History

പ്രവാചകന്റെ പരിചയായിത്തീര്‍ന്ന ധീരവനിത

ബദറിലെ പരാജയത്തിന്റെ അപമാനത്തില്‍ നിന്നുള്ള മോചനവും ഇസ്‌ലാമിന്റെ അടിവേരറുക്കാനുള്ള ശക്തമായ  സന്നാഹവുമായാണ് ശത്രുസേന ഉഹ്ദ് രണാങ്കണത്തിലേക്ക് പുറപ്പെട്ടത്. അതിനാല്‍ തന്നെ പ്രവാചകന്‍(സ) ശക്തമായ മുന്നൊരുക്കത്തോടെയും ആസൂത്രണത്തോടെയുമായിരുന്നു ഉഹ്ദിലേക്ക് പുറപ്പെട്ടത്. എന്തുവന്നാലും യുദ്ധ രംഗത്ത് നിന്ന് ഒരടി പിന്മാറരുതെന്ന ശക്തമായ നിര്‍ദ്ദേശത്തോടെ അബ്ദുല്ലാഹു ബിന്‍ ജഅ്ഫറിന്റെ  നേതൃത്വത്തിലുള്ള ഒരു അമ്പൈത്തു സേനയെ  തന്ത്രപ്രധാനമായ മലമുകളില്‍  പ്രവാചകന്‍(സ) നിര്‍ത്തിയിരുന്നു. യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തില്‍ പ്രവാചകനും സഹാബികള്‍ക്കും മികച്ച  വിജയമുണ്ടായി. ശത്രുസേന പിന്തിരിഞ്ഞ തക്കംനോക്കി ഒരു വിഭാഗം  സഹാബികള്‍ യുദ്ധമുതല്‍ വാരിക്കൂട്ടാന്‍ രംഗത്തെത്തി. ഇത് മലമുകളില്‍ പ്രവാചകന്‍ നിറുത്തിയ ചിലരില്‍ ആശയക്കുഴപ്പത്തിന് കാരണമാകുകയും പ്രവാചക ശാസന മറന്നുകൊണ്ട് യുദ്ധമുതല്‍  വാരിക്കുട്ടുന്നതിലേക്ക് എത്തിക്കുകയും ചെയ്തു. മലമുകളിലെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ നിന്ന് ആളൊഴിഞ്ഞ സന്ദര്‍ഭം നോക്കി  അന്നു ശത്രുപക്ഷത്തുണ്ടായിരുന്ന മികച്ച യുദ്ധതന്ത്രജ്ഞനായ ഖാലിദ് ബിന്‍ അല്‍-വലീദ് കുതിച്ചുവരുകയും വിശ്വാസി സമൂത്തിന് നേരെ ശക്തമായ ആക്രമണമഴിച്ചുവിടുകയും ചെയ്തു. വിശ്വാസികളില്‍ നിന്ന് നിരവധിപേര്‍ രക്തസാക്ഷികളായി, പ്രവാചകന്റെ ജീവന് പോലും ഭീഷണി നേരിട്ടു. പ്രവാചകന്‍ മരണപ്പെട്ടു എന്ന കിംവദന്തി വരെ പ്രചരിക്കുകയുണ്ടായി. എന്നാല്‍ യുദ്ധരംഗത്തെ ഗതിവിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച നസീബ ബിന്‍ത് കഅ്ബ് പ്രവാചകന്റെയടുത്ത് നിന്ന് ആളൊഴിഞ്ഞ സന്ദര്‍ഭത്തില്‍ പ്രവാചകന്റെ  പരിചയായിക്കൊണ്ട്  നിലയുറപ്പിച്ചു. തന്റെ കയ്യില്‍ ശത്രുക്കളെ പ്രതിരോധിക്കാനുള്ള പരിചയില്ലാതിരുന്നിട്ടു കൂടി പ്രവാചകന്റെ ദേഹത്ത്  ഒരമ്പ് പോലും തറക്കരുതെന്ന നിര്‍ബന്ധ ബുദ്ധിയാല്‍ നസീബ ബിന്‍ത് കഅ്ബ് പ്രവാചകന്റെ പരിചയായി നിലയുറപ്പിക്കുകയും അമ്പുകള്‍ സ്വയം ഏറ്റുവാങ്ങുകയും ചെയ്തു. യുദ്ധരംഗത്ത് നിന്ന് പരിചയുമായി ഓടുന്ന ഒരു വ്യക്തിയെ കണ്ടപ്പോള്‍ പ്രവാചകന്‍  പ്രതികരിച്ചു. യുദ്ധമാര്‍ഗത്തില്‍ സധൈര്യം  നിലയുറപ്പപിച്ചവര്‍ക്കായി ആ പരിച വിട്ടുകൊടുക്കുക. ഉടന്‍ ആ പരിച നസീബ  ബിന്‍ത് കഅ്ബ് എന്ന മഹതി കൈക്കലാക്കുകയും രണാങ്കണത്തില്‍  പ്രവാചകന്റെ പരിചയായി ശക്തമായി നിലകൊള്ളുകയും ചെയ്തു.

