്യത്തില്‍ അവരെ സഹായിക്കലാണ് ആദര്‍ശമായി മാറേണ്ടത്. ഇവിടെ പ്രധാനമന്ത്രിക്കുപ്പായം തുന്നി നില്‍ക്കുന്നവര്‍ വീണ്ടും വിഭജിച്ച് ഭരിക്കുക എന്ന തന്ത്രത്തിനു കോപ്പു കൂട്ടുകയാണെന്നു കാണാം.

വിവ: അത്തീഖുറഹ്മാന്‍

Facebook Comments

രാം പുനിയാനി

രാംപുനിയാനി 1945 ആഗസ്റ്റ് 25 ന് ജനിച്ചു. 2004 ഡിസംബര്‍ വരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബോംബെ (ഐ.ഐ.ടി. ബോംബെ) യില്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് അധ്യാപകനായിരുന്നു. പിന്നീട് ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദത്തിനു വേണ്ടി മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് ആ ജോലി രാജിവെച്ചു. ഫാസിസത്തിനും മതമൗലികവാദത്തിനുമെതിരെയുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ തന്നെ രാംപുനിയാനിയുണ്ട്. അഖിലേന്ത്യാ സെകുലര്‍ ഫോറം, സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെകുലറിസം, അന്ഹദ്(ANHAD)തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker