History

ജഅ്ഫര്‍; പണയപ്പെടുത്താത്ത ആത്മാഭിമാനത്തിനുടമ

ഒറ്റപ്പെടലിന്റെയും തകര്‍ച്ചയുടെയും ഈ കാലഘട്ടത്തില്‍ ഏറെ വിലപ്പെട്ട ഒന്നാണ് ആത്മാഭിമാനം. രക്തവും ജീവനും സമര്‍പ്പണവുമില്ലാതെ പ്രതാപം ലഭിക്കില്ല. ഈ ദീനിനെ സഹായിക്കുന്നതിലൂടെ പ്രതാപവും മാന്യതയും എങ്ങനെകിട്ടി എന്ന് ഓരോ മുസ്‌ലിമും പഠിക്കേണ്ടിയിരിക്കുന്നു. സത്യത്തിന്റെ മാര്‍ഗത്തില്‍ നിലകൊണ്ട് ദൈവമാര്‍ഗത്തില്‍ ആത്മാവിനെ സമര്‍പ്പിച്ച പോരാളികളുടെ കഥയാണിത്. പ്രസിദ്ധ ഇസ്‌ലാമിക പണ്ഡിതന്‍ അബുല്‍ ഹസന്‍ അലീഅല്‍ഹസന്‍ നദ്‌വി അദ്ദേഹത്തിന്റെ ‘ഇന്ത്യയിലെ മുസ്‌ലിംകള്‍’ എന്ന പുസ്തകത്തില്‍ ഈ കഥ ഉദ്ധരിച്ചിട്ടുണ്ട്.

1864 മെയ് 2, ഒരു കേസില്‍ വിധി പറുന്നതിനായി അംബാലയിലെ കോടതിയില്‍ ജഡ്ജിയും നാല് പ്രമുഖരും ഹാജരായിരിക്കുന്നു. ഇന്ത്യയിലെ ഇംഗ്ലീഷ് ഭരണത്തിനെതിരെ ഗൂഢാലോചന നടത്തി എന്ന കുറ്റം ആരോപിക്കപ്പെട്ട പതിനൊന്ന് പോരാളികളുടെ കേസിലാണ് വിചാരണ നടക്കാന്‍ പോകുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയിലെ പോരാളിയായിരുന്ന ശഹീദ് അഹ്മദ്ബിന്‍ ഇര്‍ഫാനിന്റെ സഹായികള്‍ക്ക് പണവും പടയാളികളെയും നല്‍കി സഹായിച്ചു എന്നതാണ് അവര്‍ ചെയ്ത കുറ്റം. രഹസ്യ ഭാഷയിലുള്ള സന്ദേശങ്ങളിലൂടെയാണ് അവര്‍ പരസ്പരം സംവദിച്ചിരുന്നത്. ഇംഗ്ലീഷുകാര്‍ക്ക് ഈ സംഘത്തോട് കടുത്ത ദേഷ്യമുണ്ടായിരുന്നു. ബ്രിട്ടീഷുകാരടക്കമുള്ള ജനങ്ങളില്‍ നിന്ന് പണം ശേഖരിച്ച് വിപ്ലവാരികള്‍ക്ക് അവര്‍ എത്തിച്ചു. ചതിയനായ ഒറ്റുകാരന്‍ ചതിച്ചത് കൊണ്ടാണ് ഇവര്‍ ഇംഗ്ലീഷുകാരുടെ പിടിയിലാകുന്നത്.