നസീബയുടെ ഐതിഹാസികമായ ഈ പ്രകടനത്തെ പ്രവാചകന്‍ ഇപ്രകാരം വിവരിക്കുകയുണ്ടായി. ‘യുദ്ധരംഗത്ത് പലര്‍ക്കും പരിക്കേല്‍ക്കുകയുണ്ടായി. ചിലര്‍ ആക്രമണം സഹിക്കാതെ പുറകോട്ടടിക്കുകയുണ്ടായി, എന്നാല്‍  ഞാന്‍ വലത്തോട്ടും ഇടത്തോട്ടും തിരിഞ്ഞുനോക്കുമ്പോഴെല്ലാം നസീബ ബിന്‍ത് കഅ്ബിനെ മാത്രമേ എനിക്ക് കാണാന്‍കഴിഞ്ഞിട്ടുളളൂ’.  അല്ലാഹുവിന്റെ തിരുദൂതര്‍ക്ക് ഒരുമുള്ള് പോലും തറക്കരുത് എന്ന ശക്തമായ നിശ്ചയദാര്‍ഡ്യത്തോടെ നിര്‍ണായക ഘട്ടത്തില്‍ ഭദ്രമായ കോട്ടമതില്‍ പോലെ നിലകൊണ്ട ധീരവനിതയായിരുന്നു യഥാര്‍ഥത്തില്‍ മഹതി. സ്വശരീരത്തില്‍ അനേകം  മുറിവുകളേറ്റു വാങ്ങിയ മഹതി റസൂലിനോട് അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാനാവശ്യപ്പെട്ടു. അല്ലാഹുവേ, സ്വര്‍ഗത്തിലെ വിശ്വസ്തരായ കൂട്ടുകാരുടെ കൂട്ടത്തില്‍ അവരെ നീ ഉള്‍പ്പെടുത്തണേ എന്ന് പ്രവാചകര്‍ അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയുണ്ടായി. എങ്കില്‍ അല്ലാഹുവിന്റ മാര്‍ഗത്തില്‍ എനിക്കേല്‍ക്കുന്ന  ഏത് മുറിവും എനിക്ക് പ്രശ്‌നമേയല്ല എന്നതായിരുന്നു മഹതിയുടെ പ്രതികരണം.

നസീബ ബിന്‍ത് കഅബിന്റെ മകന്‍ അബ്ദുല്ലയും ഉഹ്ദിലെ ഇസ്‌ലാമിക സഖ്യത്തോടൊപ്പം ഉണ്ടായിരുന്നു. യുദ്ധത്തില്‍ ഉമ്മക്ക് മുറിവേറ്റ സന്ദര്‍ഭം പ്രവാചകന്‍ അബ്ദുല്ലയേ വിളിച്ചു നിന്റെ ഉമ്മക്ക് ശ്രുശ്രൂഷ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നിട്ട് പ്രവാചകന്‍  പറഞ്ഞു. ഇപ്പോള്‍ നിന്റെ ഉമ്മയുടെ സ്ഥാനം ഇന്നാലിന്ന വ്യക്തികളേക്കാള്‍ എത്രയോ ഉയര്‍ന്നതാണ്. യുദ്ധത്തില്‍  അബ്ദുല്ലക്ക് പരിക്കുപറ്റിയപ്പോള്‍ പ്രവാചകന്‍ മഹതിയോട് മകന്റെയടുത്ത് പോയി ആവശ്യമായ പരിചരണം നല്‍കുവാന്‍ ആവശ്യപ്പെട്ടു. പരിചരണം നല്‍കിക്കൊണ്ട് മഹതി മകനോട് പറഞ്ഞു. എഴുന്നേല്‍ക്കൂ! ഇസ്‌ലാമിന്റെ യശസ്സുയര്‍ത്താന്‍ വേണ്ടി നമുക്ക് പോരാടാം. ഇതുകേട്ട പ്രവാചകന്‍ വികാര നിര്‍ഭരനായിക്കൊണ്ട് പറഞ്ഞു പോയി. ‘ഇത്തരത്തില്‍ ഈയൊരു അവസ്ഥയിലും ഇങ്ങനെ  പ്രതികരിക്കാന്‍ നിന്നെക്കൊണ്ടല്ലാതെ ആര്‍ക്കു സാധിക്കും!’ പ്രവാചകന്റെ പരിചയായിക്കൊണ്ട് ഇസ്‌ലാമിക മാര്‍ഗത്തില്‍  ത്യാഗോജ്ജ്വലമായ അധ്യായം രചിച്ച് ധീരവനിതയായി നസീബ ബിന്‍ത് കഅ്ബ് ചരിത്രത്തില്‍ ഇടംനേടുകയുണ്ടായി.

Facebook Comments
Related Articles

അബ്ദുല്‍ ബാരി കടിയങ്ങാട്

കോഴിക്കോട് ജില്ലയിലെ കുറ്റിയാടിക്കടുത്ത കടിയങ്ങാട് ഗ്രാമത്തില്‍ 1984-ല്‍ ജനനം. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്ന് ഉസൂലുദ്ദീനില്‍ ബിരുദവും ദഅ്‌വയില്‍ ബിരുദാനന്ത ബിരുദവും നേടി. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബിയില്‍ ബിരുദവും മാനാഞ്ചിറ ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ നിന്ന് ബി എഡും കരസ്ഥമാക്കി. ഐ പി എച്ച് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിദ്യാഭ്യാസ ചിന്തകള്‍ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ ആണ്.

Close
Close