History

പ്രവാചകനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവര്‍

ആഗോള സമൂഹത്തിന് നേര്‍വഴി കാട്ടാന്‍ ഭൂജാതനായ പ്രവാചകന്‍ മുഹമ്മദ് നബി ജന്മം കൊണ്ട മാസത്തിലൂടെയാണ് മുസ്‌ലിം ജനത കടന്നുപോകുന്നത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിത മാതൃക നിത്യജീവിതത്തില്‍ ഉള്‍കൊള്ളാനും പകര്‍ത്താനും ശ്രമിക്കുകയാണ് മുസ്‌ലിം സമൂഹം.

എന്നാല്‍, പ്രവാചകനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ജീവിതത്തെ ആനന്ദ മധുരമാക്കുന്നവരെക്കുറിച്ച് പരിജയപ്പെടാം. പ്രവാചക ജീവിതത്തില്‍ നിന്ന് ഇവര്‍ പഠിച്ച പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തി അതില്‍ ആത്മനിര്‍വൃതിയടയുകയാണിവര്‍. ഇതില്‍ മുസ്‌ലിംകള്‍ മാത്രമല്ല ഇതരമതസ്ഥരുമുണ്ടെന്നതും ശ്രദ്ധേയമാണ്.

ജാവിയര്‍ ഹെര്‍ണാണ്ടസ് മനസ്സിലാക്കിയ പ്രവാചകന്‍

javier

മെക്‌സിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീമംഗമായ ജാവിയര്‍ ഹെര്‍ണാണ്ടസ് മുഹമ്മദ് നബിയുടെ കടുത്ത ആരാധകനാണ്.
‘ഞാനൊരു മുസ്‌ലിമല്ല, എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ ഏറ്റവും നല്ല വ്യക്തിത്വത്തിനുടമ പ്രവാചകന്‍ മുഹമ്മദാണ്’ ജാവിയര്‍ ട്വിറ്ററില്‍ കുറിച്ചു. ചിച്ചാരിറ്റോ എന്ന പേരിലാണ് ഇദ്ദേഹം ഫുട്‌ബോള്‍ ലോകത്തറിയപ്പെടുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അതികായരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി ആദ്യമായി ജഴ്‌സിയണിഞ്ഞ മെക്‌സിക്കന്‍ താരം കൂടിയാണ് ചിച്ചാരിറ്റോ. 2009ല്‍ മെക്‌സികന്‍ ദേശീയ ടീമില്‍ അംഗമായ ഇദ്ദേഹം 2010ല്‍ ഫിഫ ലോകകപ്പിലും 2011ല്‍ കോണ്‍കകാഫിലും കളിച്ചിട്ടുണ്ട്.

 

ജീന്‍ ക്ലോഡെ പിന്തുടരുന്ന മുഹമ്മദ്‌ നബി

പ്രമുഖ മാര്‍ഷ്യല്‍ ആര്‍ട്‌സ് കലാകാരനും ഹോളിവുഡ് താരവുമായ ജീന്‍ ക്ലോഡെ പറയുന്നത് ജീവിത മാതൃകയായി താന്‍ മുഹമ്മദ് നബിയെയാണ് പിന്തുടരുന്നതെന്നായിരുന്നു. തന്റെ ചിട്ടയായ ആരോഗ്യത്തെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘പ്രവാചകന്‍ മുഹമ്മദ് വളരെ ചുറുചുറുക്കള്ളവനായിരുന്നു. തന്റെ ശരീരവും ആരോഗ്യവും ഭാവിയിലേക്കു വേണ്ടി എങ്ങനെ നിലനിര്‍ത്തണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. നിങ്ങള്‍ക്കാവശ്യമുള്ളതെല്ലാം അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്’ ജീന്‍ പറയുന്നു. 57ഉകാരനായ ജീന്‍ ബെല്‍ജിയന്‍ നടന്‍, സിനിമ സംവിധായകന്‍, തിരക്കഥാകൃത്ത്,അഭിനേതാവ്, മാര്‍ഷ്യല്‍ ആര്‍ടിസ്റ്റ് എന്നീ മേഖലകളിലെല്ലാം തിളങ്ങിയ വ്യക്തിയാണ്.

അക്ബറിന്റെ ‘ഹംബിള്‍ ബിഗിനിങ്‌സ്’

അമേരിക്കയിലെ ന്യൂജഴ്‌സിയിലെ പാറ്റേഴ്‌സണില്‍ എല്ലാ ഞായറാഴ്ചയും അവര്‍ ഒരുമിച്ചു കൂടും. ദരിദ്രരും വീടില്ലാത്തവരും സഹായമാവശ്യമുള്ളവരുമായ നിരവധി പേരാണ് വരിവരിയായി ഇവിടെയെത്തുക. അമേരിക്കയിലെ ഒരു കൂട്ടമാളുകള്‍ സൗജന്യമായി നല്‍കുന്ന ഭക്ഷണങ്ങളും മറ്റു സാധനങ്ങളും മുടങ്ങാതെ ഏറ്റുവാങ്ങാന്‍ എല്ലാ ഞായറാഴ്ചകളിലും ഇവരെത്തും.  