കേസ് വിധി പറയുന്ന ദിവസം വന്നെത്തി. പതിനൊന്നംഗ യോദ്ധാക്കളുടെ വിചാരണ ആംഭിച്ചു. ആ  സംഘത്തിന്റെ നേതാവിനെ അഭിസംബോധന ചെയ്ത് കൊണ്ട് ജഡ്ജി ചോദിച്ചു : ജഅ്ഫര്‍ നീ ബുദ്ധിയും വിവരവുമുള്ളവനല്ലേ, നിനക്ക് രാജ്യത്തെ നിയമങ്ങളെക്കുറിച്ച് നന്നായി അറിയാം. നീ നിന്റെ നാടിന്റെ നേതാവും പൊക്കിള്‍കൊടിയുമാണ്. പക്ഷെ നിന്റെ ബുദ്ധിയും അറിവും ഉപയോഗിച്ച്  നീ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയിരിക്കുന്നു. നീ ഇന്ത്യയില്‍നിന്ന് സമ്പത്തും പടയാളികളെയും വിപ്ലവകാരികളുടെ കേന്ദ്രത്തിലേക്ക് അയച്ച് കൊടുത്തു. ആയതിനാല്‍ ഞാന്‍ നിനക്ക് വധശിക്ഷ വിധിക്കുകയാണ്. നിന്റെ സ്ഥാവര ജംഗമ വസ്തുക്കളെല്ലാം കണ്ടുകെട്ടും, നിന്റെ ജഡം അനന്തരാവകാശികള്‍ക്ക് വിട്ട് കൊടുക്കില്ല. വളരെ നിന്ദ്യമായി ദൗര്‍ഭാഗ്യവാന്മാരുടെ കൂടെയാണ് നിന്നെ സംസ്‌കരിക്കുക, നീ തൂക്കുകയറില്‍ തൂങ്ങിയാടുന്നത് കണ്ട് ഞാന്‍ സന്തോഷിക്കും.

ആരാചാറുടെ കോടതി വസ്ത്രത്തിനകത്ത് മറഞ്ഞിരിക്കുന്ന പകയും വിദ്വേഷവും ഈ വാക്കുകളിലൂടെ നമുക്ക് മനസിലാക്കാം. പക്ഷെ ആരാച്ചാര്‍ക്ക് അധിക സമയം തന്റെ ശത്രുവിന്റെ പതനത്തില്‍ സന്തോഷിക്കാനായില്ല. അപ്പോഴേക്കും ധീരനായ ആ യോദ്ധാവ് മറുപടി പറഞ്ഞു തുടങ്ങി : ‘ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുവിന്റെ പക്കലാണ് ആത്മാവുള്ളത്, അല്ലെയോ ന്യായാധിപാ, ജീവിതമോ മരണമോ ഉടമപ്പെടുത്താന്‍ താങ്കള്‍ക്കായിട്ടില്ല, എന്നേക്കാള്‍ മുമ്പ് മരണത്തിന്റെ അരുവിയിലെത്തുന്നത് ആരാണെന്നും നിനക്കറിയില്ല. ഈ മറുപടി കേട്ട് ഇംഗ്ലീഷുകാരനായ ന്യായാധിപന്‍ അല്‍ഭുതം കൂറി. ഇംഗ്ലീഷ് കാരനായ പാര്‍സണ്‍ എന്ന ഓഫീസര്‍ അദ്ദേഹത്തിന്റെ അടുക്കല്‍ വന്ന് പറഞ്ഞു, വധശിക്ഷ വിധികേട്ട് സന്തോഷിക്കുന്ന ഒരാളെ ഞാന്‍ ആദ്യമായിട്ടാണ് കാണുന്നത്. ‘ഞാനെന്തിന് സന്തോഷിക്കാതിരിക്കണം, അല്ലാഹു അവന്റെ മാര്‍ഗത്തിലെ രക്തസാക്ഷിത്വം നല്‍കി അനുഗ്രഹിച്ചിരിക്കുകയാണെന്നെ, അതിന്റെ മധുരം പോലും അറിയാത്തത്ര പാവമായി പോയല്ലോ നീ.’ എന്നായിരുന്നു ജഅ്ഫര്‍ നല്‍കിയ മറുപടി.

മറ്റു രണ്ടു പേര്‍ക്കു കൂടി വധ ശിക്ഷ വിധിച്ചിട്ടുണ്ടായിരുന്നു. ഒന്ന് വയോവൃദ്ധനായിരുന്ന മൗലാനാ യഹ്‌യാ സാദിഖ്പൂരിയും മറ്റൊന്ന് പഞ്ചാബി യുവാവായിരുന്ന ഹാജ്ജ് മുഹമ്മദ് ശഫീഉം. ബാക്കിയുണ്ടായിരുന്ന എട്ടാളുകളെ നാടുകടത്താനും ഉത്തരവായി. അവരെയെല്ലാവരെയും ഒരേ ജയിലിലാണ് പിന്നീട് പാര്‍പ്പിച്ചത്. ശിക്ഷ പ്രതീക്ഷിച്ച് ജയിലില്‍ കഴിയുന്ന കാലത്ത് ജഅ്ഫറും കൂട്ടാളികളും വളരെ സന്തുഷ്ടരായിരുന്നു. തടവറയില്‍ വെച്ച് മൗലാനാ യഹ്‌യാ പ്രമുഖ സ്വഹാബി ഖുബൈബ് ബിന്‍ അദിയ്യ് കഴുമരത്തിലേറിയപ്പോള്‍ പാടിയ വരികള്‍ മൂളിക്കൊണ്ടിരുന്നു. ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മുസ്‌ലിമായി വധിക്കപ്പെടുമ്പോള്‍ അതു ഏത് രൂപത്തിലായാലും എനിക്ക് പ്രശ്‌നമല്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ ചിതറിയ അവയവങ്ങളെ അവന്‍ അനുഗ്രഹിക്കും’.

ഇംഗ്ലീഷുകാരുടെ പക
തടവറയിലെ കുറ്റവാളികള്‍ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിയുന്നതെന്ന് ഇംഗ്ലീഷുകാര്‍ മനസിലാക്കി, ഈ സന്തോഷം അവരെ വിറളിപിടിപ്പിച്ചു. അവരുടെ മനസ് പകയുടെ തീക്ഷണാഗ്‌നിയില്‍ എരിഞ്ഞു. അങ്ങനെ അംബാലയിലെ മജിസ്‌ട്രേറ്റ വീണ്ടും ആ തടവറയിലേക്ക് കടന്ന് വന്നു. അദ്ദേഹം തടവ് പുള്ളികളോട് പറഞ്ഞു: ‘അല്ലെയോ വിപ്ലവകാരികളേ, നിങ്ങള്‍ കഴുമരം ആഗ്രഹിക്കുന്നവരാണ്. അത് ദൈവമാര്‍ഗത്തിലെ രക്ത സാക്ഷിത്വമായാണ് നിങ്ങള്‍ കണക്കാക്കുന്നത്. നിങ്ങളുടെ ആഗ്രഹം സഫലമാക്കി നിങ്ങളെ സന്തുഷ്ടരാക്കാന്‍ ഞങ്ങളുദ്ദേശിക്കുന്നില്ല, അത് കൊണ്ട് ഞങ്ങള്‍ നിങ്ങള്‍ക്ക് വിധിച്ച വധശിക്ഷ എടുത്ത് കളയുകയാണ്, നിങ്ങളെ സിലോണിലേക്ക് നാടു കടത്താന്‍ ഉത്തരവിടുന്നു. ‘

യാഥാര്‍ത്ഥത്തില്‍ അവരെ കഠിനമായ ജോലികള്‍ അവരെ ഏല്‍പിച്ചു. ജയിലുകളില്‍ നിന്ന് ജയിലുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നു. അവസാനം അവരെ ബംഗാള്‍ ഉള്‍ക്കടലിലുള്ള അന്തമാനിലേക്കാണ് നാടുകടത്തിയത്. അവിടെ 1883 ല്‍ അവരെ മോചിപ്പിക്കുന്നത് വരെ നീണ്ട 18 വര്‍ഷത്തോളം  തടവില്‍ പാര്‍ത്തു. പിന്നീട് മോചിതരായി നാട്ടിലേക്ക് മടങ്ങി. അവരോട് പ്രതികാരം ചെയ്ത ഇംഗ്ലീഷ് മജിസ്‌ട്രേറ്റ് അപ്പോഴേക്കും മരിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ ജഅ്ഫറും സംഘവും എങ്ങനെയാണ് വിശ്വാസികള്‍ രക്തസാക്ഷിത്വത്തെ സ്വീകരിക്കുകയെന്ന് ലോകത്തെ പഠിപ്പിച്ചു. ‘മരണത്തെ ആഗ്രഹിക്കുക, നിങ്ങള്‍ക്ക് ജീവിതം ലഭിക്കും’ എന്ന പാഠമാണ് നമ്മെയത് പഠിപ്പിക്കുന്നത്.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Facebook Comments
Related Articles
Show More
Close
Close