History

മുഹമ്മദ് ഖുതുബിനെ ഓര്‍ക്കുമ്പോള്‍

ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു ‘ദീര്‍ഘായുസ്സും നല്ല പ്രവര്‍ത്തനവും ആര്‍ക്കു ലഭിച്ചുവോ അവനാണ് മനുഷ്യരില്‍ ഉത്തമന്‍. ദീര്‍ഘായുസ്സും ചീത്ത പ്രവര്‍ത്തനവും  ആര്‍ക്കു ലഭിച്ചുവോ അവനാണ് മോശം വ്യക്തി’ അപ്പോള്‍ ഉത്തമരായവരുടെ കൂട്ടത്തില്‍ മുഹമ്മദ് ഖുതുബ് അവര്‍കളും സ്ഥാനം പിടിക്കും എന്നുറപ്പിക്കാം. 95 വര്‍ഷത്തെ നീണ്ട ജീവിതത്തില്‍ അവസാനം വരെ കര്‍മ്മനിരതനായി ജീവിക്കുക എന്നതും തന്റെ ആദര്‍ശത്തിന് വേണ്ടി ജീവിക്കുക എന്നതുമാണ് ആ അനുഗ്രഹം. ഇന്നേക്ക് പതിനാലു വര്‍ഷം മുമ്പാണ് മുഹമ്മദ് ഖുതുബ് ലോകത്തോട് വിട പറഞ്ഞത്. പക്ഷെ അദ്ദേഹം വിട്ടേച്ചു പോയ അറിവും സംസ്‌കാരവും ഭൂമിയില്‍ മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കും.

പണ്ഡിതന്‍, ഗ്രന്ഥകാരന്‍,അധ്യാപകന്‍ എന്നീ നിലകളില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്ന നാമമാണ് മുഹമ്മദ് ഖുതുബിന്റേത്. സഹോദരന്‍ സയ്യിദ് ഖുതുബിന്റെ പേരിനോട് ചേര്‍ത്തും അദ്ദേഹം അറിയപ്പെടും. ഇഖ്വാനുല്‍ മുസ്ലിമിനോട് സംഘടന ബന്ധം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. എങ്കിലും സഹോദരന്‍ സയ്യിദ് ഖുതുബിനെ അറസ്റ്റ് ചെയ്തപ്പോള്‍ നീണ്ട ആറു വര്‍ഷം അദ്ദേഹവും ജയിലില്‍ കിടക്കേണ്ടി വന്നു. സഹോദരനെ ഈജിപ്തിലെ നാസര്‍ ഭരണകൂടം തൂക്കിലേറ്റി. ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ മുഹമ്മദ് ഖുതുബ് പിന്നീട് ജീവിച്ചത് സഊദിയിലായിരുന്നു. പിന്നീട് കുറച്ചുകാലം അദ്ദേഹം ഖത്തറിലും താമസിച്ചു. മക്കയിലെ ഉമ്മുല്‍ ഖുറാ കിങ് അബ്ദുല്‍ അസീസ് സര്‍വകലാശാലകളില്‍  അദ്ദേഹം കുറെ കാലം അധ്യാപകനായിരുന്നു.

ഇസ്ലാമിക ദഅ്‌വ രംഗത്തു ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് മുഹമ്മദ് ഖുതുബ്. ഓറിയന്റലിസ്റ്റുകളും മറ്റു ഇസ്ലാം വിമര്‍ശകരും ഉന്നയിച്ചു കൊണ്ടിരുന്ന പല ആരോപണങ്ങള്‍ക്കും അദ്ദേഹം കൃത്യമായ മറുപടി നല്‍കി. ഈ വിഷയകമായി ഒരുപാട് പുസ്തകങ്ങളും അദ്ദേഹം രചിച്ചു. തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പേരില്‍ മലയാളത്തിലേക്കും അത് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഓട്ടോമന്‍ ഖിലാഫത്തിന്റെ പതനവും ഇസ്ലാമിക ലോകവും എന്നീ വിഷയങ്ങളിലും അദ്ദേഹം പഠനം നടത്തിയിട്ടുണ്ട്. ഇസ്ലാമിനെ ഒരു കേവല മതം എന്നതിനേക്കാള്‍ ഒരാദര്‍ശം എന്ന നിലയില്‍ മുസ്ലിംകള്‍ മനസ്സിലാക്കണം എന്നതായിരുന്നു ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന കൃതിയുടെ ഉദ്ദേശം. ഏകദേശം മുപ്പത്തിയഞ്ചോളം കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഒരുപാട് ഉന്നത വ്യക്തികളുടെ തിസീസ് പഠനത്തിന് മാര്‍ഗനിര്‍ദ്ദേശവും സഹായവും അദ്ദേഹം നല്‍കിയിട്ടുണ്ട്. മന:ശാസ്ത്രം,ചരിത്രം, ജീവചരിത്രം എന്നീ മേഖലകളിലും അദ്ദേഹം രചന നടത്തിയിട്ടുണ്ട്. ഇസ്ലാമിനെ സാധാരണക്കാരന് മനസ്സിലാവുന്ന രചന രീതിയാണ് അദ്ദേഹം സ്വീകരിച്ചത്. സമകാലിക ലോകത്തേക്ക് തിരിച്ചു വെച്ച ഇസ്ലാമിന്റെ കണ്ണാടി എന്ന പ്രയോഗവും അദ്ദേഹത്തെ കുറിച്ച് അന്വര്‍ത്ഥമാണ്. പാശ്ചാത്യ എഴുത്തുകാരും ചിന്തകരും ഇസ്ലാമിനെ വികലമാക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സമായാസമയങ്ങളില്‍ ഇടപെട്ടു പ്രതിരോധിക്കാന്‍ അദ്ദേഹം നടത്തിയ ത്യാഗങ്ങള്‍ നമ്മുടെ മുന്നില്‍ പുസ്തക രൂപത്തില്‍ ഇന്നും ലഭ്യമാണ്.
പ്രവാചകന്‍ ഒരിക്കല്‍ ഇങ്ങിനെ പറഞ്ഞു ‘പണ്ഡിതര്‍ പ്രവാചകരുടെ പിന്‍ഗാമികളാകുന്നു. പ്രവാചകര്‍ ദീനാറും ദിര്‍ഹവും വിട്ടേച്ചു പോയില്ല, പകരം അവര്‍ വിട്ടേച്ചു പോയത് വിജ്ഞാനമാണ്’. മുഹമ്മദ് ഖുതുബും സഹോദരനും ഈ ലോകത്തു വിട്ടേച്ചു പോയത് നന്മയും അറിവുമാണ്. പ്രവാചകരുടെ യഥാര്‍ത്ഥ അനുയായികളായി.

 

 

 

Facebook Comments
Related Articles
Close
Close