2012ല്‍ ആരംഭിച്ച നോണ്‍പ്രോഫിറ്റബിള്‍ സംഘടനയായി ‘ഹംബിള്‍ ബിഗിനിങ്‌സ്’ ആണ് ഇവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നത്. അമേരിക്കയിലെ അക്ബര്‍ സെന്റയര്‍ എന്ന യുവാവാണ് ഈ സംരഭത്തിന് തുടക്കമിടുന്നത്. അദ്ദേഹം തന്റെ സ്വന്തം വാഹനത്തില്‍ തന്നെയാണ് ഭക്ഷണ വിതരണം നടത്തുന്നത്. ‘നിങ്ങള്‍ കാരക്കച്ചീന്ത് ധര്‍മം കൊടുത്തെങ്കലും നരകത്തില്‍ നിന്ന് രക്ഷ തേടുക’ എന്ന പ്രവാചക വചനത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് അക്ബര്‍ ഈ മാര്‍ഗത്തിലേക്കിറങ്ങിത്തിരിച്ചത്.

മസ്ജിദുന്നബവിയില്‍ സമാധാനം കണ്ടെത്തിയവര്‍

masjid

ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന 300 ഫലസ്തീനികള്‍ കഴിഞ്ഞ ജനുവരിയില്‍ മദീന സന്ദര്‍ശിച്ചപ്പോള്‍ അത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായിരുന്നു. ഇസ്‌ലാമിക് സഹായസംഘത്തിന്റെ നേതൃത്വത്തില്‍ ഉംറ നിര്‍വഹിക്കാനെത്തിയ അവര്‍ മക്കയും മദീനയും സന്ദര്‍ശിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ അന്ത്യവിശ്രമ സ്ഥലവും മസ്ജിദുന്നബവിയും സന്ദര്‍ശിച്ചതാണ് അവര്‍ക്ക് ഏറ്റവും സന്തോഷം നല്‍കിയത്. പുലര്‍ച്ചെ 2.30ന് തഹജ്ജുദ് നമസ്‌കരിക്കാനായി മസ്ജിദുന്നബവയിലെത്തിയ സംഘം ആത്മനിര്‍വൃതിയാല്‍ കണ്ണീരണിഞ്ഞു. അഭയാര്‍ത്ഥികളില്‍ ഭിന്നശേഷിക്കാരും ഉംറ നിര്‍വഹിക്കാനെത്തിയിരുന്നു.

ബ്രിട്ടീഷ് മുസ്‌ലിം ചാരിറ്റി

london

അമേരിക്കയിലെ പോലെ തന്നെ കിഴക്കന്‍ ലണ്ടനിലും പാവങ്ങള്‍ക്ക് സഹായകരമായി കര്‍മനിരതരാണ് ഈ സംഘം. ബ്രിട്ടീഷ് മുസ്‌ലിം ചാരിറ്റി എന്ന സംഘടനയുമായി ചേര്‍ന്ന് ഒരു കൂട്ടം സന്മനസ്സുള്ളവരാണ് ഇതിന് പിന്നില്‍. കിഴക്കന്‍ ലണ്ടനിലെ മസ്ജിദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ 10 ടണ്‍ ഭക്ഷണ സാധനങ്ങളാണ് വീടില്ലാത്തവര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി നല്‍കുന്നത്. ‘എന്തിനു വേണ്ടിയാണ് ഇസ്‌ലാം നിലനില്‍ക്കുന്നതെന്ന് കാണിച്ചു കൊടുക്കുകയാണ് തങ്ങള്‍ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘടനക്ക് നേതൃത്വം നല്‍കുന്ന ശൈഖ് അബ്ദുല്‍ ഖയ്യൂം പറയുന്നു.

കൊള്ളക്കാര്‍ക്ക് മാപ്പു നല്‍കാന്‍ പ്രേരിപ്പിച്ച വ്യക്തിത്വം

ന്യൂയോര്‍ക്കിലെ വ്യാപാരിയായ അബ്ദുല്‍ എലനാനിയുടെ കോഫി ഷോപ് ഒരിക്കല്‍ ഒരു കൊള്ള സംഘം കവര്‍ച്ച ചെയ്തു. തുടര്‍ന്ന് കൊള്ള സംഘത്തിന് താന്‍ മാപ്പു നല്‍കിയതായി അറിയിച്ച് തന്റെ കടയുടെ മുന്നില്‍ ഒരു പോസ്റ്റര്‍ ഒട്ടിച്ചാണ് എലനോ വ്യത്യസ്തനായത്. നബിയുടെ ജീവിത മാതൃക ഉള്‍ക്കൊണ്ടാണ് മോഷ്ടാക്കള്‍ക്ക് മാപ്പു നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.

‘നീ മോഷ്ടിച്ച പണം നീയും കുടുംബവും നല്ല കാര്യങ്ങള്‍ക്കായി ഉപയോഗിക്കൂ. എന്നാല്‍ ഞാന്‍ നിനക്ക് മാപ്പു തരാം’ ഇങ്ങനെയായിരുന്നു അബ്ദുല്‍ എല്‍നാനി തന്റെ കഫേയുടെ ചുമരില്‍ എഴുതി ഒട്ടിച്ചത്. തീര്‍ന്നില്ല, ഇതോടൊപ്പം രണ്ടു പ്രവാചക വചനവും അദ്ദേഹം എഴുതി ചേര്‍ത്തിരുന്നു. ‘നിന്നോട് തിന്മ ചെയ്തവരോട് നീ തിന്മ കാണിക്കരുത്. പകരം അവരോട് ക്ഷമ കാണിക്കാനും ദയ കാണിക്കാനും നീ തയാറാകുക’ എന്ന നബി വചനമാണ് അദ്ദേഹം നോട്ടീസില്‍ എഴുതിയത്. ഇതോടെ ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രവാചകന്റെ നന്മ മറ്റുള്ളവര്‍ക്ക് എത്തിച്ചു നല്‍കാനായതിന്റെ സന്തോഷത്തിലാണ് എല്‍നാനി.

വിവ: സഹീര്‍ അഹമ്മദ്‌

 

 

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker